മനോവേദന തലവേദനയാകുമ്പോള്‍
ചില വ്യക്തികളില്‍ വൈകുന്നേരം മാത്രമായി പ്രത്യക്ഷപ്പെടുന്ന തലവേദന തലയുടെ പിന്‍ഭാഗത്ത് ശക്തിയായ വേദനയായോ കഴപ്പായോ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന്റെ മറ്റു ലക്ഷണങ്ങളായ ഉറക്കക്കുറവ്, വിശപ്പില്ലായ്മ, താല്പര്യമില്ലായ്മ, അമിത ദേഷ്യം ശബ്ദത്തോടുള്ള അസഹിഷ്ണുത തുടങ്ങിയ ലക്ഷണങ്ങളും ഇവരില്‍ പ്രകടമാകാം.

18 വയസ്സുള്ള ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് കഴിഞ്ഞ ആറുമാസമായി എന്നും വൈകുന്നേരം കഠിനമായ തലവേദനയാണ്. കോളേജ് വിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ തലവേദന കലശലാകും. തലയുടെ ചുറ്റും ഒരു വൃത്താകൃതിയില്‍ ആരംഭിക്കുന്ന തലവേദന വൈകുന്നേരം ആകുന്നതോടെ തലയുടെ പിന്‍ഭാഗത്തേക്ക് മാറുന്നു. പിന്നെ ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥയാണ്. കട്ടിലിലേക്ക് പോയി കിടന്നാല്‍ മതി എന്നാകും. പിന്നെ ആരെങ്കിലും പേര് ചൊല്ലി വിളിച്ചാല്‍ പോലും വല്ലാത്ത അസ്വസ്ഥതയാണ്. കതക് വലിച്ചടക്കുന്ന ശബ്ദവും ടിവിയുടെ ശബ്ദവും ഒക്കെ വല്ലാതെ അസഹിഷ്ണുത ഉണ്ടാകും.
രാത്രിയില്‍ ഉറക്കവും കഴിഞ്ഞ ഒരു മാസമായി പ്രശ്നമാണ്. കട്ടിലില്‍ കിടക്കുന്നുവെങ്കിലും ഉറങ്ങാന്‍ സാധിക്കുന്നില്ല. തിരിഞ്ഞും മറിഞ്ഞും മുഖക്കു കുറെ നേരം കിടക്കും. എന്നാലും ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഇത് കാരണം പഠനത്തില്‍ തീരെ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാവിലെ ഉണര്‍ന്നു കഴിഞ്ഞാലും കോളേജിലേക്ക് പോകാന്‍ ഒട്ടും താല്പര്യമില്ല. കോളേജില്‍ പോയാല്‍ ക്ലാസില്‍ ഇരുന്നുറങ്ങുന്ന അവസ്ഥയാണ് ആദ്യത്തെ രണ്ടു മണിക്കൂര്‍.
ഉച്ചയോടെ കാര്യങ്ങള്‍ കുറച്ചു മെച്ചപ്പെടുമെങ്കിലും വൈകുന്നേരം ആകുന്നതോടെ തലവേദന ശക്തമാകും.പല ഡോക്ടര്‍മാരെയും അവള് കണ്ടു. മസ്തിഷ്ക രോഗ വിദഗ്ദ്ധനെ നേരിട്ട് കണ്ട് സിടി സ്കാനും എംആര്‍ഐ സ്കാനും രക്ത പരിശോധനകളും അടക്കം ഒട്ടേറെ ടെസ്റ്റുകള്‍ ചെയ്തു. എന്നിട്ടും തലവേദനയുടെ കാരണം കണ്ടെത്താന്‍ സാധിക്കുന്നില്ല. ടെസ്റ്റുകളില്‍ ഒന്നും ഒരു കുഴപ്പവുമില്ല. അതിനാല്‍ അവള്‍ക്ക് ഒരു രോഗവും ഇല്ല എന്ന് കണ്ട ഡോക്ടര്‍മാരെല്ലാം ആവര്‍ത്തിച്ചു പറയും. എന്നാല്‍ ,’ എന്റെ പ്രയാസം എനിക്കല്ലേ അറിയൂ എനിക്ക് സഹിക്കാന്‍ വയ്യാത്ത തലവേദനയാണ്’, എന്ന് അവള് പറയുന്നു. എന്ത് ചെയ്യണം എന്ന് അറിഞ്ഞുകൂടാത്ത അവസ്ഥയിലാണ് ആ കുട്ടിയുടെ മാതാപിതാക്കള്‍.
