കണ്ണിമയ്ക്കാതെ

‘ഡീ മോനൂ.. ഞാന്‍ വര്‍ഷയാണ്’
സഹോദരിയുടെ കോള്‍ എടുത്തിട്ടും, മൊബൈലില്‍ തെളിഞ്ഞ പേര് വ്യക്തമായിട്ടും ഞാന്‍ പ്രതികരിച്ചില്ല.
‘മോളേ….’
വീണ്ടും ചേച്ചിയുടെ സ്‌നേഹത്തില്‍ ചാലിച്ച വിളിയായിരുന്നു.
എന്നേക്കാള്‍ പത്ത് വയസ്സ് കൂടുതലാണ് അവള്‍ക്ക്.. കഴിഞ്ഞ 50 വര്‍ഷവും അവളില്‍ നിന്ന് അങ്ങനെ ഒരു വിളി ഞാന്‍ കേട്ടിരുന്നില്ല.
മോളേന്ന്..
വര്‍ഷേച്ചീന്ന് വിളിക്കാന്‍ യോഗ്യതയില്ലാത്തവളായതിനാല്‍ ഞാന്‍ ‘നീ പറയൂ’ എന്നവാക്കില്‍ ഒതുക്കി ചോദിച്ചു.
അവളുടെ മറുപടിക്കായുള്ള ഇടവേളയില്‍ അവളുടെ ചെയ്തികള്‍ പലതും എന്നില്‍ മിന്നിമറഞ്ഞു.
വര്‍ഷയും അച്ഛന്‍ രവിയും ബെംഗളൂരു ആണ് താമസം. മത്തിക്കരെ എന്ന സ്ഥലത്തിനടുത്തുള്ള രാമയ്യകോളേജിനോട് ചേര്‍ന്നുള്ള ഹോസ്റ്റല്‍ വാര്‍ഡനാണ് വര്‍ഷാ രവി. അതേ ഹോസ്റ്റലില്‍ കാന്റീനില്‍ ജോലി ചെയ്യുകയാണ് രവിയെന്ന എന്റെയും അച്ഛന്‍. ഫോണില്‍ വിളിച്ചത് അവിടെ നിന്നായിരുന്നു..
‘മോനിഷേ.. നിന്നെയറിയിക്കാന്‍ ഒരു വാര്‍ത്തയുണ്ട്.’
‘എന്നെയറിയിക്കാനായി ഇനി എന്ത്.. നിന്റേം വിവേകിന്റേം ഡിവോഴ്‌സോ.. അത് കഴിഞ്ഞില്ലേ. അത് ഞാനറിഞ്ഞതാ..’ – ഞാന്‍ പിറുപിറുത്തു.
‘അതല്ല.. നീയുമായി ബന്ധപ്പെട്ട ഒരു കാര്യമാ..’
‘എനിക്കൊന്നും അറിയണ്ട.’
ഞാന്‍ അവളുടെ കോള്‍ കട്ട് ചെയ്തു. അതേ ബട്ടണില് അമര്‍ത്തി ഫോണ്‍ സ്വിച്ച്ഓഫ്‌ചെയ്ത് കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു. ഇരുകൈയും കൊണ്ട് കിടക്കവിരി വലിച്ചു തലയിലേക്ക് മൂടി.
വര്‍ഷയുടെ ശബ്ദം കേട്ട് എന്റെ തലപെരുക്കുന്നുണ്ടായിരുന്നു.
ഞാനും വര്‍ഷയും അച്ഛനുമമ്മയും തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിനടുത്തായിരുന്നു താമസിച്ചിരുന്നത്. അമ്മ മരിച്ചശേഷം അച്ഛനും വര്‍ഷയും ബെംഗളൂരുവിലും, ഞാന്‍ എറണാകുളത്തും ജീവിക്കുന്നു. അച്ഛന്റെ പേരായ രവിയെന്ന വാലില്ലാതെ വെറും മോനിഷയായി.. ആ പേരിനോടും വ്യക്തിയോടും അറപ്പും വെറുപ്പുമാണ് – ചേച്ചിയായ വര്ഷയോടും..
ഇരുവരും ചേര്‍ന്ന് എന്നെ ജീവച്ഛവം ആക്കിയിരിക്കുന്നു. എനിക്കു ലഭിക്കേണ്ട സ്വത്തുപോലും അവൾ കൈക്കലാക്കിയിരിക്കുന്നു. ഞാന്‍ തികച്ചും ഒറ്റപ്പെട്ടു. എല്ലാം മറക്കാനായി എറണാകുളത്തുള്ള ആശ്രമത്തില്‍ എത്തിപ്പെട്ടതാണ്. പക്ഷേ, അവര്‍ക്ക് ഞാന്‍ നശിച്ചതുകണ്ട് മതിയായില്ലെന്ന് തോന്നുന്നു.
