തനിയാവര്‍ത്തനം

യുഡിഎഫിന് ഭരണം കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം. 2011 മുതല്‍ 2016 വരെയുള്ള ഭരണത്തിന്റെ തനിയാവര്‍ത്തനമാണ് ഉണ്ടാകാന്‍ പോകുന്നത്. അക്കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളും ഭയാനകമായ രീതിയില്‍ സാമുദായിക പ്രീണനമാണ് അക്കാലത്തുണ്ടായത്. ചില പ്രത്യേക സമുദായക്കാര്‍ അവര്‍ക്ക് കിട്ടിയ വകുപ്പുകള്‍ അവരുടെ സാമ്രാജ്യമാക്കി മാറ്റി. അവരുടെ പാര്‍ട്ടിക്കാര്‍ക്കും അവരുടെ സമുദായക്കാര്‍ക്കും മാത്രം ഗുണകരമായ രീതിയില്‍ ഭരണചക്രം തിരിച്ചു.

കഴിഞ്ഞ പത്ത് കൊല്ലത്തോളമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ വിപ്രതിപത്തി ഉണ്ടായിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ അത് പൂര്‍ണമായും ഭരണപരാജയം കൊണ്ടാണെന്ന് പറയാന്‍ പറ്റില്ല. ഭരണം കുറെ പിന്നിടുമ്പോള്‍ ജനങ്ങള്‍ക്ക് മടപ്പുണ്ടാവുക സ്വഭാവികമാണ്. സര്‍ക്കാരിന്റെ പല നടപടികളും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.കൂടാതെ ഖജനാവ് കാലിയായിരിക്കുന്ന സമയത്ത് നവകേരള സദസ് പോലെയുള്ള കെട്ടുകാഴ്ചകള്‍ നടത്തിയത് ജനങ്ങളില്‍ വിപരീത വികാരം കൂടി ഉണ്ടാക്കിയിട്ടുണ്ട്. അതാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ടത്. അതു തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ടത്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിച്ചാല്‍ എല്‍ഡിഎഫിന് പരാജയമുണ്ടായിയെന്നത് സത്യമാണെങ്കിലും അവര്‍ തീരെ തകരുകയോ നിര്‍മൂലമായി പോകുകയോ ചെയ്തിട്ടില്ലയെന്ന് കാണാം.

വലിയ ജില്ലാ പഞ്ചായത്തുകളിൽ
എല്‍ഡിഎഫിന് മേല്‍ക്കൈ
ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും യുഡിഎഫാണ് ജയിച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും 7-7 എന്ന നിലയില്‍ തുല്യത പാലിച്ചു. അതില്‍ തന്നെ വലിയ ജില്ലാ പഞ്ചായത്തുകള്‍ അധികവും ജയിച്ചത് എല്‍ഡിഎഫാണ്. വലിയ ജില്ലാ പഞ്ചായത്തുകള്‍ പത്തെണ്ണമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍. കൂടുതല്‍ അംഗങ്ങളെ നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് വിടുന്ന ജനസംഖ്യ കൂടിയ ജില്ലകളാണ് ഇവ. ചെറിയ ജില്ലകള്‍ എന്നു പറയുന്നത് കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട. വിസ്തീര്‍ണ്ണം കൊണ്ടല്ല, ജനസംഖ്യ കൊണ്ടാണ് വലിപ്പവും ചെറുപ്പവും തീരുമാനിക്കുന്നത്.
പത്തു വലിയ ജില്ലകളില്‍ ആറെണ്ണത്തിലും ജയിച്ചത് എല്‍.ഡി.എഫാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് ജയത്തിന്റെ അടുത്തുവരെ എത്തി. ചെറിയൊരു വ്യത്യാസത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെട്ടത്. നേരെ മറിച്ച് യുഡിഎഫ് ജയിച്ച ജില്ലകളില്‍ എറണാകുളവും മലപ്പുറവും കോട്ടയവും കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് കിട്ടിയത് ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ച കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ്.ജനസംഖ്യാനുപാതികമായി നോക്കിയാല്‍ എല്‍ഡിഎഫിന് ചെറിയൊരു മേല്‍ക്കൈ ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിലുണ്ട്. അങ്ങനെ നോക്കുമ്പോള്‍ വലിയ പരാജയമുണ്ടായി എന്ന് പറയാന്‍ കഴിയില്ല. ഇനി ശക്തമായി ആഞ്ഞു പിടിച്ച് പരിശ്രമിക്കുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് തുല്യത പാലിക്കാനും വളരെ ശക്തമായ മത്സരത്തില്‍ ചെറിയ മേല്‍ക്കൈ നേടാനുമുള്ള സാദ്ധ്യത പോലുമുണ്ട്. വരുന്ന മൂന്ന് മാസം വളരെ പ്രധാനമാണ്.

