കല്ലമാല സമരവും കമ്മാൻ കുളവും; ചരിത്രവും വീണ്ടെടുപ്പും
സാധുജന പരിപാലന സംഘത്തിന്റെ സമ്മേളന വേദികളില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്

കേരള നവോത്ഥാനത്തിന്റെ ചരിത്രം വിവേചനങ്ങൾക്കും അടിച്ചമർത്തലിനും അനീതികൾക്കും എതിരെ നടത്തിയ ജനകീയ പോരാട്ടങ്ങളുടെ പരമ്പരയാണ്. ഐതിഹാസികമായ കല്ലമാല സമരം, അതിൽ ഏറ്റവും തീക്ഷ്ണവും ചരിത്രപരമായി നിർണായകവുമായ ഒന്നാണ്. കേവലം ആഭരണധാരണവുമായി ബന്ധപ്പെട്ട അവകാശപ്പോരാട്ടമായിരുന്നില്ല, മറിച്ച് മനുഷ്യാന്തസ്സിന്റെയും സാമൂഹ്യ സമത്വത്തിന്റെയും മഹാപ്രഘോഷണമായിരുന്നു ആ സമരഗാഥ.
കല്ലമാലസമരത്തിന്റെ നൂറ്റിപ്പത്താം വാർഷിക വർഷമാണ് 2025. കൊല്ലത്തെ പീരങ്കി മൈതാനത്ത്,1915 ഡിസംബർ 19 ന് നടന്ന കല്ലമാല സമര സമ്മേളനത്തിന് കണ്ണി ചേർത്ത് പറയേണ്ടുന്ന കുറച്ചു വാക്കുകളുണ്ട്. വെറും വാക്കുകളല്ല, പ്രതിരോധത്തിന്റെ ചരിത്രമുഴക്കമുള്ള വാക്കുകൾ. കേരളത്തിൽ തൊണ്ണൂറാമാണ്ട് കലാപം എന്നറിയപ്പെട്ട പെരിനാട് കലാപമാണ് അതിൽ ആദ്യത്തേത്പുലയരടക്കമുള്ള കീഴാളരെന്നു ഗണിക്കപ്പെട്ടിരുന്ന വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് അക്കാലത്ത് മാറു മറക്കുന്നതിനോ കാല്‍മുട്ടിനു താഴെ വരെ ഇറക്കമുള്ള വസ്ത്രം ധരിക്കുന്നതിനോ അവകാശമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല തങ്ങൾ അടിമകളാണ് എന്നറിയിക്കുവാൻ അവർ അടിമ അടയാളങ്ങളായി കനം കൂടിയ കല്ലുകളും തുത്തനാകം പോലെയുള്ള ലോഹങ്ങളും കൊണ്ട് തീർത്ത കല്ലമാല എന്നറിയപ്പെട്ട കനത്ത ചങ്ങലകൾ മാടുകളെപ്പോലെ ചുമന്നു നടക്കേണ്ടിയിരുന്നു. സ്ത്രീകൾ മേൽവസ്ത്രം ധരിക്കാനോ കല്ലയും മാലയും ഒഴിവാക്കാനോ ശ്രമിച്ചപ്പോഴെല്ലാം അവർക്ക് മേൽജാതിക്കാരുടെ ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നു.
തിരുവിതാംകൂറില്‍ മഹാത്മാ അയ്യന്‍കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ ജാതി ഉന്മൂലന പ്രവര്‍ത്തനങ്ങൾ വളരെ ഊർജ്ജിതമായി നടന്നു വന്നിരുന്ന കാലമായിരുന്നു അത്. സമീപസ്ഥമായ കൊല്ലത്തേക്കും അതിന്റെ അലയൊലികൾ എത്തിയിരുന്നു. കൊല്ലത്തെ, സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തകനായിരുന്ന ഗോപാലദാസൻ എന്ന പുലയ നേതാവ് ”നാം ആത്മാഭിമാനമുള്ളവരായി മാറണമെന്നും അതിന്, അടിമചിഹ്നങ്ങൾ ഉപേക്ഷിക്കണമെന്നും”,പുലയക്കുടിലുകൾ തോറും കയറിയിറങ്ങി, അവിടങ്ങളിലെ സ്ത്രീകളോട് അഭ്യർത്ഥിച്ചു .
