സാംസ്കാരിക സംവരണത്തിന്റെ കുഴപ്പങ്ങൾ
കേരളത്തിൽ മിക്കവാറും വംശനാശം വന്നിരിക്കുന്ന ജനുസ്സാണ് സാംസ്കാരിക നായകർ. അഥവാ ഉണ്ടെങ്കിൽ തന്നെ അവർ സവർണ്ണ കുലത്തിൽ ഉൾപ്പെട്ടവരാണ്. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ സവർണർ കയ്യടക്കി വെച്ചിരിക്കുകയാണ്. ശ്രീനാരായണ ഗുരുവെന്ന ചെപ്പേടിനെ കുറിച്ച് പഠിച്ചിട്ടുള്ള ഈഴവ പ്രതിനിധികൾ അല്ലല്ലോ ഗുരു പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്തുള്ളതും. അക്കാഡമികൾ ഇന്നും സവർണ്ണർ ഒഴികെയുള്ളവർക്ക് അയിത്തം കൽപ്പിച്ചിരിക്കുകയാണ്. ഒരു റിബലിന്റെ അംശം ഉള്ളതുകൊണ്ടാണ് വിനീത വിജയന് ജൂറി റിസർവേഷൻ നൽകുന്നതും ശ്യാംകുമാറിനെ ഡയസ്സിലേക്ക് ക്ഷണിക്കുന്നതും. ഈ വിധം നിലനിൽക്കുന്ന ഒരു ഇരട്ട നീതിയെയാണ് കഴിഞ്ഞ കുറേക്കാലമായി വെള്ളാപ്പള്ളി നടേശൻ ചോദ്യം ചെയ്യുന്നത്.

ജാതി, മതം തുടങ്ങിയവയ്ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെങ്കിലും ഒരു സോഷ്യൽ കോൺട്രാക്ട് എന്ന നിലയിൽ അത് പ്രബലപ്പെട്ടു വരികയാണ്. കേരളത്തിലെ പല ജാതിയിലും മതത്തിലും പെട്ട മനുഷ്യരുടെ ഡിഎൻഎ സവിസ്തരമുള്ള നിരീക്ഷണത്തിന് വിധേയമാക്കിയത് മൊയ്ന ബാനർജിയും കൂട്ടരുമാണ്. അവർ കണ്ടെത്തിയ ഗഹനങ്ങളായ നിരീക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടയിൽ ഒന്ന്- – ‘ പലതരം കലർപ്പുകൾ കൂടിക്കുഴഞ്ഞതാണ് നമ്മുടെ സമൂഹം’ എന്നതാണ്. ഒരുപാട് കൊടുക്കൽ വാങ്ങലുകൾ സംഭവിച്ചിട്ടുള്ളതിനാൽ തന്നെ ശുദ്ധമായ നായർ എന്നത് ഒരു വലിയ തട്ടിപ്പാണ്. തുല്യത ഇല്ലായ്മ ഉദ്ഘോഷിച്ചു ഈഴവരാദി സാമാന്യ ജനങ്ങളുടെ കീഴാള മനസ്സിളക്കുന്ന സവർണ്ണാധിപത്യമാണിന്നും കേരളത്തിൽ നിലനിൽക്കുന്നത്. സവർണർ ഒഴികെ ബാക്കിയുള്ള സമൂഹങ്ങളെ വിഘടിച്ച് നിർത്തി ചൂഷണം ചെയ്യുക എന്നതാണ് കേരളീയ ജാതി വ്യവസ്ഥയുടെ അടിസ്ഥാനം. കേരളത്തിലെ ജാതീയവിവരപ്രകാശനത്തെ അടുത്തറിയാൻ പെട്ടെന്നുതകുക സാംസ്കാരിക സംവരണം തന്നെയാണ്. സവർണ്ണ സമൂഹമൊഴികെയുള്ളവർ അന്തർമുഖരാണ് എന്ന് വരുത്തിതീർത്തതിന്റെ നിരവധി ഉദാഹരണങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളിൽ നിന്നും കണ്ടെടുക്കാം.
കേരളത്തിൽ മിക്കവാറും വംശനാശം വന്നിരിക്കുന്ന ജനുസ്സാണ് സാംസ്കാരിക നായകർ. അഥവാ ഉണ്ടെങ്കിൽ തന്നെ അവർ സവർണ്ണ കുലത്തിൽ ഉൾപ്പെട്ടവരാണ്. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ സവർണർ കയ്യടക്കി വെച്ചിരിക്കുകയാണ്. ശ്രീനാരായണ ഗുരുവെന്ന ചെപ്പേടിനെ കുറിച്ച് പഠിച്ചിട്ടുള്ള ഈഴവ പ്രതിനിധികൾ അല്ലല്ലോ ഗുരു പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്തുള്ളതും. അക്കാഡമികൾ ഇന്നും സവർണ്ണർ ഒഴികെയുള്ളവർക്ക് അയിത്തം കൽപ്പിച്ചിരിക്കുകയാണ്. ഒരു റിബലിന്റെ അംശം ഉള്ളതുകൊണ്ടാണ് വിനീത വിജയന് ജൂറി റിസർവേഷൻ നൽകുന്നതും ശ്യാംകുമാറിനെ ഡയസ്സിലേക്ക് ക്ഷണിക്കുന്നതും. ഈ വിധം നിലനിൽക്കുന്ന ഒരു ഇരട്ട നീതിയെയാണ് കഴിഞ്ഞ കുറേക്കാലമായി വെള്ളാപ്പള്ളി നടേശൻ ചോദ്യം ചെയ്യുന്നത്.

സവർണ്ണ സാഹിത്യത്തെ പോപ്പുലർ ആക്കാൻ ശ്രമിക്കുന്നവർ ആഫ്രിക്കൻ നവീനസാഹിത്യത്തെ ഒക്കെ ഒന്ന് പരിചയപ്പെടണം സ്റ്റീഫൻ ബ്യൂറെയുടെ ‘The five sorrowful mysteries of andy Africa’, ചിക്കാ യൂണിഗ്വെയുടെ ‘The middle daughter’ ജെസീക്ക ജോർജിന്റെ , “Maame” തുടങ്ങിയ കൃതികൾ പൊതുവായനയുടെയും ജേർണലിസത്തിന്റെയും ഭാഗമായിത്തീർന്നത് വംശീയവെറിയുടെ കാഠിന്യം കൊണ്ടാണ്. സാംസ്കാരിക സംവരണത്തിന് യാതൊരു പ്രാമുഖ്യവും കൊടുക്കാത്ത രാഷ്ട്രീയ വ്യവസ്ഥയാണ് നമുക്കുള്ളത്.അതുകൊണ്ടുതന്നെ സവർണർ എഴുതുന്ന കീഴാളസാഹിത്യത്തിനും സവർണർ അവതരിപ്പിക്കുന്ന കീഴാളനടനത്തിനുമാണ് നാം പോപ്പുലാരിറ്റി ഉണ്ടാക്കിക്കൊടുക്കുന്നത്. നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങൾ അത്തരത്തിൽ പിടിമുറുക്കി കഴിഞ്ഞു.നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങളിൽ നിറയെ ജാതിയുടെ വിത്ത് കോശങ്ങളാണിന്നുള്ളത്.