കോൺഗ്രസ്
പാര്‍ട്ടി സംവിധാനം ദുര്‍ബലം
ഇടതുപക്ഷത്തിന് മന:ശാസ്ത്രപരമായ ഒരു പരാജയം സംഭവിച്ചിട്ടുണ്ട് അതിനെ അതിജീവിക്കാന്‍ സമര്‍ത്ഥരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കണം. സ്ഥാനാര്‍ത്ഥികള്‍ വളരെ പ്രധാനമാണ്. തിരഞ്ഞെടുപ്പ് മെഷീനറി പ്രവര്‍ത്തനക്ഷമമായിരിക്കണം. പണം ആവശ്യത്തിന് വേണം. ഈ മൂന്നു ഘടകങ്ങളും ഇടതുമുന്നണിക്ക് ഉണ്ട്. ഇപ്പോഴുള്ള മുഴുവന്‍ ആളുകളെ മാറ്റി അത്ര തന്നെ പുതിയ ആള്‍ക്കാരെ രംഗത്തിറക്കാന്‍ എല്‍ഡിഎഫിന് കഴിയും. കോണ്‍ഗ്രസിന് സാധിക്കില്ല. അങ്ങനെയൊരു പരാധീനത അവര്‍ക്കുണ്ട്. അവരുടെ പാര്‍ട്ടി സംവിധാനം വളരെ ദുര്‍ബലമാണ്. 1995 ല്‍ കെ. കരുണാകരന്‍ ഡി.ഐ.സി. ഉണ്ടാക്കിയ ശേഷം പാര്‍ട്ടിയുടെ സംഘടനാ സംവിധാനം മൊത്തം ദുര്‍ബലമായി. എന്നുമാത്രമല്ല കണ്ടം ചെയ്ത കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്‌കൂള്‍ ബസായി ഉപയോഗിക്കുന്നത് പോലെ കണ്ടം ചെയ്ത കുറെ നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. പഴയ ഖദര്‍ കുപ്പായമൊക്കെ ഇസ്തിരിയിട്ട് സുസ്‌മേര വദനനായി മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് അവര്‍. അതു തന്നെ അപലക്ഷണമാണ്. ദുശ്ശകുനമാണ്. കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്രത്തോളം പരീക്ഷണം നടത്താന്‍ പറ്റും, പ്രവര്‍ത്തനത്തില്‍ എത്രമാത്രം ഫണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുക്കാനാകും എന്നത് പ്രധാനമാണ്.

പിണറായി വിജയന്‍

പണമില്ലായ്മ
കോൺഗ്രസിനെ വലയ്ക്കുമ്പോൾ
2021ലെ തിരഞ്ഞെടുപ്പില്‍ ഫണ്ടിന്റെ കാര്യത്തില്‍ വലിയ പരാധീനതയുണ്ടായി. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച ഒരു ഘടകം പണമില്ലായ്മയാണ്. പ്രധാനപ്പെട്ട നേതാക്കന്മാര്‍ക്കൊക്കെ പണമുണ്ടായിരുന്നു. എന്നാൽ പാര്‍ട്ടിക്ക് പണമുണ്ടായിരുന്നില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് പണം എത്തിക്കാന്‍ കഴിഞ്ഞില്ല. 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ കടം ഇതുവരെ വീട്ടിയിട്ടില്ല. അന്നു വാങ്ങിച്ച കടത്തിനു പുറമെ 2021ലെ കടം വേറെയും. രണ്ടു തിരഞ്ഞെടുപ്പിലും മത്സരിച്ച് വലിയ കടബാദ്ധ്യതയിലായ ആളുകളുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം സി.പി.എമ്മിലും ബിജെപിയിലുമൊക്കെ ചേക്കേറിയ പല ആളുകളും സാമ്പത്തിക ബാദ്ധ്യത കാരണമാണു കോണ്‍ഗ്രസ് വിട്ടത്. അത്രയും വലിയ ബാദ്ധ്യതയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ മേല്‍ വന്നു പതിച്ചത്.

