ചക്ക വിഭവങ്ങൾ
ചക്ക ജല്ലി

ആവശ്യമുള്ള
സാധനങ്ങള്‍:
വരിക്ക ചക്ക മടല്, ചവിണി- ഒരു കിലോ, പഞ്ചസാര -400 ഗ്രാം, വെള്ളം -ഒരു ലിറ്റര്‍.
പാകം ചെയ്യുന്ന വിധം–
വരിക്കചക്ക നല്ലതുപോലെ പഴുക്കാത്ത പരുവമുള്ളവ മുള്ളു കളഞ്ഞ് മടല്‍ കനം കുറച്ചു അരിഞ്ഞ് ചവിണിയും ഇട്ടു ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചു പകുതി വെള്ളം വറ്റുമ്പോള്‍ അരിച്ചു നീര് എടുക്കുക. ഇതില്‍ പഞ്ചസാര നീര് തിളപ്പിച്ച് പാനി പരുവമാകുമ്പോള്‍ ഇറക്കി പാത്രത്തില്‍ ഒഴിച്ചു തണുക്കുവാന്‍ വക്കുക. പാത്രം കുലുക്കുവാന്‍ പാടില്ല. നല്ല കട്ടിയാകുമ്പോള്‍ മുറിച്ചെടുക്കുക.
ചക്ക ചിപ്സ്
ആവശ്യമുള്ള
സാധനങ്ങള്‍

കട്ടി കുറഞ്ഞ ചക്ക ചുള -500 ഗ്രാം, എണ്ണ – പാകത്തിന്, ഉപ്പ് – പാകത്തിന്, മുളക്പൊടി – ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം
കട്ടി കുറഞ്ഞ ചക്കച്ചുള കനം കുറച്ച് നീളത്തില്‍ അരിഞ്ഞു എണ്ണയില്‍ വറുക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് വറുത്ത് കോരി ഇതിലേക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം മുളക് പൊടി ഇട്ടു നന്നായി ഇളക്കി തണുക്കുമ്പോള്‍ കവറില്‍ നിറക്കുക.
ചക്കക്കുരു മെഴുക് പുരട്ടി
ആവശ്യമുള്ള
സാധനങ്ങള്‍
ചക്കക്കുരു – 500 ഗ്രാം, പച്ചമുളക് – 5 എണ്ണം, ഇഞ്ചി – ഒരു ചെറിയ കഷ്ണം, കറിവേപ്പില-രണ്ട് കതിര്‍, സവാള – രണ്ടെണ്ണം, ഉഴുന്ന് – രണ്ട് സ്പൂണ്‍, ഉപ്പ്, എണ്ണ – പാകത്തിന്, തേങ്ങാ പീര – രണ്ട് സ്പൂണ്‍.
പാകം ചെയ്യുന്ന വിധം

ചക്കക്കുരു ഉപ്പും ചേര്‍ത്ത് വേവിച്ചു വയ്ക്കുക. എണ്ണ തിളപ്പിച്ച് കടുക് പൊട്ടുമ്പോള്‍ ഉഴുന്ന് ഇട്ട് മൂപ്പിക്കുക, ഇതില്‍ സവാള പച്ചമുളക് ഇഞ്ചി ഇവ അരിഞ്ഞതും കറിവേപ്പിലയും ഇട്ടു വരട്ടുക. ഇതിലേക്ക് തേങ്ങാപ്പീരയും ഇട്ടു വാട്ടി ചക്കക്കുരു വേവിച്ചതും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക.
ചക്ക കേക്ക്
ആവശ്യമുള്ള
സാധനങ്ങള്‍:
മൈദ – 150 ഗ്രാം, വരിക്ക ചക്ക ആവിയില്‍ വേവിച്ചത് -150 ഗ്രാം, പഞ്ചസാര – 150 ഗ്രാം, മുട്ട – 3 എണ്ണം, ബേക്കിംഗ് പൗഡര്‍ – ഒരു സ്പൂണ്‍, ബട്ടര്‍ -150 ഗ്രാം, പൈനാപ്പിള്‍ എസ്സന്‍സ്- 5 തുള്ളി.

പാകം ചെയ്യുന്ന വിധം
മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു യോജിപ്പിച്ചു വേവിച്ചു അരച്ച ചക്ക ,മൈദ ഇവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് ബട്ടര്‍ എസ്സെന്‍സ് ഇവ യോജിപ്പിച്ചു ബേക്കിംഗ് പൗഡറും ചേര്‍ത്തു ഓവനില്‍ വച്ചു ബേക്ക് ചെയ്യുക.