അവസാനം കണ്ട ന്യൂറോളജിസ്റ്റ് തലവേദന മാറാന്‍ ചില മരുന്നുകള്‍ കുറിച്ച് നല്‍കിയെങ്കിലും വല്ലാത്ത ക്ഷീണം വന്നതുമൂലം ഒരാഴ്ച കഴിച്ചിട്ട് അവള് മരുന്നു നിര്‍ത്തി. ആ മരുന്ന് കഴിച്ചത് കൊണ്ട് തലവേദനയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ടെന്‍ഷന്‍ മൂലമുള്ള തലവേദന ആയിരിക്കാം. ഒരു സൈക്കോളജിസ്റ്റിനെ കണ്ട് കൗണ്‍സിലിംഗ് എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ ഒരു മാസമായി ആഴ്ചയില്‍ ഒരിക്കല്‍ എന്ന് തോതില്‍ കൗണ്‍സിലിംഗ് ഇങ്ങനെ പോകുന്നുമുണ്ട്. എന്നാല്‍ അതുകൊണ്ടും തലവേദന ഒട്ടും കുറയുന്നില്ല.

മാനസിക സമ്മര്‍ദ്ദവും തലവേദനയും
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന മട്ടിലാണ് ആ കുട്ടിയും മാതാപിതാക്കളും എന്റെ അടുത്ത് വരുന്നത്. സ്കാന്‍ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള ടെസ്റ്റ് റിസള്ട്ട്കളും അവര്‍ കൊണ്ടുവന്നിരുന്നു. രാവിലെ കോളേജില്‍ പോയി കഴിഞ്ഞാല്‍ ഉടന്‍തന്നെ തലയുടെ ചുറ്റും വൃത്താകൃതിയില്‍ നേരിയതോതില്‍ ആരംഭിക്കുന്ന ഒരു തലവേദനയാണ് അവള്‍ക്കുള്ളത്. ശക്തമായതോ തുടിക്കുന്നതോ ആയ വേദനയല്ല. തലവേദനയോടൊപ്പം ഛര്‍ദിയോ ഓക്കാനമോ കണ്ണില്‍ ഇരുട്ട് കേറുന്നത് പോലെയുള്ള ലക്ഷണങ്ങളോ ഒന്നും തന്നെയില്ല.. എന്നാല്‍ നേരിയ തോതിലുള്ള ഈ തലവേദന മൂലം ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എന്നാണ് അവളുടെ പ്രധാന പരാതി. ഉച്ച കഴിയുന്നതോടെ തലവേദന ശക്തി പ്രാപിക്കുന്നു. വൈകുന്നേരം വീട്ടില്‍ എത്തുന്ന നേരമാകുന്നതോടെ തലയുടെ പിന്‍ഭാഗത്ത് കഴപ്പു പോലെയുള്ള വേദന ശക്തി പ്രാപിക്കുന്നു. പിന്നീട് ഒന്നും ചെയ്യാന്‍ കഴിയാതെ നേരെ കിടക്കയില്‍ പോയി കിടന്നാല്‍ മതി എന്നാണ്.
‘ മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദന'(tension type headache) എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ് ആ കുട്ടി പ്രകടിപ്പിച്ചത്. അവളോട് സംസാരിച്ചപ്പോള്‍ പ്ലസ് ടു വിനു ശേഷം ഫാഷന്‍ ഡിസൈനിങ്ങിന് പോകാനായിരുന്നു അവള്‍ക്ക് താല്പര്യം. ബാംഗ്ലൂര്‍ പോയി ഫാഷന്‍ ടെക്നോളജി പഠിക്കാന്‍ വേണ്ട പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കൂട്ടുകാരികളായ നാല്‍വര്‍സംഘം ഒരുമിച്ച് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവളുടെ ആ തീരുമാനത്തിന് ഒട്ടും അനുകൂലമായിരുന്നില്ല. ഫാഷന്‍ ടെക്നോളജി പോലെയുള്ള ഒരു കോഴ്സ് അതും ബാംഗ്ലൂര്‍ നഗരത്തില്‍ പോയി പഠിക്കാന്‍ അവളെ അനുവദിക്കുന്ന കാര്യത്തില്‍ യാഥാസ്ഥിതിക മനസ്ഥിതിയുള്ള അവളുടെ മാതാപിതാക്കള്‍ ഒട്ടും തയ്യാറായിരുന്നില്ല. ഇതേ ചൊല്ലി കുറച്ചുനാള്‍ പെണ്‍കുട്ടിയും മാതാപിതാക്കളും തമ്മില്‍ പിണങ്ങി കഴിയുകയും ചെയ്തു. കൂട്ടുകാരികള്‍ മൂന്നുപേരും ഫാഷന്‍ ടെക്നോളജി പ്രവേശന പരീക്ഷ എഴുതി പ്രവേശനം നേടുകയും ചെയ്തു.
വീട്ടുകാര്‍ നിര്‍ബന്ധിച്ചു അവളുടെ താല്പര്യമില്ലാതെ തന്നെ വീടിനടുത്തുള്ള ഒരു കോളേജില്‍ അവളെ ഡിഗ്രിക്ക് ചേര്‍ത്തു. അവള്‍ക്ക് പഠിക്കാന്‍ വലിയ താല്പര്യമില്ലായിരുന്നു ഫിസിക്സ് ഐച്ഛിക വിഷയമെടുത്താണ് ഡിഗ്രിക്ക് അവള്‍ക്ക് ചേരേണ്ടി വന്നത്. ഒരു കാരണവശാലും ദൂരെയുള്ള കോളേജുകളില്‍ വിട്ടു ഹോസ്റ്റലില്‍ നിന്ന് പഠിക്കാന്‍ അവസരം നല്‍കില്ല എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ഉറച്ചു നിന്നതോടെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട സാഹചര്യം അവള്‍ക്കുണ്ടായി. മനസ്സില്ല മനസ്സോടെ അവള് കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ ശ്രമിച്ചുവെങ്കിലും കോളേജിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് ബുദ്ധിമുട്ടുണ്ടായി. വളരെയധികം അച്ചടക്കത്തിന് പ്രാധാന്യം നല്കുന്ന മാനേജ്മെന്റ് ആയിരുന്നു അവളുടെ കോളജില്‍. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് കോളേജ് അന്തരീക്ഷം വളരെ ഇഷ്ടപ്പെട്ടുവെങ്കിലും അവള്‍ക്ക് അത് വളരെ ബുദ്ധിമുട്ടായി മാറി. പഴയ പ്ലസ് ടു കാലത്തെ കൂട്ടുകാര്‍ ബാംഗ്ലൂര്‍ നഗരത്തിലെ വിശേഷങ്ങള്‍ ഒക്കെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളായും റീലുകളായും ഒക്കെ പോസ്റ്റ് ചെയ്യുന്നത് കണ്ട് അവള്‍ക്ക് വല്ലാത്ത ഇച്ഛാഭംഗം തോന്നി. ആദ്യദിവസങ്ങളിലൊക്കെ ഇക്കാര്യം പറഞ്ഞ് വീട്ടുകാരോട് വഴക്കിടുമായിരുന്നു എങ്കിലും വീട്ടുകാര്‍ ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തത് കൊണ്ട് തന്നെ അവള് അവരോട് അക്കാര്യം പറയുന്നത് ക്രമേണ അവസാനിപ്പിച്ചു. തന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങള്‍ ഓര്‍ത്തുള്ള വിഷമം അവളുടെ മനസ്സില്‍ ആഴത്തില്‍ വേരുറപ്പിച്ചിരുന്നു. ഇതിനിടെ കോളേജില്‍ സഹപാഠികളുമായി ഓണാഘോഷവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്ക് വഴക്കിടുന്ന സാഹചര്യവും ഉണ്ടായി. റോള്‍ നമ്പര്‍ പ്രകാരം അവളുടെ തൊട്ടടുത്ത രണ്ടു കുട്ടികള്‍ ഇതിനെ തുടര്‍ന്ന് അവളോട് മിണ്ടാതെ യായി. ഇത്തരം സംഗതികളെല്ലാം അവളെ വല്ലാതെ സ്വാധീനിച്ചതിന്റെ പ്രതിഫലനമായിരുന്നു അവള്‍ക്കുണ്ടായ ഈ തലവേദന.
വേദനസംഹാരികള്‍ പല ഡോക്ടര്‍മാരും എഴുതി നല്‍കിയെങ്കിലും അവളുടെ തലവേദനയ്ക്ക് കുറവുണ്ടായില്ല. ക്രമേണ ഉറക്കം കുറഞ്ഞു തുടങ്ങുന്ന അവസ്ഥയും പ്രത്യക്ഷമായി. ഇതിനെ തുടര്‍ന്ന് തലവേദനയുടെ തീവ്രത കൂടുകയും ചെയ്തു.
രാത്രി ഉറങ്ങാത്തത് പകലുറക്കത്തിന് വഴിതെളിച്ചതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്ക് നന്നായി പഠിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. നന്നായി പഠിച്ചിരുന്ന ആ കുട്ടി ജീവിതത്തില്‍ ആദ്യമായി രണ്ട് പരീക്ഷകള്‍ക്ക് തോല്‍ക്കുന്ന സാഹചര്യ വന്നതോടെയാണ് വീട്ടുകാര്‍ സ്ഥിതി ഗൗരവമാണ് എന്ന് തിരിച്ചറിയുന്നത്.
സൊമാറ്റിക്
സിപ്റ്റം ഡിസോഡര്‍
തീവ്രമായ ശരീര ലക്ഷണങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ശാരീരിക പരിശോധനയില്‍ മറ്റു ടെസ്റ്റുകളിലോ ആ വേദനയ്ക്ക് കാരണമാകാവുന്ന തരത്തിലുള്ള ശാരീരിക രോഗങ്ങള്‍ ഇല്ലാതെ വരികയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സൊമാറ്റിക് സിപ്റ്റം ഡിസോഡര്‍ (somatic symptom disorder)എന്ന് പറയുന്നത്. വിട്ടുമാറാത്ത തലവേദന ഇത്തരത്തില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ലക്ഷണമാണ്. ഇത്തരം മനോജന്യ ശാരീരിക രോഗങ്ങളെ ഗൗരവമായി എടുക്കാന്‍ പലപ്പോഴും രോഗിയുടെ ബന്ധുക്കള്‍ തന്നെ തയ്യാറാകാറില്ല. ‘ഇവള്‍ക്ക് രോഗമൊന്നുമില്ല .
എല്ലാം ഇവളുടെ അഭിനയമാണ്, ഞങ്ങളെ വെറുതെ മെനക്കെടുത്താനാണ് ഇവളുടെ ഉദ്ദേശം’ എന്ന മട്ടിലുള്ള കുറ്റപ്പെടുത്തല്‍ ആയിരിക്കും ഭൂരിപക്ഷം മാതാപിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ പലപ്പോഴും അസുഖം വര്‍ധിക്കാന്‍ ആണ് കാരണമാകുന്നത്.