അവളുടെ ചെയ്തികള്‍ ഓര്‍മ്മകളായി എന്നിലേക്ക് ഇരച്ചുകയറി.
അച്ഛനും അമ്മയും അത്ര ചേര്‍ച്ചയില്‍ ആയിരുന്നില്ല. അച്ഛന്റെ മദ്യാസക്തി നേരിട്ട് അമ്മയില്‍ തീര്‍ക്കുന്നത് ഞങ്ങളുടെ ചെറുപ്പകാലം തൊട്ടു കാണുന്നതാണ്. വര്‍ഷേച്ചി കുറേക്കാലം നാട്ടിലുണ്ടായിരുന്നില്ല. തൃശൂരില്‍ അച്ഛന്റെ ചേച്ചിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. ആ സമയത്ത് അച്ഛന്റെ ചെറിയ കയ്യബദ്ധത്തില്‍ അമ്മ ബാത്ത്‌റൂമില്‍ തലയിടിച്ച് വീണ് മരണപ്പെട്ടിരുന്നു. സാക്ഷിയായി ഞാനുണ്ടായിരുന്നെങ്കിലും ചേച്ചിയോട് പോലും ഞാന്‍ ആ സത്യം ഇന്നേവരെ അറിയിച്ചുമില്ല. അന്ന് വേണമെങ്കില്‍ അച്ഛനെ എനിക്ക് ഒറ്റാമായിരുന്നു. പക്ഷേ, രവിയുടെ മക്കള്‍ അനാഥരായി ജീവിക്കണ്ടല്ലോ എന്ന് കരുതി അത് ഇന്നും മനസ്സില്‍ വച്ച് ജീവിക്കുന്നു.
ആയിടെ മരണാനന്തര ചടങ്ങിന് തൃശ്ശൂരിലുള്ള കോളേജില്‍ നിന്ന് ചേച്ചിയുടെ കൂട്ടുകാര്‍ വന്നിരുന്നു.
കൂട്ടത്തില്‍ വന്നതായിരുന്നു നിരഞ്ജന്. അവൾ നിരഞ്ജനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. ചേച്ചിയുടെ സഹപാഠി എന്നതില്‍ കവിഞ്ഞ് അദ്ദേഹത്തോട് ആദ്യമൊന്നും ഞാന്‍ അധികം സംസാരിച്ചിരുന്നില്ല. കൂടാതെ, വര്‍ഷയ്ക്ക് നിരഞ്ജനുമായി എന്തോ അടുപ്പം ഉണ്ടെന്ന് സംശയവും ഉണ്ടായിരുന്നു. മറ്റുകൂട്ടുകാര്‍ അമ്മയുടെ പതിനാറടിയന്തിരം കഴിഞ്ഞ് പിരിഞ്ഞെങ്കിലും നിരഞ്ജന്‍ മാത്രം വീട്ടില്‍ ഒരാഴ്ച താമസിച്ചു.
ആ നാളത്രയും എന്നോടുള്ള അദ്ദേഹത്തിന്റെ സംസാരത്തില്‍ ഒരു മാറ്റം പ്രകടമായിരുന്നു. ബോധപൂര്‍വം ആയിരുന്നു ഒരാഴ്ചത്തെ ആ വാസം എന്ന് പിന്നീടറിയാന്‍ സാധിച്ചു. അദ്ദേഹത്തിന് എന്നെ വിവാഹം കഴിക്കാനാഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, ചേച്ചിയോടോ അച്ഛനോടോ പറയാന്‍ നിരഞ്ജന്‍ അന്ന് സാധിക്കുമായിരുന്നില്ല. അപ്പോള്‍ എന്റെ പഠനം പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. കൂടാതെ, അമ്മയുടെ ആണ്ട് കഴിയാതെ വിവാഹവും നടക്കില്ല. ആ ആഗ്രഹത്തോട് വര്‍ഷയുടെയും അച്ഛന്റെയും പ്രതികരണം എങ്ങനെയെന്നും അറിയില്ല. ജാതിയും മാറ്റം ഉണ്ട്. ഒരാഴ്ച കഴിഞ്ഞ്, പോകാന്നേരത്ത് അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് എന്നോടു പറഞ്ഞിരുന്നു.
