മര്‍മ്മത്തിന്റെ ‘ഗുരുക്കള്‍’

മനുഷ്യന്റെ ജീവനെടുക്കുന്ന 12 മര്‍മ്മസ്ഥാനങ്ങളില്‍ ഗുരുക്കള്‍ തലോടുമ്പോള്‍ ജീവിതശൈലീ രോഗത്തിന്റെ പിടിയിലമര്‍ന്ന് നരകിക്കുന്ന ഒട്ടേറെപ്പേര്‍ക്ക്ആ ശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമാകും ആ കൈപ്പുണ്യം. ആധുനിക വൈദ്യശാസ്ത്രത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ വേരറ്റുപോകാത്ത പാരമ്പര്യത്തനിമയാര്‍ന്ന ചികിത്സയിലൂടെ രോഗികള്‍ക്ക് സാന്ത്വനമേകുകയാണ് വി.കെ പ്രകാശന്‍ എന്ന പ്രകാശന്‍ ഗുരുക്കള്‍.

അഗസ്ത്യമുനിയെ മനസ്സില്‍ ധ്യാനിച്ച് സ്വശരീരത്തില്‍ തന്ത്ര മന്ത്രങ്ങള്‍ സന്നിവേശിപ്പിക്കുമ്പോള്‍ കൈവരുന്ന ആത്മീയ പരിവേഷമാണ് പ്രകാശന്‍ ഗുരുക്കളുടെ കൈപ്പുണ്യമായി പ്രവഹിക്കുന്നത്. മനുഷ്യന്റെ ജീവനെടുക്കുന്ന 12 മര്‍മ്മസ്ഥാനങ്ങളില്‍ ഗുരുക്കള്‍ തലോടുമ്പോള്‍ ജീവിതശൈലീ രോഗത്തിന്റെ പിടിയിലമര്‍ന്ന് നരകിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ആശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമാകും ആ കൈപ്പുണ്യം. ആധുനിക വൈദ്യശാസ്ത്രത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ വേരറ്റുപോകാത്ത പാരമ്പര്യത്തനിമയാര്‍ന്ന ചികിത്സയിലൂടെ രോഗികള്‍ക്ക് സാന്ത്വനമേകുകയാണ് വി.കെ പ്രകാശന്‍ എന്ന പ്രകാശന്‍ ഗുരുക്കള്‍. നൂറ്റാണ്ടുകളായി ഭാരതത്തിലെ ഋഷീശ്വരന്മാരും വൈദ്യകുലങ്ങളും കൈമാറിത്തന്ന കളരിവിദ്യയും മര്‍മ്മ ചികിത്സാ രീതിയെയും തനിമയോടെ വിളക്കിച്ചേര്‍ക്കുന്ന കണ്ണിയാണ് ഇദ്ദേഹമെന്ന് നിസ്സംശയം പറയാം. അതുകൊണ്ടു തന്നെ ഗുരുക്കളുടെ കൈപ്പുണ്യം തേടി സ്വദേശികള്‍ മാത്രമല്ല, വിദേശികള്‍ പോലും ഇവിടേയ്‌ക്കെത്തുകയും അദ്ദേഹത്തെ വിദേശത്തേക്ക് ക്ഷണിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. കഴുത്തു വേദനയുമായെത്തുന്നയാളുടെ കഴുത്തിന്റെ മര്‍മ്മസ്ഥാനങ്ങള്‍ ഞൊടിയിടയില്‍ കണ്ടെത്തി, കഴുത്തിനെ ശരവേഗത്തില്‍ ഇടംവലം തിരിക്കുമ്പോള്‍ രോഗിക്ക് ആശ്വാസം. മുട്ടുവേദനയെങ്കില്‍ ഗുരുക്കള്‍ക്ക് ചികിത്സിക്കാന്‍ ഒരു തോര്‍ത്തുമുണ്ടും മാന്ത്രിക ദണ്ഡ് പോലെ കനമാര്‍ന്നൊരു ചൂരല്‍ വടിയും മതിയാകും. ഇതെന്ത് ചികിത്സയെന്ന് അന്തംവിട്ടു നില്‍ക്കുന്ന രോഗിയുടെ മുട്ടുഭാഗത്ത് തോര്‍ത്ത്മുണ്ട് ചുറ്റി, ചൂരല്‍ വടിയൊന്ന് തിരിച്ചാല്‍ മുട്ടുവേദന പമ്പകടന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഗുരുക്കളല്ല, രോഗിയാണ്.

