മന്ദാരങ്ങൾ പൂവിട്ടപ്പോൾ
ഡെവിസ് ഇൻ !
അതിന്റെ ലോബിയിൽ കയറുമ്പോൾ ധരയും മിഥുനും ചൂടേറിയ ചർച്ചയായിരുന്നു. കാർ ആ ഹോട്ടലിലേക്ക് തിരിഞ്ഞപ്പോൾ തൊട്ട് ഇതാണ് അവളുടെ അവസ്ഥ. ധരയുടെ കണ്ണുകളിൽ ഭീതിയുടെ അലയൊലികൾ മിഥുന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

” ഈ ലോകത്ത് പ്രേതങ്ങളില്ല ! നീ ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതല്ലേ. നീ ഒരു വിദ്യാഭ്യാസമുള്ള പെണ്ണല്ലേ . നീ ഇപ്പോഴും ഒരു കുട്ടിയെപ്പോലെ എന്തിനാ ചിന്തിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ ?”
മിഥുൻ വീണ്ടും അവൾക്ക് ഉപദേശം നൽകുന്ന തിരക്കിലായിരുന്നു.
“ഇല്ല, പക്ഷേ ഞാൻ വെറുതെ പറയുകയല്ല…”
ധരയുടെ സംസാരം പാതിവഴിയിൽ വെച്ച് മുടക്കി കൊണ്ട് മിഥുൻ പറഞ്ഞു.
“നീ എപ്പോഴെങ്കിലും ഒരു പ്രേതത്തെ നേരിട്ട് കണ്ടിട്ടുണ്ടോ? ആദ്യം ഇതിന് നീ ഉത്തരം പറയ്.”
“ഇല്ല, പക്ഷേ കമല പറഞ്ഞു…” ധര വിക്കിവിക്കി ഉത്തരം പറയാൻ ശ്രമിച്ചു,
അവളെ വീണ്ടും തടസ്സപ്പെടുത്തു കൊണ്ട് മിഥുൻ പറഞ്ഞു.
“കമല എന്താണ് പറയുന്നതെന്ന് അവൾക്ക് തന്നെ അറിയില്ല. ദിവസവും അവൾ ഒരുപാട് ഹൊറർ ഷോകൾ കാണുന്നുണ്ട്, രാത്രി ഉറക്കെ കരഞ്ഞ ആ ദിവസങ്ങളിൽ എത്ര ഭയാനകമായ പ്രേതകഥകൾ അവൾ കണ്ടു എന്ന് ദൈവത്തിനറിയാം ! “
“എല്ലാ ദിവസവും അഞ്ച് ഭയാനകമായ പ്രേതകഥകൾ !”
അവൾ അവന്റെ വാക്യം പൂർത്തിയാക്കി.
“കണ്ടോ ഞാൻ പറഞ്ഞില്ലേ? “
പരസ്പരം വാദിച്ചുകൊണ്ടിരുന്ന ആ കുടുംബം റിസപ്ഷൻ ഡെസ്കിലേക്ക് നടന്നു. അവർ രണ്ട് പേരും മുപ്പതുകളുടെ മധ്യത്തിലായിരുന്ന , അവർക്ക് രണ്ട് വയസായ ഒരു മകളുമുണ്ടായിരുന്നു. തർക്ക വിഷയത്തിന്റെ പ്രാധാന്യമറിയാതെ സംസാരത്തിന്റെ അർത്ഥശൂന്യത അപഗ്രഥിക്കാനിതുവരെ പഠിച്ചിട്ടില്ലാത്ത ആ പാവം കുട്ടി ഇടയ്ക്കിടെ അവളുടെ രക്ഷിതാക്കളുടെ ഇടയിൽ നടന്നു. അവർ കയറിയ അപരിചിതമായ ഹോട്ടലിലേക്ക് അവളും നടന്നു കയറി പിന്നീട് അവളുടെ മാതാപിതാക്കളെ നോക്കി അവരുടെ അരികിലൂടെ നടന്നു.
ധരയുടെ മാതാപിതാക്കളെ കാണാൻ പോകുമ്പോൾ വഴിയിൽ ഭാഗ്യവശാലോ നിർഭാഗ്യവശാലോ അവർ കണ്ട ഒരു പഴയ, വൃത്തികെട്ട ഹോട്ടലായിരുന്നു അത്.
ഡെവിസ് ഇൻ !
ദീർഘവും കഠിനവുമായ ഒരു യാത്രയായിരുന്നു അത്, അതിനാൽ അവർക്ക് വിശ്രമം അനിവാര്യമായിരുന്നു. എന്നാൽ ആ ഹോട്ടലിനെ ചുറ്റിപറ്റി കിടന്ന കഥകൾ ധരയെ പേടിപ്പിച്ചു.
റിസപ്ഷൻ ഡെസ്കിൽ ഒരു വൃദ്ധൻ പത്രം വായിച്ചുകൊണ്ടിരുന്നു. കാഴ്ച്ചയിൽ അയാൾ ഒരു പാവം കൂറിയ മനുഷ്യനായിരുന്നു, മുഖത്ത് കട്ടിയുള്ള മുഖക്കുരുകളും, ഒടിഞ്ഞു തുങ്ങിയ ശരീരവും, ദിവസങ്ങളായി അയാൾ കുളിച്ചിട്ടില്ല എന്ന് തോന്നി പോകുന്ന രീതിയിലായിരുന്നു അയാളുടെ രൂപം
അയാളുടെ മേശപ്പുറത്ത് എത്തിയപ്പോഴും അവർ വാചാലരാകുകയായിരുന്നു. വൃദ്ധൻ ആദ്യമായി അവരെ നോക്കി നെടുവീർപ്പിട്ടു, എന്നിട്ട് ചോദിച്ചു
“പറയു?”
മറുപടി പറഞ്ഞപ്പോൾ മിഥുൻ ഇടയ്ക്ക് ഇടറിപ്പോയി,
“ഞങ്ങൾക്ക് രാത്രി താമസിക്കാൻ ഒരു മുറി വേണം.”
വൃദ്ധൻ തന്റെ മുന്നിൽ നിൽക്കുന്നവരെ കുറച്ചു നേരം നോക്കി, പിന്നെ തന്നെ പിന്തുടരു എന്ന് ആംഗ്യം കാണിച്ചു മുന്നോട്ട് നടന്ന് നീങ്ങി.
ഇരുണ്ട ഇടനാഴിയിലേക്ക് അയാളെ അവർ പിന്തുടർന്നു. വൃദ്ധൻ താക്കോലുമായി നന്നേ ബുദ്ധിമുട്ടി മുന്നോട്ട് നീങ്ങി. ദമ്പതികൾ അയാളുടെ പുറകിൽ തർക്കിച്ചു കൊണ്ട് പിന്തുടർന്നപ്പോൾ ഇടനാഴിയിലൂടെ അയാൾ ഒരു ദുർബലനായ യോദ്ധാവിനെ പോലെ മുന്നിൽ നടന്നു. കൊച്ചുകുട്ടിക്ക് ഈ ബഹളം പരിചിതമായിരുന്നത് കൊണ്ട് അവൾ യാതൊന്നും പറയാതെ മുന്നോട്ട് നടന്നു. അവർക്കുള്ള മുറി തുറന്നപ്പോൾ അവൾ അമ്മയുടെ കാലുകളിൽ പിടിച്ചു.
അയാൾ മുറി തുറന്നു കാണിച്ചു കൊടുത്തു. അതൊരു ഒറ്റ മുറിയായിരുന്നു, അതിൽ ഒറ്റ കിടക്ക മാത്രമേ ഉണ്ടായിരുന്നുള്ളു.
” ഞങ്ങൾക്ക് രണ്ട് കിടക്കകളുള്ള ഒരു മുറിയാണ് വേണ്ടത് .” മിഥുൻ പറഞ്ഞു.
“ഇവിടുത്തെ എല്ലാ മുറികളിലും ഒറ്റ കിടക്കകളാണ് ഉള്ളത്. നിങ്ങൾ മറ്റൊരു മുറി എടുക്കേണ്ടിവരും. അല്ലെങ്കിൽ ഇവിടെ ഡബിൾ ബെഡുള്ള മുറിയില്ല .” വൃദ്ധൻ പറഞ്ഞു. അയാൾ തന്റെ നിസ്സഹായത അറിയിച്ചു.
“എന്ത്? ഇല്ലേ? എനിക്ക് ഈ രാത്രി ഒന്ന് സുഖമായി ഉറങ്ങണം. അത്ര മാത്രം ഞാൻ ക്ഷീണിച്ചിരിക്കുന്നു. “
മിഥുന് ആ ഹോട്ടലിൽ വേറെ മുറി കിട്ടില്ലെന്ന് ബോധ്യമായി, മറ്റൊരു മുറി എടുക്കുന്നതിനെക്കുറിച്ച് അയാൾ ചിന്തിക്കുകയായിരുന്നു. അപ്പോഴേക്കും വൃദ്ധൻ ഒരു ഇടനാഴിയിലൂടെ നടന്നു ഒരു മുറിയുടെ മുന്നലെത്തി.
പരിചയമില്ലാത്ത സ്ഥലം, രാത്രി സമയം ഇതെല്ലാം ധരയിൽ ഭയമുണ്ടാക്കി. അവൾക്ക് ഈ രീതിയിൽ രണ്ട് മുറികളിലായി കിടക്കാൻ താല്പര്യമുണ്ടായില്ല. മാത്രമല്ല അങ്ങനെ ഒരു കാര്യം അവൾക്ക് ചിന്തിക്കാൻ പോലും സാധിച്ചില്ല. അയാൾ ആ വൃദ്ധനോട് കുറച്ചു വലിയ മുറി കിട്ടാനുള്ള വഴി ആരാഞ്ഞു കൊണ്ട് നിന്നു. എന്നാൽ അങ്ങനെ ഒരു മുറി പോലും ഒഴിവില്ലെന്ന് അയാൾ പറഞ്ഞു. അവസാനം തോൽവി സമ്മതിച്ചു മിഥുൻ ധരയുടെ അടുത്തെത്തി.
“ഓ! ധര വരൂ! കിങ്ങിണി നിനക്കൊപ്പം ഉണ്ടല്ലോ .”
അവളുടെ ഉടുപ്പിൽ പിടിച്ചു നിൽക്കുന്ന കുഞ്ഞിനെ ചൂണ്ടി കാണിച്ചു കൊണ്ട് മിഥുൻ അവളെ ആശ്വസിപ്പിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. അവന് പോലും അത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
“എന്താണെന്നറിയാമോ? നിങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള മുറി ഞാൻ എടുക്കാം. അവിടെ ഒഴിവുണ്ടെന്ന് അയാൾ പറഞ്ഞു.”
ധരയ്ക്ക് അനുസരിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. അപരിചിതമായ സ്ഥലങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കാട്ടിനുള്ളിലെ സ്ഥലങ്ങളെക്കുറിച്ച് തനിക്ക് എന്താണ് തോന്നുന്നതെന്ന് അയാളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ അവൾക്ക് വയ്യാത്തത്ര ക്ഷീണമായിരുന്നു. അപ്പോഴേക്കും വൃദ്ധൻ മുറി തുറന്നു, അവൾ അകത്തേക്ക് നോക്കി, എന്നിട്ട് തിരിഞ്ഞു ചോദിച്ചു ,
“എന്തുകൊണ്ടാണ് ഇവിടെ വെളിച്ചം ഇത്ര മങ്ങിയിരിക്കുന്നത്?”
വൃദ്ധൻ തോൾ കുലുക്കി അവളെയും കുട്ടിയെയും അകത്തു പോകാൻ അനുവദിച്ചു കൊണ്ട് മാറി നിന്നു. എന്നിട്ട് തൊട്ടടുത്ത മുറി മിഥുന് തുറന്നു കൊടുക്കാൻ താക്കോൽ തിരഞ്ഞു. കൈയിലെ ഒരു കൂട്ടം താക്കോലുക്കൾക്കിടയിൽ നിന്ന് അയാൾ ഒരു പഴയ നിറം മാറിയ താക്കോൽ തപ്പിഎടുത്തു.
ധരയും കിങ്ങിണിയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്തുള്ള വാതിൽക്കൽ മിഥുൻ വൃദ്ധനായി കാത്തിരിക്കുകയായിരുന്നു. വൃദ്ധൻ കുറച്ചു പരിശ്രമിച്ച് മുറി തുറന്ന്, ഉള്ളിലേക്ക് നടന്നു. മിഥുൻ മുറി പരിശോധിക്കാൻ അകത്തേക്ക് നടന്നു.
“ദയവായി ലൈറ്റുകൾ ഓൺ ചെയ്യാമോ?”
വൃദ്ധൻ സ്വിച്ചിനൊപ്പം വൃഥാ പാടുപ്പെട്ടു.
“ആഹാ! പെർഫെക്റ്റ്! അപ്പോൾ ഇവിടെ വെളിച്ചമൊന്നുമില്ല. ആ മുറിയിലും അരണ്ട വെളിച്ചം, ഇവിടെ ബൾബ് കത്തുന്നത് പോലുമില്ല.”
മിഥുൻ പരിഹസിച്ചു.
“ഞാൻ ഉടനെ ബൾബ് മാറ്റാം.”
വൃദ്ധൻ പറഞ്ഞു,
എന്നിട്ട് തന്റെ മേശയിലേക്ക് പോകാൻ തുടങ്ങി. അയാൾ ആ ഇരുട്ടിൽ പതുക്കെ ഇഴഞ്ഞു നീങ്ങുന്നത് കണ്ടപ്പോൾ, കാര്യങ്ങൾ അങ്ങനെ തന്നെ വിടാൻ മിഥുൻ തീരുമാനിച്ചു. ആ വൃദ്ധൻ ബൾബ് കൊണ്ട് വന്ന് ഇവിടെ കൊണ്ട് വന്ന് ഇടുന്നത് ശ്രമകരമാണെന്ന് മിഥുൻ മനസ്സിലാക്കി.
“വേണ്ട, നിങ്ങൾ അത് വിട്ടേക്കു, അത് സാരമില്ല. എന്തായാലും ഞാൻ നേരെ ഉറങ്ങാൻ പോകും. അത്രയും ക്ഷീണമുണ്ട്.”
മിഥുനത് പറഞ്ഞപ്പോൾ വൃദ്ധന് കുറച്ചു ആശ്വാസമായത് പോലെ തോന്നി. അയാൾ യാത്ര പറഞ്ഞു പുറത്ത് ഇറങ്ങി, മിഥുൻ വാതിലടച്ച് ഡ്രസ്സ് മാറ്റാൻ തുടങ്ങി. അയാൾ
ഷർട്ട് തൂക്കി വെക്കാനായി ഹാംഗറുകൾക്കായി തപ്പിത്തടയാൻ തുടങ്ങി. മുറിയിൽ നല്ല ഇരുട്ടായിരുന്നു, മിഥുൻ തന്റെ മൊബൈലിലെ ടോർച്ച് ബട്ടൺ ഓൺ ചെയ്തു. ഷർട്ട് മുകളിലേക്ക് തൂക്കിയിട്ട ശേഷം അയാൾ കിടക്ക പരിശോധിച്ച ശേഷം അതിൽ മറിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അയാൾ ഗാഢനിദ്രയിലായി.