ഞാനും നിസ്സഹായയായിരുന്നു. ഡിഗ്രി അവസാന വര്‍ഷമായിരുന്നു അപ്പോള്‍.. ചേച്ചിയെപ്പോലെ പി.ജിക്ക് തൃശൂര്‍ തന്നെ പഠിക്കാന്‍ പോകണം. അപ്പോഴേക്കും ചേച്ചിയുടെ പഠനം കഴിയും. അന്ന് അദ്ദേഹം പറഞ്ഞ ആഗ്രഹം ഞാന്‍ മൂടിവച്ചെങ്കിലും, കാലക്രമേണ എന്നിലും ഇഷ്ടമായി വന്നു. ആരോടും പറയാതെ വിങ്ങലായി ഉള്ളില്‍ വച്ചു ഡിഗ്രി പൂര്‍ത്തിയാക്കി. അത്രയുംകാലം നിരഞ്ജന്‍ എന്നെക്കുറിച്ച് വര്‍ഷയിലൂടെ അറിയുന്നുണ്ടായിരുന്നു, എനിക്ക് അറിയാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിച്ചിരുന്നില്ല.
സാധിച്ചിരുന്നു. ഒരുപാടൊരുപാട്. ഈ ലോകത്ത് ഏറ്റവും കൂടുതല്‍..1990 വിഷുവിന് ശേഷം.. ഒരുവര്‍ഷത്തോളം അടുത്തറിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 300 ദിവസം. അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ ഞങ്ങളുടെ ബന്ധത്തിന്.
അച്ഛന്റെ ചേച്ചിയുടെ ഭര്‍ത്താവാണ് അശോകന്‍ വല്യച്ഛന്‍. അദ്ദേഹത്തിന് ജോലി തൃശൂരിലായിരുന്നു. 1989 ല്‍ ആയിരുന്നു നിരഞ്ജന്‍ തിരുവനന്തപുരത്തുള്ള വീട്ടിൽ വന്നതും എന്നെ ഇഷ്ടപ്പെട്ടതും. അതിന്റെ അടുത്തവര്‍ഷം എന്റെ ഡിഗ്രി പൂര്‍ത്തിയായി. തൃശൂരിലുള്ള അശോകന്‍ വല്യച്ഛന്റെ വീട്ടില്‍ താമസിച്ചായിരുന്നു തുടര്‍പഠനം നടത്തിയത്. അവിടെ നിന്നുതന്നെയാണ് വര്‍ഷയും പഠിച്ചത്. അവിടെ അഡ്മിഷനും മറ്റും സഹായിക്കാനായി നിരഞ്ജനെ വര്‍ഷ തന്നെ ഏര്‍പ്പാടാക്കിയിരുന്നു. അദ്ദേഹത്തിന്റെ വീട് വല്യച്ഛന്റെ വീട്ടിനടുത്ത് തന്നെയായിരുന്നു.
സ്വന്തം വീട്ടില്‍ അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു. ആ വീട്ടിലെ ശ്വാസംമുട്ടലില്‍ നിന്നും മുക്തമായത് തൃശൂരില്‍ വന്നശേഷമായിരുന്നു. ആ ജീവിതം സ്വര്‍ഗ്ഗതുല്യം ആയിരുന്നു; ആ മുന്നൂറു ദിവസവും. ഇന്നും ജീവിക്കുന്നത് അന്നു കണ്ട സ്വപ്‌നങ്ങളാലാണ്.
ഞാനാദ്യമായി തീയറ്ററില്‍ വച്ച് കണ്ട സിനിമയായിരുന്നു പത്മരാജന്റെ ഇന്നലെ. അതും നിരഞ്ജന്റെ കൂടെ.. ആദ്യമായും അവസാനമായും.
അന്ന് ആ സിനിമയുടെ ക്ലൈമാക്‌സ് കണ്ട്, ഏങ്ങലടിച്ചുകരഞ്ഞിരുന്ന എന്നെ ആശ്വസിപ്പിച്ച് നിരഞ്ജന്‍ കെട്ടിപ്പിടിച്ചത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണു നിറയും. ശോഭനയുടെ, ഓര്‍മ്മശേഷി നഷ്ടപ്പെട്ട മായയും ജയറാമിന്റെ, സിദ്ധാര്‍ത്ഥ് മേനോനും സുരേഷ്‌ഗോപിയുടെ, ഡോക്ടര്‍ നരേന്ദ്രനും ഉള്ളുലച്ച് കിടക്കുന്നുണ്ട്. ആ സിനിമയും നിരഞ്ജന്റെ ഓര്‍മ്മപോലെ ഇപ്പോഴും വിങ്ങലായി നില്ക്കുന്നു.
കണ്ണുനീര്‍ചാലുപോലെ ഒഴുകിയത് ബെഡ്ഷീറ്റുകൊണ്ട് ഒപ്പിയെങ്കിലും, മുഖം കഴുകാനായി എഴുന്നേറ്റു. സമയം നോക്കാന്‍ മൊബൈല്‍ എടുത്തപ്പോള്‍അത് ഓഫായിരുന്നു. വര്‍ഷയോടുള്ള വെറുപ്പില്‍ ഓഫാക്കിയതാണ്.
