കാക്കിക്കുള്ളിലെ രാവണമനസുകൾ
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്നത്
മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പീഡന പർവം
കോടതിയെ വിഡ്ഢിയാക്കി, ഉന്നത ഉദ്യോഗസ്ഥരെ കബളിപ്പിച്ചു, മാദ്ധ്യമ പ്രവർത്തകരെ മണ്ടൻമാരാക്കി ഊറിച്ചിരിച്ചു. ജീവൻ പണയം വച്ച് അതിർത്തിയിൽ കാവൽനിൽക്കുന്ന സൈനികരെ ക്രൂരമായി അപമാനിച്ചു. സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ രാക്ഷസീയതയ്ക്ക് ഇങ്ങനെ ചില മാനങ്ങളുണ്ട്. ഇങ്ങനെ എത്ര പേരെ കേരള പൊലീസ് കള്ളക്കേസിൽ കുടുക്കിയിട്ടുണ്ടാകും? എത്ര പേരുടെ ജീവിതം തകർത്തിട്ടുണ്ടാകും? എത്രപേരെ ക്രൂരമായി തല്ലിച്ചതച്ചിട്ടുണ്ടാകും? ഇങ്ങനെ ചില ചോദ്യങ്ങൾ കൂടി കിളികൊല്ലൂർ സംഭവം നമുക്ക് മുന്നിലേക്ക് വയ്ക്കുന്നു.
ചാനലുകളിൽ ആഗസ്റ്റ് 25ന് രാത്രി എട്ട് മണിയോടെ ഒരു സ്ക്രോൾ പ്രത്യക്ഷപ്പെട്ടു. ‘കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ മർദ്ദിച്ചു. സുഹൃത്തായ എം.ഡി.എം.എ കേസ് പ്രതിയെ കാണാൻ അനുവദിക്കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മർദ്ദനം.” തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിൽ സൈനികനും സഹോദരനും സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങളെപ്പറ്റിയുള്ള പൊലീസിന്റെ തിരക്കഥ വളരെ വിശദമായി തന്നെ വന്നു. അതിങ്ങനെയായിരുന്നു. എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാനായി കരിക്കോട് പേരൂർ ഇന്ദീവരത്തിൽ സൈനികനായ വിഷ്ണുവും സഹോദരനായ വിഘ്നേഷും കിളികൊല്ലൂർ സ്റ്റേഷനിലെത്തി. ജാമ്യനടപടികൾ വൈകുന്നുവെന്ന് ആരോപിച്ച് ഇവർ സ്റ്റേഷന് പുറത്ത് ബഹളം വച്ചു. പ്രതിയെ നേരിൽ കാണണമെന്നും ഇവർ ആവശ്യപ്പെട്ടു. ബഹളം കേട്ട് ചെന്ന് എ.എസ്.ഐ, സഹോദരന്മാരെ സ്റ്റേഷനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് വീണ്ടും തർക്കമുണ്ടായി. ഇതിനിടയിൽ സൈനികൻ കൈയിൽ ഉണ്ടായിരുന്ന ഇടിവള ഊരി എ.എസ്.ഐയുടെ മുഖത്ത് ഇടിച്ചു. ഇടിയേറ്റ് എ.എസ്.ഐ കസേരയിലേക്ക് പതിച്ചു. അരിശമടങ്ങാഞ്ഞ സൈനികൻ, എ.എസ്.ഐയെ കസേരയിൽ നിന്നും ചവിട്ടി താഴേക്കിട്ട ശേഷം തൊട്ടടുത്ത് കിടന്ന സ്റ്റൂളെടുത്ത് തലയ്ക്കടിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരെ സഹോദരനായ വിഘ്നേഷ് മർദ്ദിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ എ.എസ്.ഐ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സൈനികൻ അവധിക്ക് വന്ന ശേഷം തിരിച്ച് പോകാതെ മുങ്ങി നടക്കുകയാണ്. സൈനികനും സഹോദരനും എം.ഡി.എം.എ ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കും.
