ബുദ്ധവഴി
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ലോകത്തെ അനുഭവിക്കാന്‍ തയ്യാറായി നില്ക്കുന്ന വാതായനങ്ങളാണ്. ആ വാതായനങ്ങളെ ആന്തരികമായി രൂപപ്പെട്ടു വന്ന സര്‍ഗ്ഗാത്മകതയ്ക്കനുസരിച്ച്, അതാതിന്റെ വിഷയങ്ങളില്‍ വ്യാപരിപ്പിക്കാനുള്ള സാഹചര്യം നാം ഇടപെടുന്ന ചുറ്റുപാടുകളില്‍ നിന്ന് കൃത്യമായി ലഭിക്കുമ്പോഴാണ് ‘ബുദ്ധം’ എന്ന അവബോധത്തിലേക്ക് സഞ്ചരിച്ചെത്താനുള്ള വെളിച്ചം നമ്മില്‍ നിറയുക. അപ്പോഴാണ് ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും അഭാവം അനുഭവിക്കുക.
ആരാണ് ബുദ്ധന്?
ആരാണ് ബുദ്ധന് എന്നു ചോദിക്കുമ്പോള്‍ ബുദ്ധന് തന്നെ പറയുന്നുണ്ട്, ‘നടക്കുമ്പോള്‍ നടക്കുന്നവന് ബുദ്ധന് ഇരിക്കുമ്പോള്‍ ഇരിക്കുന്നവന് ബുദ്ധന്, ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവന് ബുദ്ധന്, ഉറങ്ങുമ്പോള്‍ ഉറങ്ങുന്നവന് ബുദ്ധന്’എന്ന്.
ഇതൊക്കെ നമ്മളും ചെയ്യുന്നതല്ലേ? നമ്മള് പലരും അങ്ങനെ ചെയ്യുന്നില്ല എന്നാണ് ബുദ്ധന് പറയുന്നത്. നമ്മള് ഇരിക്കുമ്പോള്‍ ഓടുന്നവരാണ്, ഭൂതകാല സ്മൃതികളെ കൊണ്ടുവന്ന് ഇരിപ്പ് അനുഭവിക്കാത്തവരാണ്. നടക്കുമ്പോള്‍ അനേകം തരത്തിലുള്ള ചിന്തകളില്‍ ഉഴറി നടക്കുന്നവരാണ്. ഉറങ്ങുമ്പോഴും നാം ഉറങ്ങുന്നവരല്ല. എവിടെ നാം ആയിരിക്കുമ്പോഴും അവിടെ നൂറു ശതമാനം ആയിരിക്കുക എന്നു പറയുന്നതാണ് ധര്‍മ്മം. അങ്ങനെ ആയിരിക്കുന്നവരാണ് ബുദ്ധര്‍.

സ്വധര്‍മ്മം:
സ്വാസ്ഥ്യത്തിലേക്കുള്ള
വഴി
മാതാപിതാക്കളും ഗുരുക്കന്മാരും അവരുടെ ധാരണകളെ നമ്മില്‍ അടിച്ചേല്‍പ്പിക്കാതെ, അവരുടെ സ്വപ്നങ്ങളുടെ ഒരുപാധിയാക്കി മാറ്റാതെ, നമ്മുടെ സ്വഭാവത്തെ സൂക്ഷ്മമായി മനസ്സിലാക്കി, അതിനനുസൃതമായി ജീവിക്കാന്‍ ഒരു ധര്‍മ്മത്തെ ഒരുക്കിത്തരികയാണെങ്കില് നമുക്ക് നടക്കുമ്പോള്‍ നടക്കാനും ഇരിക്കുമ്പോള്‍ ഇരിക്കാനും ഉറങ്ങുമ്പോള്‍ ഉറങ്ങാനും ഒരളവുവരെ കഴിയും. പക്ഷേ, ദുര്‍ഗതിയെന്നു പറയട്ടെ, മാതാപിതാക്കളും ഗുരുക്കന്മാരും നമ്മളെ, നൂറ്റാണ്ടുകളായി വളര്‍ത്തുന്നത് അങ്ങനെയല്ല.
അദ്ധ്യാപകരായാലും മാതാപിതാക്കളായാലും അവര്‍ നിശ്ചയിച്ചുറപ്പിച്ച അച്ചിലിട്ടു വാര്ക്കാന്ശ്രമിച്ചതു കൊണ്ടാണ് സ്വധര്‍മ്മത്തില്‍ സഞ്ചരിക്കാനാവാതെ കടുത്ത സംഘര്‍ഷത്തിലൂടെയും അസ്വസ്ഥതയിലൂടെയും നമുക്ക് കടന്നു പോകേണ്ടി വരുന്നത്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ഇരിക്കേണ്ടി വരുന്നത്. ഉള്ളില്‍ എപ്പോഴും എന്തോ ചെയ്യാനുണ്ട്, അത് തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന ആവലാതി എപ്പോഴും അലട്ടുന്നത്. ജീവിതത്തില്‍ സ്വസ്ഥത കിട്ടാന്‍ വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് ഇത്രയും മുതിര്‍ന്നിട്ടും നമ്മോടും ചുറ്റുപാടിനോടും വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നത്.