സാംസ്കാരിക സംവരണവും
ഫിക്ഷനും
മതപ്രചരണത്തെ ചിലർ തൊഴിലായി സ്വീകരിച്ചത് ജാതിയോടുള്ള അഭിനിവേശം കൊണ്ടാണ്. അപ്പോൾ ചില എഴുത്തുകൾ സ്വാഭാവികമായി അതിലേക്ക് വന്നുചേരും.ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ബോധമെന്ന ഗർഭാശയ ഭിത്തിയിൽ നിന്ന് ജാതിയുടെ അടരുകൾ ഇളകി വരേണ്ടതിനുപകരം അതിന്റെ അണ്ഡത്തെ അകത്തിട്ട് അടയ്ക്കുകയും അത്തരത്തിൽ സവർണ്ണ എഴുത്തിനെ മോൾഡ് ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്നു. അതിനിടയിൽ സമൂഹത്തിന്റെ സ്വാസ്ഥ്യ നിർമ്മിതിക്ക് വേണ്ടി ജാതീയ പോരാട്ടങ്ങൾ നടത്തുന്ന രചനകളെ തമസ്കരിക്കുന്നതാണ് കേരളത്തിന്റെ പുതിയ നാട്ടുനടപ്പ്. ഇന്ത്യൻ വർണ്ണ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയ മറാട്ടി എഴുത്തുകാരനാണ് ബാബുറാവു ബാഹുൽ. ബാബുറാവുവിന്റെ ‘ജേവ്ഹ മീ ജാത് ചോർലി ഹോതി ‘ എന്ന കഥാസമാഹാരം ദളിത് ജനത അവരുടെ ജീവിതത്തിലുടനീളം അനുഭവിക്കുന്ന അടിച്ചമർത്തലിന്റെയും വിവേചനത്തിന്റെയും ദൃശ്യമായ അക്ഷരോല്പന്നമാണ്. അടിച്ചമർത്തപ്പെട്ടവരുടെ ഐഡന്റിറ്റിയെ കുറിച്ച് പ്രകോപനപരമായ ഒന്നും ഇവിടെ സംഭവിക്കാത്തത് കൊണ്ടുതന്നെ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള എൻട്രികളിൽ മിനിമം റിസർവേഷനിലേക്ക് സവർണർ ഒഴികെ ബാക്കിയുള്ളവർ ഒതുക്കപ്പെടുകയാണ്. നമ്മുടെ എഴുത്തുകൾ ഇതിനെ പ്രതിരോധിക്കാൻ ഉതകുന്നവയല്ലാതായിട്ട് നാളുകളേറെയായി. റിപ്പയർ ചെയ്ത് എടുക്കാൻ കഴിയാത്ത വിധം നെടുനാൾ ഐഡന്റിറ്റി ക്രൈസിസിൽ തുടരാൻ സവർണർ ഒഴിവുള്ളവരെ പരിശീലിപ്പിച്ചെടുത്തതും ഗൂഢസവർണസംഘങ്ങൾ തന്നെയാണ്. ഇവിടെയാണ് ഏറ്റവും പുതിയ ആഫ്രിക്കൻ സാഹിത്യം കീഴാളന് പ്രചോദനമായി മാറേണ്ടത്.

ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി ആയ സുകിസ്വ വാനറിന്റെ ” Vignettes of people in an apartheid state” എന്ന പുസ്തകത്തിൽ ഒരു കീഴാളൻ നേരിടുന്ന പ്രതിസന്ധികളെയാണ് അവതരിപ്പിക്കുന്നത്. സമകാലിക കുടിയേറ്റ കൊളോണിയലിസവും വംശഹത്യയുമാണ് ഈ പുസ്തകത്തിലെ കേന്ദ്രപ്രമേയങ്ങൾ. അതോടൊപ്പം യഥാർത്ഥത്തിൽ സ്വതന്ത്രമായ പാലസ്തീനുമായുള്ള അപേക്ഷകൾ കാണാനോ കേൾക്കാനോ വിസമ്മതിച്ചതിലൂടെ ശപിക്കപ്പെട്ട ഒരു ലോകം എങ്ങനെ രൂപമെടുക്കുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങൾ ഇതിലുണ്ട്. മഗോഗോഡി ഒഅംഫെല മഖേന യുടെ’innards’ എന്ന കഥാസമാഹാരവും വർണ്ണ വിവേചനത്തിന്റെ ക്രൂരതയെ മനോബലവും സറ്റയറും ഉപയോഗിച്ച് പ്രോസസ് ചെയ്യുകയാണിവിടെ. ജീവിതം നിറഞ്ഞു തുളുമ്പുന്ന ഇന്നാർഡ്സ് കറുത്ത വർഗ്ഗക്കാരായ ദക്ഷിണാഫ്രിക്കയിലെ ജനങ്ങളുടെ ആർദ്രതയെയും ഉൾക്കാഴ്ചകളെയും പുറത്തെത്തിക്കുന്നു. സവർണ്ണ നെറ്റിപ്പട്ടം ഇല്ലാത്ത നമ്മുടെ കഥാകാരന്മാർ ഇന്നും ദുർബല പ്രമേയങ്ങളെ കൈകാര്യം ചെയ്ത് എഴുത്തുകാരൻ എന്ന സ്റ്റാറ്റസ് നിലനിർത്തുക മാത്രമാണ് ചെയ്യുന്നത്. യു കെ കുമാരനും,അശോകൻ ചരുവിലും ഒക്കെ ചില നേരിയ ശ്രമങ്ങൾ നടത്തുന്നു എന്നല്ലാതെ പ്രതിരോധത്തിന്റെ കടും ഒച്ചയാകാൻ അവർക്കാകുന്നില്ല.

സാംസ്കാരിക സംവരണവും
കവിതയും
കവിത ഇല്ലാതായാൽ മനുഷ്യകുലം നശിച്ചു പോകുകയൊന്നുമില്ല, പക്ഷേ സമൂഹത്തിന്റെ സന്തുലിതാവസ്ഥാ നിർമ്മിതിക്ക് അത് പ്രയോജനപ്പെടുന്നു എന്നതുകൊണ്ട് തീരെ വർജ്ജിക്കാനാവില്ല. പക്ഷേ കീഴാളന്റെ മനസ്സിന്റെ സമനില നിറവേറ്റാൻ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സവർണ്ണന്റെ കീഴാള ഉൽപ്പന്നത്തിനാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. സവർണ്ണൻ നിർമ്മിക്കുന്ന കീഴാള ഉൽപ്പന്നങ്ങൾ പാരായണം ചെയ്തു ആനന്ദിക്കാനും തലച്ചോറിനെ രാസമാറ്റങ്ങൾക്ക് വിധേയപ്പെടുത്താനും അതുവഴി കീഴാളനെ സാംസ്കാരിക സംവരണത്തിന് പുറത്താക്കാനും ഒരു അബോധ പ്രവർത്തനം അണിയറയിൽ അരങ്ങേറുന്നുണ്ട്. ‘കീഴാളൻ, എന്ന കവിത കുരീപ്പുഴ ശ്രീകുമാർ അല്ലാതെ മറ്റൊരു സവർണ്ണ കവി എഴുതിയിരുന്നെങ്കിൽ അത് മഹാകവി പട്ടം നൽകി എല്ലാ പഠനങ്ങളിലും ഇടം പിടിച്ചേനെ.