പാർട്ടിനേതൃത്വത്തിന്
കരുത്ത് കുറയുന്നു
യുഡിഎഫിന് ആ പേര് മാത്രമേ ബാക്കിയുള്ളു. ശരിക്കും പറഞ്ഞാല്‍ കോണ്‍ഗ്രസും ലീഗും മാത്രമേ ആ മുന്നണിയില്‍ പാര്‍ട്ടികള്‍ ആയുള്ളു. കേരളാ കോണ്‍ഗ്രസൊക്കെ പണ്ടേ അപ്രസക്തമായി. മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞു. ജോസഫ് ഗ്രൂപ്പ് വളരെ ദുര്‍ബലമായ സംവിധാനമായി തുടരുന്നു. വേറെ ഘടകകക്ഷികള്‍ കാര്യമായി ഒന്നുമില്ല. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ശക്തമായ ഘടകകക്ഷി പിന്നെ ലീഗാണ്. കേരളാ കോണ്‍ഗ്രസ് എന്ന ശക്തമായ ഘടകം ഇല്ലാതായി. പിണറായി വിജയന്റെ പ്രായാധിക്യവും അനാരോഗ്യവും ഇടതുമുന്നണിയെ വലക്കുന്നുണ്ട്. പിണറായി വിജയന്‍ സ്ഥാനമൊഴിയാതെ നായക സ്ഥാനത്ത് കടിച്ചു പിടിച്ചിരിക്കുന്നുവെന്ന തോന്നല്‍ പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ട്.
സി.പി.എമ്മിനോ സിപിഐ.യിലോ ശക്തമായ ഒരു നേതൃത്വം ഇല്ല. ഇടതുമുന്നണിക്ക് പൊതുവെ നേതൃത്വ ശൂന്യതയുണ്ട്. ഗോവിന്ദന്‍മാഷും, ബിനോയ് വിശ്വവും നന്മയുള്ളവരാണ്, സ്‌നേഹമുള്ളവരുമാണ്. പക്ഷേ ഒരു നിര്‍ണായക ഘട്ടത്തില്‍, ഒരു തിരഞ്ഞെടുപ്പു യുദ്ധത്തിന് ഒരുങ്ങുമ്പോള്‍ പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് അവര്‍ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ യുവസ്ഥാനാര്‍ത്ഥികളെ കണ്ടുപിടിക്കാനും അവതരിപ്പിക്കാനും ഈ പാര്‍ട്ടികള്‍ക്ക് സംഘടനാ സംവിധാനവും പണവുമുണ്ട്. സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാല്‍ എല്‍ഡിഎഫിലും പറയത്തക്ക പാര്‍ട്ടികളൊന്നുമില്ല. ഭൂമിക്ക് ഭാരമായിട്ടുള്ള ജനതാദള്‍, ജനതാദളിന്റെ വിവിധ ഘടകങ്ങള്‍ കോണ്‍ഗ്രസ് എസ്, എന്‍.സി.പി, കെ.ബി. ഗണേഷ്‌കുമാറിന്റെ പാര്‍ട്ടി എന്നല്ല സ്‌കറിയ തോമസിന്റെ പാര്‍ട്ടി വരെയുണ്ട് ഇടതുമുന്നണിയില്‍. ഈ പാര്‍ട്ടികള്‍ ഉള്ളതും ഇല്ലാത്തതും തമ്മില്‍ ഒരു വ്യത്യാസവുമില്ല.ഈ രീതിയില്‍ ഒരു വലിയ മത്സരത്തിലേക്ക് പോകുമ്പോള്‍ ഇടതുപക്ഷക്കാര്‍ക്ക് പ്രതീക്ഷ കൈവിടേണ്ട കാര്യമൊന്നുമില്ല. ശക്തമായൊരു നേതൃത്വവും യോഗ്യന്‍മാരായ സ്ഥാനാര്‍ത്ഥികളുമുണ്ടെങ്കില്‍ ഇനിയും ജയിക്കാവുന്നതേയുള്ളു.