പൊലീസിന്റെ തിരക്കഥ,
സമർത്ഥമായ അവതരണം
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സൈനികന്റെയും സഹോദരന്റെയും നാട്ടുകാരെ പൊലീസ് ഈ തിരക്കഥ ഭംഗിയായി വിശ്വസിപ്പിച്ചു. ഇരുവരെയും കാണാൻ പോലും അനുവദിച്ചില്ല. സൈനികന്റെ അടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന പൊലീസുകാരനെ ജനപ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ചു. വേദന കടിച്ചുപിടിക്കുന്നതായി അഭിനയിച്ച് എ.എസ്.ഐ സ്റ്റേഷനിലുണ്ടായ സൈനികന്റെയും സഹോദരന്റെയും അതിക്രമങ്ങൾ നാടകീയമായി അവതരിപ്പിച്ചു. മാദ്ധ്യമങ്ങൾ സൈനികന്റെ ക്രൂരതകളെക്കുറിച്ച് ഫോളോഅപ്പ് വാർത്തകൾ നൽകി. ചാനലുകൾ സൈനികനെയും സഹോദരനെയും മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കുന്നതിന്റെ അടക്കം ദൃശ്യങ്ങളെടുത്ത് തൊട്ടടുത്ത ദിവസവും ചൂടൻ വാർത്തയാക്കി.
രാക്ഷസീയതയുടെ
തിരശീല അഴിഞ്ഞപ്പോൾ
ആഴ്ചകൾ പിന്നിട്ട് ഒക്ടോബർ 14ന് വൈകിട്ട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ കാരണം വ്യക്തമാക്കാത്ത ഒരു സസ്പെൻഷൻ ഉത്തരവിറങ്ങി. സൈനികന്റെ മർദ്ദനത്തിന് ഇരയായ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയേയും രണ്ട് പൊലീസുകാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ളതായിരുന്നു ഉത്തരവ്. ഈ സസ്പെൻഷന്റെ പിന്നാമ്പുറത്തേക്ക് സഞ്ചരിച്ചപ്പോൾ കേരള പൊലീസിന്റെ ചരിത്രത്തിലെ ഒരു രാക്ഷസീയതയുടെ തിരശീല അഴിഞ്ഞു വീഴുകയായിരുന്നു. ആഗസ്റ്റ് 25ന് കിളികൊല്ലൂർ സ്റ്റേഷനിലുണ്ടായ സൈനികന്റെയും സഹോദരന്റെയും ആക്രമണം പൊലീസ് കെട്ടിച്ചമച്ച നാടകമായിരുന്നു. പച്ചക്കള്ളങ്ങൾ നിരത്തിയ എഫ്.ഐ.ആറും റിമാൻഡ് റിപ്പോർട്ടും നൽകി കിളികൊല്ലൂർ പൊലീസ് മജിസ്ട്രേട്ടിനെയും ഉന്നത് ഉദ്യോഗസ്ഥരെയും കബിളിപ്പിക്കുകയായിരുന്നു. തങ്ങളുടെ തിരക്കഥ വിശ്വസിച്ച് സൈനികനെയും സഹോദരനെയും മാദ്ധ്യമങ്ങൾ വേട്ടയാടുന്നത് കണ്ട് കിളികൊല്ലൂരിലെ പൊലീസുകാർ പൊട്ടിച്ചിരിക്കുകയായിരുന്നു. യഥാർത്ഥത്തിൽ സൈനികനെയും സഹോദരനെയും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മാറിമാറി മർദ്ദിച്ച് അവശരാക്കുകയായിരുന്നു. ആ രണ്ട് സഹോദരന്മാരുടെയും ശരീരമാസകലം ചതഞ്ഞ്, മുറിഞ്ഞ് ചോരയൊലിച്ചിട്ടും പൊലീസുകാർ മർദ്ദനം തുടർന്നു.