ഇന്നത്തെ മലയാള കവിതയിൽ സംവരണം എന്ന ക്രൂര ഉദ്ദേശത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്ന ഒരേയൊരു കവി സുകുമാരൻ ചാലിഗദ്ദയാണ്. സവർണ്ണകോയ്മ നിർമിച്ചെടുത്ത അധികാര വ്യവസ്ഥയോട് അടിമയെപ്പോലെ സഹകരിക്കാനാണ് ഈ ചെറുപ്പക്കാരനായ കവിയുടെ വിധി. സുകുമാരൻ ‘ In Gorgeous Display’ എഴുതിയ ഐഡന്റിറ്റി എഴുതിയ ഉഗോച്ചു ക്യു ഡാമിയൻ ഒക്പാരയെ പോലെയുള്ള നൈജീരിയൻ കവിയെ വായിക്കേണ്ടതുണ്ട്. സ്ത്രീത്വം,പ്രവാസം, ക്വിയർ പുരുഷ ഐഡന്റിറ്റി എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുന്നതെങ്കിലും കറുപ്പിന്റെ രാഷ്ട്രീയത്തെയാണ് അനാവരണപ്പെടുത്തുന്നത്. വർണ്ണത്തിന്റെയും വംശീയതയുടെയും പേരിൽ ഒരാൾ നാടുവിടുന്നത് ഒരിക്കലും ഒരാൾ പ്രതീക്ഷിക്കുന്ന ഒരു ഉട്ടോപ്യയല്ലെന്നും ഉപേക്ഷിക്കലിന്റെ വേദന വർത്തമാനകാലത്ത് ജീവിക്കുന്ന ഒരു ജീവിതത്തെ എത്ര തവണ വേട്ടയാടുമെന്നും ഒക്പാരയുടെ കവിതകൾ നിരീക്ഷിക്കുന്നു. ഘാനയിലെ വംശപരമ്പരയെ കേന്ദ്രപ്രമേയമാക്കി ക്വേകു അബിംബോള എഴുതിയ കവിതകളുടെ പുസ്തകമാണ് “salt water elemonds on psalm” എന്നത്. ഘാനയിലെ അകാൻ പാരമ്പര്യത്തിൽ ഒരു കുട്ടി ജനിക്കുന്നതിന്റെ എട്ടാം നാൾ ആ ദിവസത്തിനനുസരിച്ച് പേരിടുന്നതിന്റെയും അത് അവരുടെ യഥാർത്ഥ ജനനത്തെ അടയാളപ്പെടുത്തുന്നതിന്റെയും റാപ്സോഡിക് ശൈലിയാണ് അബിംബോള കവിതയിൽ പ്രവർത്തിപ്പിക്കുന്നത്. ഇത് സവർണ്ണ മേൽക്കോയ്മയ്ക്കെതിരെയുള്ള തുറന്നുവച്ച ആശയയുദ്ധമാണ്.ഇവിടെ സാംസ്കാരിക സംവരണം നമ്മുടെ കവികൾ നേടിയെടുക്കുന്നത് അടിമകെമിസ്ട്രി പ്രവർത്തിപ്പിച്ചാണ്.

ഈയാഴ്ചയിലെ
പുസ്തകം
തൊലിക്കറുപ്പ് – വെറുപ്പിന്റെ ആഴങ്ങൾ /
എഡിറ്റർ : രേഖാരാജ് ( ഡിസി ബുക്സ് )