മുന്നണികളുടെ
കണക്ക് കൂട്ടലുകള്‍
തെറ്റിക്കാന്‍ ബിജെപി
മൂന്നാമത്തെ ഘടകം ബിജെപിയാണ്. രണ്ടുകൂട്ടരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിക്കാന്‍ കഴിവുള്ള ഘടകമാണ് ബിജെപി. ബിജെപിക്ക് ചരിത്രപരമായ വിജയം ഉണ്ടാകുമെന്നൊന്നും കരുതുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം പത്തോമുപ്പതോ സീറ്റുകള്‍ ഏറിയാല്‍ 35 സീറ്റുകളില്‍ ബിജെപി – ബിഡിജെഎസ് സഖ്യം ഫലപ്രദമായി മത്സരിക്കുകയാണെങ്കില്‍ രണ്ടു മുന്നണികളുടേയും കണക്ക് കൂട്ടലുകള്‍ തെറ്റും. ഏതാനും സീറ്റുകളില്‍ ഒരുപക്ഷേ അവര്‍ക്ക് ജയിക്കാനും പറ്റും. കേരളത്തിലെ 140 മണ്ഡലങ്ങളിലും ബിജെപി ഒരേ ശക്തിയോടെ മത്സരിച്ചാല്‍ ഫലമുണ്ടാകില്ല. എവിടെ ബലം കൊടുക്കണം, എവിടെ ശക്തി പ്രയോഗിക്കണം എന്നറിയാതെ ബിജെപി പലപ്പോഴും തിരഞ്ഞെടുപ്പിനെ നേരിടാറുണ്ട്. അവരുടെ ശക്തി എവിടെയെന്ന് അവര്‍ക്ക് തന്നെ അറിയില്ല.
ഇപ്പോള്‍ അക്കാര്യങ്ങളില്‍ ബിജെപിക്ക് വ്യക്തത വന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ചില മണ്ഡലങ്ങള്‍; സെന്‍ട്രല്‍, വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം, കൊല്ലം ജില്ലയില്‍ ചാത്തന്നൂര്‍, ആലപ്പുഴ ജില്ലയിലെ കായംകുളം, ചേര്‍ത്തല, അമ്പലപ്പുഴ, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പറവൂര്‍, തൃശൂര്‍ ജില്ലയില്‍ ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, മണലൂര്‍, പാലക്കാട്ടെ മലമ്പുഴ. കോഴിക്കോട്ട് സൗത്ത്, നോര്‍ത്ത്, ബേപ്പൂര്‍, പിന്നെ കാസര്‍കോട്, മഞ്ചേശ്വരം, ഈ മണ്ഡലങ്ങളില്‍ നന്നായി പൊരുതുകയാണെങ്കിൽ ജയിക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും ശക്തമായ സാന്നിദ്ധ്യം തെളിയിക്കാനാകും. രണ്ടാംസ്ഥാനത്ത് എത്താന്‍ കഴിയും. ഏതാനും സീറ്റുകളില്‍ ജയിക്കാനും കഴിയും . അത് അസാദ്ധ്യമായ കാര്യമല്ല മാത്രമല്ല മറ്റു മുന്നണികളുടെ ജയാപജയ സാദ്ധ്യതകളെ ബിജെപിക്ക് തീരുമാനിക്കാനാകും. ബിജെപി പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫിന്റെ സാദ്ധ്യതകളെ ബാധിച്ചേക്കും. അടിസ്ഥാന വോട്ടുകളില്‍ ബിജെപി കടന്നു കയറിയാല്‍ എല്‍ഡിഎഫിന് ദോഷം ചെയ്യും. ഇങ്ങനെയൊരു സാഹചര്യമാണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തിലുള്ളത്.

