‘ഹുക്കൂമത്തെ ഇലാഹി’ ക്ക് ചൂട്ട് പിടിക്കുന്നവർ
തുര്‍ക്കിയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും ബംഗ്ലാദേശിലും പിടിമുറുക്കി കഴിഞ്ഞ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണ് ഇവിടത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍. ഇതിനോട് പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് മുസ്ലീംലീഗ്.പക്ഷേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ 2016ലും 21ലും തോറ്റപ്പോള്‍ മുസ്ലീംലീഗിന് ദിശാബോധം നഷ്ടമായി. എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്തണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇപ്പോഴുള്ളു. കോണ്‍ഗ്രസ്സുകാര്‍ക്കിടയിലും അത്രേയുള്ളു. ഏത് ചെകുത്താനെ കൂടെ കൂട്ടിയാണെങ്കിലും ഭരണത്തില്‍ തിരിച്ചെത്തണം. അതിന് ജമാഅത്തെ ഇസ്ലാമിയേയോ പോപ്പുലര്ഫ്രണ്ടിനേയോ ആരേയും കൂടെ കൂട്ടും. ഇങ്ങനെ ചെയ്താല്‍ ഭരണം പിടിക്കാമെന്ന് കരുതിയാണ് കോടാലിയെടുത്ത് കഴുത്തില്‍ വയ്ക്കുന്നത്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കേരള രാഷ്ട്രീയത്തില്‍ സവിശേഷമായ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയുമായിരുന്നില്ല. കാരണം നിയമസഭയുടെ കാലാവധി കഴിയാന്‍ കേവലം എട്ടുമാസം മാത്രം ബാക്കി നില്‍ക്കെ നടന്ന ഒരു ഉപതിരഞ്ഞെടുപ്പ്, ആര് ജയിച്ചാലും സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലായിരുന്നു.
എന്നാല്‍ രണ്ടുമുന്നണികള്‍ക്കും രണ്ടുതരത്തില്‍ ഈ തിരഞ്ഞെടുപ്പ് പ്രധാനമായിരുന്നു. യു.ഡി.എഫിന് പ്രാമുഖ്യമുള്ള മണ്ഡലമായതിനാല്‍ അവര്‍ക്ക് ജയിച്ചേ പറ്റൂ. സിറ്റിംഗ് സീറ്റായതിനാല്‍ എല്‍.ഡി.എഫിന് അത് കൈവിട്ട് പോകാന്‍ താല്പര്യമുണ്ടായിരുന്നില്ല.
രണ്ടുഭാഗത്തും സ്ഥാനാര്‍ത്ഥികള്‍ ശക്തരായിരുന്നു. ആര്യാടന് ഷൗക്കത്ത്, ആര്യാടന് മുഹമ്മദിന്റെ മകനാണ്. ആ നിലക്ക് അദ്ദേഹത്തിന് ഒരു പ്രാധാന്യമുണ്ട്. മറുഭാഗത്ത് സി.പി.എം അവര്‍ക്ക് നിര്‍ത്താവുന്ന നല്ലൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു. എം.സ്വരാജ്. അദ്ദേഹം നല്ല പോരാട്ടം കാഴ്ചവെച്ചു. പക്ഷേ ജയിക്കാന്‍ കഴിഞ്ഞില്ല.
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ചരിത്രം കുറിച്ച വിജയം എന്ന് പറയാനാവില്ല. എല്‍.ഡി.എഫിന് നടുക്കുന്ന പരാജയവുമല്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 12,000ത്തില്‍ താഴെയാണ്. മുപ്പതിനായിരമോ, മുപ്പത്തയ്യായിരമോ വോട്ടിനാണ് ജയിച്ചതെങ്കില്‍ വന്‍ഭൂരിപക്ഷം എന്ന് പറയാമായിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. സാധാരണ തിരഞ്ഞെടുപ്പ്, സാധാരണ മത്സരം, സാധാരണ ജയം, സാധാരണ പരാജയം.

അന്‍വറിന്റെ രാഷ്ട്രീയം
നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു ഘടകം എല്‍.ഡി.എഫില്‍ നിന്ന് പിണങ്ങി യു.ഡി.എഫിലേക്ക് പോയ, എന്നാല്‍ അവിടം വരെ എത്തിയിട്ട് അകത്ത് കടക്കാന്‍ പറ്റാതെ പോയ ,പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അന്‍വറിന് ഇരുപതിനായിരത്തോളം വോട്ട് കിട്ടി. സ്വന്തമായികിട്ടുന്ന വോട്ടുകള്‍ക്ക് പുറമേ എല്‍.ഡി.എഫിന് കിട്ടുമായിരുന്ന കുറെ വോട്ടുകളും അന്‍വര്‍ പിടിച്ചു. അന്‍വര്‍ ഉയര്‍ത്തിയ ഒരു രാഷ്ട്രീയമുണ്ട്. കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണെങ്കില്‍ പോലും ഭരണം നിയന്ത്രിക്കുന്നത് സംഘപരിവാര്‍ ശക്തികളാണെന്ന ഒരു ധാരണ ഉണ്ടാക്കാന്‍ അന്‍വര്‍ ശ്രമിച്ചു. അന്‍വര്‍ പറഞ്ഞതില്‍ യാതൊരു കഥയുമില്ലെന്ന് നമുക്കറിയാമെങ്കിലും മലബാര്‍ ഭാഗത്ത് കുറെ പേര് ഇത് വിശ്വസിച്ചു. പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍പ്പെട്ട ആളുകള്‍. മുസ്ലീങ്ങളോട് കേരള സര്‍ക്കാരും കേരള പൊലീസും വിവേചനപരമായി പെരുമാറുന്നുവെന്നും മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലെന്നുമുള്ള പ്രചരണം സാധാരണക്കാരായ ആളുകളില്‍ കുറച്ചു പേരുടെയെങ്കിലും ഇടയില്‍ ചെലവായെന്നത് സത്യമാണ്.