കൊല്ലം കല്ലുംതാഴം കെ.പി നഗറിലെ വസതിയോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മര്‍മ്മാശ്രമം’ എന്ന പേരില്‍ ആയുര്‍വേദ, സിദ്ധ, കളരി, മര്‍മ്മ സെന്റര്‍ തുടങ്ങിയപ്പോള്‍ ഗുരുക്കള്‍ ഒന്നേ ആഗ്രഹിച്ചുള്ളു. പാരമ്പര്യ ചികിത്സാ രീതികളുടെ കനല്‍ കെടാതെ സൂക്ഷിക്കുക. അത് സാദ്ധ്യമാക്കാനായതില്‍ അദ്ദേഹം കൃതാര്‍ത്ഥനാണ്.

പ്രകാശന്‍ ഗുരുക്കളായി

വി.കെ പ്രകാശന്‍ എന്ന കളരി, മര്‍മ്മ വിദഗ്ദ്ധന്‍ ഗുരുക്കളായി സ്വയം പ്രഖ്യാപിച്ചതല്ല. അദ്ദേഹത്തില്‍ നിന്ന് മര്‍മ്മവിദ്യകളും ആയോധനവിദ്യയും സ്വായത്തമാക്കിയവരും മര്‍മ്മചികിത്സയുടെ മഹത്വം അനുഭവിച്ചറിഞ്ഞവരും ബഹുമാനപുരസ്സരം ചാര്‍ത്തി നല്‍കിയതാണ് ‘ഗുരുക്കള്‍’ എന്ന വിശേഷണം. പിന്നീടത് വിളിപ്പേരായി പരിണമിക്കുകയായിരുന്നു. വടക്കന്‍ പാട്ടിലെ വീരയോദ്ധാക്കളുടെ മണ്ണായ കണ്ണൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.പി നാണുവിന്റെയും എ.ടി ജാനകിയുടെയും ഏക മകനായി ജനനം. കൊല്ലം കിളികൊല്ലൂര്‍ കാടാച്ചേരിയില്‍ നാണു സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലൂടെയാണ് വിപ്‌ളവത്തിന്റെ മണ്ണായ കണ്ണൂരിലെത്തിയത്. കമ്മ്യൂണിസത്തിന്റെ രക്തപതാക ഏന്തുന്നതിനിടെയാണ് കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ജാനകിയെ കണ്ടുമുട്ടുന്നത്. ആ ബന്ധം വിവാഹത്തിലെത്തിയെങ്കിലും സമരനായകനായതിനാല്‍ പലപ്പോഴും ജയില്‍ വാസമായിരുന്നു. അച്ഛന്‍ ജയിലിലായിരിക്കുമ്പോഴാണ് പ്രകാശന്റെ ജനനം. ഓര്‍മ്മ വച്ച് തുടങ്ങിയപ്പോള്‍ ജയിലഴികള്‍ക്കിടയിലൂടെ അവ്യക്തമായി കണ്ടതാണ് അച്ഛനെക്കുറിച്ചുള്ള പ്രകാശന്റെ ആദ്യ ഓര്‍മ്മ.

പരമശിവന്‍ പാര്‍വ്വതിക്കും പാര്‍വ്വതി മകന്‍ മുരുകനും മുരുകന്‍ അഗസ്ത്യനടക്കം 18 സിദ്ധന്‍മാര്‍ക്കും ചൊല്ലിക്കൊടുത്തുവെന്ന് വിശ്വസിക്കപ്പെടുന്ന മര്‍മ്മരഹസ്യം പ്രകാശന്‍ ഗുരുക്കള്‍ അഭ്യസിച്ചു തുടങ്ങിയത് പത്താം വയസ്സില്‍ അമ്മയില്‍ നിന്നാണ്. ഏകമകന്റെ ജീവന്‍ ഒരു കാരണവശാലും മറ്റൊരാള്‍ കവര്‍ന്നെടുക്കരുതെന്ന അമ്മയുടെ നിശ്ചയദാര്‍ഢ്യം ശിരസ്സാ വഹിച്ചാണ് കളരി അഭ്യസനം തുടങ്ങിയത്. അച്ഛനും കളരി അഭ്യാസിയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനി ആയതിനാല്‍ പിതാവ് നാണു മിക്കപ്പോഴും ജയിലില്‍ കഴിഞ്ഞതും ആ മാതൃഹൃദയത്തിന്റെ കരുതലിനു പിന്നിലുണ്ടായിരുന്നു. വിവിധ കളരികളില്‍ വിവിധ ആശാന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് തുടങ്ങിയ അഭ്യസനം 80 പിന്നിട്ടിട്ടും ഗുരുക്കള്‍ തുടരുകയാണ്. ഭീതിയുടെ നിഴലില്‍ ജീവിക്കുന്ന തലമുറയ്ക്ക് ആത്മധൈര്യത്തിന്റെ വെളിച്ചമേകാനാണ് മറ്റുള്ളവര്‍ക്ക് വിദ്യകള്‍ പകര്‍ന്നു നല്‍കുന്നത് . ഒപ്പം പുതിയ പാഠങ്ങള്‍ സ്വയം അഭ്യസിക്കുകയും.

