പഥികന്

നിസ്വന്റെ കൊട്ടാരമാണീ പെരുവഴി-
നിസ്വാര്‍ത്ഥസേവനം നല്‍കും പൊതുവഴി,
നിസ്സീമമായ് തോന്നുമെല്ലായിടങ്ങളും
നിസ്സാര ജീവിതം നിഷ്ഫലമായിടും…
ഒന്നു നിനക്കുകില്‍ മറ്റൊന്നു വന്നിടും
ഒന്നിനും കൊള്ളാത്തപാഴുറ്റ ജീവിതം,
നന്നായ് പരിശ്രമിച്ചീടിലൊ കിട്ടിടാം,
അന്നത്തെയന്നത്തിനായെഴും കഷ്ടത…
അന്യന്റെ ചട്ടിയില്‍ കൈയിട്ടുവാരുവാന്‍ –
അന്യഥാ ചിന്തിക്കുമാര്‍ത്ഥവിരോധികള്‍,
ജന്യമല്ലാത്തതാം അര്‍ത്ഥകാമാര്‍ത്തിതര്‍,
വന്യത്വമാര്‍ന്നെത്തുമാ ശുഷ്കപാത്രമായ്…
ചിന്തകള്‍ മുന്നോട്ടുപോയിടാം വ്യര്‍ത്ഥമായ്-
അന്തമില്ലാതെഴുമാഴക്കടലുപോല്,
ബന്ധവും ബന്ധുത്വകര്മ്മഫലങ്ങളും
സന്താപമേറ്റുന്നു നാളുകള്‍ പോകിലും…
കഷ്ടതക്കില്ലൊട്ടുപായമതെങ്കിലോ-
നിഷ്ഠൂരമാം വിധി നല്കുന്നു വ്യക്തമായ്
ഇഷ്ടമില്ലാത്തവയൊക്കെയായീടിലും
സ്പഷ്ടമായ വനവീഥിയില്‍ തീര്‍ന്നിടും…
ആശാഫലങ്ങളെ ചേര്ത്തുപിടിക്കയാല്
ഈശന്റെ പാദങ്ങള്‍ പേര്‍ത്തു ചിന്തിച്ചിടും
ഈശാനുകോണിലെ പുണ്യകര്‍മ്മങ്ങളെ
വാശിയോടെ വശത്താക്കുവാന്‍ മോഹമായ്…
ശുഷ്കപാത്രത്തിലെ പാലടപോലിതാ-
ശുഷ്കാന്തികാട്ടുന്നു വാരിക്കഴിക്കുവാന്,
നിഷ്കാസനത്തിന് ചവിട്ടടികൊള്കയാല്,
പുഷ്കരസം ഭവന് പോലും മടിച്ചിടാം…
നിദ്രയെ പുല്കാന് മടിച്ചിടും കണ്ണുകള്‍ –
നിര്‍ദ്ദയം നോക്കുന്നിതാകാശവീഥിയില്,
നിര്ദ്ദോഷകാരിയാം താരകയാകിലും,
നിര്ദ്ദിഷ്ടകാന്തി വിതറുന്നുഭൂമിയില്…