വളരെ നാളത്തെ തന്റെ നിരന്തരമായ അദ്ധ്വാനത്തിലൂടെ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ് മാറുമറച്ച് സ്വതന്ത്രരായി മാറാൻ തന്റെ ജനത്തെ അദ്ദേഹം തയ്യാറാക്കി. അതിനായി ഗോപാലദാസന്‍ പെരിനാട് പ്രദേശത്ത് ,കല്ലയും മാലയും ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്യുന്ന ഒരു മഹാസമ്മേളനം വിളിച്ച് കൂട്ടുവാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. അതിന്റെ പ്രചരണാര്‍ത്ഥം പെരിനാടിന്റെ സമീപ പ്രദേശങ്ങളായ പ്രാക്കുളം, തഴവ, കരുവാറ്റ, അഞ്ചാലുംമൂട്, പനയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പ്രചരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ ഇവിടങ്ങളിലൊന്നും സമ്മേളനം നടത്തുന്നതിനുളള അനുവാദം പ്രകോപിതരായ നായര്‍ പ്രമാണികള്‍ നൽകിയില്ല. അവസാനം ചെമ്മക്കാട്ടു ചെറുമുക്കിലുളള ഒരു പുതുവല്‍ സ്ഥലത്താണ് (നികർത്തു ഭൂമി) യോഗം നടത്താനുളള വേദി കണ്ടെത്തിയത്.അങ്ങനെ 1915 ഒക്ടോബർ 24 ന് ഞായറാഴ്ച ദിവസം, കൊല്ലം, പെരിനാട് ചെമ്മുക്കാടിനടുത്ത് ചെറുമുക്ക് എന്ന സ്ഥലത്ത് ആ മഹാസമ്മേളനം ആരംഭിച്ചു.

പുലയസ്ത്രീകൾ അടിമ ചിഹ്നങ്ങൾ അറുത്തെറിയുന്നത് ആചാരലംഘനമാണ് ,അതിലൂടെ തങ്ങളെ വെല്ലുവിളിക്കയാണ് എന്ന് പറഞ്ഞു സവർണ്ണർ എന്തു ചെയ്തും സമ്മേളനം തടയാൻ ഉള്ള നീക്കം തുടങ്ങി. ഇത് മുൻപേ തിരിച്ചറിഞ്ഞ ഗോപാലദാസൻ “നമ്മൾ ആക്രമിക്കപ്പെടും, നമ്മുടെ കുടിലുകൾ തീവയ്ക്കപ്പെടും നിങ്ങൾ നിങ്ങളുടെ ആയുധമായ അരിവാളുകളെടുക്കുക, നിങ്ങളുടെ കുഞ്ഞുങ്ങളോടും കുടുംബത്തോടുമൊപ്പം സമ്മേളന സ്ഥലത്തെത്തുക ” എന്ന മുന്നറിയിപ്പ് സ്ത്രീകൾക്ക് നൽകിയിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ ആയിരക്കണക്കിന് സ്ത്രീകൾ, അവരുടെ കുഞ്ഞുങ്ങളോടും കുടുംബത്തോടും ഒപ്പം അരിവാളുകളുമേന്തി യോഗത്തിനെത്തി.
സാധുജന പരിപാലന സംഘത്തിന്റെ സമ്മേളന വേദികളില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് പ്രാര്‍ത്ഥനാഗാനത്തോടെയാണ്. സംഘം നേതാവ് ടി.വിശാഖംതേവന്‍ (പിന്നീട് വിശാഖം തേവന്‍ ആര്യസമാജത്തില്‍ ചേര്‍ന്ന് തേവന്‍ സ്വാമികള്‍ എന്ന പേര് സ്വീകരിച്ചു) പ്രാര്‍ത്ഥനക്കായി എഴുന്നേറ്റു. പ്രാർത്ഥന ആരംഭിക്കുന്നതും സവർണ്ണർ ഗോപാലദാസനെ വധിക്കാനായി ഏർപ്പാടാക്കിയ കൂരി നായർ എന്ന അക്രമി വേദിയിലേക്ക് ഓടിക്കയറി കയ്യിൽ കരുതിയിരുന്ന ഉലക്ക കൊണ്ട് വിശാഖം തേവനെ അടിച്ചു. നിന്നനിലയില്‍ തേവന്‍ മുകളിലേക്ക് ചാടിയതുകൊണ്ട് തേവന്റെ കാലുകള്‍ക്കാണ് അടി കൊണ്ടത്. നിമിഷനേരം കൊണ്ട് തേവന്‍ മറിഞ്ഞ് വീഴുകയും തന്ത്രപരമായി ഇഴഞ്ഞ് നീങ്ങി രക്ഷപ്പെടുകയും ചെയ്തു. ലക്ഷ്യം പാളിയ കൂരി നായർ ഗോപാലദാസനു നേരേ കുതിച്ചു. എന്നാൽ അതിനു മുമ്പേ ഇരച്ചു കയറിയ പുലയ സ്ത്രീകൾ തങ്ങളുടെ അരിവാളുകൾ കൊണ്ട് കൂരി നായരെ തുണ്ടം തുണ്ടമാക്കി. അതു കണ്ട് ഭയന്ന്, ആക്രമിക്കാനായി ഇരുട്ടിൽ മറഞ്ഞിരുന്ന നായർ പട ഇറങ്ങിയോടി..

