ഗുരുവെന്ന കാഞ്ചൻജംഗ
കാഞ്ചൻ ജംഗ കൊടുമുടിക്ക് അഞ്ചു ശിഖരങ്ങളുണ്ട്. അതിലെല്ലാം നിധിയുണ്ടെന്ന് വിശ്വാസം. ബഹുകർമ്മപടുവായ ശ്രീനാരായണ ഗുരു കവിയെന്ന നിലയിൽ കാവ്യദേവതയെ നൃത്തം ചെയ്യിക്കുന്നത് ചിജ്ജഡ ചിന്തനത്തിൽ കാണാം.
ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാൽ കാഞ്ചൻജംഗ കൊടുമുടി കാണാം. അങ്ങകലെ മൂടൽമഞ്ഞ് പുതച്ച ദൃശ്യമായിരിക്കും പലപ്പോഴും. സിക്കിമിലെ പെല്ലിംഗ് ഗ്രാമത്തിൽ നിന്നാൽ പ്രകൃതിയും കാലാവസ്ഥയും കനിഞ്ഞാൽ കാഞ്ചൻജംഗയുടെ സുന്ദരദൃശ്യം ലഭിച്ചെന്നുവരാം. സിക്കിംകാരുടെ ദൈവമാണ് കാഞ്ചൻജംഗ. ഹിമാലയൻ കൊടുമുടികളിൽ കാഞ്ചൻജംഗ ഇപ്പോഴും പതിവ്രതയാണെന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമബംഗാളിലെ ഡാർജിലിംഗിലുള്ള ടൈഗർഹിൽസിൽ നിന്നാലും കാഞ്ചൻജംഗയുടെ ദൃശ്യം ചിലപ്പോൾ കിട്ടിയെന്ന് വരാം. ഇക്കഴിഞ്ഞ മേയ് മാസത്തിൽ സിക്കിം – ഡാർജിലിംഗ് യാത്ര നടത്തിയെങ്കിലും കാഞ്ചൻജംഗ കാണാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

ശ്രീനാരായണ ഗുരുവിന്റെ മഹത്വത്തെക്കുറിച്ച് പറയാൻ തുടങ്ങുന്നതിനിടെ കാഞ്ചൻജംഗയെ സൂചിപ്പിച്ചത് കേവലം യാദൃച്ഛികമല്ല. കാഞ്ചൻജംഗയുടെ അഞ്ചു ശിഖരങ്ങളിൽ പവിത്രമായ നിധിയുണ്ടെന്ന് സിക്കിം വാസികൾ വിശ്വസിക്കുന്നു. ഒരു ശിഖരത്തിൽ ഉപ്പ്. മറ്റൊന്നിൽ വിലപ്പെട്ട രത്നങ്ങളും ലോഹങ്ങളും. മൂന്നാമത്തേതിൽ മതസാഹിത്യം. നാലാമത്തേതിൽ മരുന്നും ധാന്യങ്ങളും. അഞ്ചാമത്തേതിൽ കീഴടക്കാനാകാത്ത രക്ഷാകവചം. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കൊടുമുടിയാണ് കാഞ്ചൻജംഗ. ഉയരം 28,168 അടി. എവറസ്റ്റിനെക്കാൾ കീഴടക്കാൻ പ്രയാസമാണ് ഈ കൊടുമുടിയെന്ന് പർവതാരോഹകർ സാക്ഷ്യപ്പെടുത്തുന്നു. കാഞ്ചൻജംഗയ്ക്ക് അഞ്ചു ശിഖരമുള്ളതുപോലെ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ മാഹാത്മ്യത്തിനുമുണ്ടാകും അത്രത്തോളം ശിഖരങ്ങൾ. ഒരുപക്ഷെ അതിലേറെ. നവോത്ഥാന നായകൻ, സാമൂഹ്യവിപ്ലവകാരി, ആത്മീയാചാര്യൻ, ഋഷികവി എന്നതിലപ്പുറം പിന്നെയും നാം കാണാത്ത എത്രയോ ശിഖരങ്ങൾ. മൂടൽമഞ്ഞ് മൂടിക്കിടന്ന അവയിൽ പലതും വരും കാലമായിരിക്കാം ഒരുപക്ഷെ കണ്ടെത്തുക.

