പണാപഹരണത്തിന് പിടിക്കപ്പെട്ടവര്‍
യോഗത്തെ എതിര്‍ക്കുന്നു

കായംകുളം:എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കുവാനോ തളര്‍ത്തുവാനോ ഇന്ന് ശ്രമിക്കുന്നവര്‍ ആരെല്ലാം എന്ന് നോക്കിയാല്‍, മുന്‍കാലങ്ങളില്‍ ഏതെങ്കിലും യൂണിയനുകളില്‍ നിന്നോ ശാഖകളില്‍ നിന്നോ പണാപഹരണത്തിന് കയ്യോടെ പിടിക്കപ്പെട്ട സംഘടനാ വിരുദ്ധരും കൊള്ളക്കാരുമാണെന്ന് കാണാമെന്ന് എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഏതെങ്കിലും പെട്ടിക്കട കണ്ടാല്‍ പോലും അതിന്റെ തലപ്പത്ത് കയറി ഇരിക്കുവാന്‍ നോക്കുന്ന ഗോകുലംഗോപാലന് ചിട്ടിക്കമ്പനി നടത്തുവാനുള്ള വേദിയല്ല എസ് എന്‍ ഡി പി യോഗം. ഇത്തരത്തില്‍ ഉള്ള വട്ടിപ്പലിശക്കാര്‍ സങ്കടമേകിയ നമ്മുടെ അമ്മ – പെങ്ങമ്മാരേയും പാവപ്പെട്ട കുടുംബങ്ങളേയും രക്ഷിച്ചത് യോഗം നടപ്പിലാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയാണ്. – തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എസ് എന്‍ ഡി പി യോഗത്തിന്റെ കാര്‍ത്തികപ്പള്ളി – കായംകുളം യൂണിയനുകളില്‍ സംഘടനാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. കാര്‍ത്തികപ്പള്ളി യൂണിയനില്‍ അശോകപ്പണിക്കര്‍ അദ്ധ്യക്ഷനാവുകയും അഡ്വ.രാജേഷ് സ്വാഗതം പറയുകയും കായംകുളം യൂണിയനില്‍ വി.ചന്ദ്രദാസ് അദ്ധ്യക്ഷനാവുകയും പി.പ്രദീപ് ലാല്‍ സ്വാഗതം പറയുകയും ചെയ്തു. യോഗം കൗണ്‍സിലറും യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റുമായ പച്ചയില്‍ സന്ദീപ് മുഖ്യ പ്രഭാഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ് രാജാക്കാട്, സജീഷ് കോട്ടയം എന്നിവര്‍ സംഘടനാ വിശദീകരണവും നടത്തി. വിവിധ യൂണിയന്‍ ഭാരവാഹികള്‍, സൈബര്‍ സേന സംസ്ഥാന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, വിഷ്ണു കായംകുളം, സന്തോഷ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories