വേണം ഡിജിറ്റൽ ആരോഗ്യം

രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം
കുട്ടികൾ വീണ്ടും സ്കൂളിലേക്ക് പോവുകയാണ്.
ഈ സാഹചര്യത്തിൽ അവർ അറിഞ്ഞിരിക്കേണ്ടതും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചിരിക്കേണ്ടതുമായ ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയാൻ ഉദ്യമിക്കുന്നത്.

കേന്ദ്ര ബജറ്റിനോടൊപ്പം പാർലമെൻറിൽ ഈ വർഷം അവതരിപ്പിക്കപ്പെട്ട ദേശീയ എക്കണോമിക്സ് സർവേ അമിതമായ ഡിജിറ്റൽ ഉപയോഗം കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ വിശദമായി ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. അമിത ഡിജിറ്റൽ ഉപയോഗം കുട്ടികളിൽ അക്രമവാസനയും എടുത്തുചാട്ട സ്വഭാവവും ശ്രദ്ധക്കുറവും പഠന പിന്നാക്ക അവസ്ഥയും ഉണ്ടാക്കുന്നു എന്ന് എക്കണോമിക്സ് സർവ്വേ തന്നെ വിലയിരുത്തുന്നു. ആരോഗ്യകരമായ ദൃശ്യമാധ്യമ സമയം നിശ്ചയിച്ച് നടപ്പിലാക്കുക എന്നുള്ളതായിരിക്കണം ഈ അധ്യയന വർഷത്തിലെ ആദ്യത്തെ പ്രധാന ധർമ്മം. രണ്ടു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ഒരുതരം ദൃശ്യമാധ്യമങ്ങളും പാടില്ല കാരണം കാണുന്ന കാര്യങ്ങൾ ഒന്നും തലച്ചോറിൽ ശേഖരിച്ചുവയ്ക്കാനുള്ള കഴിവ് മൂന്നു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഉണ്ടാകുന്നില്ല. മൂന്നു മുതൽ ആറു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ഒരു മണിക്കൂർ ആകണം ദിവസേനയുള്ള ദൃശ്യമാധ്യമ സമയം. കാർട്ടൂണുകളും ഓൺലൈൻ ഗെയിമുകളും മൊത്തം ദൃശ്യമാധ്യമ സമയത്തിന്റെ പകുതിയിൽ കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ആറു വയസ്സ് മുതൽ 18 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ദിവസേന രണ്ടുമണിക്കൂറാണ് പരമാവധി ദൃശ്യമാധ്യമ സമയം. രാത്രി വളരെ വൈകി ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ശീലവും പൂർണമായും ഒഴിവാക്കേണ്ടതുംഅത്യാവശ്യമാണ്.

ഡിജിറ്റൽ ലോകത്ത് കുട്ടികൾ ഏതുതരത്തിലുള്ള വ്യാപാരമാണ് നടത്തുന്നത് എന്നതിനെക്കുറിച്ച് ഭൂരിപക്ഷം മാതാപിതാക്കളും അജ്ഞരാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവർക്കുണ്ടാകുന്ന കൂട്ടുകെട്ടുകളെ മാതാപിതാക്കൾ അറിയേണ്ടത് അത്യാവശ്യമാണ്. ദിവസേന അരമണിക്കൂർ നേരമെങ്കിലും കുട്ടികളോടൊപ്പം സമയം ചെലവിടാൻ മാതാപിതാക്കൾ തയ്യാറാകണം. ഇതിലൂടെ കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളൊക്കെ വ്യക്തമായി മനസ്സിലാക്കി ക്രിയാത്മകമായ രീതിയിൽ ഇടപെടാൻ മാതാപിതാക്കൾക്ക് സാധിക്കും. എന്തെങ്കിലും അനാരോഗ്യകരമായ സ്വാധീനം കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ഇടപെടാൻ ഇതുവഴി മാതാപിതാക്കൾക്ക് കഴിയും.കുട്ടിയെ അറിഞ്ഞു പെരുമാറാം:
ഒരു അധ്യാപകൻ ആദ്യം ശ്രദ്ധ വയ്ക്കേണ്ടത് താൻ പഠിപ്പിക്കുന്ന കുട്ടിയുടെ കുടുംബ പശ്ചാത്തലവും സ്വഭാവ രീതികളും കൃത്യമായി മനസ്സിലാക്കുന്ന കാര്യത്തിലാണ്. വർഷം ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളുടെ വിശദവിവരങ്ങൾ എഴുതി വാങ്ങാം. വീട്, മാതാപിതാക്കളുടെ പേരും ജോലിയും മറ്റു വിശദാംശങ്ങളും, ജീവിത സാഹചര്യങ്ങൾ, സാമ്പത്തിക സാംസ്കാരിക സ്ഥിതി തുടങ്ങിയവയൊക്കെ കുട്ടിയോട് സ്നേഹപൂർവ്വം അന്വേഷിച്ചു തന്നെ മനസ്സിലാക്കാൻ ശ്രമിക്കാം.. ഇതിലൂടെ പ്രശ്നഭരിതമായ കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ നേരത്തെ മനസ്സിലാക്കി വയ്ക്കാൻ അധ്യാപകർക്ക് സാധിക്കും. കുട്ടിയുടെ ജീവിത സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞാൽ അവരോട് ഇടപെടുമ്പോൾ അവർക്ക് മാനസികമായി മുറിവേൽക്കാത്ത തരത്തിൽ സംസാരിക്കാൻ അധ്യാപകർക്ക് അനായാസം സാധിക്കും.

കുട്ടിക്ക് ഉണ്ടായിട്ടുള്ള ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെക്കുറിച്ചും അധ്യാപകർക്ക് ഒരു പൊതുവായ ധാരണ ഉണ്ടാകുന്നത് നല്ലതാണ്. വർഷാരംഭത്തിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കൾ വരുമ്പോൾ അവരോട് ഇത്തരം കാര്യങ്ങൾ കൂടി സ്നേഹപൂർവ്വം അന്വേഷിച്ചറിയാം. കുട്ടിക്ക് പഠന വൈകല്യമോ ബുദ്ധിവളർച്ചക്കുറവോ പോലെ പഠനത്തെ ദോഷകരമായി ബാധിക്കുന്ന തരം വിഷയങ്ങൾ ഉണ്ടെങ്കിൽ നേരത്തെ മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്. കുട്ടിക്ക് എ ഡി എച്ച് ഡി പോലെയുള്ള പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നേരത്തെ മനസ്സിലാക്കുന്നത് ഉപകാരപ്പെടും. ശാരീരിക ക്ഷമതയെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും രോഗങ്ങൾ കുട്ടിക്ക് ഉണ്ടെങ്കിൽ അതും മനസ്സിലാക്കണം. ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കേണ്ടി വരുന്ന തരത്തിലുള്ള പ്രമേഹരോഗം, ആസ്മ, ഹൃദ്രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ, കരൾ വൃക്ക രോഗങ്ങൾ, കാഴ്ചക്കുറവ് കേൾവിക്കുറവ്, തുടങ്ങിയ പ്രശ്നങ്ങൾ അധ്യാപകർ മനസ്സിലാക്കണം. കുട്ടികളോട് ഇടപെടുമ്പോൾ അധ്യാപകരെ ഇത് വളരെയധികം സഹായിക്കും.

