ഉറി

ശരിക്കും വയറ്റീവന്ന്
ഉറഞ്ഞുകൂടീതൊന്നുമല്ല.
എവ്ടേന്നും മൊത്തായി
കളഞ്ഞുകിട്ടീതുമല്ല.

(പിന്നെ പിന്നെ എന്ന്
ചോദിച്ചോണ്ടിരിക്കണം).

ഞാറു നട്ടോണ്ടിരിക്കുമ്പം
ചെളീന്ന് കിട്ടീതാണ്
ചുറ്റും മണപ്പിക്കുന്ന മൂക്ക്.
തീരെക്കുഞ്ഞായിരുന്നു.
മടിക്കുത്തിലടങ്ങിക്കിടന്നു.

പാവല് വള്ളീക്ക് പടർപ്പ്
കുത്തിക്കൊണ്ടിരുന്നപ്പോ
കൈയില് മുറുക്കുകയായിരുന്നു.
നൂല് വണ്ണമേണ്ടായ്‌രുന്നുള്ളു
വിരലുകളാത്രെ വിരലുകൾ.
അടുക്കളയോളം കൂട്ടുപോന്നു.

കുത്തരി ചേറുമ്പോഴായിരുന്നു.
ഒട്ടിക്കിടക്കുകാരുന്നു പിള്ളവയറ്.
ഒടുക്കത്തെ വെശപ്പാരുന്നു.

(പിന്നെ പിന്നെ എന്ന്
ചോദിച്ചോണ്ടിരിക്കണം).

രാത്രിക്ക് ഒറക്കംവരാതെ
വന്നപ്പോഴാരുന്നു.
ഇരുട്ടിനു കൈയും കാലും
വച്ചതായിരുന്നു.
ഒരിടത്തും
അടങ്ങിയിരിക്കുമായിരുന്നില്ല.
കുളക്കരയിൽ ആരോ മറന്നുവച്ച
രണ്ടു കണ്ണുകളായിരുന്നു.
ഇടയ്ക്കിടെ അടഞ്ഞും തുറന്നും.

മഴപെയ്തു തോർന്നിരുന്നു.
എന്നാലും ഇപ്പോപ്പെയ്യും
എന്നായിരുന്നു.

എല്ലാം കൂടെ ഉറിക്കലത്തിൽ
വച്ചിരിക്കുകയായിരുന്നു.
ഒരിക്ക എല്ലാം കൂടിച്ചേർന്ന്
ഒറ്റക്കരച്ചിലായിരുന്നു.
വാരിയെടുത്തപ്പോ

എപ്പോഴോ
മാറീമ്പിത്തുടങ്ങിയിരുന്നു.
അല്ലാതെ വയറ്റീവന്ന്
ഉറഞ്ഞുകൂടീതൊന്നുമല്ല.
.
ഇപ്പോഴുമുണ്ടാവും
കൈയിൽക്കിട്ടുന്നതും
കിട്ടാത്തതുമെന്തായാലും
ഉറിക്കലത്തിൽ
പാത്തുവയ്ക്കുന്നുണ്ടാവും.
മേലെത്തൊടിയിൽ
പുത്താങ്കീരിപ്പടയൊഴിയുന്ന
നേരത്ത് കാതോർത്താൽ
കേൾക്കുന്നുണ്ടായിരിക്കും
ഒരുറി മെല്ലെ കാറ്റിലാടുന്നത്.

9413348755

Author

93 Views
Scroll to top
Close
Browse Categories