സ്വന്തം ജീവിതത്തെ മാത്രം സുഖകരമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എല്ലാം ഉണ്ടായാലും എന്തോ ഇല്ലാത്തപോലെ അനുഭവപ്പെടാറുണ്ട്. എന്തോ ഒരു കുറവ് അവര്‍ അനുഭവിക്കാറുണ്ട്. ധന്യതയും സംതൃപ്തിയും നിറഞ്ഞ ഒരു അകം അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാറില്ല. ആഘോഷങ്ങളുടെ ലോകങ്ങളില്‍ അവര്‍ സജീവരാണെങ്കിലും ആന്തരികതയില്‍ ദാരിദ്ര്യത്തിന്റെ വരള്‍ച്ച ഒരു ശാപംപോലെ അങ്ങനെയുള്ളവരെ വേട്ടയാടാറുണ്ട്.

ഒന്ന്

മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയാണെന്നു പറഞ്ഞു പോരാറുണ്ടെങ്കിലും സത്യം അതല്ല. മനുഷ്യരില്‍ ചിന്തിക്കുന്നവരുണ്ടെന്നേയുള്ളൂ. അങ്ങനെയുള്ളവരെ നാം വിളിക്കുന്നത് ദ്വിജന്മാര്‍ എന്നാണ്. രണ്ടാമത് ജനിച്ചവര്‍. ഉയിര്‍ത്തെഴുന്നേറ്റവര്‍. അവര്‍ നമ്മെപ്പോലെ ആസുരീയതയിലല്ല പുലരുന്നത്. മറിച്ച്, മാനുഷികതയിലും ദൈവികതയിലുമാണ്. വിചാരം ചെയ്യുന്ന ആ വിവേകികളെയാണ് നാം മഹാത്മാക്കളായി ആരാധിച്ചു പോകുന്നത്.
ജൈവികമായ ചോദനകൾക്കനുസരിച്ച് ജീവിക്കുന്നവരെയാണ് അസുരന്മാര്‍ എന്നു വിളിക്കേണ്ടത്. സ്വാഭാവികമായി ഉള്ളിലുണര്‍ന്നു വരുന്ന ചിന്തകളെ, ആസുരീയതയെ അങ്ങനെതന്നെ പുറത്തേക്ക് പ്രകടിപ്പിക്കാതെ, ഒന്നു നിന്ന്, നിശ്ചലരായി, ചിന്തിക്കാന്‍ ഇത്തിരി സമയം കൊടുത്ത്, അത് തനിക്കും ചുറ്റുപാടിനും സമാധാനം നല്കുന്നതാണോ എന്നു വിചാരം ചെയ്ത്, നല്ലതെങ്കില്‍ സമാധാനത്തോടെ പ്രകടിപ്പിക്കുകയും നല്ലതല്ലെങ്കില്‍ അകമേ അടങ്ങാന്‍ അനുവദിക്കുകയും ചെയ്യുന്നെങ്കില്‍ ആ ജീവനെ മനുഷ്യന്‍ എന്നു വിളിക്കാം. അങ്ങനെയെങ്കില്‍ എങ്ങനെ നാം നമ്മെ മനുഷ്യരെന്നു വിളിക്കും. ശരീരത്തില്‍ മനുഷ്യരായിരിക്കുമ്പോഴും ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും എത്രമാത്രം ആസുരീയതയിലാണ് നാം പുലരുന്നത്!
മനുഷ്യനില്‍നിന്ന് മനുഷ്യത്വത്തിലേക്ക് ഉണരുകയെന്നു പറയുന്നത് പറയാന്‍ എളുപ്പമാണെങ്കിലും അനുഭവമാകുക പ്രയാസംതന്നെയാണ്. കോപം ഇരച്ചുപൊന്തി വരുമ്പോള്‍ അനുനയപൂര്‍വ്വം അതിനെ അകമേ ശാന്തമാക്കാന്‍ ശ്രമിക്കുമ്പോഴാണ് നാം അറിയുക; അതെത്ര പ്രയാസമുള്ള കാര്യമാണെന്ന്. അതുകൊണ്ടുതന്നെയാണ് ക്ഷമയുള്ളവരെ, സ്‌നേഹാത്മാക്കളെ നാം ആരാധിച്ചുപോകുന്നത്. അങ്ങനെയൊരു നനവ് അവരില്‍ പ്രസരിക്കുന്നത് അത്രമാത്രം ഉണര്‍വ്വുള്ളവരായതുകൊണ്ടും പുതുപിറവിയുടെ സുഗന്ധം സ്വാത്മാവിലേക്ക് സ്വാംശീകരിച്ചിട്ടുള്ളതുകൊണ്ടുമാണ്. ബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദുനബി തുടങ്ങിയവരെ ഓര്‍ക്കുമ്പോള്‍ കരുണ, സ്‌നേഹം, സാഹോദര്യം എന്നീ ഭാവങ്ങള്‍ നമ്മില്‍ വന്നു നിറയുന്നത് അവരെല്ലാം അത്രമാത്രം മനുഷ്യത്വം സ്വജീവിതത്തില്‍ അനുവര്‍ത്തിച്ചതിന്റെ ഓര്‍മ്മയാലാണ്.
ദൈവികമായ ബോധവുമായി സാത്മ്യം പ്രാപിക്കുന്ന ഹൃദയത്തിന്റെ സ്വാഭാവികാവസ്ഥയാണ് മനുഷ്യത്വം. ആസുരീയതയുമായി സാത്മ്യം പ്രാപിച്ച ബോധം ബോധപൂര്‍വ്വം ഉണര്‍ത്തിയെടുക്കേണ്ട അവസ്ഥയാണ് മനുഷ്യത്വം. ഒരിടത്ത് അത് പ്രയത്‌നമാണെങ്കില്‍ മറ്റൊരിടത്ത് അത് അനായാസതയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നേരിയ നിഴല്‍പോലുമില്ലാത്ത ബോധങ്ങളെ അനുഭവിക്കുമ്പോള്‍ ആ പിറവിയുടെ മഹനീയതയ്ക്കുമുന്നില്‍ നാം വിനീതരായിപ്പോകുന്നു. സ്വയം ബോധപൂര്‍വ്വം ഉണരാനുള്ള പ്രചോദനമായി ആ സാന്നിദ്ധ്യങ്ങള്‍ നമുക്ക് അനുഗ്രഹമാകുന്നു.

രണ്ട്

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്.
എന്നത്തെയും പോലെ പ്രസക്തമായ വരികള്‍. നാരായണഗുരുവിനെപ്പോലുള്ള ഗുരുക്കന്മാരുടെ വിശാലദര്‍ശനങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. അറിവും അലിവും സ്വജീവിതത്തില്‍ പ്രായോഗികമാക്കുകയും ചുറ്റുമുള്ളവരിലേക്ക് പകരുകയും ചെയ്യുന്നിടത്തു മാത്രമേ ജീവിതം പ്രകാശിക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവര്‍.
പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചേര്‍ന്നു നില്ക്കുകയും എല്ലാം ശാന്തമാകുമ്പോള്‍ അകന്നു നില്ക്കുകയും ചെയ്യുന്ന നമ്മുടെ സ്വഭാവത്തെ അഴിച്ചു പണിയേണ്ടതുണ്ട്. സമാധാനത്തോടെയിരിക്കുമ്പോള്‍ വ്യത്യസ്തകളെ ചേര്‍ത്തുപിടിച്ചും ചേര്‍ന്നുനിന്നും ഒന്നിച്ചു യാത്ര ചെയ്താലേ വിഭാഗീയതയുണ്ടാക്കുന്ന ചിന്തയും വാക്കും പ്രവൃത്തിയും നമ്മില്‍ നിന്ന് അലിഞ്ഞു പോകുകയുള്ളൂ..
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, അരുളുള്ളവനാണ് ജീവി, പലമതസാരവുമേകം, പൊരുതി ജയിപ്പതസാദ്ധ്യം ഒന്നിനോടൊന്നൊരു മതവും പൊരുതാലൊടുങ്ങുവിലാ, വാദവും ജയവുമല്ല അറിയലും അറിയിക്കലുമാണ് വേണ്ടത് , മനുഷ്യത്വമാകണം ജാതി, ആത്മ സുഖമാകണം മതം, അറിവാകണം ദൈവം എന്നൊക്കെ സമാധാനത്തോടെയിരിക്കുമ്പോള്‍ പ്രാണനോട് ചേര്‍ത്തു വെച്ചാലേ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യാനുള്ള മനോഭാവത്തിന് അന്ത്യമുണ്ടാകൂ. അവസാന നിമിഷം വരെ ശ്രദ്ധയോടെയിരുന്നാലേ മനുഷ്യത്വം ഹൃദയത്തില്‍ അണയാതെ നില്ക്കുകയുള്ളൂ എന്ന പരമ സത്യം നമുക്ക് മറക്കാതിരിക്കാം.

മൂന്ന്
ഭൂമിയില്‍ ഏതോ ഒരു കോണില്‍ ഉണ്ടായി, പല ഭാഗങ്ങളിലേക്ക് ചിതറി,
പലതിനോടും ചേര്‍ന്ന്, വീണ്ടും തുടര്‍ന്ന്, ഇന്ന് ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മനുഷ്യ വര്‍ഗ്ഗം.
ഏതു കള്ളിയിലാണ് നാം നമ്മെ ഒതുക്കുന്നത്. എന്തു മാനദണ്ഡം വെച്ചാണ് നമുക്കതിനാകുക? ഞാന്‍ ഹിന്ദു , ഞാന്‍ മുസ്ലിം, ഞാന്‍ ക്രിസ്ത്യന്‍ എന്നിങ്ങനെ ഉറച്ചു പറയുന്നവന്‍ തന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയാല്‍ തീരുന്നതേയുള്ളൂ ആ ഉറപ്പ്. പല ചേരുവകളുടെ ഉല്പന്നമാണ് താനെന്ന അനുഭവത്തിലേക്കാകും ആ അറിവ് നമുക്ക് വെളിച്ചമാകുക. അവിടെയാണ് ‘ഞാന്‍’ എന്നു പറഞ്ഞാല്‍ ‘ഞങ്ങള്‍’ ആണെന്നും ‘ഞങ്ങള്‍’ എന്നാല്‍ എല്ലാവരുമാണെന്നും ഉണരുക. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ കാല്പനികമെന്നു പറഞ്ഞ് പരിഹസിക്കാം. എന്നാല്‍ നാം കാല്പനികതയിലായതിനാലാണ് ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനാകാത്തത് എന്നതാണ് സത്യം.
കടുത്ത വിദ്വേഷികളായ വ്യത്യസ്ത വംശജരെ ഒരിടത്തിരുത്തി അവര്‍ക്ക് പറയാനുള്ള വെറുപ്പെല്ലാം പറയിച്ച് പറഞ്ഞു വിടുന്നു. പോകുമ്പോള്‍ എല്ലാവരില്‍ നിന്നും കുറച്ചു തുപ്പല്‍ ശേഖരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവരെ വീണ്ടും അവിടെ വിളിച്ചു വരുത്തുന്നു.ഡി.എൻ.എ (DNA) ടെസ്റ്റിന്റെ റിസല്‍ട്ട് കൊടുക്കുന്നു. വെറുപ്പും വിദ്വേഷവും കൊണ്ട് ശത്രുക്കളെപ്പോലെ ആക്രോശിച്ചിരുന്നവരുടെ കണ്ണു നിറയുന്നു. കണ്ഠമിടറുന്നു. തന്റെ യഥാര്‍ത്ഥ ബന്ധുവിനെയാണ് ഞാന്‍ വെറുപ്പോടെ കാണുന്നതെന്ന അറിവ് അവരെ ലജ്ജിതരാക്കുന്നു.
ഒരു റിയാലിറ്റി ഷോയില്‍ കണ്ട കാഴ്ചയാണിത്. ഹൃദയത്തില്‍ നന്മ വിരിയാനും കണ്ണു നിറയാനും കണ്ഠമിടറാനും ഡി.എൻ.എ ടെസ്റ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യം അപമാനകരമാണ്. ആ അപമാനത്തിനു പറയുന്ന പേരാണ് മനുഷ്യര്‍.
ഹിന്ദു മുസ്ലിം വിദ്വേഷം ഇന്ത്യയില്‍ പുതിയ ചരിത്രമല്ല. എന്നാല്‍ ആ മുറിവിനെ വീണ്ടും വീണ്ടും മുറിവേല്പിച്ച് എവിടേക്കാണ് നാം എത്തിച്ചേരുക? സഹകരണത്തിന്റെയും സമാധാനത്തിന്റെയും വഴിതേടേണ്ടതിനു പകരം ഒരു വിഭാഗം മനുഷ്യരെ ഭീതിയിലാഴ്ത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലെ നീതി എന്താണ്? ക്രൂരമാണിത്.
ഗുരു നിത്യ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോകുന്നു: സാങ്കേതികമായി ഞാന്‍ ഇന്ത്യക്കാരനാണ്. വൈകാരികമായി ലോക പൗരനും.
ആ ലോകപൗരത്വത്തെ വൈകാരികമായി സ്വീകരിക്കാത്തിടത്തോളം എല്ലാം പൈശാചികം തന്നെ. സാങ്കേതികതയെ വൈകാരികതയാക്കിയാല്‍ നഷ്ടപ്പെട്ടു പോകുക മനുഷ്യത്വമാണ്.

നാല്
ഒരുവനുനല്ലതുമന്യനല്ലലും ചേര്‍-
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം
പരനു പരംപരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.
(ഒരാള്‍ക്കു നന്മയും വേറൊരാള്‍ക്ക് ദുഃഖവും വരുത്തിവയ്ക്കുന്ന കര്‍മ്മം ബോധത്തിന്റെ സ്വച്ഛതയ്ക്ക് തടസ്സമാണ്. ഇക്കാര്യം മറന്നു പോകരുത്. മറ്റുള്ളവര്‍ക്ക് വേദനയെ ഏല്പിക്കുന്നവര്‍ നിത്യദുഖത്തില്‍ നീറിയെരിഞ്ഞുകൊണ്ടിരിക്കും.)(ആത്മോപദേശശതകം, നാരായണഗുരു)
ഇഷ്ടങ്ങളില്‍നിന്നും ഹിതങ്ങളിലേക്ക് ബോധമുണരുമ്പോഴാണ് സ്വാസ്ഥ്യമുണ്ടാകുക. അവനവനു ശരിയെന്നു തോന്നുന്നത് ചെയ്യുകയെന്ന സ്വാതന്ത്ര്യസങ്കല്പമാണ് ഇഷ്ടം. അവനവന്റെ ഉള്ളിലുണരുന്ന ശരികള്‍ മറ്റുള്ളവരുടെ സ്വച്ഛതയെ ബാധിക്കാത്ത തരത്തില്‍ ജീവിക്കാനാകുമ്പോഴാണ് അത് ഹിതകരമാകുന്നത്. അവിടെയാണ് ഹൃദയം വിശാലതയെ പുല്കുക. ഇഷ്ടങ്ങളുടെ ലോകങ്ങളില്‍ വ്യാപരിക്കുന്നത് അഹന്തയാണ്. ഹിതത്തിന്റെ ലോകത്തില്‍ വ്യാപരിക്കുമ്പോഴാണ് അഹന്തയുടെ അഭാവം നാം അനുഭവിക്കുക. ഹിതകരമായ ദര്‍ശനം എല്ലാവരെയും സന്തോഷിപ്പിക്കണമെന്നില്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തന്‍പോരിമയുടെയും ലോകങ്ങളില്‍ ആസുരജീവിതം നയിക്കുന്നവര്‍ക്ക് ഹിതങ്ങള്‍ അസ്വസ്ഥതയേ ഉണ്ടാക്കുകയുള്ളൂ. യേശുവിന്റെ ഹിതം ചൂഷകരായ കച്ചവടക്കാര്‍ക്ക് സഹിക്കാനായിട്ടില്ല. ബുദ്ധനും മുഹമ്മദുനബിയും സെന്റ് ഫ്രാന്‍സിസും തുടങ്ങി നാരായണഗുരുവരെയുള്ള ഹിതാത്മാക്കള്‍ പലരുടെയും ഉറക്കം കെടുത്തിയവരാണ്. ക്രൂരരും ചൂഷകരുമായവരുടെ കൈകളില്‍ കിടന്നു പിടഞ്ഞിരുന്ന ശുദ്ധാത്മാക്കള്‍ക്ക് വെളിച്ചത്തിലേക്ക് വഴി കാണിച്ചത് അവരായിരുന്നു. അവരുടെ ഇടപെടലുകളായിരുന്നു. സ്വന്തം ജീവിതത്തെ മാത്രം സുഖകരമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എല്ലാം ഉണ്ടായാലും എന്തോ ഇല്ലാത്തപോലെ അനുഭവപ്പെടാറുണ്ട്. എന്തോ ഒരു കുറവ് അവര്‍ അനുഭവിക്കാറുണ്ട്. ധന്യതയും സംതൃപ്തിയും നിറഞ്ഞ ഒരു അകം അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാറില്ല. ആഘോഷങ്ങളുടെ ലോകങ്ങളില്‍ അവര്‍ സജീവരാണെങ്കിലും ആന്തരികതയില്‍ ദാരിദ്ര്യത്തിന്റെ വരള്‍ച്ച ഒരു ശാപംപോലെ അങ്ങനെയുള്ളവരെ വേട്ടയാടാറുണ്ട്.

Author

84 Views
Scroll to top
Close
Browse Categories