വനിതാക്രിക്കറ്റ് വസന്തം:വീണ്ടും പാക് ദുരന്തം
ഏഷ്യാകപ്പ് മത്സരത്തിനിടെ പാക് കളിക്കാരെ അഭിവാദ്യം ചെയ്യാതിരുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാതൃക പിന്തുടര്‍ന്ന് വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് മത്സരത്തില്‍ എതിരാളികളായ പാക് വനിതകളെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ചതിനോടൊപ്പം മത്സരത്തില്‍ പാക് ടീമിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് ഇന്ത്യക്കാരുടെ ആത്മവീര്യവും ദേശാഭിമാനബോധവും ഉയര്‍ത്താന്‍ മറന്നില്ല

തിങ്ങിനിറഞ്ഞ ഗ്യാലറികള്‍ ഓരോ ഷോട്ടുകള്‍ക്ക് ഒപ്പം ഉയരുന്ന ആര്‍പ്പുവിളികള്‍. അവരവരുടെ രാജ്യങ്ങളുടെ പതാകകളുമായി നൃത്തമാടുന്ന യുവതി യുവാക്കള്‍. ഗ്രൗണ്ടില്‍ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക ജേഴ്സികള്‍ അണിഞ്ഞ താരങ്ങള്‍. പറഞ്ഞുവരുന്നത് മറ്റൊന്നിനെക്കുറിച്ചും അല്ല, മറിച്ച് ഇന്ത്യയിലും ലോകത്തും പുതിയ ട്രെന്‍ഡ് ആയി മാറിയിട്ടുള്ള വനിതാ ക്രിക്കറ്റിനെ കുറിച്ചാണ്.
ഈ സാമൂഹ്യ മാധ്യമ കാലഘട്ടത്തില്‍ ആ രംഗത്ത് സ്ത്രീകള്‍ മേല്‍ക്കോയ്മ പുലര്‍ത്തിയപ്പോഴും വനിതാ കായിക മത്സരങ്ങളുടെ മുഖ്യധാരയില്‍ നിന്ന് പൊതുവേ ആരാധകരും വനിതാ ക്രിക്കറ്റര്‍മാരും അകന്നു നിന്നിരുന്നു. വെടിയുണ്ട ഷോട്ടുകള്‍ പായിക്കുന്ന ബാറ്റര്‍മാരും തീപാറും ബോളുകള്‍ എറിയുന്നബോളർമാരും മിന്നല്‍ ഡൈവുകളിലൂടെ ബോളുകള്‍ തടുക്കുന്ന ഫീല്‍ഡര്‍മാരുമുള്ള കാണികളെ ഹരം കൊള്ളിക്കുന്ന വനിതാ ക്രിക്കറ്റ് കാലം നിലവില്‍ വന്നിരിക്കുന്നു.
അവസരങ്ങളേറെ; മാറി നിൽക്കരുത്
മറ്റു കായിക വിനോദങ്ങളെ അപേക്ഷിച്ച് സംസ്ഥാന ടീമിലും ദേശീയ ടീമിലും മറ്റും ഇടം കിട്ടാന്‍ സാധ്യതയുള്ളതും 11 കളിക്കാര്‍ക്ക് ഒരേസമയം ടീമില്‍ ഇടം പിടിക്കാന്‍ കഴിയുന്നതും ഏകദിനം, ടെസ്റ്റ്, 20:20 ക്രിക്കറ്റ് എന്നും നിലവില്‍ മൂന്ന് ഫോര്‍മാറ്റുകളില്‍ കളിച്ചു വരുന്നതും ഭാവിയില്‍ മിക്സഡ് ക്രിക്കറ്റ് ടീം എന്നുവരെ പുതിയ ഫോര്‍മാറ്റ് തുടങ്ങാന്‍ പോലും സാധ്യതയുള്ളതും പണവും ആരാധക വൃന്ദവും ഉള്ള ക്രിക്കറ്റ് രംഗത്തേക്ക് കായിക വാസനയുള്ള പെണ്‍കുട്ടികളെ ദീര്‍ഘദൃഷ്ടികളായ മാതാപിതാക്കള്‍ തിരിച്ചു വിടുന്ന ഒരു കാലം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ആഗതമാകുകയാണ്. നിലവിലെ കേരളത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ആരെന്ന ചോദ്യത്തിന് അത് നമ്മുടെ സഞ്ജു സാംസന്‍ ആയിരിക്കും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. അതാണ് ക്രിക്കറ്റ് ഒരു വ്യക്തിക്ക് സ്വദേശത്തും വിദേശത്തും നല്‍കുന്ന പ്രാധാന്യവും പ്രശസ്തിയും. അത്തരത്തില്‍ നമ്മുടെ നിരവധി മിന്നുമണികളുടെയും ഒരു കാലം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഈ വനിതാ ക്രിക്കറ്റ് വസന്തത്തിന് ആക്കം കൂട്ടുന്നതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുവരുന്ന വനിത ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍.ജൂലിയന്‍ ഗോസാമിയില്‍ നിന്നും മിതാലിരാജില്‍ നിന്നും ഹര്‍മന്‍ പ്രീത് കൗറിലേക്കും സ്മൃതി മന്ദാനയിലേക്കും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് മാറുമ്പോള്‍ നിലവില്‍ വന്‍ ആരാധക വൃന്ദവും പണവും പ്രശസ്തിയും ഉള്ള ഒരു കായികഇനമായി വനിതാ ക്രിക്കറ്റ് മാറിക്കഴിഞ്ഞു. സ്മൃതി മന്ദാന എന്ന വനിതാ ക്രിക്കറ്റര്‍ നിലവില്‍ യുവതീ യുവാക്കള്‍ അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറി കഴിഞ്ഞിരിക്കുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യാകപ്പ് മത്സരത്തിനിടെ പാക് കളിക്കാരെ അഭിവാദ്യം ചെയ്യാതിരുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാതൃക പിന്തുടര്‍ന്ന് വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് മത്സരത്തില്‍ എതിരാളികളായ പാക് വനിതകളെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ചതിനോടൊപ്പം മത്സരത്തില്‍ പാക് ടീമിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് ഇന്ത്യക്കാരുടെ ആത്മവീര്യവും ദേശാഭിമാനബോധവും ഉയര്‍ത്താന്‍ മറന്നില്ല.
ഇന്ത്യന്‍ കായിക ഇനമായ ഗുസ്തിയില്‍ വനിതാ പ്രാതിനിധ്യം കുറിച്ചതുമായി ബന്ധപ്പെട്ട് അമീര്‍ഖാന്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റായി മാറിയ ഹിന്ദി ചലച്ചിത്രം ഡങ്കല്‍ സിനിമയിലെ രംഗം പോലെ ചെറിയ പെണ്‍കുട്ടികളെ സ്‌കൂട്ടറില്‍ ഇരുത്തി ബാറ്റും ബോളും പാഡും ഒക്കെയായി അതിരാവിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിലേക്ക് കൊണ്ടുപോകുന്ന അച്ഛന്‍ അമീര്‍ഖാന്‍മാരുടെ ഒരു കാലം അനതി വിദൂര ഭാവിയില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഇടവഴികളില്‍ നമുക്ക് കാണാന്‍ കഴിയും എന്നത് ഉറപ്പാണ്. ഫുട്ബോള്‍ ഭ്രാന്തന്മാരുടെ നാടെന്ന് കീര്‍ത്തികേട്ട വടക്കന്‍ കേരളത്തിലെ വയനാട് നിന്നും മുത്തുമണി എന്ന പെണ്‍കുട്ടി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ടീമിലെത്തി എങ്കില്‍ അത് കായിക കേരളത്തിനും വനിതാ ക്രിക്കറ്റിനും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
നിലവിലെ വനിതാ ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ഹീലിയുടെ മരുമകളായ അലിസ ഹീലി എന്ന വിക്കറ്റ് കിപ്പര്‍ബാറ്ററുടെ നായകത്വത്തില്‍ ഇറങ്ങിയിട്ടുള്ള ഓസ്ട്രേലിയയാണ് പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഓസ്ട്രേലിയയെ വിജയതീരത്ത് അടുപ്പിച്ചിട്ടുള്ള അലിസ ഹീലി യുടെ നേതൃത്വം ഓസ്ട്രേലിയയുടെ കിരീട പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇംഗ്ലണ്ടും ഇന്ത്യയും വിജയപ്രതീക്ഷകളുമായിപോയിന്റ് നിലയില്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്.സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്ക് തിളക്കം നല്‍കുന്നുണ്ട്.