നന്നായി ചിത്രം വരക്കുകയോ നിശ്ചല ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയോ നന്നായി കെട്ടിടം പണി ചെയ്യുകയോ ചെയ്യുന്ന കുട്ടികളെ, മാതാപിതാക്കള്‍ ഡോക്ടര്‍ ആക്കി മാറ്റുമ്പോള്‍ ഒരിക്കലും തന്റെ ജോലിയില്‍ തൃപ്തരാകാന്‍ അവര്‍ക്ക് കഴിയുന്നില്ല. കേവലം ഒരു ജോലിയുമായി ബന്ധപ്പെട്ടിട്ടല്ല നമ്മള് സ്വധര്‍മ്മത്തെ പറയുന്നത്. ഒരു കുഞ്ഞില്‍ ആന്തരികമായി വിരിയാന്‍ കിടക്കുന്ന അനേകം തരത്തിലുള്ള സ്വഭാവസവിശേഷതകളുണ്ട്. അത് പരമാവധി ആവിഷ്ക്കരിക്കാനുള്ള അന്തരീക്ഷം ചെറിയ പ്രായത്തിൽതന്നെ കുഞ്ഞുങ്ങൾക്ക് നല്കുകയാണെങ്കില്, അധികം കഷ്ടപ്പെടാതെ അവര്‍ക്ക് നമ്മുടെ സാമൂഹികതയില്‍ ജീവിച്ചു പോകാന്‍ കഴിയും.
പക്ഷേ, മനുഷ്യര്‍ അധികാരത്തിന്റെയും പ്രശസ്തിയുടെയും ആര്ജ്ജിച്ചുകൂട്ടലിന്റെയും ലോകത്തെ സ്വധര്‍മ്മമാക്കി ഉറപ്പിച്ചുവെച്ച്, അത് പ്രാപിക്കാനുള്ള സ്വഭാവത്തെ ഉണര്‍ത്തിയെടുത്ത്, അതിനുവേണ്ടി ജീവിക്കാന്‍ നിര്‍ബന്ധിതമായി പ്രേരിപ്പിക്കുന്നതുകൊണ്ട്, തന്റെ സ്വഭാവത്തിനനുസരിച്ച്, സ്വാഭാവികമായി സ്വസ്ഥമായി സഞ്ചരിക്കാനുള്ള ഒരു അന്തരീക്ഷം മനുഷ്യന് ഇല്ലാതെ പോയി.
ഇന്ദ്രിയ
സ്വധര്‍മ്മം
നാം നമ്മളെ ഒരു കൂട്ടിലിട്ട് അടച്ചു പൂട്ടിയിരിക്കയാണ്. അതുകൊണ്ടാണ് സ്വധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത്. ഒരോ ഇന്ദ്രിയങ്ങള്‍ക്കും അതിന്റേതായ ധര്‍മ്മങ്ങളുണ്ട്. കേള്‍ക്കുക എന്നു പറയുന്നത് ചെവിയുടെ ധര്‍മ്മമാണ്. ഞാന്‍ സംഗീതം കേള്‍ക്കുന്ന ആളാണെങ്കില്‍, സംഗീതം എന്ന ധ്വനിപ്രവാഹത്തെ കേള്‍ക്കാനുള്ള അദമ്യമായ ദാഹം എന്റെ സ്വഭാവത്തില്‍ രൂഢമൂലമായിരിപ്പുണ്ട്. പക്ഷേ, അനേകം സംഗീതധാരകളുണ്ട്. ഇതില്‍ എന്റെ ചെവിയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ചില സംഗീത ധാരകളുണ്ടായിരിക്കാം. അതിനോട് നമുക്ക് ആഴത്തിലുള്ള ഇമ്പം തോന്നാൻ സാദ്ധ്യതയുണ്ട്. എന്റെ ആഴത്തെ അറിയാന്‍ സഹായിക്കുന്ന കേള്‍വി ഏതാണെന്ന് തിരിച്ചറിഞ്ഞ്, ആ കേള്‍വിയിലേക്ക് നിരന്തരം ശ്രവണത്തെ വിലയിപ്പിക്കാന്‍ ശ്രമിച്ചാല്‍ സ്വഭാവാനുസൃതമായ കേള്‍വി എന്ന സ്വധര്‍മ്മത്തിന്റെ സഞ്ചാരത്തിലൂടെ ചെവിയുടെ അഭാവം അനുഭവിക്കും. അതുപോലെ തന്നെയാണ് കാഴ്ച.
