കുട്ടനാട്ടുകാരെ എല്ലാവരും അവഗണിക്കുന്നു

ആലപ്പുഴ: ”എല്ലാവര്‍ക്കും കുട്ടനാട്ടുകാരുടെ വോട്ടുവേണം. പക്ഷേ അവര്‍ക്ക് കുടിക്കാന്‍ ശുദ്ധജലമുണ്ടോയെന്ന് പോലും തിരക്കാറില്ല. വെള്ളം കയറുന്ന നാട്ടില്‍ വാഴപ്പിണ്ടി വച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ട ദുരവസ്ഥയുണ്ട്. ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന കുട്ടനാട്ടുകാര്‍ക്ക് വരുത്തരെ ചുമക്കാനാണ് യോഗം”-എസ്.എന്‍.ഡി.പി യോഗം ശാഖാ പിറവിയെടുത്ത കുട്ടനാട്ടിലെ ശാഖാ നേതൃത്വസംഗമത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാര്‍ യൂണിയനുകളുടെ സംയുക്ത നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
കുട്ടനാട്ടില്‍ വിജയിച്ച എന്‍.സി.പിക്ക് നാടിനോട് എന്ത് പ്രതിബദ്ധതയാണുള്ളത്? സ്വാമിനാഥന്‍ കമ്മിഷന്റെ പ്രയോജനം കുട്ടനാട്ടിലെ സാധാരണക്കാര്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടനാട്ടുകാരെ എല്ലാവരുംഅവഗണിക്കുകയാണ്. ചടങ്ങിനായി ഒത്തുകൂടിയ ശാഖാംഗങ്ങളുടെ സംഘടനാ ബോധം തന്റെ കണ്ണ് നിറച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മലപ്പുറത്ത് തന്റെ സമുദായത്തിന്റെ വേദന പറഞ്ഞപ്പോള്‍ അതിനെ വളച്ചൊടിച്ചു. തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമായി മാറില്ല. ഈഴവ സമുദായത്തിന് വേണ്ടി സംസാരിക്കേണ്ടത് താനാണ്. എസ്.എന്‍.ഡി.പി യോഗമുണ്ടായത് രാമായണം വായിക്കാനല്ല. മലപ്പുറം സംസ്‌കാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഓണസമ്മാനം 20 ലക്ഷം
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാര്‍ യൂണിയനുകളിലെ ശാഖകള്‍ക്കായി 20 ലക്ഷം രൂപ ഓണസമ്മാനമായി നല്‍കി.
കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാര്‍ യൂണിയനുകളിലെ 103 ശാഖകളില്‍ നിന്നുള്ള പ്രതിനിധികളാണ് എത്തിയിരുന്നത്. മൂന്ന് യൂണിയനുകളിലെയും എല്ലാ ശാഖകള്‍ക്കും 15,000 രൂപ വീതം നല്‍കും. ഏത് പരിപാടിക്ക് വിളിച്ചാലും ഓടിവരുന്ന വനിതാസംഘം വലിയ ശക്തിയാണ്. ഓരോ വനിതാസംഘത്തിനും അയ്യായിരം രൂപ വീതം സമ്മാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യൂത്ത്മൂവ്‌മെന്റും വനിതാസംഘവുമാണ് യോഗത്തിന്റെ ശക്തി. പക്ഷേ താരതമ്യേന വനിതകളുടെ തട്ട് താണിരിക്കും. അതിനാല്‍ തല്‍ക്കാലം യൂത്ത്മൂവ്‌മെന്റിന് ഓണം ബമ്പറില്ലെന്നും അദ്ദേഹം പറഞ്ഞു.103 ശാഖകള്‍ക്കായി ഇരുപത് ലക്ഷത്തി അറുപതിനായിരം രൂപയാണ് കൈമാറിയത്.






