ഒരേകടൽ

നിൻചെറുനോട്ട
മതുമതിയെന്നിലെ
വൻനിലം പൂത്തു
മലർന്നു നിൽക്കാൻ
നിൻവിരൽസ്പർശ
മതിൽ വിടരും: തളി
രല്ലികൾ, താരുകൾ ,
തേൻദളങ്ങൾ
നിന്നതിദൂരത്തെ
ഗന്ധമതു പോരു
മെന്നിൽപ്പരാഗ
മെഴുന്നിളകാൻ
നിൻസുഹാസത്തി
ന്നധരത്താലൂറുന്നു
എന്നിലാനന്ദം
മതിഭ്രമങ്ങൾ
എൻകാതിലന്ത്യം
നീയെന്തായിടാം ചൊൽക:
“വൻകടലെന്തിനു
നെഞ്ചിലേറ്റി?”
2.
നെഞ്ചിൽ നാമേറ്റിയ
വൻകടലല്ലയോ
നമ്മെത്തിരയും
ചുഴിയുമാക്കി
എത്ര മലരിയിൽ
വീണു ചുഴറീട്ടും
ഉൾക്കടലിൽത്തന്നെ
നീന്തുന്നു നാം
നീളെ വിഴുങ്ങാൻ
ഫണമുയർത്തും
തിരക്കോളീക്കൊടും
കടൽച്ചീറലല്ലോ
ആരറിയുന്നു കട
ലടിയാഴത്തിൽ
നീറുന്ന തീക്കുണ്ഠം
വേവും തിര
തീക്കടലാണു നാം
നെഞ്ചിലായേറ്റിയ
താർക്കുമറി
യില്ലതിൻ്റെ സുഖം
3
പൂക്കൾ വിരിഞ്ഞ
വഴികളിലൊക്കെയും
കാട്ടുകടന്നലിൻ
മൂളൽ കേട്ടു
കാമമാത്സര്യ
ക്കൊലക്കത്തി രാകിയ
ക്രോധക്കൊണ്ടാട്ട
ത്തിണർപ്പു കണ്ടു
മൂകം രസനകൾ
ക്കുള്ളിലതി ഗൂഢം
വാസനിക്കും
മദഗന്ധം നൂണു
ഗാഢം പുണർന്നു
ഞെരിച്ചു ശ്വാസം വിടാ
നാകാത്തൊരായ
ത്തിലാഴ്ന്നു വീണു
നീളെഭ്രമങ്ങളിൻ
മീതേ പോകുമ്പോൾ നാം
കോരിക്കുടിക്കുന്നീ
നെഞ്ചിൻ കടൽ!
4
കാലങ്ങളെത്ര
കടന്നാലുമിക്കടൽ
നാം മിഴിക്കോണി
ലൊതുക്കി നിർത്തും
മൂടും ചുഴികളി
ലാഴ്ന്നാലും കൈവിരൽ
കോർത്തു നാമി
ക്കടൽ നീന്തിനീളും
കാളും ചൊരുക്കുകൾ
വീർപ്പുകളാകിലും
കാരുണ്യം നാം നെഞ്ചിൽ
ചേർത്തുവയ്ക്കും
എത്ര കടുത്ത
യിനിപ്പുകൾ തേട്ടിലും
അത്രമേലാഴത്തിൽ
ചൂഴ്ന്നുപോകും
കേൾക്കാമിരമ്പങ്ങൾ
തീത്തിരച്ചീറ്റങ്ങൾ
ഏതുമൊരുപോ
ലിളകും കടൽ.