ഉദാഹരണത്തിന് കാഴ്ചക്കുറവോ കേൾവിക്കുറവോ ഉള്ള കുട്ടിയെ ഏറ്റവും മുന്നിലെ നിരയിൽ തന്നെ ഇരുത്താൻ ഇതുവഴി അധ്യാപകന് സാധിക്കും.. ശ്രദ്ധ കുറവും അമിതവികൃതിയും പിരിവിരുപ്പും പ്രധാന ലക്ഷണങ്ങളായുള്ള എ ഡി എച്ച് ഡി ബാധിച്ച കുട്ടികളെയും മുൻനിരയിൽ മധ്യഭാഗത്തുതന്നെ ഇരുത്തിക്കൊണ്ട് അവരുടെ ശ്രദ്ധ പതറി പോകുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ സാധിക്കും. ശാരീരിക, ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികളെ കായിക വ്യായാമങ്ങൾ ചെയ്യാൻ അധികം നിർബന്ധിക്കാതിരിക്കാനും ഇതിലൂടെ അധ്യാപകർക്ക് കഴിയും. എന്നാൽ മറ്റു കുട്ടികൾക്കൊക്കെ കൃത്യമായ കായിക വ്യായാമങ്ങൾ ഉറപ്പുവരുത്താനും അധ്യാപകർ ശ്രദ്ധിക്കേണ്ടതുണ്ട്.
ശിഥിലമായ കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന കുട്ടികളോട് ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഉദാഹരണത്തിന് ഒരു കുട്ടിയുടെ അച്ഛൻ എന്തെങ്കിലും ഒരു കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെട്ട് ജയിലിൽ ആയിരിക്കാം. ആ കുട്ടി എന്തെങ്കിലും അനുസരണക്കേട് കാണിച്ചാൽ ഉടൻ തന്നെ ” നിൻറെ തന്തയെ പോലെ നിനക്കും ജയിലിൽ പോകണം എന്നാണോ ആഗ്രഹം?” എന്ന മട്ടിലുള്ള പരാമർശങ്ങൾ ഒരിക്കലും ഒരു അധ്യാപകനിൽ നിന്ന് ഉണ്ടാകാൻ പാടില്ല. ഓർക്കുക ഒരു കുട്ടിയും കുറ്റവാളിയായി ജനിക്കുന്നില്ല. അവന്റെ ജനിതക ഘടകങ്ങളും സാഹചര്യങ്ങളുടെ സ്വാധീനവുമാണ് അവനെ കുറ്റവാളി ആക്കി മാറ്റുന്നത്. ഇതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനം പരമാവധി കുറയ്ക്കാൻ അധ്യാപകർക്ക് തീർച്ചയായും സാധിക്കും.
കുട്ടികൾക്കുള്ള ശാരീരികവും മാനസികമോ ആയ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടി അവരെ പരിഹസിക്കുന്ന രീതിയും അധ്യാപകന് ഭൂഷണമല്ല .” മണ്ടൻ, പൊട്ടൻ, മന്ദബുദ്ധി” തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിച്ച് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ അവഹേളിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്.
ഓർക്കുക ഒരു കുട്ടിയും കുറ്റവാളിയായി ജനിക്കുന്നില്ല. അവന്റെ ജനിതക ഘടകങ്ങളും സാഹചര്യങ്ങളുടെ സ്വാധീനവുമാണ് അവനെ കുറ്റവാളി ആക്കി മാറ്റുന്നത്. ഇതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനം പരമാവധി കുറയ്ക്കാൻ അധ്യാപകർക്ക് തീർച്ചയായും സാധിക്കും.
കുട്ടികൾക്കുള്ള ശാരീരികവും മാനസികമോ ആയ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടി അവരെ പരിഹസിക്കുന്ന രീതിയും അധ്യാപകന് ഭൂഷണമല്ല

