നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണം
ചേര്‍ത്തല: ആത്മീയതയെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതിനാല്‍, നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി വൈദിക യോഗത്തിന്റെ ഒന്നാമത് വാര്‍ഷിക പൊതുയോഗം എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളിലും പുഴുക്കുത്തുകളുണ്ട്. ഇവരുടെ വിമര്‍ശനങ്ങളില്‍ മനം മടുക്കരുത്. പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന തരത്തിലേക്ക് വിമര്‍ശനങ്ങള്‍ മാറരുത്. ഒന്നും ചെയ്യാതെ, വിമര്‍ശനം തൊഴിലാക്കിയവര്‍ക്ക് പുല്ലുവില പോലും സമൂഹം കല്പിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ജനാധിപത്യം അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പാര്‍ട്ടികളില്‍ കസേര ഉറപ്പിക്കാന്‍ വിപ്ലവം സൃഷ്ടിക്കുന്നവര്‍ മതശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറയുന്നു. പിന്നാക്കക്കാരനും അധഃസ്ഥിതരും അധികാരകേന്ദ്രങ്ങളില്‍ എത്തിയാലേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശാന്തി സമൂഹത്തിന്റെ പ്രവർത്തനം നാടിന് ഗുണകരമായി മാറണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷത വഹിച്ചു. ആചാര്യസഭ അംഗീകരിച്ച് തയ്യാറാക്കിയ സാധനവാഹിനി പ്രഥമ പുസ്തകം വെള്ളാപ്പള്ളി നടേശന് പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.വി. ഷാജിശാന്തി സ്വാഗതം പറഞ്ഞു. യോഗം കൗണ്‍സിലര്‍മാരായ എ.ജി. തങ്കപ്പന്, പി.ടി. മന്മഥന് എന്നിവര്‍ സംഘടനാ സന്ദേശം നല്കി. വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും 2022-23 വര്‍ഷത്തെ ബഡ്ജറ്റും പൊതുയോഗം പാസാക്കി, കുമരകം ജിതിന് ഗോപാല്‍ തന്ത്രി, ചേര്‍ത്തല യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി.അനിയപ്പന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ശാന്തി നന്ദി പറഞ്ഞു. 11 കൗണ്‍സില്‍ അംഗങ്ങളേയും ഒഴിവുള്ള വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് കുമരകം ജിതിന് ഗോപാല്‍ തന്ത്രിയേയും തിരഞ്ഞെടുത്തു.