എന്നാൽ അവർ അടങ്ങിയിരുന്നില്ല. നാടാകെ അക്രമം അഴിച്ചുവിട്ടു. പുലയരുടെ കൂരകൾക്ക് തീയിട്ടു. വളർത്തുമൃഗങ്ങളെ പോലും അരുംകൊല ചെയ്തു. ഗോപാലദാസനും സുഹൃത്തായ കുഞ്ഞോലും വിശാഖം തേവനും വെങ്ങാനൂരെത്തി മഹാത്മാ അയ്യൻകാളിയെക്കണ്ട് തങ്ങളുടെ ദുരവസ്ഥ അറിയിച്ചു. അന്നത്തെ സാഹചര്യത്തില്‍ അതിനൊരു പോംവഴി അനുരഞ്ജനമാണെന്ന് മനസ്സിലാക്കിയ അയ്യന്‍കാളി വിശാഖം തേവന്‍ ഒഴികെയുള്ളവരെ തിരിച്ചയച്ച ശേഷം ദിവാനെ സന്ദര്‍ശിച്ച് പെരിനാട്ടിലുണ്ടായ സംഭവങ്ങൾ വിശദീകരിക്കുകയും ഒരു സമാധാന സമ്മേളനം ചേരുന്നതിന്റെ ആവശ്യകത ദിവാനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ദിവാൻ കൊല്ലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ട് ക്രമസമാധാനത്തിന് ഭംഗം വരാത്തവിധം എല്ലാവിധ സംരക്ഷണവും അദ്ദേഹത്തിന്ഉറപ്പു നൽകി.
മഹാത്മാ അയ്യൻകാളിയുടെയും ചങ്ങനാശ്ശേരി പരമേശ്വരപിള്ളയുടെയും മറ്റുമുള്ള കൂട്ടായ ശ്രമത്തിലൂടെ സർക്കാർ മുഖാന്തിരം തന്നെ ജന്മികളുടെയും സവർണ്ണമാടമ്പിമാരുടെയും അക്രമ പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിച്ചത് സവർണ്ണരെ കൂടുതൽ രോഷാകുലരാക്കി. മഹാത്മ അയ്യൻകാളിയെ കാണാൻ പോയി തിരിച്ചെത്തിയ ഗോപാലദാസനെയും കുഞ്ഞോലിനെയും അതിനു ശേഷം ആരും കണ്ടിട്ടില്ല. അവരെ സവർണ്ണമാടമ്പികൾ ജീവനോടെ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊന്നുകളഞ്ഞു എന്ന വാർത്തയാണ് പിന്നീട് കേട്ടത്. അതറിഞ്ഞ് വിശാഖം തേവനൊപ്പം കൊല്ലത്ത്എത്തിയ മഹാത്മാ അയ്യൻകാളി, ഗോപാലദാസന്റെ ലക്ഷ്യം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുടങ്ങിപ്പോയ യോഗം വീണ്ടും വിളിച്ചു കൂട്ടി കല്ലമാലകൾ പൊട്ടിച്ചെറിയുക തന്നെ വേണം എന്നും തന്റെ ജനത്തോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്ന ജനം മഹാത്മാ അയ്യൻകാളിയെ വിശ്വസിച്ച് തിരിച്ചു വന്നു.