മൊബൈല്‍ ഓണ്‍ ചെയ്തതും ഒരു കോള്‍ വന്നതും ഒന്നിച്ചായിരുന്നു. എന്റെ കരഞ്ഞുകലങ്ങിയ കണ്ണിലൂടെ ആ പേര് ഞാന്‍ വായിച്ചെടുത്തു
വര്‍ഷ രവി…
ആ പേരുകണ്ട് കട്ട് ചെയ്‌തെങ്കിലും വീണ്ടും കോള്‍ വന്നു. നിവൃത്തിയില്ലാതെ എടുത്തെങ്കിലും ആമുഖമില്ലാതെ അവള് എന്നോടായി പറഞ്ഞത് ഇത്രമാത്രമായിരുന്നു.
‘ഡീ.. നിന്റെ നിരഞ്ജനെ ഞാന്‍ ബാംഗ്ലൂരില്‍ വച്ച് കണ്ടു. അവന്‍ ഇവിടെയുണ്ട്.’
‘ഇന്നലെ’ എന്ന സിനിമയിലെപോലെ ഓര്‍ത്തെടുക്കേണ്ടിവന്നില്ല. ഇപ്പോള്‍ ഒഴുകുന്ന കണ്ണുനീരും നിരഞ്ജന്‍ കാരണമാണ്. ആ ഓര്‍മ്മയില്‍ കണ്ഠം വിറച്ച് തൊണ്ടയിടറി.. വാക്കുകള്‍ കിട്ടാതെ, അറിയാതെ കൈ മൊബൈലിന്റെ സ്വിച്ച്ഓഫ് ബട്ടണില്‍ അമര്‍ന്നു.
നേരത്തെ തോര്ന്ന കണ്ണുനീര്‍ ധാരധാരയായി ഒഴുകി.. ഞാന്‍ അറിയാതെ കട്ടിലിലേക്ക് മലര്ന്നുവീണു.
എന്റെ ജീവനായിരുന്ന എന്റെ നിരഞ്ജന്‍. മോനിഷ-നിരഞ്ജന്‍ എന്ന് മരണംവരെ നെഞ്ചില്‍ പതിപ്പിച്ച, എവിടെയാണെന്ന് അറിയാത്ത മൂന്ന് പതിറ്റാണ്ട്, എന്നെ സന്യാസത്തിലേക്ക് തള്ളിവിട്ട, അതേ നിരഞ്ജനെ കണ്ടെന്ന്.!
മോനിഷ-നിരഞ്ജനെ വേര്‍പടുത്തിയ, വര്‍ഷയില്‍ നിന്നുതന്നെയുള്ള വാക്കുകള്‍. ശരീരം വിറയ്ക്കുന്നു. നിരഞ്ജനെ ഇനിയൊരിക്കലും കാണാന്‍ ആഗ്രഹിച്ചില്ലെങ്കിലും, ഈ ഭൂമിയില്‍ എവിടെയെങ്കിലും സന്തോഷമായി കഴിയുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ പ്രാര്‍ത്ഥന എന്റെ വടക്കുംനാഥന്‍ കേട്ടു.
അന്ന് പറഞ്ഞതുപോലെ, എന്നെപ്പോലെ വിവാഹം കഴിക്കാതെ കാത്തിരിക്കുകയാകും. വാര്‍ദ്ധക്യത്തില്‍ കൈപിടിക്കാനായി വരുമെന്നറിയാം.. ഇത്രയും നാള്‍ ഉള്ളിലൊതുക്കിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. ദൈവം ഉണ്ടെന്ന് ഇപ്പോഴാണ് പൂര്‍ണ വിശ്വാസം ആയത്.
ഞങ്ങളുടെ ബന്ധം അറിഞ്ഞ് അച്ഛനും വര്‍ഷയും ‘താണ്ഡവം’ ആടിയപ്പോള്‍, ഒന്നാംവര്‍ഷംകൊണ്ട് പഠനം നിര്‍ത്തിച്ച് തിരുവനന്തപുരത്ത് വീട്ടുതടങ്കലി ൽ വെച്ചപ്പോള്‍ മുതല്‍ പ്രാര്‍ത്ഥനയായിരുന്നു; എന്നെങ്കിലും എന്നെത്തേടി നിരഞ്ജന്‍ വരുമെന്ന്..
വടക്കുംനാഥാ..
അങ്ങയുടെ മണ്ണില്‍ നിന്ന് ഞങ്ങള്‍ മാത്രമറിഞ്ഞ്, നിരഞ്‌ജേട്ടനെന്നെ താലി കെട്ടിയപ്പോള്‍ വിശ്വാസമുണ്ടായിരുന്നു – മരണംവരെ പിരിയില്ലെന്ന് – മനസ്സ് തമ്മില്‍ അകലില്ലെന്ന്..