ചൂണ്ടുമർമ്മം സാഹോദര്യത്തിന്റെ സന്ദേശം

ആക്രമണോത്സുകനായി പാഞ്ഞടുക്കുന്ന ശത്രുവിന്റെ നേരെ വിരല്‍ ചൂണ്ടി അസ്തപ്രജ്ഞനാക്കുന്ന ചൂണ്ടുമര്‍മ്മമാണ് പ്രകാശന്‍ഗുരുക്കളെ ആ വിശേഷണത്തിന് അര്‍ഹനാക്കുന്നത്.ഏകാഗ്രമനസ്സിന്റെ കേന്ദ്രബിന്ദുവായി ഗുരുക്കളുടെ ചൂണ്ടുവിരല്‍ മാറുമ്പോള്‍ എതിര്‍ക്കാന്‍ വരുന്ന ശത്രു എത്ര കരുത്തനായാലും ആ നോട്ടത്തിനു മുന്നില്‍ സ്തബ്ധനാകും. എതിരാളിയുടെ ദേഹം തൊടാതെ അയാളെ നിലംപരിശാക്കുന്ന ചൂണ്ടുമര്‍മ്മം പ്രകാശന്‍ ഗുരുക്കള്‍ പരീക്ഷിക്കുന്നത് ശത്രുവിനെ വീഴ്‌ത്താനല്ല, മറിച്ച് സ്‌നേഹ സാഹോദര്യത്തിന്റെ സന്ദേശം പരത്താനാണ്. അഗസ്ത്യമുനിയുടെ ഈ അമൂല്യവിദ്യയെക്കുറിച്ച് പ്രകാശന്‍ ഗുരുക്കള്‍ സ്വായത്തമാക്കിയത് താളിയോലഗ്രന്ഥങ്ങളില്‍ നിന്നാണ്. സ്വന്തം ഇന്ദ്രിയങ്ങളെയും ദശപ്രാണനും നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് മറ്റുള്ളവരുടെ മനസ്സിനെയും നിയന്ത്രിച്ചു വരുതിയിലാക്കാമെന്നതാണ് ചൂണ്ടുമര്‍മ്മത്തിന്റെ ശാസ്ത്രീയവശം. ഉത്തുംഗമായ ധ്യാനത്തിലൂടെയാണ് ഇത് സ്വാംശീകരിക്കേണ്ടത്. തീര്‍ത്തും സ്വരക്ഷയ്ക്ക് മാത്രമേ ഇതുപ്രയോഗിക്കാന്‍ പാടുള്ളുവെന്നതിനാല്‍ ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാര്‍ ഈ വിദ്യ നല്കിയിരുന്നുള്ളു. ചുരുങ്ങിയത് 12 വര്‍ഷമെങ്കിലും അഭ്യസിച്ചാലേ ഇത് സ്വായത്തമാക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇത് സ്വീകരിക്കുന്നവര്‍ ഏതുവിധം പെരുമാറുമെന്ന് സംശയമുള്ളതിനാല്‍ വിശ്വാസമുള്ളവര്‍ക്കേ നല്‍കാറുള്ളു. പണ്ടുകാലത്ത് ഇത്തരം വിദ്യകള്‍ ഗുരുകുല സ മ്പ്രദായത്തിലാണ് സ്വായത്തമാക്കിയിരുന്നത്. ഫ്‌ളോറിഡയില്‍ നിന്നെത്തിയ പെനികാന്റസ് എന്ന ശിഷ്യയ്ക്ക് പ്രകാശന്‍ ഗുരുക്കള്‍ ചൂണ്ടുമര്‍മ്മത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. ഭാരതീയ സംസ്‌കൃതിയും വേദാന്തവും ഉപനിഷത്തുകളും പഠിച്ച പെനി കാന്റസ് 5 വര്‍ഷക്കാലം ശിഷ്യയായാണ് അഭ്യസിച്ചത്. നാട്ടിലേക്ക് മടങ്ങിയ അവര്‍ ഇടയ്ക്കിടെ എത്തുമായിരുന്നു ഗുരുമുഖത്ത് നിന്ന് വിദ്യകള്‍ പകര്‍ന്നു കിട്ടാന്‍.
മര്‍മ്മവിദ്യയെ ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുന്നില്ലെന്നതില്‍ ഗുരുക്കള്‍ക്ക് നിരാശയില്ല. പൗരാണികവും പാരമ്പര്യജഡിലവുമായ ചികിത്സാരീതികള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കാലഹരണപ്പെടാതെ നിലനില്‍ക്കുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ലോകം ഉള്ളിടത്തോളം ഇത് നിലനില്‍ക്കും. അടുത്തിടെ ലോകത്തെ ഗ്രസിച്ച കൊറോണ വൈറസിനെപ്പോലും വരുതിയിലാക്കാന്‍ പാരമ്പര്യവൈദ്യശാസ്ത്രത്തില്‍ ഔഷധമുണ്ട്. അത്തരം ഔഷധക്കൂട്ടുകളാണ് പ്രകാശന്‍ ഗുരുക്കളുടെ കുടുംബത്തിലേക്ക് കയറാതെ കൊറോണ വൈറസിനെ പ്രതിരോധിച്ചത്.