ശരീര ശാസ്ത്രത്തെ നിറതത്വങ്ങൾ കൊണ്ട് വിശദീകരിച്ചു കഴിഞ്ഞു. ഇനി മനസ്സിന്റെ പ്രവർത്തനത്തെ വിഘടിച്ചെടുക്കാൻ ശ്രമിച്ചാൽ (അതൊരു വെളുത്തവനാണെങ്കിൽ ) കീഴാളന്റെ തലച്ചോറിന്റെ വ്യാപാരങ്ങളെ കറുത്ത ന്യൂറോണുകളുടെ പ്രവർത്തനമായി നിജപ്പെടുത്താനും വ്യാഖ്യാനിക്കാനും ഇവിടത്തെ സവർണർ ത്വര ആർജ്ജിക്കുന്നത് കാണാം. കറുത്ത മനുഷ്യനെ ഒരു സാധാരണ മനുഷ്യ ജീവിയായി കാണാനുള്ള വിസമ്മതം ഇപ്പോഴും പരക്കെ കാണാനുണ്ട്. ഇന്നത്തെ ജ്ഞാനബോധം പണ്ടത്തെപ്പോലെ അമൂർത്തമായ ഒരു ആശയം അല്ലാത്തതിനാൽ ഈ വിവേചനം പുതിയ കീഴാളൻ പെട്ടെന്ന് തിരിച്ചറിയുന്നു. അന്ധമായ വെളുപ്പിന്റെ വിദ്യുച്ഛക്തിയും രാസവസ്തുക്കളും കൊണ്ടുള്ള കളിയാണ് സവർണ്ണന്റെ തലച്ചോർ പ്രവർത്തനമായ സവർണ്ണ ദളിതെഴുത്തുകൾ. അപ്പോൾ ഒരു സവർണ്ണൻ ഞാൻ ഉൾപ്പെട്ട കീഴാളനെ കുറിച്ച് എഴുതി എന്ന് കുളിരു കൊള്ളുമ്പോൾ അതിനു പിന്നിലെ ചതിയെ തിരിച്ചറിയാൻ കഴിയാത്തവരായി മാറുകയാണ് ഇവിടുത്തെ കീഴാളർ. സംസാരശേഷിയും പ്രതിഷേധശേഷിയും നഷ്ടപ്പെട്ട കീഴാളരുടെ തലച്ചോറുകളിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ച് അവർ എന്ന് പ്രതിഷേധിക്കാൻ ഉദ്യമിക്കുന്നുവോ അവയെ വഴിതിരിച്ച് കൃത്രിമപ്പെടുത്താനാണ് ലോകത്തെവിടെയും ഉള്ള വൈറ്റ്മാൻ അഥവാ സവർണ്ണൻ ശ്രമിച്ചിട്ടുള്ളത് എന്ന് വാദിക്കുന്നതാണ് രേഖാരാജ് എഡിറ്റ് ചെയ്ത “തൊലിക്കറുപ്പ് “എന്ന പുസ്തകം. ഇതുവഴി കീഴാളന്റെ ചിന്ത,ഓർമ്മ, ബോധജ്ഞാനം, വികാരം എന്നിവയെ അബ്സ് ട്രാക്ടാക്കി അടിച്ചമർത്തി വയ്ക്കാനുള്ള സവർണ്ണന്റെ ഗൂഢ അജണ്ടയെയാണ് ഈ പുസ്തകം ചോദ്യം ചെയ്യുന്നത്. കീഴാള സമൂഹത്തിന്റെ ക്ലേശ/ സങ്കട /ദുരിതങ്ങൾ നിറം അടിസ്ഥാനത്തിൽ എങ്ങനെ കുറയ്ക്കാം എന്ന ആലോചനയാണ് ശാരദ മുരളീധരന്റെ കുറിപ്പ് പങ്കുവയ്ക്കുന്നത്. സച്ചിദാനന്ദൻ വിവർത്തനം ചെയ്ത ‘കറുപ്പ് ‘ എന്നൊരു ആഫ്രിക്കൻ കവിത പുസ്തകത്തിന്റെ പൂമുഖവാതിലിൽ ഉണ്ട്.
ജനിച്ചപ്പോൾ കറുമ്പൻ
മുതിരുമ്പോൾ കറുമ്പൻ
വെയിലിൽ പോയാലും കറുമ്പൻ
പേടിച്ചാൽ കറുമ്പൻ
അസുഖം വന്നാൽ കറുമ്പൻ
മരിക്കുമ്പോഴും കറുമ്പൻ
ഹേ, വെളുമ്പാ..