മന്ത്രിയാകാൻ
പരക്കം പാച്ചിൽ
ഓരോ മുന്നണിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഏകോപിപ്പിക്കുമെന്നതാണ് പ്രധാനം. പൊതുവേ ഒരു ഭരണവിരുദ്ധ വികാരമുണ്ട്. ഒറ്റക്കാഴ്ചയില്‍ യുഡിഎഫിന് ഒരു മേല്‍ക്കോയ്മയുണ്ട്. സാധാരണഗതിയില്‍ 80 മുതല്‍ 90 വരെ സീറ്റുകളില്‍ ജയിക്കാവുന്ന സാഹചര്യം ഇന്നത്തെ നിലയില്‍ ഉണ്ട്.
വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നാല്‍ നമ്മള്‍ കാണുന്ന കാഴ്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ യുഡിഎഫുകാര്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലുംഅമിതമായ ആത്മവിശ്വാസത്തിലുമാണ് എന്നതാണ്. വി.ഡി. സതീശന്‍ ആത്മവിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവമായി നില്‍ക്കുകയാണ്. മറ്റുള്ളവര്‍ക്കും ആത്മവിശ്വാസത്തില്‍ കുറവില്ല. അതുകൊണ്ടാണ് കണ്ടം ചെയ്ത നേതാക്കന്മാര്‍ വരെ മത്സരിച്ച് ജയിച്ച് മന്ത്രിയായിക്കളയാം എന്ന വിശ്വാസത്തില്‍ രംഗത്ത് വരുന്നത്. പാര്‍ലമെന്റ് അംഗമായി പോയവര്‍ക്കും ഇപ്പോള്‍ നിയമസഭയിലേക്ക് സീറ്റ് വേണം. കേന്ദ്രത്തില്‍ അടുത്തെങ്ങുമല്ല ഈനൂറ്റാണ്ടിൽ തന്നെ ഭരണം കിട്ടുന്ന ഒരു മട്ടും കാണുന്നില്ല. അതുകൊണ്ട് എല്ലാവര്‍ക്കും നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കണം. മന്ത്രിയാകണം. മന്ത്രിയായിട്ട് എന്തൊക്കെ അഴിമതി നടത്തണമെന്നത് പിന്നീട് തീരുമാനിക്കാവുന്ന കാര്യമാണ്. അതാണ് കോണ്‍ഗ്രസ് നേരിടുന്ന ഒരു വലിയ വെല്ലുവിളി.

എം.വി ഗോവിന്ദൻ മാസ്റ്റർ

സാമുദായിക സംഘടനകളുടെ
ഇടപെടല്‍
ഇതുവരെ ഇടഞ്ഞു നിന്നതുള്‍പ്പെടെ, എല്ലാ മതസാമുദായിക സംഘടനകളും ഇപ്പോള്‍ യുഡിഎഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാർ മാണി ഗ്രൂപ്പിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തുകയാണ്. അതുപോലെ കാതോലിക്ക ബാവ. ഭരണത്തിന്റെ കാറ്റുമാറി വീശുകയാണെന്ന് കാതോലിക്കയ്ക്ക് വരെ മനസ്സിലായി . സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, എസ് ഡി പിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളൊക്കെ യുഡിഎഫ് ജയിക്കാന്‍ പോകുന്നത് തങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് അവകാശവാദം ഉന്നയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഭാവിയില്‍ പല ആവശ്യങ്ങളും അവര്‍ ഉന്നയിക്കും. കഴിഞ്ഞ പത്തു കൊല്ലത്തെ പോരായ്മ നികത്തി സമുദായത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മലപ്പുറം ജില്ല വിഭജിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ വന്നു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങളിലേക്ക് വിവിധ സമുദായസംഘടനകള്‍ അവരുടെ ആളുകള്‍ക്ക് വേണ്ടി ചരടുവലിക്കുന്നതും കണ്ടു. കൊച്ചി കോര്‍പ്പറേഷനില്‍ അത് പ്രകടമായി. മറ്റു സ്ഥലങ്ങളിലും ഏറിയും കുറഞ്ഞും മത-സാമുദായിക സംഘടനകളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

ലത്തീന്‍ സഭയുടെ
അവകാശവാദം
കൊച്ചി കോര്‍പ്പറേഷനില്‍ ലത്തീന്‍ സഭ പരസ്യമായി അവകാശവാദം ഉന്നയിച്ചു. കൊച്ചി നഗരസഭാ പരിധിയില്‍ ലത്തീന്‍ സമുദായക്കാര്‍ കൂടുതലായുണ്ട്. അവരില്‍ കൂടുതല്‍ കോണ്‍ഗ്രസുകാരുമാണ്. കോണ്‍ഗ്രസായാലും എല്‍ഡിഎഫ് ആയാലും ജയിച്ചു വന്ന കൗണ്‍സിലര്‍മാര്‍ കൂടുതലും ലത്തീന്‍കാരാണ്. കഴിഞ്ഞ പത്തുകൊല്ലമായി കൊച്ചി മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസാണെങ്കിലും സിപിഎമ്മാണെങ്കിലും ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍, നായര്‍ സമുദായത്തില്‍പ്പെട്ടവരായിരുന്നു മേയര്‍മാര്‍. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ സമുദായക്കാര്‍ വരണമെന്ന് ലത്തീൻ രൂപത ആഗ്രഹിച്ചതില്‍ തെറ്റില്ല.മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൂന്നു പേരും ക്രൈസ്തവ സമുദായക്കാരാണ്. പക്ഷേ അതില്‍ രണ്ടുപേരും ലത്തീന്‍കാര്‍ തന്നെയാണ്. പക്ഷേ രൂപത പരസ്യമായി ആവശ്യപ്പെട്ടതില്‍ വലിയ അനൗചിത്യമുണ്ട്, അഭംഗിയുണ്ട്. യു.ഡി.എഫ് വന്നുകഴിഞ്ഞാല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമെന്നും അതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയും ചെയ്യുമെന്ന വളരെ തെറ്റായ സന്ദേശമാണ് വോട്ടര്‍മാര്‍ക്ക് കൊടുക്കുന്നത് .കൊച്ചി കോര്‍പ്പറേഷനിലെ വോട്ടര്‍മാര്‍ക്ക് മാത്രമല്ല കേരളത്തിലെമ്പാടും അങ്ങനെയൊരു ധാരണയുണ്ടാകും.

