ബുദ്ധത്വം
ബുദ്ധത്വത്തിലേക്ക് ഉണര്‍ന്നു വരാനുള്ള അനന്തമായ സാദ്ധ്യതകള്‍ നമുക്കു മുമ്പില്‍ നിറഞ്ഞിരിക്കുന്നുണ്ട്. അതൊന്നും കാണാതെ, കേള്‍ക്കാതെ, അറിയാതെ, അവരവരുടെ ഇടുങ്ങിയ ലോകങ്ങളില്‍ തപസ്സു ചെയ്തിരിക്കുന്ന നമ്മള്‍ അതില്‍ നിന്നും നിവര്‍ന്നെഴുന്നേറ്റ്, ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബുദ്ധിയെയും തുറന്നുവെച്ച്, ധാര്‍മ്മികമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ മനസ്സുവെച്ചാല്‍ ബുദ്ധത്വം നമ്മെ സ്പര്‍ശിച്ചു തുടങ്ങും.

ബുദ്ധം ഉള്ളിലുണ്ടെന്നറിയാന്‍ ഏറ്റവും എളുപ്പമായ വഴി ഒരു കുഞ്ഞിന്റെ അടുത്ത് വെറുതെ ചെന്നിരിക്കലാണ്. വേറൊയൊന്നും വേണ്ട. ആര്‍ദ്രതയും കാരുണ്യവും എല്ലാറ്റിനോടുമുള്ള സ്‌നേഹവും നിറഞ്ഞ ഒരു ബോധാവസ്ഥ അവിടെ സജീവമാകും. ബുദ്ധനെ നാം അവിടെ അനുഭവിക്കും.
ഒരു റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയാണെന്ന് കരുതുക. ട്രെയിനുകള്‍ വരുന്നത് നോക്കി, ചുറ്റും നടന്നു പോകുന്ന ആളുകളിലേക്ക് ശ്രദ്ധ നട്ട് അലസമായി നാം ഇരിക്കുകയാണ്. പല തരത്തിലുള്ള പ്രക്ഷുബ്ധതകള്‍ നമ്മുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടാകും. തൊട്ടപ്പുറത്ത് ബെഞ്ചില്‍ ഒരമ്മ കുഞ്ഞിനെയും തോളിലിട്ട് വന്നിരുന്നു എന്നു കരുതുക.ആ കുഞ്ഞ് അമ്മയുടെ തോളില്‍ കിടന്ന്, ഇപ്പുറത്ത് നില്‍ക്കുന്ന നമ്മെനോക്കി ഒന്നു ചിരിച്ചെന്നു കരുതുക.
തികച്ചും അപരിചിതമായ ആ കുഞ്ഞ് നമ്മെനോക്കി പൗര്‍ണ്ണമി പോലെ ചിരിക്കുന്നത് കാണുമ്പോള്‍ ആ നിമിഷത്തില്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു വെളിച്ചമുണ്ട്. ആ ഒറ്റച്ചിരി പെട്ടെന്ന് നമ്മെ കൊണ്ടെത്തിക്കുന്ന അനായാസതയുടെ ഒരിടമുണ്ട്. വലിഞ്ഞ് മുറുകിയിരുന്ന നമ്മുടെ മനസ്സ് പരിപൂര്‍ണ്ണമായി അയയും. പൂര്‍വകാലസ്മൃതികളും വര്‍ത്തമാനകാല പരിസര ബോധവും അപ്രത്യക്ഷമാകും. നമ്മുടെയുള്ളില്‍ ഒരു കുഞ്ഞ് ഉണരും. യാതൊരു പരിസരബോധവുമില്ലാതെ നമ്മെ നോക്കി ചിരിക്കുന്ന കുഞ്ഞിനെ അകലെ നിന്നും നാം കൊഞ്ചിക്കും. നമുക്കുതന്നെ നമ്മളെ നോക്കി ചിരി വരും. ദുഃഖിച്ചിരുന്ന നമ്മള്‍ എത്ര പെട്ടെന്നാണ് നമ്മിലെ നിഷ്‌ക്കളങ്കത്വം, സന്തോഷം തിരിച്ചെടുക്കുന്നത്.
വല്ലപ്പോഴും മാത്രമേ നാമിത് അനുഭവിക്കുന്നുള്ളൂ. വല്ലപ്പോഴും അനുഭവിക്കുന്ന ബുദ്ധനെ നിരന്തരം അനുഭവിക്കാന്‍ വേണ്ടിയാണ് ജീവിതം എന്നു നാം മറന്നുപോയി. ഒരു പൂവ് വിരിയുന്നത് കാണുമ്പോള്‍, സൂര്യന്‍ ഉദിച്ചു വരുമ്പോള്‍, പൗര്‍ണ്ണമിയില്‍ അലിഞ്ഞു നില്‍ക്കുമ്പോള്‍, ഹൃദയത്തെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചിട്ടുള്ള ഒരു ഗാനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ , ഏറ്റവും പ്രിയപ്പെട്ട ആളെ ഒന്നു കാണുമ്പോള്‍ ഒക്കെ അനുഭവിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒരു മൗനം നമ്മെ വന്ന് പുല്‍കും. ആ നിമിഷത്തില്‍ എനിക്കിനി ഒന്നും വേണ്ട എന്നു പറയുന്ന ഒരു ഉള്‍സ്വരം നമുക്ക് കേള്‍ക്കാം. ഈ ഒരു സമാധാനം മതി, ഈ ഒരു ആര്‍ദ്രതയില്‍ ഇങ്ങനെ ഇരുന്നാല്‍ മതി എന്നുള്ള അനുഭവം. കുറച്ചു സമയത്തെ ആ തെളിച്ചത്തില്‍ നിന്നും നമുക്ക് വീണ്ടും പുറത്തേക്ക് വരേണ്ടി വരുന്നു. അങ്ങനെയാണ് നമ്മുടെ വ്യാവഹാരികതയും ജൈവികതയും രൂപപ്പെട്ടു വന്നിട്ടുള്ളത്.
ബുദ്ധം എന്ന അനുഭവത്തെ ധ്യാനവിഷയമാക്കണം. നെഞ്ചോട് ചേര്‍ത്തു പിടിക്കണം. അതിന് കണ്ണുകള്‍ അഞ്ചും ഉള്ളടക്കി തെരുതെരെ വീണു വണങ്ങണം എന്നു പറയുമ്പോള്‍ നാളെ പ്രാപിക്കാനുള്ള ഏതോ ഒന്നിനെയാണ് എന്നു തെറ്റിദ്ധരിക്കരുത്. ജനിച്ചു വീണ അന്നു മുതല്‍ ജീവിക്കുന്ന ഈ നിമിഷം വരെ അനുഭവിച്ച ആ അനുഭവത്തെ ജീവിതത്തിന്റെ മുഖ്യപ്രതിഷ്ഠയാക്കണം. ആ പ്രതിഷ്ഠയെ വലം വെക്കുന്നഒരു ജീവിതമായിരിക്കണം നമുക്കുണ്ടാവേണ്ടത് എന്ന അറിവിലേക്ക് തെളിയുക മാത്രം ചെയ്താല്‍ മതി.
ഒരിക്കല്‍, ക്ലാസ്സിനിടെ ഒരു കുട്ടിയോട് ഞാന്‍ ചോദിച്ചു;
നിനക്ക് ബോറടിക്കാറുണ്ടോ?
ഇല്ല, എനിക്ക് ബോറടിക്കാറില്ല.
എന്തുകൊണ്ടാണ് ബോറടിക്കാത്തെ?
ഞാന്‍ എന്നെ സ്‌നേഹിക്കുന്നതുകൊണ്ടാണ് ബോറടിക്കാത്തത്.
നീ നിന്നെ സ്‌നേഹിച്ചാല്‍ മാത്രം മതിയോ?
അല്ല, മറ്റുള്ളവരെയും സ്‌നേഹിക്കണം.
പിന്നെയോ?
പിന്നെ ഞാന്‍ മരത്തിനോട് സംസാരിക്കും, പശുവിനോട് കളിക്കും, പാട്ടു പാടും, ചിത്രം വരയ്ക്കും.
