വി.എസ്:അണയാത്ത കനൽ
വി.എസ്. അച്യുതാനന്ദനൊപ്പം മൺമറഞ്ഞത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അവസാന കണ്ണിയാണ്. ജീവിതം നാടിനായി സമർപ്പിച്ച് നാടിന്റെയും മനുഷ്യരുടെയും നന്മയ്ക്കും പുരോഗതിക്കും വേണ്ടി മാത്രം ആയുസ് ചെലവഴിച്ചവരുടെ പ്രതിനിധിയായിരുന്നു വി.എസ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരുടെ വരെ ഹൃദയം കവർന്ന് വടവൃക്ഷം പോലെ സമൂഹത്തിന് മേൽ തണലായി പടർന്നുപന്തലിച്ചു ഈ മനുഷ്യൻ. 102 വർഷമായി ആ സാന്നിദ്ധ്യം ഇവിടെയുണ്ടായിരുന്നു. അതിൽ 85 വർഷവും ജീവിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. ഒത്തുതീർപ്പുകളില്ലാത്ത രാഷ്ട്രീയ ജീവിതം എന്നു ചുരുക്കത്തിൽ വിശേഷിപ്പിക്കാം. തത്വാധിഷ്ഠിത നിലപാടുകളും പിന്നിട്ട വഴികളിലെ അനുഭവങ്ങളുടെ കരുത്തും സ്നേഹവും കരുതലും നിറഞ്ഞ മനസുമാണ് അഴിമതിയുടെ നിഴൽപോലും മുന്നിൽ വരാൻ അനുവദിക്കാതിരുന്ന ആ കമ്മ്യൂണിസ്റ്റുകാരനെ ജനപ്രിയനാക്കിയത്. കാട്ടുകള്ളന്മാരും കള്ളക്കടത്തുകാരും അഴിമതിക്കാരും സ്ത്രീപീഡകരും പെൺവാണിഭക്കാരും ചന്ദനം കടത്തുകാരും മുതൽ കൈക്കൂലിക്ക് കൈനീട്ടുന്ന ഐ. എ.എസുകാരും സർക്കാർ പ്യൂണും വരെ വി.എസിനെ ഭയപ്പെട്ടത് വെറുതേയല്ല. പൊതുപ്രവർത്തന രംഗത്തെ ചങ്കൂറ്റത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. 82-ാംവയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോഴും പ്രായത്തിന്റെ പേരിൽ ആരും അദ്ദേഹത്തെ വിമർശിച്ചില്ല. പിഞ്ചുകുട്ടികൾ വരെ മുത്തച്ഛനെപ്പോലെ കണ്ട് നെഞ്ചേറ്റി. കുറിക്കുകൊള്ളുന്ന വാക്കുകളും നർമ്മവും കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയും ഏറ്റുവാങ്ങി. യുവാക്കളെക്കാൾ ഊർജസ്വലനായി കാട്ടിലും മേട്ടിലുമുള്ള സമരഭൂമികളിലും വിവാദകേന്ദ്രങ്ങളിലും വന്നെത്തി. കാരിരുമ്പിന്റെ കഠിന നിലപാടുകളുള്ള ഈ മനുഷ്യൻ എങ്ങനെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയെന്ന് പൊതുരംഗത്തുളളവർ മനസിലാക്കി പ്രവർത്തിച്ചിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ. നിലപാടുകൾ തുറന്നുപറയാനും അതിൽ ഉറച്ചുനിൽക്കാനും കാണിച്ച ധൈര്യവും ആർജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമർശകരേയും നൽകിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ അവശേഷിച്ച ഒരേ ഒരാളായിരുന്നു വി.എസ്. മാതാപിതാക്കൾ മരിച്ചശേഷം പതിനൊന്നാം വയസുമുതൽ സഹോദരിയുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം. പഠനം മുടങ്ങി ജ്യേഷ്ഠനൊപ്പം തയ്യൽപ്പണി, കയർ കമ്പനിയിൽ ജോലി, അങ്ങനെയായിരുന്നു ജീവിതാരംഭം. ദാരിദ്ര്യത്തിൽ ജനിച്ച്, പാവപ്പെട്ടവന്റെ ദുരിതങ്ങൾ കണ്ടറിഞ്ഞ് അവർക്ക് സമത്വസുന്ദരമായ ലോകം കെട്ടിപ്പടുക്കാൻ വേണ്ടി ജീവിതം സമർപ്പിച്ചപ്പോൾ വി.എസിന് വയസ് വെറും 17. 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി. 46ൽ പുന്നപ്ര – വയലാർ സമരത്തിൽ പങ്കാളിയായി. 1967മുതൽ 2016 വരെ ഏഴുവട്ടം നിയമസഭയിലെത്തി. 92ലും 2001ലും പ്രതിപക്ഷ നേതാവായി. 2006 മേയ് 18ന് മുഖ്യമന്ത്രിയായി അധികാരമേറ്റു.