12 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സഹോദരന്മാർ കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കിളികൊല്ലൂർ സ്റ്റേഷനിലെ ക്രൂരത പുറത്ത് വന്നത്. ആദ്യം പരാതി ഗൗരവമായെടുത്തിരുന്നില്ല. ഭരണപക്ഷത്ത് നിന്ന് തന്നെ സമ്മർദ്ദം വന്നതോടെ കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചും സ്പെഷ്യൽ ബ്രാഞ്ചും പരാതി പ്രത്യേകം അന്വേഷിച്ച് സഹോദരൻമാർ സ്റ്റേഷനിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും കിളികൊല്ലൂർ പൊലീസ് ഇരുവരുടെയും പേരിൽ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിലെ നിരീക്ഷണ കാമറകളാണ് സത്യം വെളിച്ചത്ത് കൊണ്ടുവന്നത്. സംഭവം വൻവിവാദമായതോടെ നേരത്തെ സ്ഥലം മാറ്റിയ മൂന്ന് പൊലീസുകാർക്ക് പുറമേ എസ്.എച്ച്.ഒയേയും എസ്.ഐ.യേയും സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം നടക്കുകയാണിപ്പോൾ.
യഥാർത്ഥ
സംഭവം
കിളികൊല്ലൂർ സ്റ്റേഷനിലെ പേരൂർ സ്വദേശിയായ പൊലീസുകാരൻ ആഗസ്റ്റ് 25ന് ഒരു പ്രതിക്ക് ജാമ്യം എടുക്കാനായി വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോഴാണ് എം.ഡി.എ കേസിലെ പ്രതിയാണെന്ന് അറിയുന്നത്. പൊലീസ് ലിസ്റ്റിൽ ഉണ്ടായിരുന്നതിനാൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി. സ്റ്റേഷന് മുന്നിൽ മടങ്ങാൻ ഒരുങ്ങവെ സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈസമയം സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന എ.എസ്.ഐ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂർവം പ്രശ്നം സൃഷ്ടിച്ചു. ബൈക്കിലെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചതോടെ തർക്കമായി. പൊലീസുകാരൻ മദ്യപിച്ച് പ്രശ്നം സൃഷ്ടിച്ചുവെന്ന് പരാതിപ്പെടാനായി വിഷ്ണുവും വിഘ്നേഷും പ്രബോഷൻ എസ്.ഐക്ക് മുന്നിലെത്തി. അപ്പോൾ എ.എസ്.ഐ വീണ്ടുമെത്തി പ്രശ്നമുണ്ടാക്കിയ ശേഷം വിഷ്നുവിനെ മർദ്ദിച്ചു. ഇതിനിടെ പ്രതിരോധത്തിന്റെ ഭാഗമായി വിഷ്ണു നൽകിയ അടിയേറ്റ് എ.എസ്.ഐ നിലത്ത് വീണു. പിന്നീട് വിഷ്ണുവിനെയും സഹോദരനെയും സ്റ്റേഷന്റെ രണ്ട് ഭാഗത്ത് കൊണ്ടുപോയി മർദ്ദനം ആരംഭിക്കുകയായിരുന്നു.
കാഞ്ചി വലിക്കുന്ന വിരൽ അടിച്ച് നുറുക്കും;
കേരളം അമ്പരന്ന ആക്രോശം
സ്റ്റേഷന് പുറത്ത് വച്ച് മോശമായി പെരുമാറിയ എ.എസ്.ഐയെക്കുറിച്ച് വനിതാ പ്രൊബേഷൻ എസ്.ഐയോട് പരാതിപ്പെടുകയായിരുന്നു. ഇതിനിടയിൽ പ്രകാശ് ചന്ദ്രനെത്തി സഹോദരൻ വിഷ്ണുവിന്റെ കരണത്തടിച്ചു. വീണ്ടും അടിക്കാൻ ശ്രമിച്ചതോടെ വിഷ്ണു ഒരു അടി തിരിച്ച് നൽകി. ആ അടിയേറ്റ് എ.എസ്.ഐ നിലത്ത് വീണു. തങ്ങൾ എന്ത് കുറ്റം ചെയ്തുവെന്ന ചോദിച്ചതോടെ തന്റെ കോളറിൽ കുത്തിപ്പിടിച്ച് തള്ളി. വീണ്ടും കരണത്ത് അടിച്ചതോടെ വിഷ്ണു കൈ ഉയർത്തിയപ്പോൾ മുഖത്ത് തട്ടി പ്രകാശ് ചന്ദ്രൻ നിലത്ത് വീണു. തൊട്ടുപിന്നാലെ പൊലീസുകാർ കൂട്ടത്തോടെയെത്തി തങ്ങൾ രണ്ട് പേരെയും രണ്ട് മുറികളിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. സി.ഐയുടെ ലാത്തികൊണ്ടുള്ള അടിയേറ്റ് തന്റെ രണ്ട് വിരലുകൾ ഒടിഞ്ഞു. എസ്.ഐയുടെ അടിയേറ്റ് കാലിന്റെ കണ്ണ് തകർന്നു. മറ്റൊരു പൊലീസുകാരനെത്തി ബൂട്ട് കൊണ്ട് നട്ടെല്ലിന് ചവിട്ടി. പിന്നീട് ലാത്തി കൊണ്ട് കാൽപാദത്തിലും അടിച്ചു. അപ്പോഴും തൊട്ടപ്പുറത്തുള്ള മുറിയിൽ ജ്യേഷ്ഠന്റെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു. കാഞ്ചി വലിക്കുന്ന വിരൽ അടിച്ച് നുറുക്കുമെന്നും വിഷ്ണുവിനെ എസ്.ഐ ഭീഷണിപ്പെടുത്തി.
