സാമൂഹ്യ നീതിക്ക് വേണ്ടി
സമുദായം ഒറ്റക്കെട്ടായി ഉണരണം
കോവളം : ജാതി പറയുന്നത് അപമാനമല്ലെന്നും, ജാതിചിന്ത നിലനില്‍ക്കുന്ന കേരളത്തില്‍ സാമൂഹികനീതി നിഷേധിക്കപ്പെടുന്നതിന് എതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കോവളം യൂണിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ സംഘടനയാണ് എസ്.എന്‍.ഡി.പി. യോഗം. അത് ബ്‌ളേഡ് രാജാക്കന്മാരുടെ സംഘടനയല്ല. പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാകണം സംഘടനയുടെ നേതാക്കള്‍. അവര്‍ പാവങ്ങളുടെ രക്തം കുടിച്ചുവീര്‍ക്കുന്ന അട്ടകളാകരുത്.
യോഗം തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ കുരിശു കണ്ട ചെകുത്താനെപ്പോലെ ചിലര്‍ കോടതികളിലേക്ക് ഓടുന്നത് അവര്‍ക്ക് സത്യത്തെ ഭയമുള്ളതുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണിച്ചുകുളങ്ങരയില്‍ പ്രസംഗിക്കവേ യോഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ചിരുന്നു. അതിനപ്പുറം, സമുദായ ശത്രുക്കളുടെ ഒരു സര്‍ട്ടിഫിക്കറ്റും നമുക്ക് ആവശ്യമില്ല. സമുദായത്തിന്റെ ഇന്നത്തെ വളര്‍ച്ച കണ്ടാണ് തന്നെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു ക്ഷണിച്ചത്, അത് ഞാന്‍ എന്ന വ്യക്തിയെ അല്ല മറിച്ച് സമുദായത്തെ ആണ് – അദ്ദേഹം പറഞ്ഞു.
കോവളം യൂണിയന്‍ പ്രസിഡന്റ് കോവളം ടി.എന്‍.സുരേഷ് അദ്ധ്യക്ഷനായി. പ്രാര്‍ത്ഥനാ മണ്ഡപത്തിന്റെ ശിലാസ്ഥാപനം പ്രീതി നടേശന്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറിക്കുള്ള കോവളം യൂണിയന്റെ ഉപഹാരം മന്ത്രി ജി.ആര്‍. അനില്‍ സമ്മാനിച്ചു. എം.വിന്‍സന്റ് എം.എല്‍.എ, യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലന്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, കരുംകുളം പ്രസാദ്, ആര്‍. വിശ്വനാഥന്‍, നെടുമങ്ങാട് രാജേഷ്, ഗീതാ മധു, പി.എസ് .പ്രദീപ്, മനോഹരന്‍ മണലി ,തുളസി ധരന്‍ ,സനില്‍ വെങ്ങ പൊറ്റ ,പുന്നമൂട് സുധാകരന്‍, ശ്രീകുമാര്‍ കോവളം , യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിപു അരുമാനൂര്‍ ,അനീഷ് പുല്ലുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗുരുദേവ ഭക്തരെ ചടങ്ങില്‍ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി തോട്ടം പി. കാര്‍ത്തികേയന്‍ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മൂലൂര്‍ വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.
യോഗം ജനറല്‍ സെക്രട്ടറിയെ യൂണിയന്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അശ്വത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിനോദ് മുല്ലൂര്‍ ,സെക്രട്ടറി ദിപു അരുമാനൂര്‍ ,സൈബര്‍ സേന ചെയര്‍മാന്‍ സജീവ് ,കണ്‍വീനര്‍ വരുണ്‍ കൃഷ്ണ ,ജില്ലാ കമ്മിറ്റി അംഗം മനോജ് കുമാര്‍ ,യൂത്ത് മൂവ്‌മെന്റ് സൈബര്‍ സേന നേതാക്കളായ ഷിബു വെങ്ങാ പൊറ്റ, രാജേഷ് കണ്ണംകോട്, മനു പനപഴിഞ്ഞി , സുജിത്ത് വാഴമുട്ടം, അനുപൂങ്കുളം, വിഥിന്‍ പെരിങ്ങമല, വിഷ്ണു , ശ്രീകുമാര്‍ കട്ടച്ചല്‍കുഴി, ദിലീപ് മണലി, ധനീഷ്, അജീഷ്, ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും സമ്മേളന നഗരിയിലേയ്ക്ക് ആനയിക്കുകയും ചെയ്തു.