ഉടന്‍ ഫലം നല്‍കുന്ന മര്‍മ്മചികിത്സ

ജീവിതശൈലീ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ഉടനടി ഫലം നല്‍കുന്നതാണ് ഗുരുക്കളുടെ മര്‍മ്മ ചികിത്സ. നടുവേദന, മുട്ടുവേദന, പേശീ വേദന, കഴുത്ത് വേദന, ഉളുക്ക്, എല്ലിന്റെ പൊട്ടല്‍, സന്ധികളുടെ സ്ഥാനമാറ്റം തുടങ്ങിയ രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ ചികിത്സയുണ്ടെങ്കിലും പണച്ചെലവും കൂടുതല്‍ സമയം എടുക്കുന്നതുമാണ്. പൂര്‍ണമായ ഫലം കിട്ടണമെന്നുമില്ല. എന്നാല്‍ ഗുരുക്കളുടെ ചികിത്സയില്‍ മാന്ത്രിക വിദ്യകളൊന്നും ഇല്ലെങ്കിലും രോഗിക്ക് പൂര്‍ണ ആശ്വാസം കിട്ടും. അതിനാല്‍ രാപകലില്ലാതെ ഗുരുക്കളെ തേടിയെത്തുന്നവരുടെ എണ്ണവും കൂടുന്നു. നട്ടെല്ലിന്റെ ഏത് കശേരുവിനുണ്ടാകുന്ന ഏത് സങ്കീര്‍ണ്ണതയും മര്‍മ്മചികിത്സയിലൂടെ സുഖപ്പെടുത്താമെന്നാണ് ഗുരുക്കള്‍ പറയുന്നത്. മുട്ടുവേദനയ്ക്ക് പരിഹാരമായി കീഹോള്‍ ശസ്ത്രക്രിയയും മുട്ടുമാറ്റിവയ്ക്കലുമൊക്കെയാണ് ആധുനിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. മരുന്നോ എണ്ണയോ കൂടാതെ മര്‍മ്മചികിത്സയിലൂടെ ഇതിന് ശാശ്വത പരിഹാരമുണ്ട്. ശസ്ത്രക്രിയ നിശ്ചയിച്ച രോഗികളെപ്പോലും മര്‍മ്മവിദ്യയിലൂടെ സുഖപ്പെടുത്തിയ കേസുകള്‍ നിരവധിയുണ്ട് ഗുരുക്കളുടെ ഓര്‍മ്മയില്‍. പല രോഗികളും സ്‌കാനിംഗ് റിപ്പോര്‍ട്ടുമായാണെത്തുന്നത്. ഏത് തരം രോഗവും മര്‍മ്മ ചികിത്സയിലൂടെ മാറ്റാമെന്ന വാഗ്ദാനമൊന്നുമില്ല, രോഗികളെ പരിശോധിച്ച് മര്‍മ്മ ചികിത്സയിലൂടെ മാറ്റാവുന്നതാണെങ്കില്‍ ചികിത്സ ആരംഭിക്കും. പറ്റാത്ത കേസുകള്‍ അലോപ്പതി ചികിത്സ തേടാന്‍ ഉപദേശിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മര്‍മ്മ ചികിത്സയെക്കുറിച്ച് താളിയോലഗ്രന്ഥങ്ങളില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും നേടിയ അറിവുകളും മജിഷ്യന്റെ മാന്ത്രിക ദണ്ഡിന് സമാനമായി തോര്‍ത്ത്, ചൂരല്‍ വടി, മര്‍മ്മ പിന്‍, മര്‍മ്മ ദണ്ഡ്, മറ്റുപകരണങ്ങള്‍ എന്നിവയും ചികിത്സയില്‍ ഉപയോഗിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് മരുന്നുപയോഗം. പരിശീലനം സിദ്ധിച്ച 5 ആയുര്‍വേദ ഡോക്ടര്‍മാരും മര്‍മ്മാശ്രമത്തില്‍ ഗുരുക്കളുടെ സഹായികളായുണ്ട്.

