മൂന്ന് നഗ്നകവിതകൾ

1
പരിഭാഷ
പാലസ്തീൻ കവിത
മലയാളത്തിലാക്കണം.
ഇംഗ്ലീഷിലൂടെ ശ്രമിച്ചു,
കഴിയുന്നില്ല.

പിന്നെ
ഗസ്സയും മിസൈലും
കൂട്ടക്കരച്ചിലും ചേർത്ത്
ഒരെണ്ണം പടച്ചു.
സ്വതന്ത്ര പരിഭാഷ.

2
മാര്യേജ് ബ്യൂറോ
പള്ളിക്കല്ല്യാണം
ആകാശത്തേക്കു നോക്കി
അച്ചൻ പറഞ്ഞു
വധൂവരന്മാരെ കണ്ടെത്തിയതും
ദൈവമാകുന്നു.

സദസ്സിന്റെ പിൻനിരയിലിരുന്ന്
ഒരാൾ ഊറിച്ചിരിച്ചു.
മാര്യേജ് ബ്യൂറോ നടത്തുന്ന
ജോർജ് കുട്ടിച്ചായൻ.

3
കേരളാമ്മ
എനിക്ക് കേരളാമ്മയെ
വരയ്ക്കണം.

പി. കെ. റോസിയുടെ
കാപ്പിക്കറുപ്പ്
വലത്തേ കൈയിൽ
ആർച്ചച്ചുരിക
ഇടത്തേ കൈയിൽ
പഞ്ചമിയുടെ അക്ഷരമാല
ചുവന്ന ബ്ലൗസും
കള്ളിമുണ്ടും വേഷം
സിംഹമോ കഴുതയോ
കൂടെയില്ല
ഉള്ളതൊരു നായ

പിന്നിൽ കടൽനീല
മുന്നിൽ കാട്ടുപച്ച.

Author

91 Views
Scroll to top
Close
Browse Categories