നിരഞ്‌ജേട്ടനെക്കുറച്ച് അറിയാനുള്ള ക്ഷമനശിച്ച് ഞാന്‍ മൊബൈല്‍ ഓണാക്കി..
കൈ വിറച്ച്, വര്‍ഷച്ചിയെ വിളിച്ചു.
‘ചേച്ചീ.’
‘നിനക്ക് സന്തോഷാകുംന്നാ കരുതിയത്.. ഞങ്ങളോട് ക്ഷമിക്ക് മോളേ.. കഴിഞ്ഞതൊക്കെ ഓര്‍ത്ത് വാശി കാണിക്കണ്ട. ദൈവമായിട്ടാണ് ഞങ്ങള്‍ക്കു മുന്നില്‍ത്തന്നെ അവനെ എത്തിച്ചത്. അവന് ഞങ്ങളെ കണ്ടില്ല. പക്ഷേ, അവന്‍ ദിവാനറപാളയ എന്ന സ്ഥലത്തുണ്ട്.
‘ഫാമിലി?’
‘ഒറ്റയ്ക്കാ.’
‘പക്ഷേ…’
‘എന്താ പക്ഷേ..?’
‘വിഷമിക്കരുത്.. സന്തോഷമുള്ള കാര്യമാ..’
‘നിന്നോടുള്ള പകയില്‍, നിരഞ്ജന്‍ വിവാഹിതനായതാ.. ഒരു മകനുണ്ട്.. എന്റെ മോന്റതേ പ്രായം’ – വര്‍ഷ പറയുന്ന കാര്യങ്ങള്‍ പുറത്തെ കോരിച്ചൊരിയുന്ന മഴയിലും ഞാന്‍ കാതുകൂര്‍പ്പിച്ച് കേട്ടു.
‘നിരഞ്ജനെ ഉപേക്ഷിച്ച് ഭാര്യയും മകനും പോയി. ലീഗലായി ബന്ധം വേര്‍പെടുത്തി..’
‘ഈശ്വരാ. എന്താ കാരണം.?’
‘അത് നീ അറിയരുത്. നിനക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല.’
വര്‍ഷയുടെ വാക്കുകള്‍ക്കൊപ്പം പുറത്ത് വലിയ ശബ്ദത്തോടെ മിന്നല്‍ പതിച്ചു..
‘പറ ചേച്ചീ.. ഇത്രേം വര്‍ഷം ഞാന്‍ ജീവിച്ചെങ്കില്‍ എനിക്കതറിയണം..’
‘തളരരുത്..’
‘ഇല്ല..’
‘നിരഞ്ജന്‍ ഒരപകടത്തില്‍ ഓര്‍മ്മ നശിച്ചു. പഴയതൊന്നും ഓര്‍മ്മയില്ല..’
‘മായയെ പോലെയോ. ഇന്നലെയിലെ?’
‘മായയോ അതാരാ. ഇന്നലെയോ. മോനിഷേ.. നീ എന്താ പറയുന്നത്. നിരഞ്ജന്‍ പഴയതൊന്നും ഓര്‍മ്മയില്ല.. ആ അവസ്ഥയില്‍ ഇട്ടെറിഞ്ഞ് പോയതാണ് ഭാര്യ.. നാടെവിടെയാണെന്നുപോലും ഓര്‍മ്മയില്ല. സ്വന്തം മകനെപ്പോലും തിരിച്ചറിയുന്നില്ല.. ഒരു പക്ഷേ. നിന്നെക്കണ്ടാല്‍..’
എനിക്ക് നാവ് ചലിക്കുന്നുണ്ടായിരുന്നില്ല.. എന്റെ ശാപമായിരുന്നോ.. തെറ്റിദ്ധാരണയില്‍ പറഞ്ഞ വാക്കുകള്‍ അറംപറ്റിയോ.. അന്ന് പിരിഞ്ഞദിവസം, എന്നെ ‘നന്ദികെട്ടവളെന്ന്’ ആക്രോശിച്ചപ്പോള്‍ ഞാനും ഒരുപാട് മോശം വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ‘മുന്നൂറുദിവസം സ്‌നേഹിച്ചതിനുള്ള കൂലി ദൈവം തന്നിരിക്കും’ എന്ന് ഞാന് നിരഞ്‌ജേട്ടനോട് അന്ന് പറഞ്ഞതാണ്.
എന്റേത് മാത്രമെന്ന് അത്യാഗ്രഹിച്ച, എന്റെ നിരഞ്‌ജേട്ടനോട് പിരിയാനുള്ള വിഷമത്തില്‍ പറഞ്ഞ ആ വാക്കുകള്‍ എന്നെപ്പോലെ ഒറ്റയ്ക്കാക്കിയിരിക്കുന്നു. ഒരുപക്ഷേ അത് എനിക്ക് വേണ്ടിയായിരിക്കും; ഞങ്ങള്‍ക്ക് വേണ്ടിയായിരിക്കും.