ജനങ്ങളെയും തൊഴിലാളികളെയും സംഘടിപ്പിച്ച്, പൊലീസിന്റെയും ജന്മിമാരുടെയും തിരുവിതാംകൂർ സർക്കാരിന്റെയും പീഡനങ്ങൾ തരണം ചെയ്ത്, പതിറ്റാണ്ടുകൾ പിന്നിട്ടാണ് അദ്ദേഹം പാർട്ടിയുടെയും ഭരണത്തിന്റെയും ഉന്നതങ്ങളിൽ എത്തിയത്. പണമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന മാടമ്പിമാരുടെ ധാർഷ്ട്യത്തിനും അഴിമതികൾക്കുമെതിരായ പ്രക്ഷോഭങ്ങളും നിയമ യുദ്ധങ്ങളും വി.എസിനെ ജനകീയനാക്കിയതിൽ പ്രധാനഘടകങ്ങളാണ്. സാധാരണക്കാരുടെയും സമൂഹത്തിന്റെ പുറമ്പോക്കിൽ കിടക്കുന്നവന്റെയും വേദനകൾ ഉൾക്കൊണ്ടും പെണ്ണിന്റെ മാനത്തിന് വിലപറഞ്ഞവരെ കയ്യാമം വയ്പ്പിക്കാൻ തുനിഞ്ഞിറങ്ങിയും കാടും മേടും വെട്ടിപ്പിടിക്കുന്ന പ്രമാണിമാരെ നിയമത്തിന് മുന്നിൽ വിറപ്പിച്ചും പൊതുസ്വത്ത് കൊളളയടിക്കുന്നവനെ തുറന്നുകാട്ടിയും നേരിന്റെ രാഷ്ട്രീയത്തിന്റെ പ്രതീകമായാണ് വി.എസ് മലയാളി മനസുകളിൽ കുടിയിരുന്നത്. വി.എസിന്റെ ഒരു മൂളലിന് പോലും രാഷ്ട്രീയഭാഷ്യം ചമയ്ക്കുന്ന കാലവും കേരളം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമയുദ്ധങ്ങൾ ചരിത്രങ്ങളാണ്. അഴിമതിക്കേസിൽ കേരളത്തിലെ ഒരു മന്ത്രിയെ ശിക്ഷിപ്പിച്ച് ജയിലിൽ അടപ്പിച്ചതും സഹസ്രകോടികൾ ഈ കൊച്ചുകേരളത്തിൽ നിന്ന് കടത്തിയിരുന്ന അന്യസംസ്ഥാന ലോട്ടറി മാഫിയയെ കെട്ടുകെട്ടിച്ചതും പ്ളാച്ചിമട ജലചൂഷണക്കേസ്, സൂര്യനെല്ലി പീഡനക്കേസ് തുടങ്ങി മതികെട്ടാനിലെയും പൂയംകുട്ടിയിലെയും വൻവനം കൈയേറ്റവും മറ്റും ചർച്ചയായതിനും പിന്നിൽ വി. എസ് എന്ന ഒറ്റയാനായിരുന്നു.