മറ്റേ മുറിയിൽ ധര ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. പെട്ടെന്ന് ചുമരിൽ ഒരു വലിയ ഇടിയുടെ ശബ്ദം കേട്ടു, മിഥുൻ തന്നെ നോക്കാൻ ശ്രമിക്കുന്നതാണെന്ന് അവൾക്ക് തോന്നി. കിങ്ങിണി കട്ടിലിൽ കയറാൻ പാടുപെടുന്നുണ്ടായിരുന്നു. രണ്ട് വയസുകാരിക്ക് കയറാൻ പാകത്തിനുള്ള ഉയരമായിരുന്നില്ല ആ കട്ടിലിനു. അപ്പോഴും വാതിലിലുള്ള കൊട്ടലിന് ശക്തിയേറി. ധര വേഗം പോയി വാതിലിലേക്ക് കൈ നീട്ടി, തുറന്നു, അവൾ ഇടതുവശത്തേക്ക് നോക്കി, ഇടനാഴിയിൽ ഇരുട്ടായിരുന്നു. ലോകത്തെയാകെ വെളിച്ചത്തിൽ നിന്ന് അകറ്റിയത് പോലെ അവിടം ശൂന്യത നിറച്ച ഇരുട്ടായിരുന്നു , അവിടെ കത്തുന്ന ഒരു ബൾബ് ഇടയ്ക്കിടെ മിന്നിമറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴാണ് അവൾ വലതുവശത്തേക്ക് തിരിഞ്ഞത്, ഏതോ ഒരു രൂപം അവളെ നോക്കി നിൽക്കുന്നു അവൾ പെട്ടെന്ന് പരിഭ്രാന്തയായി. ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുരുങ്ങി, ആ വൃദ്ധൻ അവളുടെ തൊട്ടടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ! നിങ്ങളെന്നെ പേടിപ്പിച്ചു കളഞ്ഞു!”
ധര ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് പറഞ്ഞു.
“നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ?”
വൃദ്ധൻ അവളുടെ മുഖത്തേക്ക് നിർജീവമായി നോക്കി.
“വേണ്ട.”
അയാൾ വീണ്ടും പറഞ്ഞു ശ്രമിച്ചു,
“എന്തെങ്കിലും വേണമെങ്കിൽ, ഫോണിൽ 9 അമർത്തിയാൽ മതി.”
“ശരി.”
അവൾ പറഞ്ഞു. അത് പറഞ്ഞു അവൾ വാതിൽ അടക്കുന്നത് പോലെ ഉള്ളിലേക്ക് വലിഞ്ഞു. എന്നാൽ വാതിൽ അടയ്ക്കുന്നതിന് മുമ്പ് ആ വൃദ്ധൻ അവിടെ നിന്ന് പോകുന്നത് അവൾ നോക്കിനിന്നു. ആ ഭീകരത നിറഞ്ഞ ഇടനാഴി ആ സമയത്ത് കണ്ടതിനുശേഷം മിഥുനെ അയാളുടെ മുറിയിൽ ചെന്നു വിളിക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ആ ഇടനാഴിയിലേക്ക് കാലെടുത്തു വെക്കാൻ അവൾ ധൈര്യപ്പെട്ടില്ല.
“ആ ആളിന്റെ പെരുമാറ്റത്തിൽ എനിക്ക് എന്തോ പന്തികേട് ഉണ്ടെന്ന് തോന്നുന്നു.” അവൾ കുഞ്ഞിനോട് എന്നപോലെ സ്വയം പറഞ്ഞു. ഈ രാത്രി വഴിയിൽ ഇനിയൊരു ഹോട്ടൽ കിട്ടില്ല എന്നറിയുന്ന കൊണ്ട് മാത്രമാണ് അവൾ ഒന്നും പറയാതെ ഇരുന്നത്. ക്ഷീണം അത്രക്ക് ഉണ്ടായിരുന്നു.
അവൾ തന്റെ കിടക്കയിലേക്ക് മടങ്ങി, അവിടെ കിങ്ങിണി അവളുടെ കണ്ണുകൾ തിരുമ്മുന്ന തിരക്കിലായിരുന്നു.
അവർ കിടക്കാൻ തുടങ്ങി, അപ്പോഴാണ് വീണ്ടും ചുമരിൽ നിന്ന് ഒരു വലിയ ഇടിമുഴക്കം കേട്ടത്. മിഥുന്റെ മുറിയിൽ നിന്നാണെന്ന് തോന്നുന്നു. മിഥുൻ തമാശ കളിക്കാൻ ശ്രമിക്കുകയാണോ അതോ തന്റെ രീതിയിൽ വല്ല മരാമത്ത് ചെയ്യാൻ ശ്രമിക്കുകയാണോ.
അവൾ സംശയിച്ചു. വീണ്ടും ആ ശബ്ദം കേട്ടു.
“മിഥുൻ, അത് നിങ്ങളാണോ?”