നാഡി പരിശോധനയില്‍ തുടക്കം

രോഗിയുടെ നാഡിപരിശോധനയില്‍ നിന്നാണ് ചികിത്സ നിശ്ചയിക്കുന്നതിന്റെ തുടക്കം. പിന്നെ രോഗവിവരം ആരായുന്നതിലൂടെ ശരീര ശാസ്ത്രത്തെക്കുറിച്ച് ഏകദേശ ധാരണയിലെത്തും. ഏതെങ്കിലും അവയവത്തിന് സ്ഥാനഭ്രംശം, പേശികളുടെ മാറ്റം എന്നിവ മനസ്സിലാക്കും. കണ്ണ്, ശ്വാസം, ശബ്ദം ,സ്പര്‍ശം, നാഡി, വായുവിന്റെ പ്രവര്‍ത്തനം തുടങ്ങി ‘അഷ്ടാംഗ പരീക്ഷ’ യില്‍ രോഗനിര്‍ണ്ണയം സാദ്ധ്യമാകും. സ്ത്രീകളാണെങ്കില്‍ ആര്‍ത്തവ രീതിയും ആരാഞ്ഞ ശേഷമാകും ചികിത്സ നിശ്ചയിക്കുക. ഒരു മിനിറ്റ് കൊണ്ട് ഭേദമാകുന്ന അസുഖമുണ്ട്. എത്ര കടുത്ത രോഗമായാലും പരമാവധി 7 ദിവസം മതിയാകും രോഗമുക്തിക്ക്.

മനസ്സിനെ നിയന്ത്രിക്കുന്ന ‘ശിവയോഗ’വും ശ്വാസഗതിയെ അറിയുന്ന ‘ശരയോഗ’വും ചേര്‍ന്ന് മനസ്സിനെ അടക്കി, കോപം മാറ്റി തികച്ചും ശുദ്ധമനസ്സോടെയാകും രോഗനിര്‍ണയം. വിശ്വാസവും സമര്‍പ്പണവും ചേരുമ്പോള്‍ സംശയദൃഷ്ടി പാടില്ല. തപസ്സും യോഗയും ചെയ്ത് മനസ്സിനെ ഏകാഗ്രമാക്കുന്ന ഋഷിമാരെപ്പോലെയായാല്‍ വിശപ്പിനെയും ദാഹത്തെയും വരെ നിയന്ത്രിക്കാനാകുമെന്ന് ഗുരുക്കള്‍ സ്വന്തം അനുഭവത്തിലൂടെ സ്‌ക്ഷ്യപ്പെടുത്തുന്നു. മന്ത്രം, യന്ത്രം, തന്ത്രം – ഇവ മൂന്നും സന്നിവേശിപ്പിക്കുമ്പോഴാണ് ആത്മീയപരിവേഷം ഉണ്ടാകുക. മനസ്സിന്റെ ഏകാഗ്രതയുടെ വിവിധ തലങ്ങള്‍ പരിശീലിച്ചാല്‍ അതീന്ദ്രിയ ജ്ഞാനത്തിലെത്താം.