ഈയൊരു ചിന്താഗതി മനസ്സില്‍ കൊണ്ടുനടക്കുന്നവരും ആര്യാടന് ഷൗക്കത്തിനോട് എതിര്‍പ്പുള്ള തീവ്രലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും, പോപ്പുലര്‍ ഫ്രണ്ടുകാരും ഒരുപക്ഷേ പി.ഡി.പി.ക്കാരും തുടങ്ങി ആ ചിന്താഗതിയിലുള്ളവരുടെ വോട്ടുകളാണ് അന്‍വറിന് പ്രധാനമായും ലഭിച്ചത്. അന്‍വറിന് കിട്ടിയ ഇരുപതിനായിരത്തില്‍ പതിനയ്യായിരവും ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ടാണ്.
ഈ വോട്ടുകള്‍ അന്യഥാ ആര്യാടന് ഷൗക്കത്തിന് ലഭിക്കുന്ന വോട്ടായിരുന്നില്ല. ഷൗക്കത്ത് മതനിരപേക്ഷ പ്രതിച്ഛായയുള്ള ആളാണ്. മതമൗലിക വാദികള്‍ക്കോ തീവ്രവാദികള്‍ക്കോ ഓശാന പാടുന്ന ആളല്ല. അദ്ദേഹം നിര്‍മ്മിച്ച ‘പാഠം ഒന്ന് ഒരു വിലാപം’ മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതികരേയും ‘ദൈവനാമത്തില്‍’ എന്ന സിനിമ തീവ്രവാദികളേയും വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ കാലുഷ്യം അവര്‍ക്ക് അദ്ദേഹത്തോട് ഇപ്പോഴുമുണ്ട്. അന്‍വര്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഛിദ്രശക്തികളുടേയും മതമൗലിക വാദികളുടെയും തീവ്രവാദികളുടെയും മതരാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ട് സി.പി.എം. സ്ഥാനാര്‍ത്ഥിക്ക് കിട്ടുമായിരുന്നു. മറ്റൊരു കുഴപ്പം കൂടിയുണ്ടായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയാന്‍ പറ്റില്ല. കാരണം ആര്യാടന് ഷൗക്കത്തിനേക്കാളും രൂക്ഷമായി മതമൗലിക വാദികളെയും ജമാഅത്തെഇസ്ലാമിയേയും എതിര്‍ത്തു കൊണ്ടിരിക്കുന്ന ആളാണ് എം.സ്വരാജ്. മുഖ്യധാരാ പാര്‍ട്ടികളുടെ രണ്ടു സ്ഥാനാര്‍ത്ഥികളും ഇവര്‍ക്ക് തുല്യനിലയില്‍ അനഭിമതരാണ്. അതുകൊണ്ട് കൂടിയാണ് ഇരുപതിനായിരം വോട്ടിലേക്ക് അന്‍വര്‍ പോയത്.
സ്വരാജിനെ ലക്ഷ്യമിടുമ്പോള്‍
ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ എം. സ്വരാജിനോട് പല അഭിപ്രായ വ്യത്യാസങ്ങളുള്ള ആളാണ് ഞാന്‍. എന്റെ വോട്ട് നിലമ്പൂരായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആര്യാടന് ഷൗക്കത്തിന് തന്നെ കൊടുക്കുമായിരുന്നു. രാഷ്ട്രീയ നേതാക്കന്മാരോട് വിയോജിപ്പുണ്ടാകാം. പക്ഷേ സ്വരാജിന് നേരെ മൗദൂദി ചാനല്‍ നടത്തുന്ന നിരന്തരമായ ആക്രമണത്തിന് ന്യായീകരണമില്ല. സ്വരാജിനെ വളരെ മോശക്കാരനാക്കി ചിത്രീകരിച്ച് രാഷ്ട്രീയമായി നശിപ്പിക്കാനുള്ള സംഘടിതമായ അപവാദപ്രചരണമാണ് നടന്നുവരുന്നത്. സ്വരാജ് രണ്ട് തവണ തോറ്റയാളാണ്. തൃപ്പൂണിത്തുറയില്‍ തോറ്റു. നിലമ്പൂരില്‍ തോറ്റു. തിരഞ്ഞെടുപ്പാകുമ്പോള്‍ ജയവും തോല്‍വിയുമുണ്ടാകും ആര്യാടന് ഷൗക്കത്തിനോടുള്ള തോല്‍വി അത്ര വലിയ തോല്‍വിയൊന്നുമല്ല. പ്രശ്നം അതല്ല. സ്വരാജിനെ മുച്ചൂടും നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ചെടിയുടെ കടയ്ക്കല്‍ സള്‍ഫ്യൂറിക് ആസിഡ് ഒഴിക്കുന്ന പോലുള്ള പരിപാടി. നേരത്തെ പി. ജയരാജനും ശൈലജടീച്ചര്‍ക്കും കോണ്‍ഗ്രസ്സിലെ രമ്യഹരിദാസിനുമെതിരെ ഇതേ പരിപാടി ഇവര്‍ വിജയകരമായി നടപ്പാക്കി. സ്വരാജ് എന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യലല്ല ലക്ഷ്യം. ഇനി ഒരാള്‍ നാളെ ജമാഅത്തെഇസ്ലാമിയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടരുത്. മതമൗലിക വാദികള്‍ക്കും മതരാഷ്ട്ര വാദികള്‍ക്കും കപ്പം കൊടുത്തുകൊണ്ടല്ലാതെ, സി.പി.എം., സി.പി.ഐ, കോണ്‍ഗ്രസ് തുടങ്ങി ഏതു പാര്‍ട്ടിയിലേയും ഒരാള്‍ക്കും തലപൊക്കാനാകില്ല എന്ന വളരെ വ്യക്തമായ സന്ദേശമാണ് ജമാഅത്തെ ഇസ്ലാമി നല്‍കുന്നത്. അവര്‍ക്ക് ഇഷ്ടമില്ലാത്തവരൊക്കെ സംഘികള്‍. ഹമാസിനും താലിബാനും ഓശാന പാടാത്ത എല്ലാവരും നമ്മുടെ ശത്രുക്കള്‍ എന്നു മാത്രമല്ല എല്ലാവരും കാവി രാഷ്ട്രീയക്കാര്‍, ഹിന്ദുത്വവാദികള്‍. അടിസ്ഥാനപരമായ ജനാധിപത്യ മര്യാദപോലുമില്ലാത്ത ശരിയായ ഫാസിസ്റ്റുകള്‍, താലിബാനിസ്റ്റുകളാണ് ഇവര്‍. താലിബാന്‍കാര്‍ക്ക് പിന്നേയും ഒരു മര്യാദയൊക്കെയുണ്ട്. അതുപോലും ജമാഅത്തെ ഇസ്ലാമിക്കാര്ക്കില്ല. മാധ്യമം പത്രവും മീഡിയവണ്‍ ചാനലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെ മുഴുവന്‍ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ന് സ്വരാജാണെങ്കില് നാളെ വേറൊരാള്. ഇനി ഒരാളും വാ തുറക്കാന്‍ ധൈര്യപ്പെടരുത്.