അവൾ ചുമരിനടുത്തേക്ക് പോയി. കുറച്ചു നേരം ശ്രദ്ധിച്ചു, ഇല്ല, ഇപ്പോൾ ഒന്നുമില്ല. അവൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും വീണ്ടും അതേ ഇടിയുടെ ശബ്ദം. ഇത്തവഅവൾ തിരിച്ച് ഇടിച്ചു. അതിന് മറുപടിയായി ഒരു വലിയ ഇടിമുഴക്കം തിരിച്ചു വന്നു. അതും ഹൃദയം നിൽക്കുമാറ് അത് വല്ലാതെ ഉച്ചത്തിലായിരുന്നു. അത് അവളെ ഭയപ്പെടുത്തി, അവൾ തിരിച്ച് തന്റെ കിടക്കയിലേക്ക് പാഞ്ഞു. പുതപ്പുകൾക്കടിയിൽ കയറി, കുഞ്ഞിനെ ചേർത്ത് പിടിച്ച് അവൾ ലൈറ്റുകൾ ഓണാക്കി. അവൾ കിതക്കുന്നുണ്ടായിരുന്നു. കിങ്ങിണി അധികം വൈകാതെ ഉറങ്ങിപ്പോയി. ഭയം എന്ന വികാരം ഇതുവരെ ആ കുഞ്ഞിന് മനസ്സിലായിരുന്നില്ല. പക്ഷേ ധരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൾ വളർന്നപ്പോൾ കണ്ട ഹൊറർ സിനിമകളും, മാസികകളിൽ വായിച്ച ആ ഭയാനകമായ പ്രേതകഥകളുമെല്ലാം അവളുടെ മനസ്സിൽ നിരന്തരം മിന്നിമറഞ്ഞുകൊണ്ടിരുന്നു. പിന്നെ അവളുടെ സഹോദരി കമല പറഞ്ഞ കഥകളും അവളുടെ മനസ്സിൽ ഉയർന്നു വന്നു.
അവർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രേതബാധകളെക്കുറിച്ച് കമല അവളോട് പറഞ്ഞിരുന്നു. പക്ഷേ മിഥുൻ അത് കേട്ടില്ല. ധരയ്ക്ക് എല്ലാത്തിനോടും ഒരു ഭീതിജനകമായ വികാരം ജനിച്ചു.
ഹോട്ടൽ നേരിട്ട് റോഡിൽ സ്ഥിതി ചെയ്യ്തിരുന്നില്ല എന്നതും, അവിടെ എത്താൻ ഒരു പാതയിലൂടെ കുറച്ചു ദൂരം പോകേണ്ടി വന്നതുമെല്ലാം എന്തോ അസാമാന്യമായ ഒരു പ്രതീതി ഉണ്ടാക്കിയിരുന്നു. കുറച്ച് മുമ്പ് തൊട്ട് അവൾക്ക് ഗന്ധം വരുന്നുണ്ടായിരുന്നു. വിചിത്രമായ എന്നാൽ ഹൃദയഹാരിയായ ഗന്ധം!
കിങ്ങിണിയെ കൂടുതൽ മുറുകെ പിടിച്ചുകൊണ്ട് അവൾ കുറച്ചു നേരം സ്വന്തം ശ്വാസോച്ഛസങ്ങൾ ശ്രദ്ധിച്ച് കിടന്നു. താമസിയാതെ ആ നിശബ്ദതയിൽ, ഇടനാഴിയിൽ നിന്ന് വരുന്നതു പോലെ തോന്നിക്കുന്ന ശബ്ദങ്ങൾ, അടക്കിയ മുറുമുറുപ്പുകൾ അവൾക്ക് കേൾക്കാൻ തുടങ്ങി.
അവൾക്ക് ശരിയായി ശ്വാസം കിട്ടാതെയായി, നേരെ ശ്വസിക്കാൻ വേണ്ടി അവൾ തലയിൽ നിന്ന് പുതപ്പ് മാറ്റി. പക്ഷേ അവൾ ശരിക്ക് ഞെട്ടിപ്പോയി. അവളുടെ മുറിയുടെ വാതിൽ തുറന്നിരിക്കുന്നു. പുറത്തുനിന്നുള്ള ഇരുട്ട് അവളെ നോക്കി വായ പൊളിച്ചു നിൽക്കുന്നതായി തോന്നി. അവളുടെ ഭീതി പാരമ്യതയിൽ എത്തി, എങ്ങനെ, ആര് ആ വാതിൽ തുറന്നുവെന്ന് അവൾക്ക് മനസ്സിലായില്ല.
“ഒരുപക്ഷേ ആ വൃദ്ധനായിരിക്കും അത് തുറന്നത്.”
അവൾ സ്വയം ചിന്തിച്ചു, ധര പതുക്കെ കട്ടിലിൽ നിന്ന് ഇറങ്ങി വാതിലിനടുത്തേക്ക് നടന്നു. ഒറ്റനോട്ടത്തിൽ, ഇടനാഴിയിലെ ലൈറ്റ് കത്തുന്നില്ല എന്ന് അവൾ ശ്രദ്ധിച്ചു. അത് അവളെ ഭയപ്പെടുത്തി. ഇത്തവണ വാതിൽ ശരിയായി പൂട്ടിയെന്ന് ഉറപ്പാക്കാൻ അവൾ ശ്രദ്ധിച്ചു. എങ്ങനെയോ അവൾ ആ വാതിൽ അടച്ചു, ഇത്തവണ എല്ലാ ബോൾട്ടും ഉള്ളിൽ നിന്ന് ഇട്ടു എന്ന് ഉറപ്പ് വരുത്തി .
