ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ നിരാകരിക്കുന്നു
തലയോലപ്പറമ്പ്: ന്യൂനപക്ഷത്തിന്റെ ആധിപത്യമായി നമ്മുടെ ജനാധിപത്യം മാറുമ്പോള്‍ ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ നിഷ്‌കരുണം നിരാകരിക്കപ്പെടുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കെ.ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വടകര നോര്‍ത്ത് ശാഖ പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
ഒരുമിച്ചു നിന്ന് വോട്ടു ബാങ്കുകളായി മാറി അധികാര സ്ഥാനങ്ങളില്‍ ആധിപത്യമുറപ്പിക്കുന്നതിലൂടെയാണ് എണ്ണത്തില്‍ കുറവായ സവര്‍ണ്ണ വിഭാഗങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും ജനാധിപത്യത്തെ ഹൈജാക് ചെയ്യുന്നതും ഭൂരിപക്ഷത്തെ അടക്കി ഭരിക്കുന്നതും. അവിടെ പച്ചയായ ജാതി വിവേചനമുണ്ടാകുന്നു. അപ്പോഴാണ് നമുക്ക് ജാതി പറയേണ്ടി വരുന്നത്. ജാതി ചിന്ത ഇല്ലാതാവണമെങ്കില്‍ ജാതിവിവേചനം ഇല്ലാതാവണം. അതിന് സാമൂഹ്യനീതി ഉറപ്പാക്കണം. അധികാരത്തിന്റെ അകത്തളങ്ങളിലടക്കം ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നതിലൂടെയേ ഇവിടെ സാമൂഹ്യനീതി നടപ്പാക്കാനാവൂ.
തിരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ മുതല്‍ തുടങ്ങും ഈഴവരാദി പിന്നോക്കക്കാരോടുള്ള അവഗണന. സംവരണ സീറ്റുകളുള്ളതുകൊണ്ടു മാത്രമാണ് പട്ടികജാതിക്കാരന് സീറ്റ് കിട്ടുന്നത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതും ജാതിവിവേചനത്തിലൂടെയാണ്. മണ്ഡലത്തില്‍ നായരെത്ര, ക്രിസ്ത്യാനിയെത്ര, മുസ്ലീം എത്ര എന്നൊക്കെയാണ് വോട്ടിന്റെ കണക്കെടുക്കുക. ഈഴവനടക്കമുള്ള പിന്നാക്കക്കാരെ അവിടെയും അവഗണിക്കും. എങ്ങനെയൊക്കെ ചവുട്ടി തേച്ചാലും അവന്‍ ചിഹ്നത്തില്‍ കുത്തിക്കോളുമെന്ന് രാഷ്ട്രീക്കാര്‍ക്കറിയാം ‘പാരമ്പര്യവോട്ട്’ എന്നാണ് അവരതിനെ വിളിക്കുക. മറ്റവരതല്ല, അവര്‍ പേര് നോക്കിയാണ് വോട്ടു ചെയ്യുക. അവിടെ അവരുടെ പാര്‍ട്ടികള്‍ക്കല്ല, സമുദായ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിനെയാണ് രാഷ്ട്രീയക്കാര്‍ വോട്ടുബാങ്കെന്ന് വിളിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നത്.
വിഴിഞ്ഞം സമരത്തില്‍ 200 കോടിയാണ് നഷ്ടം. അത് സമരക്കാരില്‍ നിന്ന് ഈടാക്കാന്‍ കോടതി പറഞ്ഞു. അതിന് പകരം 100 കോടി അവര്‍ക്ക് അങ്ങോട്ട് കൊടുക്കുന്നു. നമ്മുടെ നികുതിപ്പണത്തില്‍ നിന്ന് ഒരു സമരത്തിന്റെ പേരില്‍ പോകുന്നത് 300 കോടി.
സമുദായം സംഘടിത ശക്തിയായി അവകാശങ്ങള്‍ക്ക് വേണ്ടി വിലപേശാനുള്ള കരുത്താര്‍ജ്ജിക്കാനാണ് യോഗം എന്നും ശ്രമിച്ചിട്ടുള്ളത്. നിലനില്‍പ്പിന് വേണ്ടിയുള്ള ആ പോരാട്ടത്തെ തളര്‍ത്താന്‍ ബാഹ്യശക്തികളുടെ കോടാലിക്കൈയാകുന്ന കുലംകുത്തികള്‍ എല്ലാ കാലത്തും സമുദായത്തിനുള്ളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അവരെ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് ഇ.ഡി. പ്രകാശന്‍ അദ്ധ്യക്ഷനായിരുന്നു. പുതുതായി നിര്‍മ്മിച്ച ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥനും ഗുരുദേവചിത്രം അനാച്ഛാദനം യൂണിയന്‍ സെക്രട്ടറി അഡ്വ. ഡി.സുരേഷ്ബാബുവും നിര്‍വഹിച്ചു. സജീവ് നിരപ്പത്ത്, എന്‍.ജി. രാധാകൃഷ്ണന്‍, വി.ടി. സുരേഷ്, ഷൈലജ സോമന്‍, പൊന്നമ്മ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി പി.വി. ശശീന്ദ്രന്‍ സ്വാഗതവും പ്രസിഡന്റ് രഞ്ജിത്ത് മഠത്തില്‍ നന്ദിയും പറഞ്ഞു.