ജമാഅത്തെ ഇസ്ലാമിയുടെ
സാന്നിദ്ധ്യം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകം ജമാഅത്തെ ഇസ്ലാമിയുടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സാന്നിദ്ധ്യമാണ്. ജമാഅത്തെ ഇസ്ലാമി കേരളത്തിലെ മുസ്ലീം സമുദായത്തില്‍ ഒരു സൂക്ഷ്മന്യൂനപക്ഷത്തിന്റെ മാത്രം പ്രാതിനിധ്യം അവകാശപ്പെടാവുന്ന സംഘടനയാണ്. അതിന്റെ രാഷ്ട്രീയ രൂപമാണ് വെല്‍ഫെയര്‍ പാര്‍ട്ടി
കേരളത്തിലെ മുസ്ലീങ്ങളില്‍ ഗണ്യമായ ഭാഗം യു.ഡി.എഫിനെ പിന്തുണക്കുന്നവരാണ്. തീരെ ചെറുതല്ലാത്ത ഒരു വിഭാഗം ഇടതുപക്ഷ പാര്‍ട്ടികളെ പ്രത്യേകിച്ച് സി.പി.എമ്മിനെ പിന്തുണക്കുന്നവരുമുണ്ട്. മുസ്ലീങ്ങളില്‍ തീവ്രവാദ സ്വഭാവം കാണിക്കുന്ന പാര്‍ട്ടികളെ പിന്തുണക്കുന്ന കുറച്ചു പേരുമുണ്ട്. അതില്‍ പ്രധാനം മുമ്പ് പി.ഡി.പിയായിരുന്നു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടാണ്. അതിനൊക്കെയുള്ള സ്വാധീനം താരതമ്യേന കുറവാണ്. പക്ഷെ ജമാഅത്തെ ഇസ്ലാമി അടിസ്ഥാനപരമായി വലിയ മതസ്വഭാവം പുലര്‍ത്തുന്ന പാര്‍ട്ടിയാണ്. അവര്‍ ദൈവിക ഭരണത്തില്‍ വിശ്വസിക്കുന്നു. ‘ഹുക്കൂമത്തെ ഇലാഹി’ . എന്ന് പറഞ്ഞാല്‍ ദൈവിക ഭരണം. ഇറാനിലെ പോലെ തിയോക്രസി മതപണ്ഡിതന്മാര് ഖുറാന്റേയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ മതനിയമങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഭരിക്കുന്ന ദൈവികമായ ഭരണമാണ് അവര്‍ വിഭാവനം ചെയ്യുന്നത്.
ഈ സംഘടന സമീപകാലം വരെ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും അംഗീകരിക്കുന്നില്ല. അന്ന് അംഗീകരിക്കുന്നില്ലെന്ന് ഉറക്കെ പറയുമായിരുന്നു. ഇപ്പോള്‍ ഉള്ളു കൊണ്ട് അംഗീകരിക്കുന്നില്ല. പക്ഷേ ബാഹ്യമായി അംഗീകരിക്കുന്നുവെന്നു ഭാവിക്കും. ഇവര്‍ ജനാധിപത്യത്തെ അംഗീകരിച്ചിട്ടില്ല. മതേതരത്വം എന്ന വാക്ക് അവരുടെ നിഘണ്ടുവിലേ ഇല്ല. ഉണ്ടാകാന്‍ പാടില്ല. മതേതരത്വത്തില്‍ വിശ്വസിച്ചാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമി ഇല്ല. മൗലാന മൗദൂദി എഴുതിയ അറുപിന്തിരിപ്പന്‍ സാഹിത്യമാണ് അവരുടെ വിശ്വാസപ്രമാണം.
മുസ്ലീം സമുദായത്തില്‍ പോലും അവര്‍ക്ക് സ്വീകാര്യതയില്ല. പൊതു സമൂഹത്തില്‍ തീരെയുമില്ല. കേരളത്തില്‍ ഇവര്‍ സൂക്ഷ്മന്യൂനപക്ഷമാണ് രാജ്യത്ത് ഒരിടത്തും ഇവര്‍ ക്ലച്ച് പിടിച്ചിട്ടുമില്ല.
പാകിസ്ഥാനിലും
കാശ്മീരിലും
പാകിസ്ഥാനില്‍ ഇവര്‍ പ്രബലമായ ന്യൂനപക്ഷമാണ്. പ്രത്യേകിച്ച് സിയാ-ഉള്-ഹക്കിന്റെ പട്ടാള ഭരണകാലത്ത് അവിടത്തെ പാകിസ്ഥാനിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊക്കെ സിയക്ക് എതിരായിരുന്നു. പീപ്പിള്‍സ് പാര്‍ട്ടിയും മുസ്ലീംലീഗും എതിര്‍ത്ത് നിന്നപ്പോള്‍ സിയാ-ഉള്-ഹഖിനെ പിന്തുണച്ച വിഭാഗമാണ് ജമാ-അത്തെ-ഇസ്ലാമി. സിയാ മൗദൂദി ആയതുകൊണ്ടല്ലായിരുന്നു ആ പിന്തുണ. ഹുക്കൂമത്തെ ഇലാഹി നടപ്പാക്കാമെന്ന് വിചാരിച്ചിട്ടുമല്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്ക്കുമ്പോള് അവിടെയൊരു ചെറിയൊരു ഇടം കണ്ടെത്താനാകുമല്ലൊ. അവിടെയുള്ള ചില മുല്ലമാരും മതപണ്ഡിതരും ഇറാനിലെ ഖൊമിനിയുടെ പാകിസ്ഥാന് രൂപമാകാന്‍ ആഗ്രഹിക്കുന്ന തലേക്കെട്ടുകാരുമൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ കെയറോഫില്‍ സിയാ-ഉള്-ഹഖിനെ പിന്തുണച്ചു.
പാകിസ്ഥാനിലെ അമുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമത്തില്‍ ഏതുകാലത്തും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത് ഇവരാണ്. അഹമ്മദീയ മുസ്ലീങ്ങളെ പാകിസ്ഥാനില്‍ അമുസ്ലീം ന്യൂനപക്ഷമായാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ മുസ്ലീം ന്യൂനപക്ഷമാണ് അവര്‍. ഇവര്‍ക്കെതിരെ പാകിസ്ഥാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമിക്കാരാണ്.
ജമ്മുകാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി ജമാഅത്തെ ഇസ്ലാമി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കാശ്മീരില്‍ പ്രവര്‍ത്തിക്കുന്നില്ല. കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയിലെ സഹോദരസംഘടനയുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ല. ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയാണ് .കാരണം അതിന്റെ തീവ്രവാദ സ്വഭാവം തന്നെ. അവരുടെ സഹോദര സംഘടനകളാണ് ലഷ്കര്‍ ഇ തോയിബയും ജെയ്ഷെ മുഹമ്മദും. 101 ശതമാനം വിധ്വംസക പ്രവര്‍ത്തനങ്ങളാണ് കാശ്മീരില്‍ ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്നത്.

ബംഗ്ലാദേശിലെ അട്ടിമറിക്ക്
പിന്നില്‍
ബംഗ്ലാദേശില്‍ 1971 ല്‍ വിമോചനസമരം നടക്കുമ്പോള്‍ പാകിസ്ഥാന് പട്ടാളത്തിന്റെ കൂടെകൂടി കൂട്ടക്കൊല, ബലാത്സംഗം തുടങ്ങി സകല ഗുണ്ടായിസവും നടത്തിയത് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ്. അല്‍-ബദന്, അല്‍-ശബാബ് എന്നിങ്ങനെയുള്ള തൂലികാനാമങ്ങള്‍ സ്വീകരിച്ചാണ് ഇവര്‍ ഹിന്ദുക്കളേയും ബംഗ്ലാ ദേശിയവാദികളേയും കൂട്ടക്കൊല ചെയ്തത്.
മുജിബുര്റഹ്മാന്റെ ഭരണം വന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. ഷേഖ്ഹസീനയുടെ ഭരണകാലത്ത് ഇവരെ വിചാരണ ചെയ്ത് തൂക്കിക്കൊന്നു. സമീപ കാലത്ത് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനും ജമാഅത്തെ ഇസ്ലാമിക്കാരാണ് മുന്‍കൈയെടുത്തത്. ഇപ്പോള്‍ ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കി. നേതാക്കള്‍ ജയിലില്‍ നിന്ന് പുറത്ത് വന്നു. മുജിബര്‍ റഹ്മാന്റെ വീട് ആക്രമിച്ചും പ്രതിമ തകര്‍ത്തുമാണ് അവര്‍ ഈ സ്വാതന്ത്ര്യം ആഘോഷിച്ചത് എന്തിന്, ദേശീയ കവി രബീന്ദ്രനാഥ ടാഗോറിന്റെ തറവാട് വരെ ഇവര്‍ ആക്രമിച്ച് തകര്‍ത്തു. ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ബംഗ്ലാദേശില്‍ നിരന്തരം അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി പാകിസ്ഥാനിലും കാശ്മീരിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ബംഗ്ലാദേശിലുമൊക്കെ തത്വത്തിലും പ്രയോഗത്തിലും ഒരേ സംഘടനയാണ്. ഒരു വ്യത്യാസവുമില്ല. രജിസ്ട്രേഷന് മാറ്റമുണ്ടെന്ന് മാത്രം. ഇന്ത്യയില്‍ അക്രമം നടത്താത്തത് ഭൂരിപക്ഷമില്ലാത്തത് കൊണ്ടും മുസ്ലീം സമുദായത്തില്‍ നിന്ന് തന്നെ സ്വീകാര്യത കിട്ടാത്തതുകൊണ്ടുമാണ്. ഒരവസരം കിട്ടട്ടെ നമ്മളൊക്കെ രാജ്യംവിട്ട് ഓടേണ്ടി വരും.

കോണ്‍ഗ്രസ്
കീഴടങ്ങുമ്പോള്‍
ജമാഅത്തെ ഇസ്ലാമിയുടെ ‘മഹത്വം’ അറിയാത്തവരല്ല കോണ്‍ഗ്രസ്സുകാരും ലീഗുകാരും. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മലബാറില്‍ രണ്ടോമൂന്നോ പഞ്ചായത്ത് മെമ്പര്മാരേയുള്ളു. ജനപിന്തുണയൊന്നുമില്ല. പോപ്പുലര്‍ഫ്രണ്ടിനു എസ്.ഡി.പി.ഐ.ക്കും ഇതിനേക്കാള്‍ കൂടുതല്‍ ആളുകളുണ്ട്. വഴിതെറ്റിപ്പോയ തീവ്രവാദികള്‍ ആണെങ്കില്‍ പോലും. സൈദ്ധാന്തികമായി എസ്.ഡി.പി.ഐ യുടെ മാതൃസംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ഇതിന്റെ ശരിക്കുള്ള രൂപമാണ് തീവ്രവാദ സ്വഭാവമുള്ള ഗുണ്ടായിസത്തില്‍ അധിഷ്ഠിതമായ, വെട്ടുംകുത്തും നടത്താന്‍ മടിക്കാത്ത പോപ്പുലര്‍ഫ്രണ്ട്. ഒരേ തത്വം തന്നെയാണ് പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പിന്തുടരുന്നത്.
ജമാഅത്തെ ഇസ്ലാമിക്കാര്‍ നാട്ടില്‍ യോഗ്യന്മാരാണ്, മാന്യന്മാരാണ്, ഒരു വഴക്കിനും വക്കാണത്തിനും പോകില്ല. ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്റെ പേരില്‍ പോലും ക്രിമിനല്‍കേസ് ഉണ്ടാകില്ല. ഇവര്‍ ഒരിക്കലും സ്വന്തം നിലയില്‍ അക്രമത്തിന് തുനിയില്ല. എന്നാല്‍ ഇവരുടെ സാഹിത്യം വായിച്ച്, നിരന്തരമായ പ്രബോധനം കേട്ട് ആളുകള്‍ അക്രമത്തിനും ഗുണ്ടായിസത്തിനും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും തുനിഞ്ഞിറങ്ങും. 1965ലും 71 ലും യുദ്ധമുണ്ടായപ്പോള്‍ പാകിസ്ഥാനെ പിന്തുണച്ചവരാണ് നമ്മുടെ നാട്ടിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാഗാന്ധി നിരോധിച്ച സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്ന സമയത്തും ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. ഇവരുടെ വിദ്യാര്‍ത്ഥി വിഭാഗമാണ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ‘സിമി’. സിമിയെ നിരോധിച്ചപ്പോള്‍ എസ്.ഐ.ഒ എന്ന പേരില്‍ വേറൊരു രജിസ്ട്രേഷനെടുത്തു. ഇതാണ് കൈയിലിരുപ്പ്.
ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയാത്തതല്ല. ലീഗുകാര്‍ക്ക് അറിയാത്തതല്ല. എന്നിട്ടും അവരുടെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിച്ചു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ ആരും കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തില്ല, ചെയ്യുകയുമില്ല. അവരുടെ വോട്ട് കിട്ടുകയുമില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ വി.ഡി. സതീശനും സംഘവും ഇവരെ വെള്ളപൂശി.
മലബാറില്‍ നേരത്തെ ചില പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സി.പി.എം. സ്വീകരിച്ചിട്ടുണ്ട്. ലീഗ് സ്വീകരിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ കോണ്‍ഗ്രസും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലെയല്ല കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസ് പരസ്യമായി സ്വീകരിക്കുകയും അവരെ കൂട്ടിക്കൊണ്ട് ഇനി മുന്നോട്ടു പോകാമെന്ന നിലപാടിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.
ലീഗിന്റെ മൊഹബത്ത്
മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്തോ ഹൈദരലി തങ്ങളുടെ കാലത്തോ ഒരിക്കലും ജമാഅത്തെ ഇസ്ലാമിക്കാരെ കൊടപ്പനക്കല്‍ തറവാടിന്റെ കോമ്പൗണ്ടില്‍ കാലെടുത്തു വയ്ക്കാന്‍ സമ്മതിക്കില്ലായിരുന്നു. ഇപ്പോഴത്തെ തങ്ങള്‍ക്ക് ഇത് തമ്മിലുള്ള വ്യത്യാസം മനസ്സിലായിട്ടില്ല. പുള്ളി ഇവരുമായി വലിയ മൊഹബത്തിലാണ്.
മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയില്‍ അഫിലിയേറ്റ് ചെയ്തുവെന്ന് വേണമെങ്കില്‍ പറയാം. കാരണം ലീഗിന് പ്രത്യയശാസ്ത്രപരമായ അടിത്തറയില്ല. ജമാഅത്തെ ഇസ്ലാമിക്ക് അതുണ്ട്.ജമാഅത്തെ ഇസ്ലാമി തീവ്രഇസ്ലാമില് വിശ്വസിക്കുന്നവരാണ്. തുര്‍ക്കിയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും ബംഗ്ലാദേശിലും പിടിമുറുക്കി കഴിഞ്ഞ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണ് ഇവിടത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍.
ഇതിനോട് പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് മുസ്ലീംലീഗ്. ലീഗ് ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ്. മിതവാദ സമീപനം പുലര്‍ത്തുന്നവരാണ്.
പക്ഷേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ 2016ലും 21ലും തോറ്റപ്പോള്‍ മുസ്ലീംലീഗിന് ദിശാബോധം നഷ്ടമായി. എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്തണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇപ്പോഴുള്ളു. കോണ്‍ഗ്രസ്സുകാര്‍ക്കിടയിലും അത്രേയുള്ളു. ഏത് ചെകുത്താനെ കൂടെ കൂട്ടിയാണെങ്കിലും ഭരണത്തില്‍ തിരിച്ചെത്തണം. അതിന് ജമാഅത്തെ ഇസ്ലാമിയേയോ പോപ്പുലര്ഫ്രണ്ടിനേയോ ആരേയും കൂടെ കൂട്ടും. ഇങ്ങനെ ചെയ്താല്‍ ഭരണം പിടിക്കാമെന്ന് കരുതിയാണ് കോടാലിയെടുത്ത് കഴുത്തില്‍ വയ്ക്കുന്നത്

സാമുദായിക ധ്രുവീകരണം
സാമുദായിക ധ്രുവീകരണം ഇവിടെ നേരത്തെ മുതലുണ്ട്. 2012ല്‍ മുസ്ലീംലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചപ്പോഴാണ് ഇത് രൂക്ഷമായത്. അതിന്റെ തുടര്‍ച്ചയാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം എന്ന ആശയം. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അതിഭയങ്കരമായ ന്യൂനപക്ഷ പ്രീണനം നടന്നിരുന്നു. ആ പ്രീണന നയത്തോടുള്ള എതിര്‍പ്പില്‍ നിന്നാണ് നായാടി മുതല്‍ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉണ്ടായത്. അതിന്റെ ഭാഗമായാണ് ബി.ഡി.ജെ.എസ്. ഉണ്ടായത്.
അങ്ങനെയാണ് 2016ല്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലുമുണ്ടായിരുന്ന ഈഴവരാദി പിന്നാക്ക സമുദായക്കാര്‍ ബി.ഡി.ജെ.എസിലേക്കും ബിജെപിയിലേക്കും പോയത്. അന്ന് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത് അവരുടെ മേന്മ കൊണ്ടല്ല. സാമുദായിക ധ്രുവീകരണം കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കി. യു.ഡി.എഫിന്റെ തോല്‍വിക്ക് അത് വഴിവെച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് നോക്കിയാല്‍ മതി. അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എസ്.എന്‍.ഡി.പി യോഗം യൂണിയന് പ്രസിഡന്റായിരുന്നു. വോട്ടെണ്ണല്‍ സമയത്ത് ആ സ്ഥാനാര്‍ത്ഥി 25000 വോട്ട് കടന്നപ്പോള്‍ സി.പി.എമ്മിന്റെ കൗണ്ടിംഗ് ഏജന്റ് അദ്ദേഹത്തെ ആലിംഗനം ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയമുറപ്പിച്ച സന്തോഷം.
നിലമ്പൂരില്‍ തോറ്റെങ്കിലും സി.പി.എമ്മിന് നല്ലൊരു പിടിവള്ളി കിട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കൊണ്ടാണ് എന്ന ആരോപണം. 2016ലെ രാഷ്ട്രീയ സാഹചര്യമല്ല 2026ല്‍ വരാന്‍ പോകുന്നത്. കാലംമാറി. ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടായി. യു.ഡി.എഫ് പിന്നെയും ദുര്‍ബലമായി. 2016ല്‍ ഹിന്ദുവോട്ട് നഷ്ടമായെങ്കില്‍ 2021 ആയപ്പോഴേക്കും ക്രിസ്ത്യന്‍ വോട്ടിലും വിള്ളലുണ്ടായി. 2026ല്‍ ആ വിള്ളല്‍ വലുതാകുകയേയുള്ളു.
അതിന് രണ്ട് കാരണങ്ങളുണ്ട് ക്രിസ്ത്യന്‍ സമുദായത്തില്‍ എണ്ണി പറയാന്‍ ഒരു നേതാവില്ല. കെ.എം. മാണിക്കും ഉമ്മന്‍ചാണ്ടിക്കും ശേഷം ഒരാളില്ല. ഒരു സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയെന്നത് ശരിയാണ്. ഹിന്ദുക്കളേക്കാളും മുസ്ലീങ്ങളോട് അവിശ്വാസവും ഭയവും ക്രിസ്ത്യാനികള്‍ക്കാണ്. ഹാഗിയ സോഫിയ പള്ളി പൊളിച്ചപ്പോള്‍ അതിനെ അനുകൂലിച്ച് ലേഖനം എഴുതിയ ആളാണ് ലീഗിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ലീഗിന്റെ മതേതര സ്വഭാവവും മതനിരപേക്ഷ നിലപാടൊന്നും ഇനി പറഞ്ഞാല്‍ ചെലവാകില്ല. ആ കാലം പോയി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ തീട്ടുരമനുസരിച്ചേ അവര്‍ക്ക് ഭരിക്കാനാകൂ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ ദൂരവ്യാപക ഫലം ഇതാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാരേക്കാള്‍ മുമ്പ് പ്രകടനം നടത്തിയത് എസ്.ഡി.പി.ഐക്കാരാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ ഓഫീസില്‍ വോട്ട് ചോദിച്ചു ചെല്ലുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഇതൊക്കെ കഴിഞ്ഞിട്ട് തങ്ങള്‍ മതേതരരാണ്, ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞാല്‍ ജനങ്ങള്‍ സ്വീകരിക്കില്ല. ആളുകളുടെ തലയ്ക്കകത്ത് കപ്പലണ്ടി പിണ്ണാക്കല്ലല്ലോ..
2005ല്‍ മൂവാറ്റുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ട് സംഭവം ഉണ്ടായപ്പോള്‍ ഹൈദരലി തങ്ങള്‍ കോട്ടക്കലില്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേയും മുജാഹിദിന്റെയും തുടങ്ങി എല്ലാ വിഭാഗക്കാരുടേയും നേതാക്കളെ ക്ഷണിച്ചു. തീവ്രവാദത്തെ ശക്തമായി തള്ളിപ്പറഞ്ഞ ആ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് ക്ഷണമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 2006ല്‍ ലീഗിന് പിടിച്ചു നില്ക്കാന് കഴിഞ്ഞത്. ആ രീതിയിലുള്ള ആര്‍ജ്ജവം ഇന്ന് മുസ്ലീംലീഗിനില്ല. മുസ്ലീംലീഗ് വായ കൊണ്ട് തീവ്രവാദത്തെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞാലും ജനങ്ങള്‍ക്ക് ബോധ്യം വരേണ്ടേ. ലീഗിന് രാഷ്ട്രീയ വിവേകം നഷ്ടപ്പെട്ടുവെന്നതാണ് സത്യം.