മൗനത്തിനിടയിലും കോളിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന് വര്‍ഷ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.
‘ഞാന്‍ വരും ചേച്ചീ.. ഇന്നു തന്നെ…’
വർഷങ്ങളായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്‌നേഹത്തെ കാണുവാനായി ഞാന്‍ പുറപ്പെട്ടു.. സന്യാസിമഠത്തില്‍ നിന്ന് സ്ഥിരമായുപയോഗിക്കുന്ന വെള്ളവസ്ത്രം തിരിച്ചേല്‍പ്പിച്ച് ഞാനിറങ്ങി. വടക്കുംനാഥന്റെ മണ്ണില്‍ നിന്ന് നിരഞ്‌ജേട്ടന് എന്റെ കഴുത്തില്‍ താലികെട്ടിയപ്പോള്‍ ഉടുത്ത പച്ചകസവ് സാരി മാത്രം എടുത്ത് ഞാന്‍ ബെംഗ്ലൂരുവിലേക്ക് പുറപ്പെട്ടു.
ഏട്ടന് എന്നെ തിരിച്ചറിയാന്‍പറ്റും.. എന്റെ വിളികേട്ടാല്‍ ഓര്‍ക്കാതിരിക്കില്ല.
ബെംഗളൂരിലേക്കുള്ള ട്രെയിന്‍ യാത്ര മുഴുവന്‍ ‘ഇന്നലെ’യിലെ രംഗങ്ങളായിരുന്നു. എന്റെ ജീവനെ നേരിട്ട് കാണാനായുള്ള യാത്ര വീണ്ടും പഴയകാലത്തേക്ക് പോയി; ആ പഴയ മുന്നൂറു ദിവസങ്ങളിലേക്ക്.
ആദ്യമായി തെയ്യത്തെ ഞാന്‍ കണ്ടതും ഏട്ടന്റെ കൂടെയായിരുന്നു. ഒരു രാത്രിമുഴുവന്‍ തെയ്യങ്ങളുടെ അനുഗ്രഹം ലഭിച്ചു ഞങ്ങള്‍ക്ക്. വര്‍ഷമത്രയും തിരുവനന്തപുരത്ത് ജീവിച്ചിട്ടും പത്മനാഭനെ ആദ്യമായി എനിക്ക് തൊഴാന്‍ സാധിച്ചത് നിരഞ്‌ജേട്ടന്റെ കൂടെയായിരുന്നു. അങ്ങനെ അമിതമായ ആ സന്തോഷത്തിനൊടുവിൽ വില്ലനായി രവിയെന്ന അച്ഛനും കൂടെപ്പിറപ്പും ഞങ്ങള്‍ക്കിടയില്‍ വന്നു..
പരസ്പരം ഇഷ്ടമാണെന്നറിയിച്ചപ്പോള്‍ അവര്‍ ഞങ്ങളെ ഒന്നിപ്പിച്ചില്ലെന്ന് മാത്രമല്ല. എനിക്കു ലഭിക്കേണ്ട സ്വത്ത് മുഴുവന്‍ ചേച്ചിയുടെ പേരിലാക്കുകയും ചെയ്തിരുന്നു അച്ഛനെന്ന അമ്മയുടെ ഘാതകന്‍… എന്റെ പഠനം പൂര്‍ത്തീകരിക്കാനും വിട്ടില്ല. ഒരുവര്‍ഷത്തോളം പുറംലോകം കാണിക്കാതെ വീട്ടിലുമടച്ചു. നിരഞ്ജന്റെ വീട്ടില്‍ച്ചെന്ന് എന്നെക്കുറിച്ച് മുറച്ചെറുക്കനുമായുള്ള അപവാദക്കഥയും വിവരിച്ച് നിരഞ്‌ജേട്ടനുമായുള്ള എന്റെ വിവാഹവും മുടക്കി. എന്റെ വിവാഹം കഴിഞ്ഞെന്ന് വിശ്വസിപ്പിച്ച് വീട്ടില്‍ വന്ന് വഴക്കിട്ട് പോയതാണ് തൊള്ളായിരത്തി ഒന്ന് ഏപ്രില്‍ 9 ന് നിരഞ്‌ജേട്ടന്..
അന്നായിരുന്നു അവസാനമായി ഞങ്ങള്‍ കണ്ടത്.
ഇന്നും അതുപോലൊരു ഏപ്രില് 9…!
