വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍
പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാതാകുന്നു:
വെള്ളാപ്പള്ളി നടേശന്‍

എസ്.എന്‍.ഡി.പി യോഗം വൈദികയോഗം കണയന്നൂര്‍ യൂണിയന്‍ പാലാരിവട്ടം കുമാരനാശാന്‍ സ്മാരക സൗധത്തില്‍ സംഘടിപ്പിച്ച വൈദിക സംഗമം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ കേരളത്തിലെ ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാതാവുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. വൈദിക യോഗം കണയന്നൂര്‍ യൂണിയന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസം ഇല്ലാത്ത സംസ്ഥാനമാണിത്. എങ്കിലും ന്യൂനപക്ഷ പദവിയും വോട്ടുബാങ്കിന്റെ ബലവും കൊണ്ട് ഒരു വിഭാഗമാണിവിടെ തടിച്ചു കൊഴുക്കുന്നത്. മതാധിപത്യമാണ് എവിടെയും. ആശങ്കാജനകമാകുംവിധം നമ്മുടെ ജനസംഖ്യകുറഞ്ഞ് വരികയാണ്.ജനസംഖ്യയുടെ മൂന്നി ലൊന്ന് ഉണ്ടെന്ന് പറയുന്ന ഈഴവ സമുദായത്തിന് എത്ര എം.എല്‍.എ. മാരുണ്ടെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകും. പാര്‍ലമെന്റിലും നിയമസഭയിലും സ്വന്തം ആള്‍ക്കാര്‍ പോലും നമ്മുടെ ആവശ്യം ഉന്നയിക്കില്ല. മതേതരത്വം പൊളിഞ്ഞു വീഴുമെന്നാണ് അവര്‍ക്ക് ഭയം. ഗുരുദേവന്റെ നാണയമിറക്കാനും കൃതികള്‍ മറ്റു ഭാഷകളിലേക്ക് വിതരണം ചെയ്യിക്കാനും വേറെ ആളുകള്‍ വേണ്ടി വന്നു.

മതേതരത്വത്തിന് വേണ്ടി വാദിക്കാന്‍ ഹിന്ദുക്കള്‍ മാത്രമേയുള്ളൂ. ശബരിമലയില്‍ പള്ളി പണിയാനും ബാബ്‌റി മസ് ജിദിനും വേണ്ടി പ്രമേയം പാസ്സാക്കിയവരാണ് നമ്മള്‍. പക്ഷേ നമുക്ക് വേണ്ടി മതേതരത്വം പറയാന്‍ ആരും വരില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു. വൈദികയോഗം പ്രസിഡന്റ് ശ്രീകുമാര്‍ ശാന്തിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും യോഗം കൗണ്‍സിലറുമായ എ.ജി. തങ്കപ്പന്‍ വൈദികരെ ആദരിച്ചു. കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ ചികിത്സാ സഹായം വിതരണം ചെയ്തു.

നാരായണപ്രസാദ് ശാന്തി (ശിവഗിരിമഠം), വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി, സംസ്ഥാന സെക്രട്ടറി പി.വി. ഷാജിശാന്തി, കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ്, വൈസ്‌ചെയര്‍മാന്‍ വിജയന്‍പടമുഗള്‍, വൈദികയോഗം സംസ്ഥാന വൈസ്പ്രസിഡന്റ് ജോഷി ശാന്തി കാക്കനാട്, ജോയിന്റ് സെക്രട്ടറി സന്തോഷ് ശാന്തി, യൂണിയന്‍ ജോയിന്റ്‌സെക്രട്ടറി മുരളിശാന്തി എന്നിവര്‍ സംസാരിച്ചു. വൈദിക യോഗം സെക്രട്ടറി സി.പി. സനോജ് ശാന്തി സ്വാഗതവും വൈസ്പ്രസിഡന്റ് പി.പി. സജീവന്‍ശാന്തി നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories