2026 ല്ആര് വരും?
യുഡിഎഫിന്റെ വിജയാരവങ്ങള്‍ക്കൊപ്പം നമ്മള് കേട്ടുകൊണ്ടിരുന്നത് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണം എന്ന വാദമാണ്. മുസ്ലീംലീഗ് 30 സീറ്റുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനു കാരണം മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലയില്‍ ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ല. സമ്പൂര്‍ണ്ണ ആധിപത്യം ലീഗിനാണ്. മലപ്പുറം ജില്ല കൊണ്ട് കേരളം ഭരിക്കാം എന്നതാണ് മുസ്ലീംലീഗിന്റെ മുദ്രാവാക്യം. കുറഞ്ഞത് ഇരുപത്തഞ്ച് എംഎല്‍എ മാര്‍ ഉണ്ടാവണം എന്നത് മുസ്ലീം ലീഗിന്റെ പ്ലാന്‍എ ആണ്. മുസ്ലീം ലീഗിന്റെ പ്ലാന്‍ ബി ഉപമുഖ്യമന്ത്രി അടക്കം ഏഴ് മന്ത്രിമാര്‍. ഇതെല്ലാം അവര്‍ നടപ്പിലാക്കും.
ഓരോ രാഷ്ട്രീയ നീക്കങ്ങളും വ്യക്തമാക്കുന്നത് 2026 യുഡിഎഫിന്റേതാണ് എന്നാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ എല്ലാ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും യുഡിഎഫ് മുന്നേറ്റം വ്യക്തമാക്കിയ തെരഞ്ഞെടുപ്പുകളായിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്സും മുസ്ലീംലീഗും. തെരഞ്ഞെടുപ്പ് വിജയത്തിന് മുന്നണിയുടെ അടിത്തറ വികസനം പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്ക്കും അറിയാം. കഴിഞ്ഞ ടേമില്‍ ഇടതുപക്ഷം വിജയിച്ചത് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ കൂടെ ചേര്‍ത്തുകൊണ്ടായിരുന്നു. വ്യക്തികള്‍ ചേരി മാറിയതു കൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല എന്ന കാര്യം തിരിച്ചറിഞ്ഞതാണ് .പത്മജ വേണുഗോപാലും അനില്‍ ആന്റണിയും യുഡിഎഫ് വിട്ടുപോയി. സരിനും പ്രൊഫസര്‍ കെ.വി. തോമസും യുഡിഎഫ് വിട്ടു. യുഡിഎഫിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ കൂടുവിടുന്നത് സിപിഎം തടവിലുള്ളവരാണ്. ഐഷപോറ്റിയും എസ്. രാജേന്ദ്രനും മുന്‍ എംഎല്‍എമാര്‍ ആയിരുന്നു. അവര്‍ പുറത്തേയ്ക്ക് പോയി. ഇടതുപക്ഷ സഹയാത്രികന് എന്നു പറഞ്ഞു നടന്ന രജിലൂക്കോസും ഇടതുപക്ഷത്തോടും വിട പറഞ്ഞു.