ഗുരുവിനെ തൊട്ടുപോകുന്ന ചിന്തകളുടെ നിരവധി രാജപാതകളിൽ തിരക്കു കുറവ് ഋഷിത്വം തുളുമ്പുന്ന കവിതയുടെ പാതയാണ്. നവരസങ്ങളുടെ ഫലവൃക്ഷങ്ങൾ ഈ രാജപാതയ്ക്കിരുവശവും കാണാം. നുണഞ്ഞിറക്കാവുന്നതും അലിയിച്ചിറക്കാവുന്നതും ആദ്യം നെല്ലിക്കപോലെ കയ്ച്ചിട്ട് മാധുര്യം തരുന്നതുമായ ഫലങ്ങളുണ്ട് ഇവയിൽ. ആത്മോപദേശ ശതകം, ശിവശതകം എന്നിവ ജ്ഞാനപ്പഴ സമമാണ്. ചിജ്ജഡ ചിന്തനവും ചിന്തിച്ചു ചിന്തിച്ച് മാധുര്യമേറുന്നവയാണ്. ചിത്തും ജഡവും തമ്മിലുള്ള സംയോഗമാണ് ഈ കവിതയുടെ കാതൽ. ചിത്ജഡാ ചിന്തകൾക്കിടെ ഗുരു ജീവന്മുക്തന്റെ ആനന്ദാതിശയവും സൂചിപ്പിക്കുന്നുണ്ട്. ഈ ആനന്ദാതിശയ വർണനക്കിടെ ഗുരുവിന്റെ കവിമനസ് കരകവിയുന്നതും കാണാം. അതിനെപ്പറ്റിയാണ് ഇവിടെ സ്പർശിച്ചുപോകുന്നത്.
ചിജ്ജഡചിന്തനം
പത്തു ശ്ളോകങ്ങളാണ് ചിജ്ജഡ ചിന്തനത്തിൽ. അതിൽ പലതിലും കവിതയുടെ കരകവിയൽ കാണാം. ഏഴാമത്തെ ശ്ലോകം നോക്കുക.
അരുളേ തിരുമേനിയണിഞ്ഞിടുമീ –
യിരുളേ, വെളിയേയിടയേ, പൊതുവേ
കരളേ, കരളിങ്കലിരിക്കുമരും –
പൊരുളേ, പുരിമൂന്നുമെരിച്ചവനേ!
കാരുണ്യമൂർത്തിയായി തെളിയുന്ന ഭഗവാനേ, അവിടത്തെ സ്വരൂപത്തെ മറയ്ക്കാൻ വന്നെത്തുന്ന ആവരണമേ, അതിൽ നിന്നു രൂപം കൊള്ളുന്ന ആകാശമേ, തുടർന്നു ജഡപരിണാമത്തിലെ മദ്ധ്യഘട്ടമായി വിളങ്ങുന്നവനേ, കരളേ, പൊരുളേ ഹൃദയത്തിലിരുന്നുകൊണ്ട് കാരണസൂക്ഷ്മ സ്ഥൂലദേഹങ്ങളെന്ന മൂന്നു പുരങ്ങളേയും ചുട്ടുചാമ്പലാക്കിയവനേ അങ്ങയെ പലരൂപത്തിൽ ഞാൻ കണ്ടുവണങ്ങുന്നു.
കാവ്യദേവത ഗുരുവിന്റെ മുന്നിൽ നൃത്തം വയ്ക്കുകയാണോ ലളിത കോമള പദങ്ങൾ ഗുരുവിന്റെ തൂലികയിൽ നൃത്തം വയ്ക്കുകയാണോ എന്ന് സംശയിച്ചുപോകും. ഈ ആനന്ദവും സത്യവും സ്പർശിച്ചശേഷം ഒമ്പതാം ശ്ലോകത്തിൽ ഋഷികവിയുടെ ചിന്തയുടെ ലാളിത്യവും മാധുര്യവും നിറഞ്ഞുതുളുമ്പുന്നു.