മനോജന്യ തലവേദന പലപ്പോഴും ഒരു ദിവസത്തിന്റെ വൈകുന്നേരം ആണ് രൂക്ഷമാകുന്നത്. ഒന്നുകില്‍ തലയുടെ ചുറ്റും വൃത്താകൃതിയില്‍ ഒരു ബാന്‍ഡ് പോലെ ചെറിയ കഴപ്പിന്റെ രൂപത്തില്‍ ആരംഭിക്കുന്ന തലവേദന ദിവസം വൈകുന്നതോടെ ശക്തി പ്രാപിക്കും. ചില വ്യക്തികളില്‍ വൈകുന്നേരം മാത്രമായി പ്രത്യക്ഷപ്പെടുന്ന തലവേദന തലയുടെ പിന്‍ഭാഗത്ത് ശക്തിയായ വേദനയായോ കഴപ്പായോ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന്റെ മറ്റു ലക്ഷണങ്ങളായ ഉറക്കക്കുറവ്, വിശപ്പില്ലായ്മ, താല്പര്യമില്ലായ്മ, അമിത ദേഷ്യം ശബ്ദത്തോടുള്ള അസഹിഷ്ണുത തുടങ്ങിയ ലക്ഷണങ്ങളും ഇവരില്‍ പ്രകടമാകാം.

മനോജന്യ തലവേദനയെ
എങ്ങനെ മനസ്സിലാക്കാം?
ഏറ്റവും സാധാരണമായി ആളുകളില്‍ കണ്ടുവരുന്ന തലവേദന തലയിലുള്ള രക്തക്കുഴലുകള്‍ വികസിക്കുന്നത് മൂലം ഉണ്ടാകുന്ന ‘ രക്തചംക്രമണജന്യ തലവേദനകള്‍'( Vascular headache) ആണ്. ഇത് സാധാരണയായി രണ്ടു വ്യത്യസ്ത തരത്തില്‍ പ്രത്യക്ഷപ്പെടാം. ഒന്നാമത്തേത് മൈഗ്രൈന്‍ അഥവാ കൊടിഞ്ഞി എന്ന പേരില്‍ അറിയപ്പെടുന്ന ശക്തമായ തലവേദനയാണ്. സാധാരണയായി തലയുടെ ഒരു വശത്ത് മാത്രമായി പ്രത്യക്ഷപ്പെടുന്ന ഈ വേദന ശക്തമായ തുടിക്കുന്ന തരത്തിലുള്ള തലവേദനയാണ്. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെയുള്ള അനുഭവങ്ങള്‍ ഇതിനോടൊപ്പം ഉണ്ടാകാം. പലപ്പോഴും ഓക്കാനവും ഛര്‍ദിയും തലവേദനയോടൊപ്പം പ്രത്യക്ഷപ്പെടും. ഒന്ന് ഛര്‍ദ്ദിച്ചു കഴിഞ്ഞാല്‍ തലവേദന കുറഞ്ഞു വരുന്നതായും ഇവരില്‍ കാണുന്നു.
ശബ്ദത്തോടും വെളിച്ചത്തോടുള്ള അസഹിഷ്ണുതയും മൈഗ്രൈന്‍ തലവേദനയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ്. പകല്‍ സമയത്ത് മാത്രം കാണപ്പെടുന്ന ഈ തലവേദന ഒന്നുറങ്ങി കഴിഞ്ഞാല്‍ കുറയുന്നതായും കാണുന്നു. ചോക്ലേറ്റ് ഐസ്ക്രീം കാപ്പി തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിക്കുകയും വെയില് കൊള്ളുകയും ഉറക്കം കുറയുകയും ഒക്കെ ചെയ്യുന്നത് മൈഗ്രൈന്‍ വര്‍ധിക്കാന്‍ കാരണമാകുന്ന ഘടകങ്ങളാണ്. അതോടൊപ്പം തീവ്രമായ മാനസിക സമ്മര്‍ദ്ദവും മൈഗ്രേന് തലവേദനയുടെ സാധ്യത വര്‍ദ്ധിപ്പിക്കും. സാധാരണഗതിയില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൈഗ്രേന് തലവേദന ഉണ്ടാകാറില്ല. എന്നാല്‍ രക്തചംക്രമണ തലവേദനകളില്‍ പെട്ട രണ്ടാമത്തെ രോഗമായ ക്ലസ്റ്റര്‍ ഹെഡ്ഏക്ക് (cluster headache) പലപ്പോഴും രാത്രിയിലും ഉറക്കത്തിനിടയിലും ഒക്കെ കടന്നു വരാം. തലയുടെ ഒരു വശത്ത് മാത്രം സാധാരണ ഉണ്ടാകുന്ന ഈ തലവേദനയോടൊപ്പം ആ വശത്തെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും സാധാരണമാണ്.
രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രത്യേകിച്ച് പുലര്‍ച്ചെ പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് ശക്തമായി തലവേദന വരുന്നുവെങ്കില്‍ അതിനെ ഗൗരവമായി എടുക്കേണ്ടതുണ്ട്. തലച്ചോറിനുള്ളിലെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതുമൂലം ഉള്ള തലവേദനകളാണ് പലപ്പോഴും ഈ ലക്ഷണവുമായി പ്രകടമാകുന്നത്. തലച്ചോറിലെ രക്തക്കുഴലുകളിലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് മൂലം രക്തക്കുഴലുകള്‍ പൊട്ടുന്നതും തലച്ചോറില്‍ ട്യൂമറുകള്‍ ഉണ്ടാകുന്നതും ഒക്കെ ഇത്തരത്തിലുള്ള തലവേദനയായി പ്രത്യക്ഷപ്പെട്ടേക്കാം.
മസ്തിഷ്ക രക്തസ്രാവത്തിന്റെ സാധ്യത കൂടുതല്‍ ആയതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉണ്ടാകുന്ന തലവേദനകള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. സിടി സ്കാന്‍ സൗകര്യങ്ങള്‍ ഉള്ള ഒരു ആശുപത്രിയിലേക്ക് ഇത്തരം വ്യക്തികളെ എത്രയും പെട്ടെന്ന് കൊണ്ടുപോകുന്നത് നന്നായിരിക്കും
ലൈംഗികബന്ധത്തിനുശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന ഒരുതരം തലവേദനയും ചിലരില്‍ കണ്ടു വരാറുണ്ട് (post coital headache,). അപൂര്‍വമാണെങ്കില്‍ പോലും രാത്രി സമയത്ത് പ്രത്യക്ഷപ്പെടുന്ന വേദന ആയതുകൊണ്ട് ഇത് മനോജന്യ തലവേദനയുമായി സാമ്യം പ്രകടിപ്പിച്ചേക്കാം.
മേല്‍പ്പറഞ്ഞ തലവേദന വകഭേദങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് മനോജന്യ തലവേദന എന്ന കാര്യം ലക്ഷണങ്ങളില്‍ നിന്നുതന്നെ വ്യക്തമായിട്ടുണ്ടാകുമല്ലോ. എന്നാല്‍ മിക്കവാറും ഇത്തരം എല്ലാ തലവേദനകളും വര്‍ധിക്കാന്‍ മാനസിക സമ്മര്‍ദ്ദം കാരണമാകും എന്ന സത്യം കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ഉറക്കമില്ലായ്മയും മനപ്രയാസവും ഒക്കെ എല്ലാത്തരം തലവേദനകളും വര്‍ധിക്കാന്‍ കാരണമാകുന്ന പൊതു ഘടകങ്ങള്‍ തന്നെയാണ്. മാത്രമല്ല ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനും അതുവഴി രക്തക്കുഴലുകളില്‍ രക്ത കട്ട പിടിക്കാനും അല്ലെങ്കില്‍ രക്തസ്രാവം ഉണ്ടാകാനും അതുവഴി പക്ഷാഘാതം ഉണ്ടാകാനും ഒക്കെ വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദ്ദം ചികിത്സിച്ച് ഭേദപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം തലവേദനകളില്‍ പോലും പൂര്‍ണ്ണമായ ആശ്വാസം രോഗിക്ക് കിട്ടുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.