മതമൗലിക തീവ്രവാദ ശക്തികള്‍ ഓരോ ദിവസവും പുതിയ പുതിയ ആശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ടുവരുമെന്നു പറഞ്ഞപ്പോള്‍ ‘അതുപറ്റില്ല. അത് നമുക്ക് ഹറാമാണ്’ എന്ന് പറഞ്ഞ് എതിര്‍ത്തു. സര്‍ക്കാര്‍ സംശയിച്ചു. ഒരു സ്കൂളില്‍ മാത്രമാക്കി അത് പരിമിതപ്പെടുത്തി. സ്കൂള്‍ സമയമാറ്റമാണ് മറ്റൊന്ന്. 15 മിനിറ്റ് നേരത്തെ ക്ലാസ് തുടങ്ങിയാല്‍ മതവിദ്യാഭ്യാസം മുടങ്ങുമെന്നായി ഇവര്‍. ആദ്യം മസില് പിടിച്ചെങ്കിലും വൈകാതെ മന്ത്രി ശിവന്‍കുട്ടി വഴങ്ങി. സമയമാറ്റം ഹൈസ്കൂള്‍ ക്ലാസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. വെള്ളിയാഴ്ചകള്‍ ഒഴിവാക്കി.
സുംബ ഡാന്സ്കൊണ്ട് ആരെങ്കിലും ലഹരി ഉപയോഗം നിര്‍ത്തുമോയെന്ന് അറിയില്ല. അതിന്റെ ഫലപ്രാപ്തിയെ കുറിച്ചും സംശയമുണ്ട്. പക്ഷേ സൂംബാഡാന്സിന് മതപരമായ പരിപ്രേക്ഷ്യം കൊടുക്കുന്നതാണ് കഷ്ടം. സൂംബ മതത്തിന് എതിരാണെന്നും മതവിശ്വാസികള്‍ അതില്‍ പങ്കെടുക്കരുതെന്നും പറയുന്നത് തികഞ്ഞ അസംബന്ധം മാത്രമല്ല കേരളം പോലൊരു സംസ്ഥാനത്ത് അപകടകരവുമാണ്.
ഇതുപോലെ ചില താടിക്കാരും തലേക്കെട്ടുകാരും ‘ഫത്വ’പുറപ്പെടുവിക്കുകയാണ്. ഇവരുടെയൊക്കെ ‘ഫത്വ’ അനുസരിച്ചാണ് ഭൂരിപക്ഷ സമുദായക്കാരും ഇവരല്ലാത്ത ന്യൂനപക്ഷ സമുദായക്കാരും ഇവരുടെ സമുദായത്തില്‍ തന്നെയുള്ള ഭൂരിപക്ഷം ആളുകളും ജീവിക്കേണ്ടത്. ഈ മതമൗലിക വാദികള്‍ക്ക് ജനസാമാന്യത്തില്‍ ഒരു സ്വാധീനവുമില്ല. ലെറ്റര്‍ഹെഡും സീലും മാത്രമുള്ള സംഘടനകളാണ് ഇവര്‍. ഇവരുടെ ‘ഫത്വ’ കേള്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ പേടിക്കുകയും ഭയപ്പെടുകയും തീരുമാനത്തില്‍ നിന്ന് സുധീരം പിന്മാറുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ധാരണ വരുന്നത് ഇടതുപക്ഷത്തിന് ഗുണകരമല്ല.
സമുദായത്തിന് അകത്തെ നിശബ്ദത
മുസ്ലീം സമുദായത്തിനകത്തെ ആര്‍ജ്ജവമുള്ള ആളുകള്‍ മതമൗലിക വാദികളുടെ നിലപാടുകള്‍ മണ്ടത്തരമാണെന്ന് പറയാറില്ല. അതാണ് മുസ്ലീം സമുദായത്തിന്റെ വലിയ പരാധീനത. കുറഞ്ഞ ആളുകള്‍ മാത്രമുള്ള സംഘടനയാണെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പ്രചരണ സംവിധാനം ശക്തമാണ്. ഇവര്‍ പറയുന്നത് തെറ്റാണെന്ന് പറയാന്‍ ബഹുഭൂരിപക്ഷവും മടിക്കും. അല്ലെങ്കില്‍ സംശയിക്കും. തെറ്റ് പറയുന്ന ആളുകള്‍ പിന്നേയും പിന്നേയും അത് ആവര്‍ത്തിക്കും. അദ്ധ്യാപകന്റെ കൈവെട്ടിയ സമയത്ത് അത് തെറ്റാണ് എന്ന് പറയാന്‍ വളരെ കുറച്ച് പേരെ മുന്നോട്ടു വന്നുള്ളു. പലരും രഹസ്യമായി അതിലെന്താ തെറ്റ്, കൈയല്ലേ വെട്ടിയുള്ളു. കൈ വെട്ടുന്നത് ഇത്ര വലിയ കാര്യമാണോ എന്നൊക്കെ ചോദിച്ചു. കൈ വെട്ടിന് എതിരായി ഏറ്റവും കൂടുതല്‍ പ്രസംഗിച്ച രണ്ടുപേര്‍ ഡോ. എം.കെ. മുനീറും കെ.എം. ഷാജിയുമാണ്. കൈവെട്ടിനെ കുറിച്ച് പ്രസംഗിച്ച് സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇവരോട് ആളുകള്‍ ചോദിക്കാറുണ്ട് ‘അല്ല മുനീര്‍ക്ക, അയാളുടെ കൈ വെട്ടിയതില്‍ എന്താ തെറ്റ്’?. കോഴിക്കോട് മലപ്പുറം ജില്ലകളെക്കാള്‍ ഏറെ ഈ ചോദ്യം ചോദിക്കുന്നവര്‍ കൂടുതലായി ഉള്ളത് എറണാകുളം തുടങ്ങിയ ജില്ലകളിലാണെന്നും ഡോ.എം.കെ. മുനീര്‍ പറഞ്ഞു.