അനേകായിരം പ്രപഞ്ചങ്ങളില് നിന്ന് അവരവരുടെ സ്വഭാവത്തിന് അനുസൃതമായ വിഷയങ്ങളെ കണ്ടെത്തി ആ ധര്‍മ്മത്തില്‍ വ്യാപരിക്കാനുള്ള അന്തരീക്ഷം നമുക്കുണ്ടായാല്‍ ഇന്ദ്രിയങ്ങളുടെ അഭാവം അനുഭവിക്കും.
ഓരോരുത്തരുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ ആയിരിക്കും മനസ്സ് സഞ്ചരിക്കുന്നത്. അവരവരുടെ സ്വഭാവത്തിന് അനുസൃതമായി മനസ്സിനിഷ്ടപ്പെടുന്ന വിഷയങ്ങളിലേക്ക് മനസ്സിനെ വ്യാപരിപ്പിച്ച് അതിന്റെ ധാര്‍മ്മികതയില്‍ പ്രവഹിക്കാനായാല്, മനസ്സിന്റെ അഭാവം അനുഭവിക്കും.
എല്ലാം അറിയണം എന്ന ചിന്തയോടെ പല തരത്തിലുള്ള അറിവുകളുടെ ലോകങ്ങളില്‍ നമ്മുടെ ബുദ്ധി ചിതറി സഞ്ചരിക്കുകയാണ്. അറിവിന്റെ ഭാരം കൊണ്ട് ബുദ്ധി കലുഷമായിരിക്കുന്നു. ഓരോരുത്തരുടെയും ബുദ്ധി ചിതറി സഞ്ചരിക്കുമ്പോഴും, ചില പ്രത്യേക ശൈലിയിലുള്ള വിശാലത നല്കുന്ന അറിവുകളിലേക്ക് ആകൃഷ്ടമാകുകയും തന്റെ സ്വഭാവത്തിന് ഏറ്റവും സ്വീകാര്യമായിരിക്കുന്ന, ഉണര്‍വ് നല്കുന്ന അറിവിലേക്ക് തന്റെ ബുദ്ധിയെ നിരന്തരം വ്യാപരിപ്പിച്ച് അതിലായിരിക്കാന് കഴിയുമ്പോള്‍ ബുദ്ധിയുടെ അഭാവം അനുഭവിക്കും.
വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഒരിക്കലും വ്യക്തിയുടെ സവിശേഷതയ്ക്ക് പ്രാധാന്യം കൊടുത്തിട്ടേയില്ല. സ്വഭാവാനുസൃതമായി വ്യക്തിക്കും ചുറ്റുപാടിനും സമാധാനം നല്കുന്ന രീതിയിലുള്ള ഒരു ആവിഷ്ക്കാരമായി അവരവരുടെ ജീവിതം മാറാനുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കാന്‍ നമ്മുടെ കുടുംബ സാഹചര്യത്തിനും വിദ്യാഭ്യാസ സമ്പ്രദായത്തിനും കഴിഞ്ഞിരുന്നുവെങ്കില്‍ നമ്മളിത്ര കഷ്ടപ്പെടില്ലായിരുന്നു. നമ്മുടെ സ്വഭാവവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും വ്യാവഹാരിക ജീവിതവും ഒരു ബന്ധനമായി അനുഭവിക്കില്ലായിരുന്നു.
ഒരാള്‍ പാട്ടു പാടുമ്പോള്‍ പഠിക്കുന്നതി നൊപ്പം പാട്ടു പാടിക്കോളൂ എന്നു പറയുന്നതിന് പകരം മനസ്സ് മടുപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം മുതിര്‍ന്നവരില്‍ നിന്നും കിട്ടുന്നതു കൊണ്ടാണ് ശരിയായ ധാര്‍മ്മികതയില്‍ എത്തി ചേരാഞ്ഞതും സ്വഭാവാനുസൃതമായ സ്വധര്‍മ്മത്തില്‍ ചരിക്കാനാവാതെ പോയതും.
ഒരു പാട്ടുകാരും ആദ്യമേ പാട്ടുകാരായവരല്ല. സാധകം ചെയ്തു ചെയ്താണ് ശബ്ദത്തെ മിനുക്കി എടുക്കുന്നത്. ചിത്രം വരക്കുന്നതോ എഴുതുന്നതോ എന്തുമാകട്ടെ, സ്വഭാവാനുസൃതമായ സ്വധര്‍മ്മത്തില്‍ മുഴുകി
തോറ്റും വീണും മുറിഞ്ഞും സഞ്ചരിച്ചാണ് ഞാന്‍ എന്ന കല്ലിപ്പിന്റെ മൂര്‍ച്ചകള്‍ കുറഞ്ഞ് പരിപൂര്‍ണ്ണമായ അയവിലേക്ക് പോകാന്‍ സഹായിക്കുന്ന ഉപാധിയായി തന്റെ സര്‍ഗ്ഗസൃഷ്ടിയെ മാറ്റിയെടുക്കുന്നത്.