ഒരു ഋഷിയുടെ മറുപടിയായാണ് ഞാനതനുഭവിച്ചത്. ആ കുട്ടി അവന് ചുറ്റും സന്തോഷം തരുന്ന കാര്യങ്ങള്‍ കണ്ടെത്തുകയാണ്. പ്രതീക്ഷിക്കുന്ന രീതിയിലുള്ള സന്തോഷം കിട്ടാത്തതുകൊണ്ട്, ജീവിതം ഇരുളാര്‍ന്നു പോയി എന്നു ദുഃഖിച്ചിരിക്കുന്നവരാണ് നമ്മള്‍. തൊട്ടു മുമ്പില്‍ നമ്മിലെ ബുദ്ധനെ ഉണര്‍ത്താന്‍ സഹായിക്കുന്ന അനേകം ഘടകങ്ങളുണ്ട്. പക്ഷേ, നമ്മൾ അതിലേക്ക് പോകുന്നില്ല. അതൊന്നും കാണുന്നില്ല. കാരണം, നമുക്ക് സന്തോഷം തോന്നണമെങ്കില്‍, സ്‌നേഹം തോന്നണമെങ്കില്‍ ഇന്ന കാര്യം സംഭവിക്കണം, ഇന്ന ചങ്ങാതി വന്നു സംസാരിക്കണം, വന്നു തൊടണം എന്ന് നമ്മള്‍ തീരുമാനിച്ചു വെച്ചിട്ടുണ്ട്. നമ്മള് നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ള ഇടങ്ങളില്‍ നിന്നും നാം ആഗ്രഹിക്കുന്നത് കിട്ടിയാല്‍ മാത്രമേ സന്തോഷിക്കൂ എന്നു തീരുമാനിച്ചു വെച്ചാല്‍ ജീവിതത്തിലൊരിക്കലും സന്തോഷമുണ്ടാകില്ല. ഉണ്ടായാലും അതൊന്നും അധികകാലം നിലനില്‍ക്കില്ല.
കൊറോണക്കാലത്തിലൂടെ കടന്നുപോയപ്പോള്‍, നമുക്ക് സഞ്ചരിക്കാന്‍ പറ്റാത്ത ഇടുങ്ങിയ ഇടങ്ങളില്‍ ജീവിക്കേണ്ടി വന്നു. അങ്ങനെയുള്ള ഒരിടത്ത് എങ്ങനെ സന്തോഷം കണ്ടെത്താവുന്ന അന്തരീക്ഷം സൃഷ്ടിക്കാമെന്ന് നാം ആലോചിച്ചു. അതിനെയാണ് ‘ബുദ്ധം ശരണം ഗച്ഛാമി’ എന്നു പറയുന്നത്. ബുദ്ധനെ ശരണം പ്രാപിക്കുക എന്നു പറഞ്ഞാല്‍ അതാണ്. ബുദ്ധ എന്ന, അവബോധം എന്നു പറയുന്ന ഒരു വൃത്തിയെ ഉള്ളില്‍ ഉണര്‍ത്തിയെടുക്കാനുള്ള അന്തരീക്ഷം ചുറ്റുമുണ്ട് എന്നുള്ളത് മറന്നുപോകരുത്. ഇരിക്കുന്ന മുറി, അല്ലെങ്കില്‍ മേശപ്പുറം ഒന്നു വൃത്തിയാക്കിയാല്‍, ഒരിക്കലും ഇനി സംസാരിക്കില്ല എന്നു കരുതിയിരിക്കുന്ന ആളെ ഒന്നു വിളിച്ചു സംസാരിച്ചാല്‍ മാത്രം മതി. പെട്ടെന്ന് വിളിക്കാന്‍ തോന്നിയപ്പോൾ ഞാന്‍ വിളിച്ചതാണ്, എന്തെങ്കിലും എന്റെഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം കേട്ടോ എന്ന് പറഞ്ഞ്,
കുറച്ചുനേരം സംസാരിച്ചാല്‍ അതോടെ നമ്മുടെ ബുദ്ധൻ ഉണരും.
ബുദ്ധനെ ഉണര്‍ത്താന്‍, പിണങ്ങിയിരിക്കുന്ന ഇടങ്ങളില്‍ ഇണക്കമുണ്ടാക്കാനുള്ള എന്തെങ്കിലുമൊന്ന് ചെയ്താല്‍ മതി. പക്ഷേ, നമ്മളത് ചെയ്യില്ല. കാരണം, നമ്മള്‍ ജീവിക്കുന്നത് ഇഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ്, ബുദ്ധത്വം അനുഭവിക്കാന്‍ വേണ്ടിയല്ല. വ്യക്തിപരമായ ആഗ്രഹങ്ങളുടെയും ധാരണകളുടെയും പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് നമ്മുടെ ജീവിതമെന്നു തീരുമാനിക്കുകയും അതു സാക്ഷാത്ക്കരിച്ചാല്‍ മാത്രമേ സന്തോഷിക്കൂ എന്നു ചിന്തിക്കുകയും ചെയ്യുന്ന ആളുകളിലേക്ക്, സ്വാസ്ഥ്യത്തിന്റെ തെന്നല്‍ വന്ന് പുല്‍കുവാനുള്ള സാദ്ധ്യത കുറവാണ്.