എന്താണ് പരിഹാരം?
മനോജന്യ തലവേദനയുമായി ഒരു ഡോക്ടറില്‍ നിന്ന് മറ്റൊരു ഡോക്ടറിലേക്ക് നീങ്ങിപ്പോയി കൊണ്ടിരിക്കുന്ന ധാരാളം ആളുകള്‍ സമൂഹത്തിലുണ്ട്
ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും ഹോമിയോയും സിദ്ധവൈദ്യവും നാട്ടുവൈദ്യവും ഒക്കെ പരീക്ഷിച്ചു പരാജയപ്പെടുന്ന ആളുകളും ധാരാളം. പലപ്പോഴും തലവേദന മാനസിക സമ്മര്‍ദ്ദം മൂലം ഉണ്ടാകാം എന്ന യാഥാര്‍ത്ഥ്യം അറിയാതെ പോകുന്നതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം.
മനോജന്യ തലവേദന ഉണ്ടാകുന്ന വ്യക്തികളുടെ തലച്ചോറിലെ ചില രാസവസ്തുക്കളുടെ അളവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.. പ്രത്യേകിച്ച് മസ്തിഷ്കകോശങ്ങള്‍ തമ്മിലുള്ള ഇടവേളകളില്‍ നിലനില്‍ക്കുന്ന norepinephrine എന്ന രാസവസ്തുവിന്റെ കുറവ് ഇവരില്‍ പലരിലും ഉണ്ടാകും. ചിലരില്‍ സിറട്ടോണില്‍, ഗാബാ തുടങ്ങിയ രാസവസ്തുക്കളുടെ അളവിലും വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഇതിന്റെ ഫലമായി നേരിയ തോതിലുള്ള വേദനകള്‍ പോലും തീവ്രമായ രീതിയില്‍ അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം വേദനകള്‍ ഒരു അപകടത്തിന്റെ ലക്ഷണമായി തെറ്റിദ്ധരിച്ചു വല്ലാതെ ആശങ്കപ്പെടുന്ന ഒരു മനോനിലയിലേക്കും ഇവരില്‍ പലരും പോയെന്നിരിക്കാം.
തലച്ചോറില്‍ ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാന്‍ കൂടി സഹായിക്കുന്ന തരത്തിലുള്ള മരുന്നുകളാണ് ഇതിന്റെ ചികിത്സയ്ക്ക് ഏറ്റവും പ്രധാനം.
രോഗിയുടെ ശാരീരിക അവസ്ഥയും മറ്റ് അനുബന്ധ രോഗങ്ങളുടെ സാന്നിധ്യവും ഒക്കെ പരിഗണിച്ചാണ് ഉചിതമായ മരുന്ന് തെരഞ്ഞെടുക്കുന്നത്. പലപ്പോഴും ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യം ഉണ്ടാകാം. മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അവയെ മനശാസ്ത്രപരമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതും ഗുണകരമാണ്. ജീവിതശൈലി ക്രമീകരണങ്ങളും കുടുംബബന്ധങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ വേണ്ട ഇടപെടലുകളും ഏറെ ഗുണം ചെയ്യും.
മനസ്സിലെ ചിന്താ വൈകല്യങ്ങള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കാന്‍ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ, അലഞ്ഞു തിരിയുന്ന അസ്വസ്ഥത ഉണ്ടാക്കുന്ന ചിന്തകളില്‍ നിന്ന് മനസ്സിനെ വര്‍ത്തമാനകാലത്തിലേക്ക് മുന്‍വിധികളില്ലാതെ മുഴുവന്‍ സഹായിക്കുന്ന മനോനിറവ് അധിഷ്ഠിത ബൗദ്ധിക ചികിത്സ, ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുകയും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും ചെയ്യാന്‍ സഹായിക്കുന്ന അക്സപ്റ്റന്‍സ് , മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അവയെ മനശാസ്ത്രപരമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതും ഗുണകരമാണ്. ജീവിതശൈലി ക്രമീകരണങ്ങളും കുടുംബബന്ധങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ വേണ്ട ഇടപെടലുകളും ഏറെ ഗുണം ചെയ്യും.