തങ്ങൾക്ക് യോഗം കൂടാൻ ഒരു സ്ഥലം അന്വേഷിച്ച് മഹാത്മാ അയ്യൻകാളി നാടാകെ അലഞ്ഞു. ആരും സ്ഥലം അനുവദിക്കരുതെന്നായിരുന്നു സവർണ്ണരുടെ ഉത്തരവ്. പക്ഷേ, അന്ന് കൊല്ലം പീരങ്കി മൈതാനത്ത് സർക്കസ് കമ്പനി നടത്തിയിരുന്ന തലശ്ശേരിക്കാരിയായ രത്നാഭായി എന്ന ദലിത് സ്ത്രീ തന്റെ സർക്കസ് കൂടാരം യോഗത്തിന് വിട്ടുനൽകാൻ തയ്യാറായി അങ്ങനെ ഇന്നത്തെ കൊല്ലം പീരങ്കി മൈതാനത്ത് തലശ്ശേരിക്കാരി രത്‌നാഭായിയുടെ ഉടമസ്ഥതയില്‍ നടന്നുകൊണ്ടിരുന്ന സര്‍ക്കസ് കൂടാരത്തില്‍ വച്ച് യോഗം കൂടാൻ തീരുമാനിച്ചു.
ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഗവ.സെക്രട്ടറി വിയറാ സായ്പ്, ജഡ്ജി രാമന്‍ തമ്പി, വെള്ളിക്കര ചോതി, കുറുമ്പന്‍ ദൈവത്താന്‍, എന്നിവരെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു സമ്മേളനത്തിനുള്ള ഏര്‍പ്പാട് ചെയ്തത്. സമ്മേളനസ്ഥലം പൂർണ്ണമായും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്മാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. സമ്മേളനം മുന്‍നിശ്ചയപ്രകാരം 1915 ഡിസംബര്‍ 19 ന് ഞായറാഴ്ച ചേര്‍ന്നു. ഏതാണ്ട് നാലായിത്തോളം പേർ അവിടെ ഒത്തുകൂടി. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് ചങ്ങനാശ്ശേരി പരമേശ്വര പിള്ളയാണ്. പുലയരും നായന്മാരും സഹകരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത പരമേശ്വരന്‍പിള്ള വിശദീകരിച്ചു. കല്ലമാല ബഹിഷ്‌കരണത്തിന് പെരിനാട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അയ്യന്‍കാളി തന്റെ പ്രസംഗത്തില്‍ കൂടി വിശദീകരിച്ചു. “ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വക്കം മൗലവി എന്നിവര്‍ തങ്ങളുടെ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാര ങ്ങള്‍ക്കുമെതിരെ നടത്തിയ ബോധവത്കരണം പോലെ, എന്റെ സമുദായത്തിലെ സ്ത്രീകള്‍ ധരിക്കുന്ന അപരിഷ്‌കൃതമായ വേഷഭൂഷാദികള്‍ നീക്കം ചെയ്യാന്‍ വേണ്ടിയാണ് ഉദ്ദേശിച്ചിട്ടുള്ളത്. അര്‍ദ്ധനഗ്‌നരായി നടക്കുന്ന സ്ത്രീകള്‍ ഇപ്പോള്‍ അവരുടെ മാറിടങ്ങള്‍ മറച്ചിരിക്കുന്നത് കല്ലയും മാലയും കൊണ്ടാണ്. ആയത് ഉപേക്ഷിച്ച് അവര്‍ മറ്റുള്ള സ്ത്രീകളെപ്പോലെ റൗക്ക ധരിച്ച് മാന്യമായി നടക്കണം . തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘം ഇടപെട്ട് ഈ ആഭരണങ്ങള്‍ ധരിക്കുന്നത് ഇക്കാലം കൊണ്ടു തന്നെഅവസാനിപ്പിച്ചിരിക്കുന്നതായും ഞാൻ ഓര്‍മ്മപ്പെടുത്തുന്നു “
അയ്യൻകാളിയുടെ ദീർഘ പ്രസംഗമവസാനിച്ചപ്പോൾ സദസ്സ് കരഘോഷം മുഴക്കി. കല്ലയും മാലയും ധരിച്ചുവന്ന സ്ത്രീകളില്‍ രണ്ടു പേരോട് അദ്ധ്യക്ഷന്റെ അനുവാദത്തോടെ സ്റ്റേജിലേക്ക് വരുവാനും തങ്ങളുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ പൊട്ടിച്ച് സ്റ്റേജിന് താഴെ പ്രത്യേകം തയ്യാറാക്കിയിരുന്ന സ്ഥലത്ത് ഇടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. നിമിഷങ്ങള്‍ക്കകം രണ്ടു സ്ത്രീകള്‍ അരികിലേക്ക് വരികയും കഴുത്തിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരി അവിടെ ഇടുകയും ചെയ്തു. പിന്നീട് സദസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ പുലയ സ്ത്രീകളും ഇങ്ങനെ ചെയ്തു. സ്റ്റേജിലിരുന്ന നേതാക്കളെ കാണാന്‍പറ്റാത്തവിധം അവിടെ കല്ലയും മാലയും കൂമ്പാരമായി .അതിനു ശേഷം മഹാത്മാ അയ്യൻകാളി നൽകിയ റൗക്ക ധരിച്ച് ജീവിതത്തിലാദ്യമായി സ്വതന്ത്രരായി അവർ തലയുയർത്തി നിവർന്നു നിന്നു.