സാമുദായിക
ധ്രുവീകരണം
യുഡിഎഫിന് ഭരണം കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് ഇനി നോക്കാം. 2011 മുതല്‍ 2016 വരെയുള്ള ഭരണത്തിന്റെ തനിയാവര്‍ത്തനമാണ് ഉണ്ടാകാന്‍ പോകുന്നത്. അക്കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളും ഭയാനകമായ രീതിയില്‍ സാമുദായിക പ്രീണനമാണ് അക്കാലത്തുണ്ടായത്. ചില പ്രത്യേക സമുദായക്കാര്‍ അവര്‍ക്ക് കിട്ടിയ വകുപ്പുകള്‍ അവരുടെ സാമ്രാജ്യമാക്കി മാറ്റി. അവരുടെ പാര്‍ട്ടിക്കാര്‍ക്കും അവരുടെ സമുദായക്കാര്‍ക്കും മാത്രം ഗുണകരമായ രീതിയില്‍ ഭരണചക്രം തിരിച്ചു. പ്രബലമായ ഹിന്ദുസംഘടനകള്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പി യോഗവും ഉള്‍പ്പെടെ എല്ലാവരും ഇതിനെതിരെ പ്രതികരിച്ചു .സംസ്ഥാനത്ത് വലിയ സാമുദായിക ധ്രൂവീകരണം ഉണ്ടാവുകയും ചെയ്തു. സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയത് ബിജെപിക്കാരല്ല. ജനത്തിനിടയില്‍ സ്വാഭാവികമായി ഉണ്ടായി വന്ന ഒരു വികാരമായിരുന്നു അത്. അതിന് മൂര്‍ത്ത രൂപം നല്‍കിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരും ഭൂരിപക്ഷ സമുദായ ഐക്യത്തിന് രൂപം കൊടുത്തത്.. മറ്റു ഹിന്ദു സംഘടനകളും യോജിച്ചു. ഉമ്മന്‍ചാണ്ടി നല്ലൊരു മുഖ്യമന്ത്രിയായിരുന്നുവെങ്കിലും അദ്ദേഹത്തിന് പോലും ഇവരെ ഒരു തരത്തിലും നിയന്ത്രിക്കാനോ നിലയ്ക്ക് നിര്‍ത്താനോ സാധിച്ചില്ല. വ്യവസായ, വിദ്യാഭ്യാസ, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പിലൊക്കെ അതിഭയങ്കരമായ അഴിമതിയായിരുന്നു അന്ന് നടന്നത്. വിദ്യാഭ്യാസ വകുപ്പില്‍ എം.ഇ.എസിന്റെ ജനറല്‍ സെക്രട്ടറിയോട് പോലും കൈക്കൂലി ചോദിച്ചതായി പരസ്യമായ വെളിപ്പെടുത്തല്‍ ഉണ്ടായി. ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാരേയും വെറുതെ വിട്ടില്ല. അവരോടും കാശ് ചോദിച്ചു.

