നാനോ സംരംഭങ്ങൾക്ക് ഗ്രാന്റ് 40% വരെ
കേരളത്തിൽ വൻകിട വ്യവസായങ്ങൾക്കുള്ള സാധ്യതകൾ തീരെ കുറവാണ് എന്നതിനാൽ നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് ഈ പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.

നാനോ സംരംഭങ്ങൾക്ക് 40% വരെ സബ്സിഡി നൽകുന്ന ഒരു പദ്ധതി ഫലപ്രദമായി നടപ്പിലാക്കി വരികയാണ് സംസ്ഥാന സർക്കാർ . 2020 മുതലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കേരളത്തിൽ വൻകിട വ്യവസായങ്ങൾക്കുള്ള സാധ്യതകൾ തീരെ കുറവാണ് എന്നതിനാൽ നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് ഈ പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. വായ്പയുമായി ബന്ധപ്പെടുത്തി മാർജിൻ മണി ഗ്രാൻഡ് ലഭ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യം.
പദ്ധതി ആനുകൂല്യങ്ങൾ
പൊതു വിഭാഗത്തിനും പ്രത്യേക വിഭാഗത്തിനും രണ്ട് നിരക്കിൽ ഗ്രാൻഡ് നൽകാൻ പദ്ധതി വിഭാവന ചെയ്യുന്നു.
പൊതുവിഭാഗം :- പദ്ധതി ചെലവിന്റെ 30% പരമാവധി മൂന്ന് ലക്ഷം രൂപ വരെ ഗ്രാൻഡ് അനുവദിക്കുന്നു.
ഇതിൽ 40% വായ്പയും 30% സംരംഭകന്റെ വിഹിതവും ആയിരിക്കും.
പ്രത്യേക വിഭാഗം :- പദ്ധതി ചെലവിന്റെ 40% പരമാവധി നാല് ലക്ഷം രൂപ വരെ മാർജിൻ മണി ഗ്രാൻഡ് അനുവദിക്കുന്നു ഈ കാര്യത്തിൽ സംരംഭകന്റെ വിഹിതം 20 ശതമാനം ആയിരുന്നാൽ മതി. ഒരു സ്ഥാപനത്തിന് പരമാവധി ലഭിക്കാവുന്ന ഗ്രാൻഡ് ആനുകൂല്യം 4 ലക്ഷം രൂപ വരെ ആയിരിക്കും.
പ്രത്യേക വിഭാഗം എന്നാൽ വനിതകൾ, 40 വയസ്സിൽ താഴെയുള്ള യുവതി യുവാക്കൾ, പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾ, അംഗപരിമിതർ , വിമുക്തഭടന്മാർ എന്നിവർ ഉൾപ്പെടുന്നു

അർഹത മാനദണ്ഡങ്ങൾ .
പുതുതായി തുടങ്ങുന്ന നാനോ പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾ ആയിരിക്കണം.
നിർമ്മാണ യൂണിറ്റുകൾ, ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങൾ, ജോബ് വർക്ക് ചെയ്യുന്ന സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, എന്നിവയ്ക്ക് അർഹതയുണ്ട്.മൂല്യ വർദ്ധനവ് വരുത്തുന്ന സംരംഭങ്ങൾക്ക് എല്ലാം അർഹതയുണ്ട്.
പദ്ധതി ചെലവ് സ്ഥിരനിക്ഷേപവും ആവർത്തന നിക്ഷേപവും ചേർന്നാൽ 10 ലക്ഷം രൂപയിൽ അധികരിക്കരുത്. ഇതാണ് നാനോ സംരംഭത്തിന്റെ നിർവചനം.
പദ്ധതി അടങ്കലിന്റെ 30% എങ്കിലും വനിതാ സംരംഭങ്ങൾക്കായി മാറ്റിവയ്ക്കും
ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്ന് എടുക്കുന്ന വായ്പയ്ക്കും അർഹതയുണ്ടാകും
വായ്പ എടുക്കാത്തവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.
ആനുകൂല്യം കൈപ്പറ്റിയാൽ ആറുമാസത്തിനുള്ളിൽ സംരംഭം തുടങ്ങണം. മതിയായ കാരണം ഉണ്ടെങ്കിൽ ആറുമാസം കൂടി ദീർഘിപ്പിക്കും.
താലൂക്ക് വ്യവസായ ഓഫീസുകൾ വഴി അപേക്ഷിക്കണം
സംരംഭകർ അപേക്ഷ സമർപ്പിക്കേണ്ടത് താലൂക്ക് വ്യവസായ ഓഫീസുകൾ വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറെ സമീപിക്കാവുന്നതാണ്. ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പയ്ക്കായി ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുക എന്നുള്ളതാണ് ആദ്യം നടപടി. ഇത് പാസായി കഴിയുമ്പോഴാണ് ഗ്രാൻഡ് ആനുകൂല്യം ലഭിക്കുക. തിരിച്ചറിയൽ രേഖകൾക്ക് പുറമെ ഉദ്യം രജിസ്ട്രേഷൻ പ്രോജക്ട് റിപ്പോർട്ട്,ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ അനുവദിച്ചതിന്റെ രേഖകൾ, എന്നിവയാണ് ഹാജരാക്കേണ്ടത്.പത്തുലക്ഷം രൂപയുടെ ഒരു പ്രോജക്ട് നാല് ലക്ഷം വായ്പയിലും 4 ലക്ഷം സർക്കാർ സബ്സിഡിയിലും രണ്ട് ലക്ഷം സ്വന്തം നിക്ഷേപം ആയി കൊണ്ടുവന്നു കൊണ്ടും നടപ്പാക്കാൻ ആകും എന്നതാണ് ഈ പദ്ധതിയുടെ മേന്മ.താലൂക്ക് വ്യവസായ ഓഫീസറാണ് അപേക്ഷ ശുപാർശ ചെയ്യുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് ഗ്രാൻഡ് അനുവദിക്കുന്നത്. ജനറൽ മാനേജരുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പീൽ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് DIC.kerala.gov.in.






