പ്രകടനത്തിൽ രോഷം ഇരമ്പി

ശിവഗിരിയില്‍ വച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയുടെയും ചാനലിന്റെയും ആസൂത്രിത ശ്രമങ്ങളില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്തേക്ക് യോഗം പ്രവര്‍ത്തകരുടെ കൂറ്റന്‍ പ്രതിഷേധ പ്രകടനം

യോഗം പ്രവർത്തകരുടെ പ്രതിഷേധം ഇരമ്പിയപ്പോൾ

കളമശേരി: പുണ്യഭൂമിയായ ശിവഗിരിയില്‍ വച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയുടെയും ചാനലിന്റെയും ആസൂത്രിത ശ്രമങ്ങളില്‍ പ്രതിഷേധിച്ച് യോഗം പ്രവര്‍ത്തകര്‍ കളമശേരിയിലെ ചാനല്‍ ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനത്തിൽ രോഷം ഇരമ്പി.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ യോഗം പ്രവര്‍ത്തകര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പ്രകടനവുംപ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്ത യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.

പ്രതിഷേധവുമായി യോഗം പ്രവർത്തകർ റിപ്പോർട്ടർ ടി വി ആസ്ഥാനത്ത് എത്തിയപ്പോൾ

ശിവഗിരിയുടെ മണ്ണില്‍ വച്ചാണ് യോഗം ജനറല്‍ സെക്രട്ടറിയെ അദ്ദേഹത്തിന്റെ പ്രായം പോലും കണക്കിലെടുക്കാതെ അധിക്ഷേപിക്കാന്‍ ശ്രമമുണ്ടായത്. മതസമന്വയത്തിന്റെ പവിത്രമായ മണ്ണില്‍ വച്ച് വെള്ളാപ്പള്ളി നടേശനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള ചാനല്‍ പ്രതിനിധിയുടെ ആസൂത്രിത നീക്കമാണ് നടന്നത്. ഇത്തരം നീക്കങ്ങള്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ്. അധാര്‍മ്മികമായ മാദ്ധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള താക്കീതാണ് യോഗം പ്രവര്‍ത്തകരുടെ ഈ പ്രതിഷേധമെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു. ആലുവ, പറവൂര്‍, വൈപ്പിന്‍, കൊച്ചി യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിന് സമീപത്തെ ചാനല്‍ ഓഫീസ് പരിസരം സ്തംഭിച്ചു. മഞ്ഞക്കൊടികളേന്തി മഞ്ഞവസ്ത്രവുമണിഞ്ഞെത്തിയ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ സമരം ഏഴുമണിയോടെയാണ് സമാപിച്ചത്. പ്രതിഷേധ യോഗത്തില്‍യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ അദ്ധ്യക്ഷയായി.
കളമശ്ശേരി ബസ് ടെര്‍മിനലില്‍ നിന്ന് ആലുവ, പറവൂര്‍, വൈപ്പിന്‍, കണയന്നൂർ, കൊച്ചി യൂണിയനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം ചാനല്‍ ഓഫീസിന് നൂറുമീറ്റര്‍ അകലെ വച്ച് പൊലീസ് തടഞ്ഞു. ശാന്തിമന്ത്രം ചൊല്ലിയായിരുന്നു പ്രതിഷേധയോഗം ആരംഭിച്ചത്. യോഗം ബോര്‍ഡ് മെമ്പര്‍ പി.എസ്. ജയരാജ്, കുന്നത്തുനാട് യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. കര്‍ണന്‍, കണ്‍വീനര്‍ കെ.എ. ഉണ്ണിക്കൃഷ്ണന്‍, ആലുവ യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, ആലുവ യൂണിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, വൈസ്പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, ബോര്‍ഡ്‌മെമ്പര്‍ പി.പി. സനകന്‍, പറവൂര്‍ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. രാധാകൃഷ്ണന്‍, കണ്‍വീനര്‍ ഷൈജുമനയ്ക്കപ്പടി, വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍, സെക്രട്ടറി പി.ബി. ജോഷി, കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍, കണ്‍വീനര്‍ എം.ഡി. അഭിലാഷ്, കൊച്ചി യൂണിയന്‍ സെക്രട്ടറി ഷൈന്‍ കൂട്ടുങ്കല്‍, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീതവിശ്വനാഥ്, പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Author

119 Views
Scroll to top
Close
Browse Categories