ധര തന്റെ മുറിയിലാകെ നോക്കി, എല്ലാം യഥാസ്ഥാനത്ത് ഉണ്ടായിരുന്നു. അവൾ പെട്ടെന്ന് കട്ടിലിനടിയിലേക്ക് നോക്കി. അവിടെയും ആരുമില്ലായിരുന്നു, പിന്നെ അവൾ ഫോണിന്റെ അടുത്തേക്ക് പോയി, പക്ഷേ അത് പ്രവർത്തിക്കുന്നില്ലെന്ന് പെട്ടെന്ന് അവൾക്ക് മനസ്സിലായി. ഫോണുകൾ പ്രവർത്തിക്കാത്തതും ഉറങ്ങാൻ കഴിയാത്തതുമായ ഒരു അപരിചിതമായ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് മിഥുനിനോട് അടങ്ങാത്ത ദേഷ്യം തോന്നി. അവൾ വീണ്ടും ഉറങ്ങാൻ കിടന്നു.
“മിഥുൻ! നീ എവിടെയാണ്? നേരം വെളുത്തിട്ട് ബാക്കി വെച്ചിട്ടുണ്ട്.” അവൾ പിറുപിറുത്തു.
ആ സമയത്ത് മിഥുൻ ഏറ്റവും അസ്വസ്ഥമായ ഒരു ഉറക്കം അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അയാളുടെ കൈയിൽ ഒരു തട്ട് അനുഭവപ്പെട്ടു അയാൾ ഞെട്ടി ഉണർന്നു. എന്തോ ഒന്ന് അയാളുടെ മേൽ തട്ടിയതായി തോന്നി. അയാൾ ഉണർന്ന് പകുതി തുറന്ന കണ്ണുകളോടെ ചുറ്റും നോക്കി, . പിന്നെ ഇരുട്ടിൽ മൊബൈൽ ഫോൺ തേടി, പക്ഷേ കണ്ടെത്താനായില്ല. അങ്ങനെ അയാൾ വീണ്ടും ഉറങ്ങാൻ കിടന്നു. അയാൾക്ക് ക്ഷീണം അത്രക്ക് ഉണ്ടായിരുന്നു.
കുറച്ചു നേരം കിടന്നു, വീണ്ടും ആരോ ശരീരത്തിൽ തട്ടി. എന്നാൽ ഇത്തവണ സ്പർശനം വളരെ സ്പഷ്ടമായിരുന്നു, ഉറങ്ങിയിരുന്നില്ല, അതുകൊണ്ട് അയാൾ പെട്ടെന്ന് എഴുന്നേറ്റു.
“ആരാണ് അവിടെ?”
ആരോ തന്നെ കിടക്കയിൽ നിന്ന് തള്ളിയിടുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു. പിന്നിൽ നിന്ന് ഒരു തള്ളൽ. പിന്നെ വലതുവശത്ത് നിന്ന് വീണ്ടും ഒരു തള്ളൽ. പിന്നെ അവന്റെ നഗ്നമായ നെഞ്ചിൽ ഒരു വലിയ അടി. താൻ സ്വപ്നം കാണുകയല്ലെന്ന് മനസ്സിലാക്കിയ അയാൾ പെട്ടെന്ന് കിടക്കയിൽ നിന്ന് എണീറ്റു. ദേഹം നോവുന്നുണ്ട്, അയാൾ എണീറ്റു മുറിയിൽ നോക്കി, തന്റെ മുറിയിലേക്ക് ആരാണ് വന്നതെന്ന് കണ്ട് ഞെട്ടി,
ഒരു നിഴൽ!
അയാളുടെ ശ്വാസം നിലച്ചു, കൈയിൽ മൊബൈൽ കണ്ടെത്തുന്നതുവരെ അയാൾ ഭയന്ന് ഓടി. വീണ്ടും അത് കത്തിച്ച് മുറിയിൽ ആരാണെന്ന് കാണാൻ ശ്രമിച്ചു.
ഒന്നുമില്ല !
ശൂന്യം..
മൊബൈൽ ടോർച്ച് ലൈറ്റ് ഓൺ ചെയ്ത് വീണ്ടും മിഥുൻ കട്ടിലിനടിയിൽ നോക്കി, അലമാര തുറന്നു, പക്ഷേ എവിടെയും ഒന്നുമില്ല. ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഭീതി അനുഭവപ്പെടുന്ന ഏറ്റവും വിചിത്രമായ രീതിയിലുള്ള അനുഭവമായിരുന്നു അത്. എന്നാൽ ഈ വികാരം സഹിക്കാൻ കഴിയാത്തത്ര രീതിയിലായിരുന്നു.
അപ്പോഴാണ് ചുമരുകളിൽ മുട്ടുന്ന ശബ്ദം കേട്ട് അയാൾ വാതിലിലേക്ക് ഓടിയത്, അതിനിടയിൽ മൊബൈൽ ഫോൺ കയ്യിൽ നിന്ന് എവിടെയോ വീണു പോയി.. ഓടിപ്പോകാനുള്ള ആ ദ്രുത ശ്രമത്തിൽ, തന്നെ ആരോ പിന്തുടരുന്നതായി അയാൾക്ക് തോന്നി.