വ്യക്തികളുടെ കൂടൊഴിയല്‍ അല്ല വിജയപരാജയങ്ങളെ നിശ്ചയിക്കുന്നത്. വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ട്രെന്റുകളാണ്. ഭരണവിരുദ്ധ വികാരവും ഭരണ അനുകൂല വികാരവും ട്രെന്റ് സെറ്റ് ചെയ്യാറുണ്ട്. പ്രശസ്ത സെഫോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ട്രെന്റ് പ്രോ ഇന്ക്യുമ്പന്സിയാണ്. ഭരണാനുകൂല വികാരമാണ് ശക്തം. ബീഹാര്‍ തെരഞ്ഞെടുപ്പും അതിനുമുമ്പുള്ള മറ്റ് പല തെരഞ്ഞെടുപ്പുകളും സൂചന നല്‍കിയത് പ്രോ ഇന്ക്യുമ്പന്സിയുടേതാണ്. എന്നാല്‍ കേരളം നല്കുന്ന സൂചന ആന്റി ഇന്ക്യുമ്പന്സിയുടേതാണ്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകള്‍ എല്ലാം ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പുകളായിരുന്നു. യുഡിഎഫിന്റെ സീറ്റുകളില്‍ യുഡിഎഫ് വന്‍ഭൂരിപക്ഷത്തിന് ജയിച്ചു. എല്‍ഡിഎഫിന്റെ വിജയം കുറഞ്ഞഭൂരിപക്ഷത്തിൽ. അതുപോലെ നിലമ്പൂര്‍ ഇടതുപക്ഷത്തു നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഇടതു തോല്‍വിയുടെ ഗ്രാഫ് അതേ നിലയില്‍ തുടരുന്ന കാഴ്ചയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്തുകൊണ്ട് എല്‍ഡിഎഫ് തോറ്റു? അതിനുള്ള കൃത്യമായ ഉത്തരം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന് അനകൂലമായി നിലനിന്ന മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയി എന്നതാണ്. ഒരു മുസ്ലീമും ഇപ്പോള്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തില്ല. തല്‍ഫലമായി ഇടതുപക്ഷം തോറ്റു. അതിന്റെ ഒരു മിനിയേച്ചര്‍ രൂപമാണ് ഇന്ന് ഫലം വന്ന തിരുവനന്തപുരം വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഫലം. അല്പം മുമ്പാണ് ഞാന്‍ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. അവര്‍ എല്‍ഡിഎഫില്‍ നിന്ന് സീറ്റ് തിരിച്ചു പിടിച്ചു. രണ്ടു ടേം എല്‍ഡിഎഫിന്റെ കൈയ്യിലിരുന്ന സീറ്റാണ് തിരിച്ചു പിടിച്ചത്. അതായത് കഴിഞ്ഞ പത്തുവര്‍ഷമായി എല്‍ഡിഎഫ് ജയിച്ചിരുന്ന വിഴിഞ്ഞം ഈ വര്‍ഷം യുഡിഎഫ് ജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. യുഡിഎഫിന് 2902 വോട്ട്. എല്‍ഡിഎഫിന് 2819 വോട്ട്. മൂന്നാമത് വന്നത് ബിജെപി. അവര്‍ക്ക് 2437 വോട്ടാണ് ലഭിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിലെത്തിയ ബിജെപി വിഴിഞ്ഞം പിടിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ വിഴിഞ്ഞം ഒരു പൊളിറ്റിക്കല്‍ കോണ്സ്റ്റിറ്റുൻസിയായതിനാല് അമിത്ഷായുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും വിജയിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ഭൂരിപക്ഷത്തില്‍ ഭരിക്കാനുള്ള കനകാവസരമാണ് ബിജെപിക്ക് നഷ്ടമായത്. പക്ഷെ അവരുടെ മുന്നേറ്റം ഇരുമുന്നണികളെയും ഞെട്ടിച്ചു കളഞ്ഞു. 316 വോട്ടില്‍ നിന്ന് 2437 ലേക്ക് അവര്‍ ഉയര്‍ന്നു. വാര്‍ഡ് വിഭജനം ബിജെപിക്ക് ഗുണകരമായിരുന്നു. എല്‍ഡിഎഫ്. 1542-ല്‍ നിന്നും 2819ല്‍ എത്തി. യുഡിഎഫ് 1324ല്‍ നിന്നും 2902 ലേയ്ക്ക് എത്തുകയായിരുന്നു. ഏതാണ്ട് 50% വര്‍ദ്ധന. എന്നാല്‍ ബിജെപിയുടേത് എട്ടിരട്ടി വര്‍ദ്ധനയായിരുന്നു.
യുഡിഎഫിന്റെ വിജയം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍ ഏകീകരിച്ചതു കൊണ്ടാണ്. അത് വലിയ സൂചനയാണ്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മുസ്ലീം ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന്റെ വിജയത്തിന്റെ നട്ടെല്ലായി മാറും വിഴിഞ്ഞം തെരഞ്ഞെടുപ്പില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്ന മറ്റ് ചിലതു കൂടിയുണ്ട്. ഒന്ന് മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനായിരിക്കും. രണ്ട് ബിജെപി മൂന്നാം സ്ഥാനത്തുണ്ടാവും. അത് വളരെ തൊട്ടടുത്തായിരിക്കും. ഒന്നാമനെയും രണ്ടാമനെയും മറിച്ച് അവര്‍ ഏതു സമയത്തും ഒന്നാമത് എത്തും.

ഐഷാ പോറ്റി കോണ്‍ഗ്രസില്‍
എസ്. രാജേന്ദ്രന് ബിജെപിയില്‍
തെരഞ്ഞെടുപ്പിന്റെ കേളികെട്ട് ആരംഭിച്ചപ്പോള്‍ പൊട്ടിയ ചില പടക്കങ്ങളാണ് മുന്‍ സിപിഎം എംഎല്‍എമാര്‍ ആയ ഐഷപോറ്റിയും എസ്. രാജേന്ദ്രനും സിപിഎമ്മില്‍ നിന്ന് ഒഴിഞ്ഞുപോയത്. ഒരാള്‍ കോണ്‍ഗ്രസ്സിലും മറ്റെയാള്‍ ബിജെപിയിലും ചേക്കേറി. സിപിഎംന് ഈയാഴ്ച നഷ്ടങ്ങളുടേതാണ്. കോണ്ഗ്രസ്സുകാര് സ്വകാര്യമായി പറയുന്നത് സി.പി.എം.കാര്‍ സരിനെയും പ്രൊഫസര്‍ കെ.വി. തോമസിനെയും അടിച്ചുകൊണ്ട് പോയതിനു പകരമാണ് ഐഷ പോറ്റിയെയും മറ്റും അവര്‍ വിസ്മയങ്ങളാക്കുന്നത് എന്നാണ്.
ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് ഇവര്‍ ചേക്കേറുന്നത് ആദര്‍ശ പ്രശ്നത്തിന്റെ പുറത്തൊന്നുമല്ല. അധികാരത്തര്‍ക്കത്തിന്റെ പേരില്‍ മാത്രമാണ്. രജിലൂക്കോസ് സിപിഎമ്മില്‍ നിന്ന് പോയത് സിപിഎം പോലും അറിഞ്ഞില്ല. ഇന്നലെ വരെ ചാനലില്‍ കയറിയിരുന്നു സിപിഎം നെ ന്യായീകരിച്ച്, സിപിഎം ചെയ്യുന്ന എല്ലാ വൃത്തികേടിനെയും ന്യായീകരിച്ച് നാണം കെട്ട രജിലൂക്കോസ് ഒരു ദിവസം പറഞ്ഞത് ഞാന്‍ ഇനി മുതല്‍ ബിജെപി യുടെ ശബ്ദമായിരിക്കും എന്നാണ്. എസ്. രാജേന്ദ്രന് തോട്ടം തൊഴിലാളികളെ മള്‍ട്ടി ലെവല്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ അംഗമാക്കി സുസംഘടിതമായ സംഘകേന്ദ്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 2026-ല്‍ രാജേന്ദ്രന് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരിക്കും. ഐഷപോറ്റി 2016-ല്‍ കൊട്ടാരക്കരയിൽ സിപിഎംന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് 42362 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ഒരു സ്ഥാനാര്‍ത്ഥിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയമായി അത് വാഴ്ത്തപ്പെട്ടു. എന്നാല്‍ അതൊക്കെ പഴയ കഥകളായി മാറി. ഈ വര്‍ഷം തദ്ദേശത്തില്‍ സിപിഎംന്റെ ഭൂരിപക്ഷം 144 ആണ്. ഐഷ പോറ്റി തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ നടക്കുന്ന കോണ്‍ഗ്രസ്സിന്റെ രാപകല്‍ സമരരംഗത്തുവെച്ചാണ് അഞ്ചു രൂപ മെമ്പറായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അധികം കഴിയുന്നതിനു മുമ്പേ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു 2026 ലെ കോണ്‍ഗ്രസിന്റെ കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥി ഐഷ പോറ്റിയായിരിക്കുമെന്ന്. തദ്ദേശത്തിലെ വോട്ടിംഗ് പാറ്റേണ്‍ തുടര്‍ന്നാല്‍ ഐഷപോറ്റിക്ക് ജയിക്കാം. ഇവിടെ പ്രധാനപ്പെട്ട വിഷയം വ്യക്തികള്‍ കൂറുമാറിയതു കൊണ്ട് അത് തെരഞ്ഞെടുപ്പ് വിജയമാവില്ല എന്നതാണ്. എന്നാല്‍ ഇത് ഒരു മുന്നണിയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തും. അതിനപ്പുറം കൂറുമാറ്റങ്ങള്‍ പ്രസക്തമല്ല.

ബാലന്റെ നയതന്ത്രം
സിപിഎംന്റെ സമുന്നതനായ നേതാവ് എ.കെ. ബാലന് ഇതിനിടയില്‍ പൊട്ടിച്ചത് ഒരു ബോംബായിരുന്നു. ബാലന് പറഞ്ഞത് 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമന്നാണ്. ആ ബോംബ് പൊട്ടിയപ്പോള്‍ വിവാദങ്ങളുടെ നെരിപ്പോടിന് തീ പിടിക്കുന്ന കാഴ്ചയാണ് നമ്മള് കണ്ടത്. മതരാഷ്ട്രവാദികളാണ് ജമാഅത്തെ ഇസ്ലാമി. 2040-ല്‍ ഇന്ത്യ ഒരു മുസ്ലീം രാഷ്ട്രമായി മാറ്റും എന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഏറ്റവും വന്യമായ സ്വപ്ന പ്രസ്താവനകളാണ്. ആ ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയാക്കി മാറ്റിക്കൊണ്ടാണ് യുഡിഎഫ് അതിന്റെ അടിത്തറ വികസിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിക്കൊണ്ടാണ് പലപ്പോഴും സിപിഎം ജയിച്ചിരുന്നത് എന്ന് ജമാഅത്തെ ഇസ്ലാമി അവകാശവാദം ഉന്നയിക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ സിപിഎം ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുകയാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളോ മിത്രങ്ങളോ ഇല്ല. സിപിഎംന്റെ ജമാഅത്തെ ഇസ്ലാമിയുടെ ശത്രുത ജമാഅത്തില്‍ മാത്രം ഒതുങ്ങാതെ മുസ്ലീം സമുദായ വിരോധമാക്കി മാറ്റിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായി മുസ്ലീങ്ങള്‍ സിപിഎംനു വോട്ട് ചെയ്യാത്ത സ്ഥിതിയായി.
ബാലന് പറഞ്ഞത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറാട് ആവര്‍ത്തിക്കും എന്നായിരുന്നു. മാറാട് കലാപത്തിലെ മുഖ്യപ്രതി മുസ്ലീംലീഗായിരുന്നു. അത് ഹിന്ദു-മുസ്ലീം വര്‍ഗീയ കലാപമായിരുന്നു. ഇതിന് തുടര്‍ച്ചയുണ്ടാകും എന്നാണ് ബാലന് സൂചിപ്പിച്ചത്. ഇതും വിവാദമായി മാറി. പലരും ബാലനെ ശക്തമായി വിമര്‍ശിച്ചു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാലന് പറഞ്ഞത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം എന്നായിരുന്നു.
എന്തായാലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം പഴി കേട്ടത് മുസ്ളിം ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിലായിരുന്നു.ന്യൂനപക്ഷ പ്രീണനത്തിന്റെ പാപഭാരം കുടഞ്ഞുകളയാന്‍ സിപിഎം നടത്തിക്കൊണ്ടിരുന്ന ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ പരിണിത ഫലമാണ് ബാലന്റെ രക്ഷാപ്രവര്‍ത്തനം. സിപിഎം മുസ്ലീം പ്രീണനത്തില്‍ നിന്ന് മുക്തമായി. അതിന്റെ ഫലം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎംന് മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിച്ചില്ല എന്നതാണ്.

യുഡിഎഫ് ഭരണത്തില്‍
സമുദായ വാഴ്ച
ബാലന്റെ പ്രസ്താവന പരക്കെ വിമര്‍ശിക്കപ്പെട്ടു. ബാലന് സമുദായ ധ്രുവീകരണത്തിന് വഴിമരുന്നിടുകയാണ് ചെയ്തതെന്ന് യുഡിഎഫ് ആക്ഷേപിച്ചു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോൾ അതില്‍ പ്രധാനശക്തി മുസ്ലീം ലീഗാണ്. അതുകൊണ്ടു തന്നെ യുഡിഎഫ് ഭരണത്തിന്റെ അമരക്കാര്‍ മുസ്ലീം ലീഗായിരിക്കും. യുഡിഎഫിന്റെ വിജയാരവങ്ങള്‍ക്കൊപ്പം നമ്മള് കേട്ടുകൊണ്ടിരുന്നത് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണം എന്ന വാദമാണ്. മുസ്ലീംലീഗ് 30 സീറ്റുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനു കാരണം മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലയില്‍ ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ല. സമ്പൂര്‍ണ്ണ ആധിപത്യം ലീഗിനാണ്. മലപ്പുറം ജില്ല കൊണ്ട് കേരളം ഭരിക്കാം എന്നതാണ് മുസ്ലീംലീഗിന്റെ മുദ്രാവാക്യം. കുറഞ്ഞത് ഇരുപത്തഞ്ച് എംഎല്‍എ മാര്‍ ഉണ്ടാവണം എന്നത് മുസ്ലീം ലീഗിന്റെ പ്ലാന്‍എ ആണ്. മുസ്ലീം ലീഗിന്റെ പ്ലാന്‍ ബി ഉപമുഖ്യമന്ത്രി അടക്കം ഏഴ് മന്ത്രിമാര്‍. ലീഗ് നേതാവ് മഞ്ഞളാം കുഴി അലി ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഇതെല്ലാം അവര്‍ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വിജയത്തിനു ശേഷം അവര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനവും ഡെപ്യൂട്ടി മേയര്‍ സ്ഥാനവും സ്വന്തമാക്കിയത് നമ്മള് കണ്ടു കഴിഞ്ഞു.

2026ല്‍ കേരളം
2026ലെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരള ജനതയുടെ മുന്നില്‍ ഉയര്‍ന്നുവരുന്ന സൈന്‍ബോര്‍ഡില്‍ തെളിയുന്നത് എന്താണ്? കേരളം മുസ്ലീം ഭരണത്തിലേയ്ക്ക്. ഇതിന് വലിയ മാനദണ്ഡങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നേരത്തെ നാം കേട്ട ഒരു വര്‍ത്തമാനം ഇങ്ങനെയായിരുന്നു. ‘തിരുവനന്തപുരം കാവിയായി’ അപ്പോള്‍ മലപ്പുറം പച്ചയായോ?’ തിരുവനന്തപുരത്തെ കാവിയാക്കുന്നതും മലപ്പുറത്തെ പച്ചയാക്കുന്നതും വര്‍ഗീയ വായനയാണ്. ആ വായനയുടെ എക്സ്റ്റന്‍ഷന്‍ ആണ് കേരളം മുസ്ലീങ്ങള്‍ ഭരിക്കും എന്നത്. മലപ്പുറം കൊണ്ട് കേരളം ഭരിക്കാം എന്നത് മുസ്ലീം ലീഗിന്റെ അഹങ്കാരമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം 12 ലക്ഷം വോട്ടിന്റേതാണ്. അതില്‍ 6 ലക്ഷവും മലപ്പുറത്താണ്. ബാക്കി 13 ജില്ലകളിലും കൂടി 6 ലക്ഷം. ഇതുകൊണ്ട് മാത്രം യുഡിഎഫ് അധികാരത്തില്‍ വരണമെന്നില്ല. സ്വാഭാവികമായും എല്‍ഡിഎഫിന്റെ ഒരു പ്രചാരണം വര്‍ഗീയ ധ്രൂവീകരണത്തിലേക്ക് മാറാം. കേരളം ഭരിക്കാന്‍ പോകുന്നത് മുസ്ലീംലീഗാണ് എന്നത് തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കായാല്‍ തെരഞ്ഞെടുപ്പ് ഫലം മാറാം. പി.എം.എ. സലാം പറയുന്നതു പോലെ സിപിഎം വര്‍ഗീയ പാര്‍ട്ടിയായാല്‍, മുസ്ലീംലീഗിന് ഭരണമുണ്ടാകാന്‍ സാധ്യത കുറവാണ്. സമുദായ സംഘടനകള്‍ കേരളം ഭരിക്കുന്നത് കേരളത്തിന് ഇഷ്ടമല്ല.
മുസ്ലീം ഭരണത്തില്‍
മലപ്പുറത്തു നിന്ന് മുസ്ലീം ആധിപത്യത്തിന്റെ വാര്‍ത്തകളാണ് വരുന്നതെങ്കില്‍ എറണാകുളത്തു നിന്ന് വരുന്ന വാര്‍ത്ത ക്രിസ്ത്യന്‍ ആധിപത്യത്തിന്റേതാണ്. കൊച്ചിന് കോര്പ്പറേഷന് ആര് ഭരിക്കും എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് ലത്തീന്‍ സഭ പറഞ്ഞത്. മുന്‍പ് യുഡിഎഫ് ഭരണകാലത്ത് കൊച്ചിയിലെ പോലീസ് കമ്മീഷണറെയും കലക്ടറെയും നിശ്ചയിച്ചിരുന്നത് കൊച്ചിയിലെ ബിഷപ്പ് ഹൗസായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരുന്നു. കൊച്ചിയിലെ മേയര്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ദീപ്തിമേരി വര്‍ഗീസ് ആയിരിക്കും എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷപൂര്‍വം നടന്നപ്പോള്‍ ലത്തീന്‍സഭ യുഡിഎഫിന് ആജ്ഞ നല്കി- കൊച്ചി ലത്തീന്‍ നഗരമാണ്, ഇവിടെ ലത്തീന്മേയര് മതി. കോണ്‍ഗ്രസ് നേതൃത്വം ദീപ്തിമേരിയെ പുറത്താക്കി. ലത്തീന്മേയറെ സ്ഥാപിച്ചു. വരുന്ന അഞ്ചുവര്‍ഷം രണ്ട് ടേമായി രണ്ട് ലത്തീന്‍ മേയര്‍മാര്‍ കൊച്ചി ഭരിക്കും. ലത്തീന്‍ കത്തോലിക്ക സഭയുടെ സ്വീകരണ സമ്മേളനത്തില്‍ മിനിമോള്‍ തന്നെ മേയറാക്കിയ സഭയെ നന്ദി അറിയിച്ചു.
ഇതാണ് യുഡിഎഫിന് ഭരണം ലഭിച്ചാല്‍ സംഭവിക്കാന്‍ പോകുന്നത്. സമുദായ സംഘടനകള്‍ ഭരിക്കാന്‍ തുടങ്ങും. മുസ്ലീം ലീഗിന് വിദ്യാഭ്യാസ വകുപ്പ് കൊടുത്ത കാലം കേരളം മറക്കാന്‍ ബുദ്ധിമുട്ടുള്ള കാലമാണ്. വിദ്യാഭ്യാസ വകുപ്പിനെത്തന്നെ മുസ്ലീം വകുപ്പാക്കി അവര്‍ മാറ്റി. മുസ്ലീം അല്ലാത്ത ഒരാള്‍ മന്ത്രിയുടെ ഓഫീസില്‍ ഇല്ലായിരുന്നു. എല്ലാം നമ്മുടെ ആളുകള്‍. ഇതംഗീകരിക്കാന്‍ മതേതര കേരളത്തിന് താല്പര്യമില്ല. മുസ്ലീംലീഗും മറ്റുംഇപ്പോള് ഉയര്‍ത്തുന്ന ആക്ഷേപം പൊലീസ് ആര്‍എസ്എസ് വത്കരിക്കപ്പെട്ടു എന്നാണ്. കേരള പോലീസിന്റെ തല്ലു കൊള്ളാത്തവര്‍ ആര്‍എസ്എസുകാര്‍ മാത്രം എന്നാണ് അവരുടെ ആക്ഷേപം. ആക്ഷേപത്തിന്റെ മറുപുറമാണോ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ആഭ്യന്തര ഭരണം എന്ന ബാലന് പ്രയോഗം. നമുക്ക്, കേരള ജനതയ്ക്ക് ആവശ്യം മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഭരണകൂടമാണ്. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാരം ബിജെപി വഴി എത്തുന്നതും ജമാഅത്തെ ഇസ്ലാമി വഴി വരുന്ന തീവ്ര മുസ്ലീം അധികാരവും കേരള ജനതയ്ക്ക് വേണ്ട. ഈ പൊതുബോധത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് നമുക്ക് വേണ്ടത്.

