ജാതി പറയുന്നത് അപമാനമല്ല, അഭിമാനം

നീരാവില്‍ എസ്.എന്‍.ഡി.പി യോഗം എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

കൊല്ലം: ജാതി പറയുന്നത് അപമാനമായല്ല, അഭിമാനമായി കാണണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നീരാവില്‍ എസ്.എന്‍.ഡി.പി യോഗം എച്ച്.എസ്.എസിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിനൊപ്പം സ്‌കൂള്‍ സ്ഥാപകനായ കൊച്ചുവരമ്പേല്‍ കേശവന്‍ മുതലാളിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാമൂഹ്യസേവനപ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

ജാതിയുടെ പേരില്‍ പലരും മാറ്റി നിറുത്തപ്പെടുന്നു. ജാതിയുടെ പേരില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലര്‍ക്കും നല്‍കുന്നു. ഇതെല്ലാം നിലനില്‍ക്കുന്ന കാലത്ത് ഈഴവര്‍ മാത്രം ജാതി പറയരുതെന്ന് കല്പിക്കപ്പെടുന്നു. ഈഴവരുടെ ഭൗതികവും വിദ്യാഭ്യാസപരവും വ്യാവസായികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചത്. അത് യോഗത്തിന്റെ ലൈസന്‍സില്‍ തന്നെ പറയുന്നുണ്ട്. ആ പ്രസ്ഥാനത്തിന്റെ ജനറല്‍സെക്രട്ടറിയായിരിക്കുന്ന താന്‍ എങ്ങനെ ജാതി പറയാതിരിക്കും. അത് പറയുമ്പോള്‍ തന്നെ ജാതിഭ്രാന്തനെന്ന് വിളിക്കും. എത്ര ആക്രമിച്ചാലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ല.

ജാതിയുടെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പുവിന്റെ സ്വകാര്യദുഃഖത്തില്‍ നിന്നാണ് എസ്.എന്‍.ഡി.പി യോഗം പിറന്നത്. അതേ സമയം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകണം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഈ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായി. മൂന്ന് മാസത്തോളം ആശുപത്രിയില്‍ കിടന്നു. പക്ഷെ, നിലപാടില്‍ മാറ്റമുണ്ടായില്ല. അവിടത്തെ അനാചാരങ്ങള്‍ മാറ്റി. കാണിക്കയായി എത്തുന്ന സമ്പത്ത് മുഴുവന്‍പാവങ്ങള്‍ക്ക് കൊടുക്കുകയാണ് ഇപ്പോള്‍.

എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ അദ്ധ്യക്ഷനായിരുന്നു. ശില്പി അജി.എസ്. ധരന്‍ രൂപകല്പന ചെയ്ത ശില്പവും പൊന്നാടയും അടങ്ങിയ കൊച്ചുവരമ്പേല്‍ കേശവന്‍ മുതലാളി സ്മാരക സാമൂഹ്യസേവന പ്രതിഭാപുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വെള്ളാപ്പള്ളിനടേശന് സമ്മാനിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ആര്‍. സിബില, ഹെഡ് മാസ്റ്റര്‍ എസ്. സന്തോഷ്, പി.ടി.എ. പ്രസിഡന്റ് എസ്. സുഭാഷ് ചന്ദ്രന്‍, യോഗം കുണ്ടറ യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍, പൂര്‍വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ഇ. അബ്ദുള്‍ റഹീം, നഗരസഭ കൗണ്‍സിലര്‍ സിന്ധുറാണി തുടങ്ങിയവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories