കയര്‍ മേഖലയ്ക്ക് എസ്.എന്‍.ട്രസ്റ്റിന്റെ കൈത്താങ്ങ്
ചേര്‍ത്തല: പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയ്ക്ക് കൈത്താങ്ങായി എസ്.എന്‍. ട്രസ്റ്റിന്റെ സ്ഥാപനങ്ങളിലേക്ക് 15 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ചെക്ക് കണിച്ചുകുളങ്ങരയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്ന് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.
കയര്‍ ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി വര്‍ദ്ധിപ്പിച്ച് വ്യവസായ മേഖലയ്ക്ക് ഉണര്‍വ് പകരാനുള്ള സര്‍ക്കാരിന്റെയും കയര്‍ കോര്‍പ്പറേഷന്റെയും പദ്ധതിയായ ‘കയറിനൊപ്പം പ്രകൃതിക്കൊപ്പം’ പദ്ധതിയിലാണ് ട്രസ്റ്റ് പങ്കാളിയായത്. കയര്‍ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഐ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിലെ വിദഗ്ദ്ധരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് കയര്‍ മേഖലയില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് കാരണമാകും. കേരള കയര്‍ എന്ന ബ്രാന്‍ഡായാണ് ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. കയര്‍ വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ എസ്.എന്‍.ട്രസ്റ്റ് മുന്നോട്ടു വന്നത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.