കാർക്കശ്യം മുഖമുദ്ര ആയപ്പോഴും ആർദ്രമായ മനസും അദ്ദേഹത്തിനുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെയും പാവങ്ങളുടെയും മനസിൽ സ്നേഹത്തിന്റെ മൂർത്തീരൂപമായിരുന്നു അദ്ദേഹം. അന്ത്യയാത്രയിൽ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മുഖങ്ങളും വികാരപ്രകടനങ്ങളും ആ സ്നേഹത്തിന്റെ ഇഴയടുപ്പം ദൃശ്യമാക്കി. സുദീർഘമായ പൊതുജീവിതത്തിൽ ഒരു അഴിമതി ആരോപണം പോലും വരാതെയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. എതിർരാഷ്ട്രീയക്കാരോട് മാത്രമല്ല, സ്വന്തം പാർട്ടിക്കാരോടു പോലും വി.എസിന് പോരാടേണ്ടി വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചവിട്ടിയൊതുക്കപ്പെടുമെന്ന ഘട്ടങ്ങളിലെല്ലാം ജനസ്വാധീനമെന്ന കരുത്തിനാലാണ് അദ്ദേഹത്തെ സ്വന്തം പാർട്ടിക്ക് പോലും തിരിച്ചുവിളിക്കേണ്ടി വന്നത്. പോളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി തരംതാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. നീതിക്ക് വേണ്ടി നയിച്ച പോരാട്ടങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലും കടുകിട വിട്ടുവീഴ്ചയ്ക്ക് വി.എസ് തയ്യാറായതുമില്ല.
കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി വി.എസിനെ ജനങ്ങൾ ഹൃദയത്തിലേറ്റിയത് സമീപനങ്ങളിലെയും നിലപാടുകളിലെയും വിശുദ്ധിയാലാണ്. അതുകൊണ്ടാണ് വി.എസിന്റെ നിലപാടുകൾക്ക് മുന്നിൽ പലപ്പോഴും പാർട്ടി തീരുമാനങ്ങൾ വഴിമാറിയത്. വി.എസാണ് എന്നെ പൊതുരംഗത്തേക്ക് കൊണ്ടുവന്നത്. 1963 മുതലുള്ള വ്യക്തിബന്ധമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 1964ൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആലപ്പുഴ കഞ്ഞിക്കുഴി ബി.ഡി.സി തിരഞ്ഞെടുപ്പിലും മത്സരിച്ചത് അദ്ദേഹത്തിന്റെ പിന്തുണയാലാണ്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി പദത്തിലേക്കുള്ള എന്റെ വരവിന് പിന്നിലും വി.എസിന്റെ പിൻബലം ഉണ്ടായിരുന്നു. പല നിർണായകഘട്ടങ്ങളിലും ഉപദേശങ്ങളും നിർദേശങ്ങളും തന്നു. വഴികാട്ടിയുമായി. വി.എസ്. ഭരണത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും പല ദൗത്യങ്ങളും ഏൽപ്പിച്ചിട്ടുണ്ട്. അവ കൃത്യമായി നിർവഹിക്കുകയും ചെയ്തു. വലിയ ഹൃദയബന്ധം പുലർത്തിയപ്പോഴും ചില സന്ദർഭങ്ങളിൽ പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ പൊതുജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വി.എസിനെപ്പോലുള്ള നേതാക്കൾ അപൂർവ്വമാണ്. വി.എസിന് തുല്യം വി.എസ് മാത്രമേയുള്ളൂ. തീരാനഷ്ടമാണ് ഈ വിയോഗം. സഫലമാണ് ആ ജീവിതം. ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.






