കരുനാഗപ്പള്ളിയിൽ പ്രതിഷേധം ഇരമ്പി

യോഗം നേതാക്കൾക്ക് നേരെ സി.ഐയുടെ കാടത്തം:

എസ്.എൻ.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിക്കുകയും ശാഖാ പ്രസിഡന്റ് രാജേഷ്, യോഗം ബോർഡ് അംഗം കെ.ജെ.പ്രസേനൻ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി യൂണിയൻ എ.സി.പി ഓഫീസിലേക്ക് നടത്തിയ മാർച്ച്

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിക്കുകയും ശാഖാ പ്രസിഡന്റ് രാജേഷ്, യോഗം ബോർഡ് അംഗം കെ.ജെ.പ്രസേനൻ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കൊല്ലം കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി യൂണിയൻ എ.സി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. അടുത്തിടെ കണ്ടതിൽ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. യൂണിയൻ ഓഫീസിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. ‘ജാതിക്കോമരം ഗോപകുമാറിനെ സസ്പെൻഡ് ചെയ്യുക” എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയായിരുന്നുപ്രതിഷേധം.പൊലീസ് സ്റ്റേഷന് വടക്കുവച്ച് വടം കെട്ടിയും ബാരിക്കേഡുകൾ തീർത്തും പൊലീസ് പ്രകടനക്കാരെ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. യൂണിയൻ സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാർ, യൂണിയൻ കൗൺസിലർമാർ, യൂത്ത്മൂവ്മെന്റ്, വനിതാ സംഘം നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.

സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ
കൊല്ലം കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷൻ

ലക്ഷ്യം കാണുംവരെ സമരം തുടരും

പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് ഉപജീവനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ജാതിക്കും മതത്തിനും അതീതമായി പ്രവർത്തിക്കുന്നവരാകണമെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. എ.സി.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സത്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നില കൊള്ളുന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. യോഗ നേതൃത്വവും യൂണിയൻ – ശാഖാ നേതാക്കളും സാമൂഹ്യ പ്രതിബദ്ധതയിൽ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. അധസ്ഥിതരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ശാഖാ ഭാരവാഹികളോട് മാന്യമായി പൊരുമാറാൻ ഉദ്യാഗസ്ഥർ ശ്രദ്ധിക്കണം. സംഘടന കൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണ ഗുരുദേവ ദർശനം പൂർണമായും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന യോ ഗത്തെ നയിക്കുന്നത് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ്, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, കുണ്ടറ യൂണിയൻ സെക്രട്ടറി അനിൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ കെ.രാജൻ, അനിൽ ബാലകൃഷ്ണൻ, ബിജു രവീന്ദ്രൻ, കെ.ബി.ശ്രീകുമാർ, വി.എം.വിനോദ് കുമാർ, ക്ലാപ്പന ഷിബു, ടി.ഡി.ശരത്ചന്ദ്രൻ, യുത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളി യൂണിയൻ എ.സി.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് എസ്.എൻ.ഡി.പി യോഗം പന്തളം
യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
അഭിഭാഷകരെ സി.ഐ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളിയിൽ അടുത്തകാലത്ത് നടന്ന പ്രകടനം

ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആദിനാട് വടക്ക് ശാഖ പ്രവര്‍ത്തകര്‍ ശാഖാ പരിസരത്ത് പീതപതാക കെട്ടുന്നതിനിടയില്‍ ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ പ്രശ്‌നം സൃഷ്ടിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം പതാകകള്‍ കെട്ടുന്നത് നിര്‍ത്തി വയ്പിച്ച ശേഷം തൊട്ടടുത്ത ദിവസം സ്റ്റേഷനില്‍ വരാന്‍ നിര്‍ദ്ദേശിച്ചു.

ഇതുപ്രകാരം സ്റ്റേഷനിലെത്തിയ ശാഖാസെക്രട്ടറിക്ക് നേരെ സി.ഐ. ചാടിഎഴുന്നേറ്റ് ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് ജാതി പറഞ്ഞ് ആക്ഷേപിച്ച ശേ ഷം മര്‍ദ്ദിച്ചു. മഞ്ഞക്കൊടി ഇനി അവിടെങ്ങാനും കെട്ടിയാല്‍ നിന്നെ ഓണം ഉണ്ണിക്കാതെ ജയിലില്‍ അടയ്ക്കും എന്നാക്രോശിച്ച് ഇറക്കിവിടുകയായിരുന്നു. ഇത് സി.ഐ. ഈഴവ സമുദായത്തോട് പുലര്‍ത്തുന്ന വൈരാഗ്യബുദ്ധിയുടെ തെളിവാണെന്നും ചാതുര്‍വര്‍ണ്യ മനോഭാവം പേറുന്ന ഈ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യൂണിയൻ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഗോപകുമാര്‍ കരുനാഗപ്പള്ളി സി.ഐ.യായി എത്തിയതു മുതലുള്ള എല്ലാ ഇടപെടലുകളിലും ഈഴവ വിരുദ്ധത പ്രകടമാണെന്ന് ആരോപണമുയർന്നു.ഈഴവ സമുദായവുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും നില മറന്നാണ് ഈ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പാവുമ്പാ ശാഖയിലുംതുറയില്‍ കുന്ന്, ഈഴവ സമുദായ അംഗത്തിന്റെ വ്യാപാര സ്ഥാപനത്തിലുണ്ടായ പ്രശ്‌നത്തിലും, ഏറ്റവുമൊടുവില്‍ ആദിനാട് വടക്ക് ശാഖയിലുണ്ടായ പ്രശ്‌നത്തിലും നീതിനിഷേധിച്ചതിന് പുറമേ മാടമ്പിയെപ്പോലെയാണ് സി.ഐ. ഇടപെട്ടത്. ഇത്രയും മനുഷ്യാവകാശ ധ്വംസനം നടത്തുന്ന മറ്റൊരു പോലീസ് ഉദ്യോ ഗസ്ഥനെ ഇപ്പോള്‍ സര്‍വീസില്‍ കാണാനാകില്ലെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചതിന് അഭിഭാഷകര്‍ നടത്തിയ സമരം കഴിഞ്ഞ് അധികനാളാകുംമുമ്പാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. മൃഗീയമായി മര്‍ദ്ദിക്കുക ,കള്ളനോട്ട് തിരുകിക്കയറ്റി കള്ളക്കേസില്‍ പെടുത്തുക, പാവപ്പെട്ടവരെ മാസങ്ങളോളം അന്യായതടങ്കലില്‍ വെക്കുക, ഗുണ്ടകളെ വിട്ട് അടിപ്പിക്കുക, ഡി.ജി.പിയുടെ ഡ്രൈവറെ വരെ തല്ലിച്ചതക്കുക തുടങ്ങിയവ സി.ഐ.യുടെ വിനോദമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു .

Author

Scroll to top
Close
Browse Categories