അഭിരുചി തിരിച്ചറിഞ്ഞ്
പ്രോത്സാഹിപ്പിക്കാം:
ഒരു ക്ലാസിൽ പഠിക്കുന്ന ഓരോ കുട്ടിക്കും ഏതെങ്കിലും ഒക്കെ മേഖലയിൽ അഭിരുചിയും ബുദ്ധിവൈഭവവും ഉണ്ടാകും. ഇത് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്നുള്ളത് അധ്യാപകന്റെ പ്രധാനപ്പെട്ട ധർമ്മമാണ്.
ഭാരതത്തിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി പത്താം ക്ലാസിൽ തോറ്റ ഒരാളാണ് എന്ന യാഥാർത്ഥ്യം എത്രപേർക്കറിയാം? പിന്നീട് ക്രിക്കറ്റ് ലോകത്തെ അതികായനായി മാറിയ സച്ചിൻ ടെൻഡുൽക്കർ ആയിരുന്നു ആ കുട്ടി. പത്താം ക്ലാസിൽ തോറ്റു എന്ന കാരണം പറഞ്ഞ് അയാളെ അവഹേളിക്കാനും ഒറ്റപ്പെടുത്താനും അധ്യാപകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒക്കെ ശ്രമിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു അദ്ദേഹത്തിന്റെ ഭാവി? പഠനത്തിൽ പിന്നാക്കമായിരുന്നുവെങ്കിലും ക്രിക്കറ്റിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും പരിശീലകരും തയ്യാറായതാണ് അദ്ദേഹത്തിന് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്
ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന ഹോവാർഡ് ഗാർഡിനർ ബുദ്ധി എന്നത് ഏകമാനമായ ഒരു സംഗതി അല്ല 8 വ്യത്യസ്ത കഴിവുകളുടെ സങ്കലനമാണ് എന്ന് വിശദീകരിച്ചിരുന്നു.. തുടർന്ന് പല ഗവേഷകർ നടത്തിയ പഠനങ്ങളെ തുടർന്ന് ഒരു മനുഷ്യന് പത്തു വ്യത്യസ്തതരം ബുദ്ധിവൈഭവങ്ങൾ ഉണ്ടാകാം എന്ന് തിരിച്ചറിവിലേക്ക് ശാസ്ത്രലോകം എത്തിച്ചേർന്നു. ഭാഷാസംബന്ധമായ ബുദ്ധി, ഗണിത സംബന്ധമായ ബുദ്ധി, യുക്തിചിന്ത സംബന്ധമായ ബുദ്ധി, ശരീര ചലന ബുദ്ധി, സ്ഥല ചിത്രീകരണ ബുദ്ധി, സംഗീത ബുദ്ധി, ആന്തരിക വൈയക്തിക ബുദ്ധി, വ്യതാന്തര ബുദ്ധി, പ്രകൃതി സംബന്ധമായ ബുദ്ധി, അസ്തിത്വ സംബന്ധമായ ബുദ്ധി എന്നിവയാണ് ആ പത്ത് വൈഭവങ്ങൾ. ഓരോ കുട്ടിയിലും ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ കഴിവുകൾ ആയിരിക്കും കൂടുതൽ പ്രകടമാകുക. ഇത്തരത്തിൽ ഏതു കഴിവാണ് ഒരു കുട്ടിയിൽ ഏറ്റവും ശക്തമായി ഉള്ളത് എന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് അധ്യാപകരുടെ ചുമതലയാണ് ആ കഴിവുകൾ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും നടത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക വഴി ആ കഴിവുകൾ തേച്ചു മിനുക്കി ഒരുപക്ഷേ ഉപരിപഠനമേഖലയായോ ഭാവിയിലെ തൊഴിൽ മേഖലയായോ ആ കഴിവിനെ പരിവർത്തനപ്പെടുത്താൻ കുട്ടികൾക്ക് സാധിക്കും. ഉദാഹരണത്തിന് പ്രകൃതിസംബന്ധമായ ബുദ്ധിയുള്ള കുട്ടിയെ നേച്ചർ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിക്കാം . സ്ഥല ചിത്രീകരണ ബുദ്ധിയുള്ള കുട്ടിയെ ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ചുമതലക്കാരനാക്കാം
ഇത്തരം ഒരു സമീപനം അധ്യാപകർ സ്വീകരിച്ചാൽ കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്ന് തന്നെ ആവശ്യമായ സാമൂഹിക അംഗീകാരം ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇതിന്റെ ഫലമായി കുട്ടികൾ അക്രമ വാസനയിലേക്കും ഡിജിറ്റൽ അടിമത്വത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും പോകാനുള്ള സാധ്യത പരമാവധി കുറയ്ക്കാൻ കഴിയും.

ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ദിവസേന ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് കായിക വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ വിദ്യാലയത്തിൽ തന്നെ ഒരുക്കുന്നതും നല്ലതാണ്. ഇതിലൂടെ കുട്ടിയുടെ ഏകാഗ്രത മെച്ചപ്പെടാനും, തലച്ചോറിലെ എൻഡോർഫിൻ എന്ന രാസവസ്തുവിന്റെ അളവ് കൂടുന്നത് മൂലം കുട്ടി കൂടുതൽ സന്തോഷം അനുഭവിക്കുന്ന അവസ്ഥ സൃഷ്ടിക്കാനും, തലച്ചോറിലെ രക്ത ഓട്ടം കൂടുന്നത് വഴി കുട്ടി കൂടുതൽ ഊർജ്ജസ്വലനാകാനും, രക്തത്തിലെ വൈറ്റമിൻ ഡി യുടെ അളവ് കൂടുക വഴി കുട്ടിയുടെ രോഗപ്രതിരോധശേഷിയും വിജ്ഞാന വിശകലനശേഷിയും മെച്ചപ്പെടാനും സഹായകമാകും.

(അടുത്ത ലക്കത്തിൽ: പരിശീലിപ്പിക്കാം ജീവിതനിപുണതകൾ)

Author

81 Views
Scroll to top
Close
Browse Categories