വൈദ്യുതി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി 1996 ല്‍ വിരമിച്ചശേഷമാണ് ഗുരുക്കള്‍ ‘മര്‍മ്മാശ്രമ’ ത്തിന് തുടക്കമിട്ടത്. ജോലിയിലിരുന്നപ്പോഴും മര്‍മ്മചികിത്സയും കളരി അഭ്യാസവും ഒപ്പം കൂട്ടിയിരുന്നു. സഹപ്രവര്‍ത്തകരുടെ സഹകരണം ഇതിനുണ്ടായിരുന്നുവെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു

ബഹുമതികള്‍

ദശാബ്ദങ്ങളായി പാരമ്പര്യ, മര്‍മ്മ ചികിത്സയിലൂടെ പതിനായിരങ്ങളെ പരിചരിച്ച ഗുരുക്കള്‍ക്ക് കിട്ടാത്ത ബഹുമതികളില്ല. പഴയ ബി.എ പൊളിറ്റിക്‌സുകാരനായ ഗുരുക്കള്‍ക്ക് രാജ്യത്തുനിന്നും വിദേശത്ത് നിന്നും ലഭിച്ച ബഹുമതികള്‍ക്ക് കണക്കില്ല. ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ എം.ഡി എടുത്ത അദ്ദേഹത്തിന് അടുത്തിടെ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏഷ്യയിലെ ഏറ്റവും മികച്ച മര്‍മ്മ ചികിത്സാ വിദഗ്ദ്ധനുള്ള ബഹുമതി നല്‍കി ആദരിച്ചു. മര്‍മ്മ ചികിത്സയുമായി റഷ്യ, ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ സന്ദര്‍ശിച്ച അദ്ദേഹത്തെ വിവിധ അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഷേക്കുമാരും അവിടേക്ക് ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ചു. ഇവിടെയൊക്കെ നിരവധി ശിഷ്യഗണങ്ങളുമുണ്ട്. രാജ്യത്തെ പരമോന്നത ബഹുമതിയായ പദ് മപുരസ്‌ക്കാരത്തിന് അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നതില്‍ അദ്ദേഹത്തിന് പരിഭവമില്ല. ഇന്നല്ലെങ്കില്‍ നാളെ തന്റെ കര്‍മ്മപഥങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമെന്ന് തന്നെയാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്. ഗുരുക്കളുടെ പാരമ്പര്യ ചികിത്സാ രീതികളായ കളരി, മര്‍മ്മ, ആയുര്‍വേദ ചികിത്സകളെ ആയുഷ് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ മര്‍മ്മ ചികിത്സകരായ 16 പേരുടെ സംഭാവനകള്‍ കോര്‍ത്തിണക്കി സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് പുറത്തിറക്കിയ ‘മര്‍മ്മചികിത്സ’ എന്ന പുസ്തകത്തില്‍ ഗുരുക്കളുടെ സംഭാവനയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘ആത്മരക്ഷാ തന്ത്ര’ എന്ന പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചു. ശിവയോഗം, ശരയോഗം, മര്‍മ്മ ചികിത്സ അനുഭവക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങളുടെ രചനയിലാണ്. ഭാസുരാംഗി (റിട്ട. നഴ്‌സ്) യാണ് ഭാര്യ. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലെ റേഡിയോളജി ട്യൂട്ടര്‍ പ്രീല സൂരജ്, ബി.എസ്.എന്‍.എല്ലില്‍ എന്‍ജിനിയറായ പ്രഭാത്, ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കണ്ണന്‍ എന്നിവരാണ് മക്കള്‍. പ്രകാശന്‍ ഗുരുക്കളുടെ പിന്തുടര്‍ച്ചക്കാരനായി പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കണ്ണനെ പരിശീലിപ്പിക്കുകയാണ്.

പ്രകാശന്‍ ഗുരുക്കളുടെ ഫോണ്‍: 9447347993
ലേഖകന്റെ ഫോണ്‍: 9446564749

Author

42 Views
Scroll to top
Close
Browse Categories