കമ്മാൻ കുളത്തിന്റെ
ചരിത്രം
കല്ലമാല സമരം വിജയകരമായി അവസാനിച്ചുവെങ്കിലും കൂരി നായരെ കൊന്നതിന്റെ പേരിൽ സ്ത്രീകളുടെ പേരിൽ പോലീസ് കേസ് എടുത്തിരുന്നു.മഹാത്മാ അയ്യൻകാളി പല വക്കീലന്മാരേയും സമീപിച്ചു. ആരും കേസ് എടുക്കാൻ തയ്യാറായില്ല.ഒടുവിൽ അഡ്വ.ഇലഞ്ഞിയിൽ ടി.എം.വർഗ്ഗീസ് ജോൺ എന്നൊരാൾ കേസ് ഏറ്റെടുക്കാൻ തയ്യാറായി. പക്ഷേ ഒരുപാധി ഉണ്ടായിരുന്നു. വക്കീലിന് ഫീസ് വേണ്ടാ പകരം അര ഏക്കറിൽ വിസ്തൃതമായ ഒരു കുളം കൂലിയില്ലാതെ വെട്ടിക്കൊടുക്കണം. മഹാത്മ അയ്യൻകാളി അത് സന്തോഷപൂർവ്വം ഏറ്റെടുത്തു.മാസങ്ങളോളം അദ്ദേഹവും പൊരിവെയിലത്ത് വിയർത്ത് തന്റെ ജനത്തോടൊപ്പം നിന്ന് ആ പെരുംകുളം വെട്ടി.അതാണ് ഇന്നത്തെ കമ്മാൻകുളം.

പെരിനാട് ലഹളയും കല്ലമാലക്കലാപവും കൊല്ലവർഷം 1090 ആണ് നടന്നതെന്നതിനാൽ മാത്രം ആ ഐതിഹാസിക സമരചരിത്രത്തെ തൊണ്ണൂറാമാണ്ടു ലഹളയെന്ന് ഒറ്റവാക്കിലൊതുക്കിയത് ചരിത്ര രചയിതാക്കളുടെ സവർണ്ണബോധമാണ്.
ചരിത്രസ്മാരകമാക്കേണ്ടിയിരുന്ന കമ്മാൻകുളത്തെ പകുതിയിലേറെ മണ്ണിട്ടു നികത്തി അവിടെ സർക്കാർ കെട്ടിടം പണിതു. ഇന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടം നിൽക്കുന്നത് പാതി നികത്തിയ കമ്മാൻ കുളത്തിനു മേലാണ്. കൊല്ലം പട്ടണത്തില്‍ നിന്നും അഞ്ചാലുംമൂട് വഴി കുണ്ടറ റൂട്ടിൽ ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാണാവുന്ന ചെമ്മുക്കാട് വില്ലേജ് ജംഗ്ഷനടുത്താണ് ചരിത്രമുറങ്ങുന്ന പെരിനാട് സമരഭൂമി സ്ഥിതി ചെയ്യുന്നത്. അതും ചരിത്ര സ്മാരകമെന്ന അടയാളമേതുമില്ലാതെ!.