അയാൾ വാതിൽ തുറന്നപ്പോൾ ഇടനാഴിയാകെ ഇരുട്ടായിരുന്നു, ഭയം കാലുകളിലൂടെ ഇരച്ചു കയറി. ശ്വാസം തടസപ്പെടുന്നത് പോലെ തോന്നി. അപ്പോഴാണ് ആ ഗന്ധം അയാളുടെ നാസികയിലൂടെ കയറിയത്. ആ രാത്രി എവിടെനിന്നാണ് ഇത്രയും തീക്ഷണമായ ഗന്ധം വരുന്നത് ? അയാൾ ഭീതിയോടെ ആ ഇരുട്ടിൽ നോക്കി. ഭാര്യയുടെ മുറി തൊട്ടടുത്താണെന്ന് അയാൾക്ക് ആ സമയത്ത് ഓർമ്മ വന്നു. മിഥുൻ ചുമരിലേക്ക് തപ്പിനോക്കി ആ മുറി ലക്ഷ്യമാക്കി നടന്നു. എത്ര നേരം ആ മുറിക്കായി പരതി എന്നറിയില്ല പക്ഷേ ഒരു വാതിലും അയാളുടെ കൈയിൽ തടഞ്ഞില്ല . നീളമേറിയ ചുമർ മാത്രം !
എത്ര ദൂരം മിഥുൻ വാതിൽ തപ്പി നടന്നു എന്നറിയില്ല. കൂട്ടിന് ചുറ്റും ഇരുട്ടും, തീക്ഷണമായ ഗന്ധവും മാത്രം.
ചുറ്റും നോക്കിയപ്പോൾ ലോബിയിൽ നിന്നുള്ള മങ്ങിയ വെളിച്ചം മാത്രമേ അപ്പോൾ അയാൾക്ക് കാണാൻ കഴിഞ്ഞുള്ളൂ. പക്ഷേ എന്തുകൊണ്ടോ അയാൾക്ക് അനങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല ? മിഥുൻ തന്റെ എല്ലാ ശക്തിയും പ്രയോഗിച്ചു ചലിക്കാൻ ശ്രമിച്ചു. പക്ഷേ എന്തോ ഒന്ന് അയാളുടെ മറ്റേ കൈ വലിക്കുന്നത് പോലെ തോന്നി, അത് അവനെ മുന്നോട്ട് പോകുന്നതിൽ നിന്ന് തടഞ്ഞു കൊണ്ടിരുന്നു. മുന്നിലുള്ള ചുമർ അവസാനമില്ലാതെ നീണ്ട് കിടക്കുന്നു.
അവൻ ഉറക്കെ നിലവിളിച്ചു ,
“ധരാ ! നീ എവിടെയാണ്!”
അപ്പോഴാണ് ഇടതുവശത്തു നിന്ന് ഒരു വാതിൽ തുറന്നത്, അവന്റെ മുഖത്ത് പ്രകാശം വീണു, ഒരുനിമിഷം അവന്റെ കണ്ണ് മഞ്ഞളിച്ചു. ബോധമണ്ഡലം മറഞ്ഞു തുടങ്ങി. വാതിൽ തുറന്നു ആരോ അയാളുടെ അടുത്തേക്ക് ഓടി വരുന്നത് അയാൾ കൺകോണിലൂടെ കണ്ടു, അത് ധരയായിരുന്നു.
“മിഥുൻ, എന്താ പറ്റിയെ?”
അവൾ ഓടി വന്നു, നിലത്തു വീണ മിഥുനെ എടുത്തു, മടിയിൽ കിടത്തി അവൾ കരയുകയായിരുന്നു. അയാൾ അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ അവൾക്ക് വേദനയും ഭയവുമൊന്നിച്ചു വന്നു. അയാൾ ആകെ തളർന്നുപോയിരുന്നു, മൊത്തം വിയർത്തു കുളിച്ചു കിടക്കുകയായിരുന്നു. അയാളുടെ ശരീരമാസകലം ചുവന്ന പാടുകൾ ഉണ്ടായിരുന്നു. മിഥുന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അയാൾ വേദനയോടെ പിന്നിലേക്ക് നോക്കാൻ ശ്രമിച്ചു, പക്ഷേ എല്ലായിടത്തും ഇരുട്ടായിരുന്നു. അയാളുടെ മനസ്സിന് ആദ്യം തോന്നിയത് മാത്രമേ അപ്പോൾ ചെയ്യാൻ കഴിഞ്ഞുള്ളൂ:
“നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം.”
കിങ്ങിണിയെ കൂട്ടിക്കൊണ്ടുവരാൻ ധര മുറിയിലേക്ക് ഓടി, നിമിഷങ്ങൾക്കുള്ളിൽ അവൾ കുഞ്ഞിനെയും കൊണ്ട് തിരിച്ചെത്തി. “ദൈവംപോലും ഉപേക്ഷിച്ച ഈ സ്ഥലം എന്താണ്? ഇവിടെ എന്താണ് ഉള്ളത്”
അവൾ അയാളെ താങ്ങി എടുത്ത് നടക്കുമ്പോഴും, ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു, അവർ ലോബിയിലേക്ക് പോയി.