മനസ്സിലെ ചിന്താ വൈകല്യങ്ങള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കാന്‍ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ, അലഞ്ഞു തിരിയുന്ന അസ്വസ്ഥത ഉണ്ടാക്കുന്ന ചിന്തകളില്‍ നിന്ന് മനസ്സിനെ വര്‍ത്തമാനകാലത്തിലേക്ക് മുന്‍വിധികളില്ലാതെ മുഴുവന്‍ സഹായിക്കുന്ന മനോനിറവ് അധിഷ്ഠിത ബൗദ്ധിക ചികിത്സ, ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുകയും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും ചെയ്യാന്‍ സഹായിക്കുന്ന അക്സപ്റ്റന്‍സ് ആന്‍ഡ് കമ്മിറ്റമെന്റ് തെറാപ്പി, വ്യക്തി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഇന്റര്പ്രസനല് സൈക്കോതെറാപ്പി എന്നിവയൊക്കെ ഇവര്‍ക്ക് ഏറെ ഗുണകരമാകുന്ന മനശാസ്ത്ര ചികിത്സകളാണ്. ദീര്‍ഘ ശ്വസന വ്യായാമവും ധ്യാന രീതികളും പ്രോഗ്രസീവ് മസില് റിലാക്സേഷന് എന്നിവ പോലെയുള്ള റിലാക്സേഷന് പരിശീലനങ്ങളും ഗുണകരമാകും.
ബന്ധുക്കള്‍ ശ്രദ്ധിക്കേണ്ടത്:
സ്കാനിലും മറ്റു ടെസ്റ്റുകളിലും ശാരീരിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ല എന്നതുകൊണ്ട് ഈ പ്രശ്നത്തെ നിസ്സാരമായി കാണരുത്. ഇല്ലാത്ത രോഗം ഉണ്ടെന്ന് കളവു പറയുകയാണ് എന്ന മട്ടിലുള്ള കുറ്റപ്പെടുത്തലുകള്‍ പൂര്‍ണമായും ഒഴിവാക്കണം. രോഗി അനുഭവിക്കുന്ന പ്രയാസം ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് തിരിച്ചറിഞ്ഞ് അതിനെ ബന്ധുക്കള്‍ അംഗീകരിക്കേണ്ടത് ചികിത്സ ഫലപ്രദമാകാന്‍ ഏറ്റവും പ്രധാനമാണ്.
എന്നാല്‍ രോഗിക്ക് നേരെ അമിത സംരക്ഷണം, നിരന്തരമായ കുറ്റപ്പെടുത്തലുകള്‍, വൈരാഗ്യ പ്രകടനങ്ങള്‍ തുടങ്ങിയ പ്രകട വികാരങ്ങള്‍ ബന്ധുക്കള്‍ ഒഴിവാക്കേണ്ടതുണ്ട്. പകരം അവരുടെ പ്രശ്നത്തെ പൂര്‍ണമായും അംഗീകരിച്ച് അത് പരിഹരിക്കാന്‍ തങ്ങള്‍ ഒപ്പമുണ്ട് എന്ന സന്ദേശം നല്‍കാം. പ്രശ്നപരിഹാരത്തിന് വേണ്ട ക്രമീകരണങ്ങള്‍ ജീവിതശൈലിയില്‍ വേണ്ടും വിധം നടത്താന്‍ ആവശ്യമായ പ്രചോദനം രോഗിക്ക് നല്‍കാം മുടക്കമില്ലാതെ ചികിത്സയെടുത്ത് രോഗവിമുക്തി വരുത്താന്‍ വേണ്ട സൗകര്യങ്ങള്‍ രോഗിക്ക് ഒരുക്കി കൊടുക്കാനും ബന്ധുക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.






