രാഷ്ട്രീയ ,സാമൂഹ്യ ,സാമ്പത്തിക നീതി ഈഴവ സമുദായത്തിന് കിട്ടുന്നില്ല

കോയമ്പത്തൂര്‍: രാഷ്ട്രീയ നീതിയും സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഈഴവ സമുദായത്തിന് കിട്ടുന്നില്ലെന്നും സാമൂഹ്യനീതി നിഷേധത്തിനെതിരെയുള്ള പോരാട്ടത്തെ വര്‍ഗീയതയായി കാണാനാവില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ സാരഥ്യത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ യോഗം ജനറല്‍ സെക്രട്ടറിക്ക് യോഗം കോയമ്പത്തൂര്‍ യൂണിയന്‍ നല്‍കിയ സ്‌നേഹാദരത്തിന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മറുപടിപറയുകയായിരുന്നു അദ്ദേഹം.

ജാതിവിവേചനത്തില്‍ നിന്നാണ് ജാതി ചിന്തയുണ്ടാകുന്നത്. വിവേചനം ഉണ്ടാകുമ്പോഴാണ് ജാതി പറയേണ്ടി വരുന്നത്. ബാക്കി എല്ലാവര്‍ക്കും ജാതി പറയാം, ഈഴവര്‍ പറയാന്‍ പാടില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഭൂരിപക്ഷ സമുദായത്തിന് സാമുദായിക നീതി നിഷേധിക്കപ്പെടുകയാണ് .ഭയം കൊണ്ട് ഇത് ആരും തുറന്ന് പറയുന്നില്ല. നമ്മളെങ്കിലും പറയണ്ടേ. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചതില്‍ വിവേചനമുണ്ടെന്നും ഇത് പറയുമ്പോള്‍ തന്നെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂര്‍ ആര്‍.എസ്. പുരത്തെ കോര്‍പ്പറേഷന്‍ കലയരംഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോയമ്പത്തൂര്‍ യൂണിയന്റെ പതിനെട്ടാം വാര്‍ഷിക സമ്മേളനം യൂണിയന്‍ രക്ഷാധികാരി കെ.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്റെ ഉപഹാരം വെള്ളാപ്പള്ളി നടേശന് വേണ്ടി യൂണിയന്‍ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഏറ്റുവാങ്ങി. യൂണിയന്‍ പ്രസിഡന്റ് എം. സുജിത് അദ്ധ്യക്ഷത വഹിച്ചു. ഗണപതി പി. രാജ്കുമാര്‍ എം.പി. മുഖ്യാതിഥിയായി. സെക്രട്ടറി കെ.എ. നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം ബോര്‍ഡ് മെമ്പര്‍ ആര്‍. അജി കായംകുളം സംസാരിച്ചു.

Author

133 Views
Scroll to top
Close
Browse Categories