വൃദ്ധൻ നിശബ്ദമായി അവിടെ പത്രങ്ങൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാൾ തലയുയർത്തി തന്റെ അതിഥികളെ നോക്കി, അവരെ തികച്ചും അസ്വസ്ഥമായ അവസ്ഥയിൽ കണ്ടപ്പോൾ അയാൾ അമ്പരന്നു.
“എന്തൊരു നാശമാണി സ്ഥലം?”
ധര ഉച്ചത്തിൽ നിലവിളിച്ചു. അവൾ കിതച്ച് കൊണ്ട് വേവലാതിയോടെ അവിടെ നിന്ന് രക്ഷപ്പെട്ടു പോകുന്നത് പോലെ വേഗം നടന്നു.
“എന്താണ് സംഭവിച്ചത്? “
വൃദ്ധൻ ചോദിച്ചു.
“ഈ സ്ഥലത്ത് എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. ഞങ്ങൾക്ക് ഇപ്പോൾ തന്നെ പോകണം.”
അവൾ പറഞ്ഞു.
“ശരി”
വൃദ്ധൻ ശാന്തമായി പറഞ്ഞു. അയാൾ തന്റെ രജിസ്റ്റർ എടുത്ത് ചൂണ്ടിക്കാണിച്ചു,
“ചെക്ക് ഔട്ട് ചെയ്യാൻ ഇവിടെ ഒപ്പിടുക.”
മിഥുൻ മുന്നോട്ട് നീങ്ങി, പേന കൈയിൽ നിന്ന് വാങ്ങി അതിൽ ഒപ്പിട്ടു. അയാൾ പണം നൽകുമ്പോൾ വൃദ്ധൻ മുന്നോട്ട് കുനിഞ്ഞ് അവനോട് പറഞ്ഞു,
“നീ നിന്റെ ഭാര്യയെ ശ്രദ്ധിക്കണമായിരുന്നു. സാധാരണയായി അവർ ആളുകളെ അധികം ബുദ്ധിമുട്ടിക്കാറില്ല. അവർ സ്വയം ഒതുങ്ങി നിൽക്കുന്നവരാണ്. എന്നാൽ നീയും നിന്റെ ഭാര്യയും അവരെ പ്രകോപിപ്പിച്ചു.”
അമ്പരപ്പോടെ മിഥുൻ വൃദ്ധനെ നോക്കി.
“എന്താ… നിങ്ങൾ എന്താണ് പറയുന്നത്?”
അവൻ പതറിപ്പോയി.
പക്ഷേ വൃദ്ധൻ മിഥുനെ തുറിച്ചുനോക്കുക മാത്രമാണ് ചെയ്തത്. മിഥുന് ഒന്നും മനസ്സിലായില്ല, അയാൾ എന്തോ പറയാൻ തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴേക്കും ധര അയാളെ പിന്നിൽ നിന്ന് വലിച്ചു.
“മിഥുൻ, അവിടെ എല്ലാം തീർന്നോ? വാ നമുക്ക് പോകാം.”
അവർ ഗേറ്റിന്റെ പകുതി ദൂരം എത്തിയപ്പോൾ പുറകിൽ നിന്ന് വൃദ്ധൻ ഉച്ചത്തിൽ നിലവിളിച്ചു.
“മാഡം, എന്റെ ഹോട്ടലിന്റെ എന്തോ ഒന്ന് നിങ്ങൾ കൊണ്ടുപോകുകയാണെന്ന് എനിക്ക് തോന്നുന്നു.”
വൃദ്ധൻ അവളുടെ തോളിലേക്ക് കണ്ണുകൾ കൊണ്ട് ചൂണ്ടി. അപ്പോഴാണ് ധര താൻ ചുമന്നുകൊണ്ടിരുന്ന തലയിണയിലേക്ക് നോക്കിയത്. അത് കിങ്ങിണിയായിരുന്നില്ല. ഇത്രയും നേരം അവൾ പിടിച്ചുകൊണ്ടിരുന്നത് ഒരു തലയിണയായിരുന്നു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൾ അത് താഴെയിട്ടു.
അപ്പോഴാണ് അവർ രക്ഷപ്പെട്ട ഇടനാഴിയിൽ നിന്ന് കിങ്ങിണിയുടെ കരച്ചിലിന്റെ ശബ്ദം കേട്ടത്. മിഥുൻ വൃദ്ധനെ നോക്കി.
“അവർക്ക് ഭക്ഷണം കൊടുക്കണം.”
അയാൾ അത് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നു.
ഒരു നിമിഷം പോലും പാഴാക്കാൻ കഴിഞ്ഞില്ല. മുന്നിലുള്ള ഇരുട്ടിൽ തന്നെ കാത്തിരുന്ന നരകത്തിലേക്ക് മിഥുൻ ഓടി. ആളൊഴിഞ്ഞ ആ ഹോട്ടൽ ധരയുടെ അലർച്ച ശബ്ദത്തോടെ മുഴങ്ങി. അതിന് പ്രതിധ്വനിയായി പല നിലവിളികളും പുറകിൽ ഒന്നിന് പുറകിലൊന്നായി മുഴങ്ങി.
ഒപ്പം ആ തീക്ഷണയുള്ള ഗന്ധവും..
മന്ദാരങ്ങൾ പൂക്കുന്ന ഗന്ധം..






