സംഘടിത ശക്തികള്‍ അനര്‍ഹമായ നേട്ടങ്ങള്‍ കൊയ്യുന്നു
പറവൂര്‍: വോട്ട്ബാങ്കും സമരവും കാണിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സംഘടിതശക്തികള്‍ അനര്‍ഹമായ പല കാര്യങ്ങളും സര്‍ക്കാരില്‍ നിന്ന് നേടിയെടുത്തെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നില്‍ സംഘടിത ശക്തികളുടെ ഗൂഢലക്ഷ്യമാണ്. എസ്.എന്‍.ഡി.പി യോഗം നീണ്ടൂര്‍ ശാഖ നിര്‍മ്മിച്ച വെള്ളാപ്പള്ളി നടേശന്‍ രജതജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നത് ഒഴിച്ചുള്ള എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമരം തുടരുകയാണ്. നിര്‍മ്മാണം തടസ്സപ്പെട്ടാല്‍ ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത്. ഈഴവ സമുദായത്തിന്റെ അര്‍ഹമായ ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ അതിനെ വര്‍ഗീയമായി ചിത്രീകരിച്ച് നിഷേധിക്കുകയാണ് എല്ലാ സര്‍ക്കാരുകളും ചെയ്തതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍, ശാഖാ പ്രസിഡന്റ് ശ്രീകുമാര്‍മാസ്റ്റര്‍, സെക്രട്ടറി റിജുലാല്‍ വാപ്പാല, ഗിരിജ അജിത്കുമാര്‍, വി.എന്‍. നാഗേഷ്, ഗോപാലകൃഷ്ണന്‍ കളപ്പുരക്കല്‍, രമണി ധര്‍മ്മന്‍, കൃഷ്‌ണേന്ദു സന്തോഷ്, അമൃതരാജ്, വിശ്വജിത്ത്, സെല്‍വന്‍ വരമ്പത്ത് എന്നിവര്‍ സംസാരിച്ചു.
സി.എന്‍. രാധാകൃഷ്ണന്‍, ഹരിവിജയന്‍, രാജുചെറായി, സജീവ് തുരുത്തിപ്പുറം, റിജുരാജ് വാപ്പാല, കൃഷ്‌ണേന്ദു ബാബു, വിജയറെജി, രമേഷ് പുന്തേടത്ത്, സന്തോഷ് ഇല്ലത്തുപാടം, ജയരഞ്ജന്‍ തൈവയ്പ്പില്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.