മുസ്ലിം ലീഗ് റാലി

പഞ്ചായത്തുകളിൽ
‘പാകിസ്ഥാൻ’
തദ്ദേശ സ്വയംഭരണ വകുപ്പില്‍ മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും വിഭജിക്കുന്ന സമയത്ത് ചില പ്രത്യേക സമുദായക്കാര്‍ക്ക് പ്രാധാന്യമുള്ള പ്രദേശങ്ങള്‍ മാത്രം ചേര്‍ത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചു. തൃശൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്ത് എറിയാട്, അഴീക്കോട് പഞ്ചായത്തുകളായി വിഭജിച്ചു. ഒന്ന് ഹിന്ദു പഞ്ചായത്തും ഒന്ന് മുസ്ലീം പഞ്ചായത്തും. കെ.ബി. ഗണേഷ്‌കുമാറിന്റെ പത്തനാപുരം മണ്ഡലത്തില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നു മുസ്ലീങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഏഴ് വാര്‍ഡുകള്‍ മാത്രം വേര്‍തിരിച്ച് പുന്നല പഞ്ചായത്ത് രൂപീകരിച്ചു. അത് വലിയ വിവാദമായി. പ്രത്യേകിച്ച് കോണ്‍ഗ്രസുകാരായ നാട്ടുകാര്‍ മൊത്തം എതിരായി. അവര്‍ അന്ന് യുഡിഎഫിലായിരുന്ന ഗണേഷ് കുമാറിനെ ചെന്നു കണ്ടു. ‘ഞാന്‍ വിചാരിച്ചാല്‍ രക്ഷയില്ല, ഇത് ലീഗിന്റെ വകുപ്പാണെന്ന്’ പറഞ്ഞ് ഗണേശ് കൈയൊഴിഞ്ഞു തുടര്‍ന്ന് അവര്‍ ജി. കാര്‍ത്തികേയനെ പോയി കണ്ടു. കാര്‍ത്തികേയനും കൈയൊഴിഞ്ഞു. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തന്നെ കണ്ടെങ്കിലും അദ്ദേഹവും കൈമലര്‍ത്തി. അവസാനം അവര്‍ ഹൈക്കോടതിയിലെത്തി. ഹര്‍ജിക്കാര്‍ മൂന്നുപേരും കോണ്‍ഗ്രസുകാരായിരുന്നു. പഞ്ചായത്ത് മെമ്പറും ഡിസിസി സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍. കോടതിയില്‍ ഞാനാണ് വാദിച്ചത് .ഇന്ത്യ വിഭജിച്ച് പാകിസ്ഥാന്‍ ഉണ്ടാക്കിയ പോലുള്ള പരിപാടിയാണെന്ന് ഞാന്‍ കോടതിയില്‍ വാദിച്ചു. പഞ്ചായത്തിന്റെ ഒരു സ്‌കെച്ച് കാണിച്ചു കൊടുത്തു. പിറവന്തൂര്‍ പഞ്ചായത്തിന്റെ ഒത്ത നടുക്ക് പുന്നല ഗ്രാമപഞ്ചായത്ത്. ഇന്ത്യയുടെ ഭൂപടത്തിന്റെ നടുക്ക് ബംഗ്ലാദേശ് പോലെ .മതം മാത്രമാണ് മാനദണ്ഡം. കോടതിക്ക് അത് ബോധ്യപ്പെട്ടു. ആ പഞ്ചായത്ത് വിഭജനം കോടതി റദ്ദാക്കി.ഈ രീതിയിലുള്ള പ്രവൃത്തികള്‍ കൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒറ്റപ്പെട്ടു പോയത്. അതുകൊണ്ടാണ് ഭൂരിപക്ഷ സമുദായക്കാര്‍ സംഘടിച്ചത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്ന ആശയം ഫലവത്തായത് അതുകൊണ്ടാണ്.

