മൂവന്തി
ഹന്ത: സുന്ദരസന്ധ്യേ എന്തേ നിന്‍ മുഖാംബുജം-
സന്താപം കൈകൊള്ളുവാന്‍ കാരണമെന്തേ സന്ധ്യേ-
കാറണി മേഘം പോലെ കറുത്തതെന്തേ മുഖം,
കാരണമെന്താകിലും പറയൂ ത്രി സന്ധ്യേ നീ….
പകലോന്‍ പോയ ദുഃഖം പറയാന്‍ മടിയെന്നോ-
പകരം വയ്ക്കാന്‍ ചന്ദ്രന്‍ പതിവായെത്തുന്നല്ലോ-
ശാരദ ശ്യാമാംബരം ചുവന്നൂ മണിമുകില്‍,
താരരാജികളെത്തി പുഞ്ചിരി പൊഴിക്കുന്നു…
നിനക്കു മാത്രമായിട്ടൊരു ദുഃഖവുമില്ലഹോ!
നിനക്കില്‍ സമസ്ഥര്‍ക്കും സന്താപം തന്നല്ലയോ,
ഹനിക്കും സന്തോഷത്തെ കൊതിക്കും ചിലരപ്പോള്‍
കനവായ് നിറമാര്‍ന്നു കലരും പലനേരവും…
എന്നോമല്‍ പ്രിയ സഖേ! വിതുമ്പും മനസ്സേറ്റം-
നന്നായി തെളിഞ്ഞിടും നാളത്തെ പ്രഭാതത്തില്‍,
അംശുമാനാകാശത്തില്‍ വരുമീ പുലര്‍കാലേ-
സംശയമേതും വേണ്ടാതെത്തീടും സുനിശ്ചിതം
പകലും രാത്രിയും പോലെ വര്‍ഷവും വേനലും വരും-
പതിവുതെറ്റിക്കാതര്‍ക്കന്‍ വന്നിടും പൂര്‍വാംബരേ-
വേദനയൂറുന്നൊരാ ഹൃദന്തകൂടില്‍ നിന്നും,
വേറിടും ചിന്താധാരയൊഴുകാതിരിക്കുമോ…
സന്താപം സന്തോഷമായ് മാറ്റുവാന്‍ പഠിക്കണം-
സങ്കടം താലോലിച്ചു രസിക്കാനറിയേണം,
ചെംനിറം ചേരും സന്ധ്യാരാഗമെ രസിപ്പിക്കാന്‍
ചെങ്കതിര്‍ ചൊരിയും സൂര്യന്‍ വന്നെത്തും വിഭാതത്തില്‍.