കറുപ്പ് / മൊഴിമാറ്റം /
സച്ചിദാനന്ദൻ
സവർണ്ണന്റെ ഇരട്ടത്താപ്പിനും ചതിക്കുമെതിരെയുള്ള സാമൂഹ്യസമ്മർദ്ദങ്ങളുടെ പുസ്തകമാണ് ‘തൊലിക്കറുപ്പ്’

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
കറുപ്പിനെ ആഘോഷമാക്കിയ ഒരു പ്രീ ബ്രാഹ്മണിക് കൾച്ചർ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഏറെ പ്രത്യേകിച്ച് ഇന്ത്യൻ ബൗദ്ധകോസ്മഗ്രഫി പരിശോധിച്ചാൽ അതിന്റെ നൂറ് നൂറ് ഉദാഹരണങ്ങൾ കാണാം. മഹാരാഷ്ട്രയിലെ അജന്താ ഗുഹാക്ഷേത്രങ്ങളിൽ കറുത്തബുദ്ധൻമാരെയും കറുത്ത ഗന്ധർവന്മാരെയും കറുത്ത അപ്സരസുകളെയും കറുത്ത യക്ഷികളെയും കാണാം. കറുത്തതും തവിട്ടു നിറങ്ങൾ പടർത്തി ബ്രാഹ്മണിക് ദേവന്മാരെ അതിൽ നിന്നും വ്യത്യസ്തരാക്കി അവതരിപ്പിക്കുന്ന ഒരു ബോറൻ കൾച്ചറിനെ സാംസ്കാരിക സംവരണത്തിൽ കൊണ്ടുവച്ചു വായിക്കുമ്പോൾ ഒരു അപബ്രാഹ്മണ വൽക്കരണം ഇനിയും ഇവിടെ സംഭവിച്ചിട്ടില്ലെന്ന് കാണാൻ കഴിയും. ബ്രാഹ്മണന്റെ തലച്ചോറ് കണ്ടുപിടിച്ച ഈ സങ്കല്പശക്തിയെ മറികടക്കാൻ ഇന്നും നമുക്കായിട്ടില്ല, പക്ഷേ വിദേശകല ഇത്തരം മുറിവുകളെ ഉണക്കിക്കഴിഞ്ഞു. ഹറുകി മുറകാമിയുടെ ‘super – frog saves Tokyo’ എന്ന കഥയ്ക്ക് ഇലട്രേഷൻ നിർവഹിച്ചിരിക്കുന്നത് സെബ് അഗ്രസ്തിയാണ് (Seb Agresti). അവ കറുപ്പിനെ വലയം ചെയ്തു സൗന്ദര്യപ്പെടുത്തുന്ന മറ്റ് നിറങ്ങളെ കൂടുതലായി ഇറുക്കിപ്പിടിക്കുന്നത് കാണാം. ഇവിടെ ചിത്രകലയെ വരികളുടെ ഡൊമസ്റ്റിക് ഹെൽപ്പർ ആക്കി തീർക്കാനാണ് അഗ്രസ്തി ശ്രമിക്കുന്നത്. പല അടരുകളുള്ള ഒരു മർദ്ദക വ്യവസ്ഥയുടെ ഇരയാണ് കീഴാളൻ. അതിന് ഒരു കാരണം കറുപ്പ് എന്ന നിറമാണ്. ഇവിടെ അഗ്രസ്ഥി കറുപ്പിനെ മിഴിവുറ്റതാക്കാൻ മറ്റു നിറങ്ങളുടെ സംഘാടനം സാധ്യമാക്കുകയാണ്. ഒരു സവിശേഷ ബോധധാരയുടെ തുടർച്ചയായി പെയിന്റ് ചെയ്യുക വഴി കറുപ്പിന്റെ ചരിത്രത്തെ മറ്റൊരു രീതിയിൽ സമീപിക്കാനാണ് അഗ്രസ്തി വരയിൽ വ്യാപരിക്കുന്നത്. ഇവിടെ മനുഷ്യമൈത്രി എന്നതുപോലെ തന്നെ നിറമൈത്രിയും സംഭവിക്കുന്നു. ഈ ജാപ്പനീസ് ഇലസ്ട്രേറ്റർ കറുപ്പിന്റെ പരിക്കുകളെ മറ്റു നിറങ്ങളുടെ അഭ്യസ്തവിദ്യയാൽ പരിഹരിക്കുന്നു.
ഈയാഴ്ചയിലെ
അഫോറിസം
സാംസ്കാരിക ഭ്രൂണത്തെ
സവർണ്ണ കുഞ്ഞാക്കി
വളർത്തിയെടുക്കുന്ന
അസാമാന്യ കോശങ്ങളാണ്
രാഷ്ട്രീയ ശരീരങ്ങൾ (പാർട്ടികൾ)