ബിഡിജെഎസിന്റെ
സ്വാധീനം
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ഒട്ടേറെ അഴിമതിക്കേസുകള്‍ പുറത്തു വന്നിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ടുജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരിപ്പാടം അഴിമതി എന്നിങ്ങനെ കോടാനുകോടി രൂപയുടെ അഴിമതി ആരോപണങ്ങള്‍ വന്നപ്പോള്‍ ജനങ്ങള്‍ മുഴുവന്‍ എതിരായി. പക്ഷേ അഴിമതിക്കെതിരായ വികാരത്തിന് ശക്തികിട്ടിയത് അണ്ണാ ഹസാരെ സത്യഗ്രഹം നടത്തുകയും’ ഇന്ത്യ അഴിമതിക്കെതിരെ’ എന്ന പ്രസ്ഥാനം ഉണ്ടാകുകയും ചെയ്തതോടെയാണ്.
അതുപോലെ വെള്ളാപ്പള്ളി നടേശന്‍ ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന ആശയം മുന്നോട്ടു വയ്ക്കുകയും ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങുകയും ചെയ്തപ്പോള്‍ ആ വികാരം തിരഞ്ഞെടുപ്പില്‍ ഭയങ്കരമായി പ്രതിഫലിച്ചു. മദ്ധ്യകേരളത്തിലെ ഏറ്റുമാനൂര്‍, വൈക്കം, തൃപ്പൂണിത്തുറ, വൈപ്പിന്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, നാട്ടിക, ഇരിങ്ങാലക്കുട, ഗുരുവായൂര്‍ സീറ്റുകളിലെ ഇലക്ഷന്‍ഫലം നോക്കിയാല്‍ അത് കൃത്യമായി മനസ്സിലാകും. അതില്‍ പറവൂര്‍ ഒഴിച്ച് എല്ലായിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സത്യത്തില്‍ എല്‍ഡിഎഫ് ജയിക്കുകയല്ല യുഡിഎഫ് തോല്‍ക്കുകയായിരുന്നു. യുഡിഎഫിനെ തോല്‍പ്പിച്ചത് ബിഡിജെഎസ് ഉണ്ടാക്കിയ വികാരമാണ്. ഇതാണ് അന്ന് സംഭവിച്ചത് ഇപ്പോള്‍ അതേ ദിശയില്‍ തന്നെയാണ് കാര്യങ്ങള്‍ ഇനിയും പോകാന്‍ തുടങ്ങുന്നതെന്ന് നമ്മള്‍ മനസ്സിലാക്കണം.

2011 തിരിച്ചു വരുമോ?
യുഡിഎഫ് പൊതുവേ ന്യൂനപക്ഷ കേന്ദ്രീകൃതവും ന്യൂനപക്ഷ ആധിപത്യമുള്ളതുമായ സംവിധാനമാണ് .മുസ്ലീംലീഗ് ആ ഒരു സമുദായത്തേയും കേരള കോണ്‍ഗ്രസ് മറ്റൊരു സമുദായത്തേയും പൂര്‍ണമായി പ്രതിനിധീകരിക്കുന്നു. കോണ്‍ഗ്രസ്സിലേക്ക് നോക്കിയാലും ഈ പറഞ്ഞ സമുദായങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യം. ഭൂരിപക്ഷ സമുദായക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രാതിനിധ്യം പൂര്‍ണമായി വരേണ്ടത് കോണ്‍ഗ്രസ്സിലാണ്. അത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നത് വേറെ ചോദ്യം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരും വൈസ്‌ചെയര്‍മാന്‍മാരും വൈസ്പ്രസിഡന്റുമാരുമായ ആളുകളുടെ ഒരു ലിസ്റ്റ് പരിശോധിച്ചാല്‍ ഏകദേശ ചിത്രം വ്യക്തമാകും. ന്യൂനപക്ഷ പ്രധാനമായ മുന്‍സിപ്പാലിറ്റികളില്‍ പഞ്ചായത്തുകളില്‍ ആരൊക്കെയാണ് പ്രസിഡന്റുമാരും വൈസ്പ്രസിഡന്റുമാരുമെന്നതും ഭൂരിപക്ഷത്തിന് പ്രാതിനിധ്യമുള്ള പഞ്ചായത്തുകളില്‍ ആര്‍ക്കാണ് മേല്‍ക്കൈ കിട്ടുന്നതെന്നും നോക്കിയാല്‍ മതി. കൂടുതല്‍ പറയുന്നില്ല. ലിസ്റ്റ് കൈയിലുണ്ട്. ഇത് വായിക്കുന്നവര്‍ ഓരോരുത്തരും അവരുടെ വീടിന് പരിസരത്തുള്ള പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലേയും ഭാരവാഹികളുടെ കണക്കെടുത്താല്‍ മതി. അപ്പോള്‍ കിടപ്പുവശം വ്യക്തമാകും. 2011ന്റെ തനിയാവര്‍ത്തനമാണോ 2026ലും നടക്കാന്‍ പോകുന്നതെന്ന ഒരേയൊരു സംശയമേ ബാക്കിയുള്ളൂ

Author

123 Views
Scroll to top
Close
Browse Categories