ഞങ്ങള്‍ ആദ്യമായി സിനിമ ഒരുമിച്ചിരുന്നു കണ്ടദിനവും മറ്റൊരു ഏപ്രില്‍ 9 ന് ആയിരുന്നു. പിരിയുന്നതിന്റെ ഒരുവര്‍ഷം മുമ്പുള്ള ഏപ്രില്‍ 9 ന്.. തൃശൂര്‍ ജോസ് തീയറ്ററില്‍വച്ച് ആയിരുന്നു അത്.
ഇന്നലെ.!
എല്ലാം ഇന്നലെയെന്നപോലെ.
ബെംഗളൂരു റെയില്‍ വേസ്റ്റേഷനില്‍ ഞാന്‍ ഇറങ്ങി.. എന്നെ കാത്ത് അവര്‍ അവിടെയുണ്ടായിരുന്നു.
എല്ലാത്തിനും കാരണക്കാരായ വര്‍ഷയും രവിയും..
പലവികാരങ്ങളുംകൊണ്ട് എന്റെ കണ്ണുനിറഞ്ഞു.. ജന്മം നല്‍കിയ ആ മനുഷ്യനെ, അമ്മയെ കൊന്നവനെ ഞാന്‍ നോക്കിയില്ല.. എന്റെ കൈ പിടിക്കാന്‍ വന്ന വര്‍ഷയുടെ കൈ ഞാന്‍ തട്ടിമാറ്റി. എന്റെ നിരഞ്‌ജേട്ടനെ കാണാനായി അവള്‍ക്ക് മുന്നെ ഞാന്‍ നടന്നു; ഇന്നലെകളിലെ നൊമ്പരം പേറി..
വര്‍ഷയുടെ ഹോസ്റ്റലിലെത്തി ഞാന്‍ ട്രെയിന്‍ യാത്രയില്‍ ധരിച്ച സാരിമാറ്റി, ആ പച്ച കസവുസാരിയുടുത്തു.
എന്റെ കഴുത്തില്‍ ചാര്‍ത്തിയ, സൂക്ഷിച്ച് വച്ച ആ താലിയും അണിഞ്ഞ് ഞാന്‍ എന്റെ പ്രാണനെക്കാണാനായി മനസ്സുകൊണ്ട് തയ്യാറെടുത്തു.
അച്ഛനില്ലാതെ ഞാനും വര്‍ഷയും ഓട്ടോയില്‍ കയറി..
‘സിക്സ്റ്റീന്ത് ക്രോസ്.. ദിവാനറപാളയ.’ – വര്‍ഷ ഓട്ടോകാരനോട് പറഞ്ഞു.
ഓട്ടോ ഞങ്ങളെയുംകൊണ്ട് ക്രോസ് റോഡുകളിലൂടെ നീങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളെ നിരഞ്ജന്‍ കാണുകയാണ്.. ഓര്‍മ്മശക്തി നഷ്ടപ്പെട്ടാലും ഞങ്ങളെ തിരിച്ചറിയാതെയിരിക്കില്ല. പ്രത്യേകിച്ച് താലികെട്ടിയ എന്നെ.
ഞാനും നിരഞ്ജനും രഹസ്യമാക്കിവച്ച ആ വിവാഹം തന്നെയായിരിക്കും ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നത്.
റോഡ്‌സൈഡിലുള്ള പച്ച പെയിന്റ് അടിച്ച മൂന്നുനില കെട്ടിടത്തിനടുത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ വര്‍ഷ ആവശ്യപ്പെട്ടു. ഓട്ടോയില്‍ നിന്ന് ഞങ്ങളിറങ്ങി.
വര്‍ഷയ്ക്കു പുറകെ കാലുകള്‍ വലിഞ്ഞ് ഞാൻ നടന്നു.വികാരാധിക്യത്താല്‍ എന്റെ തൊണ്ടക്കുഴല്‍ വിങ്ങുന്നുണ്ടായിരുന്നു..
ഗെയ്റ്റ് കടന്ന് അടച്ചിട്ട വീടിന്റെ കോളിംഗ്‌ബെല്‍ അടിച്ചു. നിമിഷങ്ങള്‍ക്കകം ആ ഒറ്റമുറിയില്‍ നിന്ന് നരച്ചമുടിക്കാരന്‍ ഡോര്‍ തുറന്നു..
അത് നിരഞ്ജനായിരുന്നു.
ഡോര്‍ തുറന്ന് നിരഞ്ജന്‍ ഞങ്ങളെ മാറിമാറി നോക്കി. ഞങ്ങളെകണ്ട ആ മുഖം ആശ്ചര്യത്താല്‍ പ്രകാശിതമാകുന്നുണ്ടായിരുന്നു.
വര്‍ഷയുടെ കഴുത്തിനുവശത്തുകൂടി ഞാനും അദ്ദേഹത്തെ കണ്ണിമയ്ക്കാതെ നോക്കുകയായിരുന്നു..