സിപിഎം കാലഹരണപ്പെട്ടു:
പിഎംഎ സലാം
എ.കെ.ജിയുടെയും ഇഎംഎസിന്റെയും പാര്‍ട്ടി കേരളത്തില്‍ മരിച്ചു പോയെന്നും ഇപ്പോള്‍ ഉള്ള സിപിഎം കാലഹരണപ്പെട്ട രാഷ്ട്രീയത്തിന്റെ അവശിഷ്ടമാണെന്നും പറഞ്ഞത് മുസ്ലീംലീഗ് നേതാവ് പിഎംഎ സലാമാണ്. സലാമിന്റെ ഭാഷയില്‍ സിപിഎം വര്‍ഗീയ പാര്‍ട്ടിയാണ്. ഹിന്ദുവര്‍ഗീയതയെ വാരിപ്പുണരുന്ന പാര്‍ട്ടി. ഇതൊരു വല്ലാത്ത വൈരുദ്ധ്യമാണ്. വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയ ഒരു പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വര്‍ഗിയ പാര്‍ട്ടി എന്ന് വിളിക്കുന്നത്. മുസ്ലീംലീഗില്‍ ആരാ ഉള്ളത്? മുസ്ലീങ്ങള്‍ മാത്രം. പട്ടികജാതി-പട്ടികവര്‍ഗ സംവരണമുള്ളതു കൊണ്ട് ആ സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ ചില സ്ഥാനാര്‍ത്ഥികളെ അവര്‍ ഉപ്പും ചോറും കൊടുത്ത് വളര്ത്തുന്നുണ്ടെന്നുള്ളതു ശരിയാണ്. അവര്‍ സ്ഥാനാര്‍ത്ഥികളായി വരാറുമുണ്ട്. മുസ്ലീംലീഗ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടി കൂടിയാണ്. ഇതുവരെ ഒരു വനിത മുസ്ലീം എംഎല്‍എ ഉണ്ടാവാത്തതിന്റെ കാരണം അതു തന്നെയാണ്. മുസ്ലീം ലീഗിന് മലപ്പുറം ജില്ലയില്‍ എവിടെയും ആരുടെയും സഹായമില്ലാതെ ജയിക്കാന്‍ കഴിയുന്നതാണ്. എങ്കിലും ഒരു മുസ്ലീം വനിതയെ അവിടെ നിറുത്തി മത്സരിപ്പിക്കാനോ ജയിപ്പിക്കാനോ അവര്‍ തയ്യാറല്ല. അതവരുടെ കടുത്ത സ്ത്രീവിരുദ്ധത വ്യക്തമാക്കുന്നതാണ്. ഇത്ര സ്ത്രീ വിരുദ്ധവും മതകേന്ദ്രീകൃതവുമായ ഒരു പാര്‍ട്ടിയുടെ വക്താവായ പി.എം.എ. സലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിശേഷിപ്പിക്കുന്നത് വര്‍ഗീയ പാര്‍ട്ടിയെന്നാണ്. സലാം പറയുന്നത് സിപിഎം കാലഹരണപ്പെടുകയും അതിനാല്‍ ജനങ്ങള്‍ ചവിട്ടിപ്പുറത്താക്കുകയും ചെയ്യാന്‍ പോകുന്നതു കൊണ്ട് അരാജകത്വവും കലാപവും സൃഷ്ടിച്ച് രാജ്യം കുട്ടിച്ചോറാക്കി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ്.