അഞ്ചാം
മന്ത്രിക്ക് വേണ്ടി
അഞ്ചാം മന്ത്രിയെന്നത് ലീഗിന്റെ രാഷ്ട്രീയ ആവശ്യമായിരുന്നു. പക്ഷേ ഇതിന് സാമുദായിക നിറം കൊടുത്തു. മുസ്ലീം സമുദായത്തിന് മൊത്തത്തില്‍ പ്രാതിനിധ്യം ഇല്ല എന്നൊക്കെ പറഞ്ഞ് അഞ്ചാം മന്ത്രിക്ക് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് ജമാഅത്തെ ഇസ്ലാമിക്കാരും പോപ്പുലര്‍ ഫ്രണ്ടുമായിരുന്നു. മുസ്ലിങ്ങളുടെ ജനസംഖ്യ ഇത്രയാണ്, ശതമാനം ഇത്രയാണ്, അതില്‍ ലീഗിന്റെ പ്രാതിനിധ്യം ഇത്രയാണ്, അതുവെച്ചു നോക്കുമ്പോള്‍ ലീഗിന് എട്ടു മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ട് എന്നൊക്കെയാകും പ്രചരണം. ജമാഅത്തെ ഇസ്ലാമിക്കാര്‍ പത്രത്തിലൂടെയും പോപ്പുലര്‍ഫ്രണ്ടുകാര്‍ നാട്ടിലാകെ ഫ് ളക്സ് വെച്ചും പ്രകോപനം സൃഷ്ടിക്കാന്‍ പ്രചരണം കൊഴുപ്പിക്കും. ഇവര്‍ പറയുന്ന കണക്കുകളൊക്കെ ശരിയാണെന്നതിന് യാതൊരു തെളിവുമില്ല.
അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസിലെ മുസ്ലീം നേതാക്കളാണ്. എം.ഐ. ഷാനവാസ്, എം.എം. ഹസന്, ആര്യാടന് മുഹമ്മദ്. ഒരു വര്‍ഷത്തോളം അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. ഇതിനിടയില്‍ നായയുടെ ഉടലും ആര്യാടന് മുഹമ്മദിന്റെ മുഖവുമുള്ള ഫ്ളക്സുകള്‍ പല സ്ഥലത്തും വെച്ചു. അഞ്ചാം മന്ത്രിയെ അനുവദിച്ചപ്പോള്‍ പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തേക്ക് പ്രകടനവും നടത്തി. മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കിട്ടുന്നതില്‍ എന്‍.എസ്.എസ്.സെക്രട്ടറിക്കോ, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനോ വല്ല ഉത്തരവാദിത്വവും ഉണ്ടോ? മാത്രമല്ല ചങ്ങനാശ്ശേരിയില്‍ നായര്‍ സമുദായക്കാരെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ എത്രയോ കുറവാണ്. ഇങ്ങനെയൊക്കെ ചെയ്താണ് പ്രകോപനം ഉണ്ടാക്കുന്നത്. കടിക്കാത്ത പട്ടിയുടെ വാലില്‍ കോലിട്ട് കുത്തി കടിപ്പിക്കുക എന്ന പരിപാടിയാണ് കുറെക്കാലമായി നടക്കുന്നത്. സാമുദായിക ധ്രുവീകരണം വെറുതെ മുളച്ചുവന്നതല്ല. 2012 മുതല്‍ 16 വരെയാണ് സാമുദായിക ധ്രുവീകരണം ഭയാനകമായ രീതിയില്‍ ഉണ്ടായത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ അത് തെളിഞ്ഞു കണ്ടു. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭാഗികമായി കണ്ടു. 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അത് ഉച്ചസ്ഥായിയില്‍ എത്തി.അതിന് ശേഷമാണ് നമ്പൂതിരി മുതല്‍ നായാടി വരെ എന്ന ആശയം വന്നത്. സാമുദായിക ധ്രൂവീകരണം ഇപ്പോള്‍ വേറൊരു രീതിയില്‍ ആവര്‍ത്തിക്കുകയാണ്.
മുസ്ലിം ലീഗ് ഇപ്പോള്‍ രണ്ടു തവണയായി തിരഞ്ഞെടുപ്പില്‍ തോറ്റ് പ്രതിപക്ഷത്ത് നില്‍ക്കുകയാണ്. പഴയ പോലെ ‘ചോദിപ്പിന്‍ തരപ്പെടും’ എന്ന് പറഞ്ഞാല്‍ നടപ്പില്ല. വേണമെങ്കില്‍ മുഹറത്തിന് ഒരു അവധി ചോദിക്കാം അല്ലെങ്കില്‍ ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ എതിര്‍ക്കാം എന്നൊക്കെയല്ലാതെ പഴയ വിലപേശല്‍ ശക്തിയില്ല. പക്ഷേ അവരുടെ പ്രവൃത്തിയില്‍ ഇത് കാണില്ല. ഇതാണ് പ്രശ്നം. ഇതോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ കൂടി എതിരായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത് പോലെ ‘നായാടി മുതല്‍ നമ്പൂതിരി’ വരെ എന്നത് മാറി നായാടി മുതല്‍ നസ്രാണി വരെ എന്ന നിലയിലെത്തി.
ഇതൊന്നും മതമൗലിക വാദികള്‍ക്ക് മനസിലാകില്ല. തുര്‍ക്കിയിലെ ഇസ്ലാമിക ഭരണം അവര്‍ക്ക് ജനാധിപത്യമാണ്. ബംഗ്ലാദേശില്‍ നടന്ന ഗുണ്ടായിസം ജനാധിപത്യം.
കാശ്മീരില്‍ പണ്ടുണ്ടായിരുന്ന അരക്ഷിതാവസ്ഥയും ജനാധിപത്യമായിരുന്നു. ഇന്ത്യയില്‍ അഞ്ചുകൊല്ലം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും ജയിച്ച പാര്‍ട്ടി അധികാരത്തില്‍ വരുന്നതും ഫാസിസം. കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ സാമുദായിക ധ്രുവീകരണം പണ്ടത്തേക്കാള്‍ രൂക്ഷമാകുകയാണ്.






