ഉള്ളതും എന്നാല്‍ കാണാത്തതും
അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്നീ വാക്കുകള്‍ക്ക് സമാനമായ ഒരാശയമാണ് അല്ലാഹു എന്ന പദത്തിലൂടെ ലഭിക്കുന്നത് എന്ന് നാണുസ്വാമി വിശദീകരിച്ചു. ഞാന്‍ ബ്രഹ്മമാകുന്നു. അതുതന്നെ നീയും എന്നു പറയുമ്പോള്‍ വ്യക്തിഭേദമില്ലാതെ രണ്ടും ഒന്നിന്റെതന്നെ അംശങ്ങളാകുന്നു. ഇതാണ് ഭാരതീയ അദ്വൈതതത്ത്വം. വേറിട്ടുകാണാവുന്ന അടയാളങ്ങളൊന്നുമില്ലാത്ത പരമശക്തിരൂപത്തെയാണ് ഈശ്വരന് എന്നും അല്ലാഹു എന്നും പറയുന്നത്. ദൈവത്തെപ്പറ്റിയുള്ള സൂഫി നിര്‍വ്വചനം നാണു സ്വാമി ഭാരതീയ ദര്‍ശനത്തിന്റെ അന്തര്ധാരതന്നെയെന്നു കണ്ടറിഞ്ഞു

കുറേ ദിവസങ്ങള്‍ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കും. അതുകഴിഞ്ഞാല്‍ കുറച്ചുദിവസം സൗകര്യപ്രദമായ ഒരിടത്ത് പൂര്‍ണ്ണവിശ്രമം. ഈ ദിവസങ്ങളില്‍ ഒരു താപസന്റെ ഭാവവും രീതികളുമാണ്. ഇങ്ങനെ വിശ്രമിക്കാനായി തിരഞ്ഞെടുത്തിരുന്ന സ്ഥലങ്ങളില്‍ ഒന്ന് വേളിക്കുന്നിന്റെ ചെരിവിലുള്ള ഒരിടമായിരുന്നു. അവിടെ അടുത്ത് സൂഫിവര്യനും യോഗാഭ്യാസതല്പരനുമായ ഗുണംകുടി മസ്താന് എന്ന ഒരാള്‍ താമസിച്ചിരുന്നു. നാണു ആശാന് ഗുണംകുടി മസ്താനെ ചെന്നുകണ്ടു. യോഗാഭ്യാസം രണ്ടുപേര്‍ക്കും താല്പര്യമുള്ള വിഷയമായിരുന്നു. അതിനാല്‍ അവര്‍ അടുത്ത സുഹൃത്തുക്കളായി. സൂഫികളുടെ യോഗാഭ്യാസരീതികള്‍ കാണാനും അതേപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും കഴിഞ്ഞു. ഒപ്പം ഖുര്‍ആനിലെ സൂക്തങ്ങളും ഇസ്ലാമിക തത്ത്വശാസ്ത്രവിഷയങ്ങളും പരസ്പരം ചര്‍ച്ചചെയ്തു. ഏതുകാര്യവും എവിടെനിന്നായാലും പഠിക്കുകയെന്നതാണ് നല്ല വിദ്യാര്‍ത്ഥിയുടെ ലക്ഷണം. ഖുര്‍ആന്‍ തത്ത്വങ്ങള്‍ പഠിച്ചറിവുള്ള പണ്ഡിതന്മാരും സാധാരണ ഇസ്ലാം വിശ്വാസികളും ഗുണംകുടി മസ്താ ന്റെ അനുയായികളായുണ്ട്. നാണു ആശാന് അവരുമായി സംസാരിക്കും. അറബിഭാഷയില്‍ പാണ്ഡിത്യമുള്ളവരില്നിന്നും ഖുര്‍ആനിലെ പല വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കി. ദൈവത്തിന് സംസ്കൃതത്തിലും അറബിയിലും ഒരേ അര്‍ത്ഥമാണ് സങ്കല്പിച്ചിരിക്കുന്നതെന്നുതോന്നി. അദ്വൈതതത്ത്വം തന്നെയാണ് ദൈവത്തെപ്പറ്റി ഖുര്‍ആനിലും പറയുന്നത്. നാണു സ്വാമികള്‍ ആ കാര്യത്തെപ്പറ്റി പല പണ്ഡിതന്മാരുമായി സംസാരിച്ചു. അല്ലാഹു ആണ് മുസ്ലീങ്ങളുടെ ദൈവം. അല്ലാഹു എന്ന അറബിവാക്കിന് ഇല്ലാത്തവന് എന്ന് സൂഫികള്‍ അര്‍ത്ഥം കല്പിക്കുന്നു. എന്നാല്‍ അതിന്റെ ആശയം ദൈവം ഉണ്ട് എന്നതാണെന്ന പരമസത്യം സദാ ഓര്‍മ്മിപ്പിക്കുന്നു. അല്ലാഹു എന്ന ദൈവനാമത്തിന്റെ അവസാന ശബ്ദമായ ‘ഹു’ എന്നത് ‘ഹുവ’ എന്നതിന്റെ ചുരുക്കമാണ്. അവന് എന്നര്‍ത്ഥം. ‘അല്‍’ എന്നാല്‍ ‘അത്.’ ‘ആ’ എന്ന സ്വരം ‘തത്’ എന്ന സൂചന നല്കുന്നു. ‘ല്ല’ എന്നാല്‍ ഇല്ല എന്ന് വ്യക്തമാക്കുന്നു. അല്ലാഹു എന്ന പദത്തിന് ഇല്ലാത്തത് ഏതാണോ അത് അവന്‍തന്നെ എന്ന് അര്‍ത്ഥം പണ്ഡിതന്മാര് പറഞ്ഞു. അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്നീ വാക്കുകള്‍ക്ക് സമാനമായ ഒരാശയമാണ് അല്ലാഹു എന്ന പദത്തിലൂടെ ലഭിക്കുന്നത് എന്ന് നാണുസ്വാമി വിശദീകരിച്ചു. ഞാന്‍ ബ്രഹ്മമാകുന്നു. അതുതന്നെ നീയും എന്നു പറയുമ്പോള്‍ വ്യക്തിഭേദമില്ലാതെ രണ്ടും ഒന്നിന്റെതന്നെ അംശങ്ങളാകുന്നു. ഇതാണ് ഭാരതീയ അദ്വൈതതത്ത്വം. വേറിട്ടുകാണാവുന്ന അടയാളങ്ങളൊന്നുമില്ലാത്ത പരമശക്തിരൂപത്തെയാണ് ഈശ്വരന് എന്നും അല്ലാഹു എന്നും പറയുന്നത്. ദൈവത്തെപ്പറ്റിയുള്ള സൂഫി നിര്‍വ്വചനം നാണു സ്വാമി ഭാരതീയ ദര്‍ശനത്തിന്റെ അന്തര്ധാരതന്നെയെന്നു കണ്ടറിഞ്ഞു. എല്ലാം ഒന്നുതന്നെ. ഒന്നിന്റെ വകഭേദം തന്നെ.