മാറ്റമൊന്നുമില്ലായിരുന്നു നിരഞ്ജന്‍…മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പുകണ്ട അതേ നിരഞ്ജന്‍..
‘ഞാന്‍….’ – ഞങ്ങളെ പരിചയപ്പെടുത്താനായിത്തുടങ്ങിയപ്പോഴേക്കും കതക് മുഴുക്കെത്തുറന്ന് ഞങ്ങളെ അകത്തേക്ക് അദ്ദേഹം ക്ഷണിച്ചു.
‘വാ…’
ഞങ്ങള് മുറിയിലേക്ക് കയറി, അയാള്‍ക്ക് അഭിമുഖമായി സോഫയിലിരുന്നു.
വര്‍ഷ എന്നെചൂണ്ടി ചോദിച്ചു.
‘ഇത് മോനിഷ. നിരഞ്ജന്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ..?’
ആ സമയം, അന്നുവരെ ഞങ്ങള്‍ ഒരുമിച്ച് കണ്ട എല്ലാ ദൈവങ്ങളോടും ആയിരുന്നു എന്റെ പ്രാര്‍ത്ഥന, ഞങ്ങളോടായി ഒരിക്കലും പരസ്പരം കൈവെടിയരുതെന്ന് പറഞ്ഞ തെയ്യക്കോലങ്ങളോടുമായിരുന്നു.
എന്റെ കണ്ണുകളില്‍ തന്നെ നോക്കി അദ്ദേഹം മറുപടി പറഞ്ഞു.
‘ഇല്ല.. ‘ – ഞാന്‍ ആ വാക്കുകേട്ട് ഞെട്ടി.
‘പക്ഷേ.. ഇയാള്‍… വര്ഷ.. എനിക്കോര്മ്മ ഉണ്ട്.. – വര്ഷയുടെ മുഖത്ത് നോക്കി നിരഞ്ജൻ തുടര്ന്നു.
‘കോളേജില്‍ പഠിക്കുമ്പോള്‍ എന്നെ വിവാഹംകഴിക്കാന് ആഗ്രഹം പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ട്.. പിന്നീട് ഒന്നും ഓര്‍മ്മയില്ല. ഇത്രയും കാലം എന്നെ കാത്തിരിക്കുകയായിരുന്നോ.? എനിക്കറിയാം എന്നെത്തേടി എത്തും എന്ന്.. ഈ കാലത്തിനിടയില്‍ എനിക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല.. ഞാന്‍ ജീവിക്കുകയായിരുന്നു’. – വര്‍ഷയുടെ കണ്ണില്‍ നോക്കി അയാള്‍എന്റെ നെഞ്ച് പിളര്‍ത്തിക്കൊണ്ട് തുടര്‍ന്നു. .
‘ഞാന്‍ കാത്തിരുന്നതും വര്‍ഷയ്ക്ക് വേണ്ടിയാ..’- ആ വാക്കുകള്‍കൂടി കേട്ടപ്പോള്‍ എന്റെ ശരീരം വിയര്‍ത്ത് തുടങ്ങിയിരുന്നു. ഞാന്‍ സോഫയില്‍ നിന്നും എഴുന്നേറ്റു.. അപ്പോഴും നിരഞ്ജന്റെ കണ്ണുകള്‍ വര്‍ഷയുടെ കണ്ണുകളില്‍ ആയിരുന്നു.
‘ഇന്നലെയും ഞാന്‍ ഓര്‍ത്തു.’
ഇന്നലെ!.
ഇന്നലെകളിയിലേക്ക് ഞാനും നടന്നു നീങ്ങി.. ഓര്‍മ്മകള്‍ ഓരോന്നായി എനിക്ക് നഷ്ടപ്പെടുന്നതുപോലെ..
അവസാനമായി എന്നെ താലികെട്ടിയ, മരണം വരെ രഹസ്യമാക്കി വച്ചിരുന്ന, എന്റെ ജീവന്റെ പാതിയെന്ന് ഞാന്‍ വിശ്വസിച്ച ആ മനുഷ്യനെ ഞാന്‍ തിരിഞ്ഞുനോക്കി; തിരുത്താന്‍ ശ്രമിക്കാതെ.
തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിനു സമമായിരുന്നു – വര്‍ഷയുടെ രൂപത്തില്‍.
‘ഐ ലൗവ് യു നിരഞ്ജാ…’ – വര്‍ഷയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ അലയടിച്ചു…
കണ്ണില്‍ ഇരുട്ട് കയറുന്നു..
കണ്ണിമയ്ക്കാതെ കാത്തിരുന്ന എനിക്ക് കണ്ണ് തുറക്കാന് പറ്റാതായിരിക്കുന്നു.
9847030405