മനുഷ്യാഭിമാനത്തിന്റെ
പ്രഖ്യാപനം
അടിമത്തത്തിനെതിരെ അന്തസ്സുള്ള ജീവിതമെന്ന മുദ്രാവാക്യമുയർത്തി നടന്ന കേരള ചരിത്രത്തിലെ തന്നെ ആദ്യത്തെ സ്വാഭിമാനപ്രഖ്യാപന സമ്മേളനമായിരുന്നു കല്ലമാല സമരം. സമര നേതൃത്വത്തിൽ പുരുഷ പ്രതിനിധികൾ മാത്രമുണ്ടായിരുന്ന നവോത്ഥാന ചരിത്രത്തിൽ, കർതൃസ്ഥാനത്ത്, സംഘാടക നേതൃത്വത്തിൽ, സമരത്തിന്റെ കേന്ദ്രത്തിൽ ഏറ്റവും അടിത്തട്ടിൽ ജീവിച്ചിരുന്ന വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ, ദലിത് സ്ത്രീകൾ ആദ്യമായി പ്രാതിനിധ്യപ്പെട്ട സമരമെന്ന നിലയിൽ അത് ജാതിവ്യവസ്ഥയ്‌ക്കെതിരെയും പിതൃത്വാധിപത്യത്തിനെതിരെയും ചൂഷകർക്കെതിരായും ഒരേസമയം നടന്ന സമാനതകളില്ലാത്ത പോരാട്ടമായി.
സാമന്ത- സവർണ്ണജാതി കൂട്ടുകെട്ടിന്റെ വിഘടനം ലക്ഷ്യമാക്കി,മേൽജാതി ഭൂമിയുടമകളുടെ ജാതീയ അടിച്ചമർത്തലുകളോട് പരസ്യമായ പോരാട്ടം പ്രഖ്യാപിക്കപ്പെട്ടത് കല്ലമാല സമരത്തോടെയായിരുന്നു. ചൂഷണങ്ങൾക്കും ചൂഷകർക്കും എതിരായി സംഘടിതപ്രതിരോധം എന്ന ശക്തമായ മാർഗ്ഗം സ്വാഭാവികമായി രൂപപ്പെട്ടു വന്ന ചരിത്ര സന്ദർഭം കൂടിയായി അത് മാറി. അങ്ങനെക്ഷേത്രപ്രവേശനസമരം, ഭൂവകാശസമരങ്ങൾ, രാഷ്ട്രീയ അവകാശപോരാട്ടങ്ങൾ തുടങ്ങിയ പിൽക്കാല ജനകീയ പോരാട്ടങ്ങൾക്ക് കല്ലമാല സമരം ആധാരഭൂമികയായി.
അടിമത്തത്തിന്റെ അവസാനം മുൻനിർത്തിയുള്ള പോരാട്ടമെന്നത് ലക്ഷ്യം വെക്കുന്നത് ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള ആദ്യ ചുവടുവെയ്പുകൂടിയായിരുന്നു. ദേശീയസ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കിയുള്ള സമരങ്ങൾ ശക്തമാവുന്നതിനും പതിറ്റാണ്ടുകൾക്കുമുന്നേ വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും മുൻനിർത്തിയുള്ള ഒരു സമരം നടക്കുക എന്നത് നവോത്ഥാന ചരിത്രത്തിലെ പുതിയ തുറവിയായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം കല്ലമാല സമരം കേരളത്തെ സമത്വത്തിന്റെയും തുല്യനീതിയുടെയും നവ സങ്കൽപ്പത്തിലേക്ക് നയിച്ചു.
പെരിനാട് സമരഭൂമിയും കമ്മാൻ കുളവും കേരള നവോത്ഥാനചരിത്രത്തിലെ വീറുറ്റ ആത്മാഭിമാനപ്പോരാട്ടത്തിന്റെ ജ്വലിക്കുന്ന അടയാളങ്ങളാണ്, അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എത്ര മറച്ചാലും മണ്ണിട്ടു മൂടിയാലും ഓർമ്മകൾ നഷ്ടപ്പെടാത്ത ജനതയിലൂടെ ഉജ്ജ്വല സമരങ്ങൾ പുനർജ്ജനിക്കുക തന്നെ ചെയ്യും… ചരിത്രവും ഓർമ്മ ദിനങ്ങളും തിരിച്ചറിവുകൾക്കു കൂടിയുള്ളതാവട്ടേ…..
8547896770