മുറിവുകളിൽ നിന്നും വസ്ത്രങ്ങളിലാകെ രക്തം പടർന്നു. മുഖവും ചുണ്ടും പൊട്ടിയൊലിച്ചു. ജ്യേഷ്ഠന്റെയും കാൽപാദം അടിച്ചുതകർത്തു. തനിക്ക് നിലത്ത് കാലുകുത്താൻ പ്രയാസമാണ്. കൈവിരലുകൾ മടങ്ങുന്നില്ല. മുതുകത്ത് ഇപ്പോഴും ലാത്തി കൊണ്ടുള്ള അടിയുടെ 15 പാടുകളുണ്ട്. 26ന് പുലർച്ചെ രണ്ട് മണിക്ക് വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. മർദ്ദനം സംബന്ധിച്ച് പറഞ്ഞാൽ മയക്ക് മരുന്ന് കേസിൽ കുടുക്കുമെന്ന് പറഞ്ഞു. അന്ന് ഉച്ചയ്ക്ക് വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ മുറിവുകൾ ഡോക്ടറെ കാണിച്ചു. മജിസ്ട്രേട്ടിനോടും ക്രൂരമായ മർദ്ദനത്തെക്കുറിച്ച് പറഞ്ഞു.
സ്വപ്നങ്ങൾ തകർന്ന്
സഹോദരന്മാർ
പൊലീസ് ആകണമെന്ന് വിഘ്നേഷിന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. കൂട്ടുകാർക്കൊപ്പം ഉറക്കമിളച്ച് പഠിച്ചാണ് കോൺസ്റ്റബിൾ പരീക്ഷയ്ക്കുള്ള റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. പക്ഷെ പൊലീസ് മർദ്ദനത്തിൽ അവശനായ വിഘ്നേഷിന് കഴിഞ്ഞമാസം അവസാനം നടന്ന കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഏറെനാളായി പ്രണയിക്കുന്ന പെൺകുട്ടിയുമായുള്ള വിവാഹത്തിനാണ് സൈനികനായ വിഷ്ണു അവധിയെടുത്ത് നാട്ടിലേക്ക് എത്തിയത്. വിവാഹത്തിന് മുന്നോടിയായി വീട് മിനുക്കാൻ പെയിന്റ് വാങ്ങാൻ പോയി തിരികെ വരുമ്പോഴാണ് അനുജൻ സ്റ്റേഷന് മുന്നിൽ നിൽക്കുന്നതറിഞ്ഞ് അവിടേക്ക് എത്തിയത്. പൊലീസുകാരന്റെ തലയ്ക്കടിച്ചെന്ന പൊലീസിന്റെ തിരക്കഥ മാദ്ധ്യമങ്ങളിൽ പരന്നതോടെ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. വിഷ്ണുവിന്റെ ജോലി നഷ്ടപ്പെടുത്താനും കിളികൊല്ലൂർ സ്റ്റേഷനിലെ പൊലീസുകാർ ശ്രമിച്ചിരുന്നു.