എല്ലാവരും കൊതിക്കുന്നത് അനായാസതയും സമാധാനവുമുള്ള ഒരു ജീവിതമാണ്. ഞാന്‍ ശ്രദ്ധാലുവായിരിക്കണം, തെളിമയോടെയിരിക്കണം, വാത്സല്യത്തോടെയിരിക്കണം, സമാധാനത്തോടെയിരിക്കണം, അതിന് വേണ്ടിയാകണം എന്റെ ജീവിതം എന്നു തീരുമാനിക്കുന്ന ഒരാള്‍ തന്റെ സ്വഭാവത്തിന് അനുസൃതമായിരിക്കുന്ന ധര്‍മ്മങ്ങളില്‍ നിഷ്കളങ്കമായി ഹൃദയത്തെ വ്യാപരിപ്പിക്കേണ്ടതുണ്ട്.
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ലോകത്തെ അനുഭവിക്കാന്‍ തയ്യാറായി നില്ക്കുന്ന വാതായനങ്ങളാണ്. ആ വാതായനങ്ങളെ ആന്തരികമായി രൂപപ്പെട്ടു വന്ന സര്‍ഗ്ഗാത്മകതയ്ക്കനുസരിച്ച്, അതാതിന്റെ വിഷയങ്ങളില്‍ വ്യാപരിപ്പിക്കാനുള്ള സാഹചര്യം നാം ഇടപെടുന്ന ചുറ്റുപാടുകളില്‍ നിന്ന് കൃത്യമായി ലഭിക്കുമ്പോഴാണ് ‘ബുദ്ധം’ എന്ന അവബോധത്തിലേക്ക് സഞ്ചരിച്ചെത്താനുള്ള വെളിച്ചം നമ്മില്‍ നിറയുക. അപ്പോഴാണ് ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും അഭാവം അനുഭവിക്കുക. ഒന്നും മോശമായ കാര്യങ്ങളല്ലെന്നും എല്ലാം ഉദാത്തമായ കാര്യങ്ങളാണെന്നും ആ കെട്ടുകളെല്ലാം തൂവാലയല്ലാതെ മറ്റൊന്നുമല്ലെന്നും അറിയുന്നത് സ്വഭാവത്തിന് അനുസൃതമായ സ്വധര്‍മ്മത്തില്‍ കഴിയുമ്പോള്‍ മാത്രമാണ്.
ധര്‍മ്മാനുസൃതമായ ജീവിതം
ധര്‍മ്മാനുസൃതമായ ജീവിതം നയിക്കുക എന്നു പറഞ്ഞാല്‍ ആരെങ്കിലും എഴുതിവെച്ച ധാര്മ്മികതയ്ക്കനുസരിച്ച് ജീവിക്കുക എന്നല്ല അര്‍ത്ഥം.പ്രാപഞ്ചികമായ ധാര്മ്മികതയോട് പാരസ്പര്യപ്പെടണമെങ്കില് വ്യക്തിബോധത്തില്‍ രൂപപ്പെട്ടു വന്നിട്ടുള്ള സ്വഭാവത്തിന് അനുസൃതമായ ധാര്‍മ്മികതയില്‍ ജീവിക്കേണ്ടതുണ്ട്. അത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ട് ആ കെട്ട് എങ്ങനെ അഴിക്കണമെന്ന് ആര്‍ക്കും പറഞ്ഞുതരാന്‍ കഴിയില്ല. അത് നാം നമ്മില്‍ തന്നെ അഴിച്ചെടുക്കേണ്ടതാണ്.
കെട്ട് അഴിക്കലല്ല വഴി. കെട്ടിനെ ഹൃദ്യമായി ജീവിക്കലാണ്. ഒന്നിനെയും ഉപേക്ഷിക്കലല്ല, ഒന്നിനെയും വാരിപ്പുണരലുമല്ല, ഉള്ളതിനെ ഹൃദ്യമായി ജീവിക്കലാണ്. ഉള്ളതിനെ ഹൃദ്യമായി ജീവിക്കണമെങ്കില്‍ അവരവരില്‍ രൂഢമൂലമായിരിക്കുന്ന സ്വഭാവത്തിന് അനുസൃതമായ ജീവിതാവിഷ്കാരം സംഭവിക്കേണ്ടതുണ്ട്. ഇതിനെയാണ് ധര്‍മ്മം എന്നു പറയുന്നത്. അല്ലാത്തിടത്തോളം കാലം സ്വാസ്ഥ്യം ഉണ്ടാകില്ല. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിക്കേണ്ടി വരും.