പുതുമാം കനി, പൂത്തമൃതേ, ഗുളമേ
മധുവേ, മധുരക്കനിയേ, രസമേ,
വിധി മാധവരാദി തിരഞ്ഞിടുമെൻ
പതിയേ, പദപങ്കജമേ ഗതിയേ
(ചിജ്ജഡചിന്തനം)
എല്ലാ മനുഷ്യരും തിരയുന്നത് സുഖത്തെയാണ്. പൂർണ സത്യസ്വരൂപമാണല്ലോ ആനന്ദം. അതിനാൽ സുഖം തിരയുമ്പോൾ അറിയാതെ സത്യത്തെയും അന്വേഷിക്കുന്നുണ്ട്. സത്യത്തിന്റെ ഇരിപ്പിടം വേണ്ടവണ്ണം അറിയാത്തതിനാൽ തിരഞ്ഞു തിരഞ്ഞു അതിൽ നിന്ന് അകന്നുപോകുന്നു. അതേസമയം അന്തർമുഖമായി അവനവന്റെ ഉള്ളിൽ അന്വേഷിക്കുന്നയാളിന് അതു തെളിഞ്ഞുകിട്ടുന്നു. ചിത്, ജഡം എന്നിവയിൽ ജനിമൃതികളുണ്ട്. ജീവിതത്തിന്റെ നിഗൂഢ രഹസ്യവുമുണ്ട്.
സൂര്യപ്രകാശത്തിന്റെ നേർമ്മപോലെ, നീലാകാശത്തിന്റെ തെളിമപോലെ മാനസസരസിലെ സ്ഫടികസമാനജലം പോലെ ശുദ്ധകവിതയുടെ കുത്തൊഴുക്കല്ലേ ഇവിടെ. പളുങ്കുമണികൾ തിളങ്ങും പോലെ. ബഹുമുഖ കർമ്മിയായരു ഋഷികവിയുടെ കവിതയ്ക്ക് ഇത്ര മാധുര്യവും തെളിമയുള്ള ആഴവും എങ്ങനെ വന്നു എന്ന് ആരും അതിശയിച്ചുപോകും. ഗുരുവെന്ന മഹാകവിയുടെ പ്രതിഭയെ സാഷ്ടാംഗം നമസ്കരിച്ചുപോകും. പദങ്ങളുടെ ചേർച്ച മുത്തും പൊൻനൂലും ചേരും പോലെ സാമാന്യ അർത്ഥമേ ആദ്യ വായനയിൽ തെളിഞ്ഞുകിട്ടൂ. പഴുത്തു പാകം വന്ന പുതിയ മാവിൻ ഫലമേ, പുതുമയോടെ കിട്ടിയ അമൃതമേ, ശർക്കരയേ, തേനേ, മാധുര്യം നിറഞ്ഞു പാകമായ ഫലമേ, ആനന്ദമേ, ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയവർപോലും കണ്ടെത്താൻ കൊതിക്കുന്ന എന്റെ പ്രഭുവേ, നിന്റെ പാദപങ്കജമൊന്നു മാത്രമാണെനിക്കഭയം.
വാക്യാർത്ഥം വെടിഞ്ഞ് ഓരോ പദമായി വായിച്ചു നോക്കുക. കുലകുലയായി വിളഞ്ഞുനിൽക്കുന്ന ഒരു മുന്തിരി തോട്ടത്തിൽ നിൽക്കുംപോലെ തോന്നും. എന്തൊരു വാസന. നാവിൽ കൊതിയേറ്റുന്ന മാധുര്യത്തിന്റെ ചിന്താമണികൾ. കവിതയെഴുതുന്നവരും എഴുതാൻ തുടങ്ങുന്നവരും എഴുതിത്തെളിഞ്ഞവരും ഈ വരികൾ ഉരുവിടുംതോറും മാധുര്യം ഊറിവരുംപോലെ തോന്നും. ചിന്തിച്ചാൽ മനസ് അത് നുണഞ്ഞിറക്കും പോലെ അനുഭവപ്പെടും. ഗുരുവാകുന്ന കാഞ്ചൻജംഗയുടെ വിലപ്പെട്ട നിധിയിരിക്കുന്ന ശിഖരം കവിതയാണെന്ന് തോന്നിപ്പോകും. അതു തോന്നലല്ല വെണ്മയാർന്ന ഉണ്മ.