ഒരു നായ ഭക്ഷണത്തിനായി അടുത്തേക്ക് വരുമ്പോള്‍ ഓടിച്ചു വിട്ടാല്‍ അത് ഓടിപ്പോകും. കുറച്ചു കഴിഞ്ഞാൽ വീണ്ടും വരും. കാരണം, അന്നമാണ് അതിന് പ്രധാനം. നമ്മുടെ പ്രതികരണം ചിന്തിച്ചിരുന്നാല്‍ അതിന്റെ വയറ് നിറയില്ലെന്ന് അതിനറിയാം.
ഒരാള്‍ മൂര്‍ച്ചയേറിയ വാക്കു കൊണ്ട് നമ്മിലെ ബുദ്ധത്വത്തെ മുറിവേല്‍പ്പിച്ചു. അതിനെയാണ് ദുഃഖം എന്നു പറയുന്നത്. തൊട്ടപ്പുറത്ത് നമ്മളെ സ്‌നേഹിക്കാനും സ്‌നേഹം ഏറ്റുവാങ്ങാനുമുള്ള അനന്തമായ സാദ്ധ്യതകളുണ്ട്. വീട്ടുമുറ്റത്തെ ഒരു ചെടി മുതല്‍ അപരിചിതരായ മനുഷ്യര്‍ വരെ നമുക്കു ചുറ്റുമുണ്ട്. വെറുതെ അവരുടെ അടുത്ത് ചെന്നിരുന്നാല്‍ മതി. പക്ഷേ, നമ്മള്‍ ചിന്തിക്കുന്നത് ഈ ആളുമായുള്ള പ്രശ്‌നം തീര്‍ത്തിട്ടു മാത്രമേ സമാധാനിക്കൂ എന്നാണ്.
ബുദ്ധത്വത്തിലേക്ക് ഉണര്‍ന്നു വരാനുള്ള അനന്തമായ സാദ്ധ്യതകള്‍ നമുക്കു മുമ്പില്‍ നിറഞ്ഞിരിക്കുന്നുണ്ട്. അതൊന്നും കാണാതെ, കേള്‍ക്കാതെ, അറിയാതെ, അവരവരുടെ ഇടുങ്ങിയ ലോകങ്ങളില്‍ തപസ്സു ചെയ്തിരിക്കുന്ന നമ്മള്‍ അതില്‍ നിന്നും നിവര്‍ന്നെഴുന്നേറ്റ്, ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബുദ്ധിയെയും തുറന്നുവെച്ച്, ധാര്‍മ്മികമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ മനസ്സുവെച്ചാല്‍ ബുദ്ധത്വം നമ്മെ സ്പര്‍ശിച്ചു തുടങ്ങും.
ബുദ്ധം എന്ന അവബോധത്തെ ഉണര്‍ത്തിയെടുക്കാൻ നാം ധര്‍മ്മത്തെ ശരണം പ്രാപിക്കണം. ഇന്ദ്രിയങ്ങളിലും മനസ്സിലും ബുദ്ധിയിലും ധര്‍മ്മമായിരിക്കുന്നത് എന്താണെന്നറിഞ്ഞ് അതിനനുസൃതമായ ജീവിതസാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ തയ്യാറായാല്‍ നമ്മളിലെ ബുദ്ധം ഉണര്‍ന്നിരിക്കും എന്നാണ് ബുദ്ധന്‍ ആദ്യം പറഞ്ഞു വെക്കുന്നത്. അതുകൊണ്ടുതന്നെയാണ് ‘ബുദ്ധം ശരണം ഗച്ഛാമി’ എന്നു പറഞ്ഞതിന് ശേഷം നമ്മിലെ ബുദ്ധത്വത്തെ അല്ലെങ്കില്‍ അവബോധത്തെ ഉണര്‍ത്തി എടുക്കാന്‍ ധര്‍മ്മത്തെ ജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളിലും വ്യാപരിപ്പിക്കാന്‍ ശീലിക്കണം എന്ന അര്‍ത്ഥത്തില്‍ ‘ധര്‍മ്മം ശരണം ഗച്ഛാമി’ എന്നു ബുദ്ധന്‍ പറഞ്ഞുതരുന്നത്.
ആ ഒരു വെളിച്ചത്തെ മനസ്സില്‍ വെച്ചുകൊണ്ടു വേണം ബുദ്ധം ശരണം ഗച്ഛാമി എന്നു ബുദ്ധന്‍ പറയുന്ന ‘ഞാന്‍ ബുദ്ധനാണ്’, ‘ഞാന്‍ അവബോധമാണ്’ എന്ന വെളിച്ചത്തെ നാം ഉള്‍ക്കൊള്ളേണ്ടത്.






