കവിതയിലെ ആൺതെമ്മാടിക്കൂട്ടം
നമ്മുടെ കവിതയിലെ ആൺതെമ്മാടിക്കൂട്ടങ്ങൾ കവിതയുടെ താളത്തെ ഇപ്പോൾ വാർത്തകളിലേയ്ക്ക് കടത്തിവിട്ടു കൊണ്ടിരിക്കുകയാണ്. ഇതിവിടുത്തെ കവിതയുടെ ദയനീയ നാളുകളാണ്. വിദേശ കവിതയ്ക്ക് ഒരു ബൗദ്ധിക ധാരയുണ്ട്. അതിൽ നാടകീയത കുറവാണ്.കവിതയ്ക്ക് ജൈവീകത ഇല്ലെങ്കിൽ അത് ഭയങ്കരമായ ചിത്തഭ്രമത്തിൽ വീണുപോകുമെന്ന പേടിയുണ്ടവർക്ക്
മനുഷ്യന് അവന്റെ ശരിയായ മുഖം ലോകത്തിന്റെ കണ്ണാടിയിൽ കാണാൻ കഴിയുന്ന മുഹൂർത്തങ്ങളെ സൃഷ്ടിക്കാൻ ശേഷിയുള്ള മീഡിയമാണ് കവിത. അപ്പോൾ അതിൽ ജഢമായ വസ്തുതകളെ കൈകാര്യം ചെയ്യുന്നതും വന്ധ്യമായ അനുഭവങ്ങളെ കുത്തി നിറയ്ക്കുന്നതും കവിതയുടെ ഒരുതരം മുഖംമൂടി നിർമ്മിതിയായി തീരും. സൗന്ദര്യം തിമിർത്തുല്ലസിക്കുന്ന കവിതകൾക്കേ ഇനി വായനക്കാരെ ലഭിക്കുകയുള്ളൂ. ധ്യാനത്തിന്റെ വിശാലമായ പ്രഭുത്വം ആർജ്ജിക്കാത്ത കവികൾക്ക് ചരിത്രം ഒറ്റ വെട്ട് വച്ചുകൊടുക്കും. ഗൂഢമായ പ്രകൃത്യാതീത ശക്തിയൊന്നും നമ്മുടെ കവികൾ വിനിയോഗിക്കുന്ന പ്രമേയങ്ങൾക്കില്ല. സമകാലിക ന്യൂസ് റീലുകളുടെ ഹൃദയ രക്തധമനികളാണ് നമ്മുടെ കവികൾ എഴുതുന്ന കവിതകൾക്കുള്ളത്. അത് കവിതയുടെ വിനാശം ഭാവന ചെയ്യാനേ (ഇന്ന് )ഉപകരിക്കുന്നുള്ളൂ. ബുദ്ധിയുടെ യുദ്ധങ്ങളെ കുറിച്ച് പറയാൻ നാടകകൃത്തായ സ്ട്രിൻ ബർഗ് എഴുതിയ ‘ചുവന്ന മുറി’ എന്ന നോവലിൽ സ്വീഡനിലെ ബുദ്ധിജീവികളും, കവികളും, ചിത്രകാരന്മാരും, തത്വചിന്തകരും,പ്രസാധകരും, നടന ശരീരങ്ങളും, അധ്യാപകരും പ്രധാന കഥാപാത്രങ്ങളാണ്. അതിലെ ഒരു കഥാപാത്രമായ അർവിഡ് തന്റെ കാവ്യഗ്രന്ഥം പൂർത്തിയാക്കി അത് ഒരു പ്രസാധകനെ ഏൽപ്പിച്ചു. അർവിഡിന് സമ്പാദ്യത്തിന്റെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് പ്രസാധകർ അയാൾക്കൊരു ജോലി കൊടുത്തു. അത് ഒരു സ്വീഡിഷ് ചരിത്രപുരുഷനെക്കുറിച്ചുള്ള ബയോപിക് രേഖയായിരുന്നു.അത് അയാളെ മടുപ്പിച്ചു.കാരണം കവിതയെഴുത്തിന്റെ അനുഭവങ്ങൾക്ക് നേരെ എതിരായിരുന്നു ആ ബയോപിക് നിർമ്മിതി. നമ്മുടെ കവിതയിലെ ആൺതെമ്മാടിക്കൂട്ടങ്ങൾ കവിതയുടെ താളത്തെ ഇപ്പോൾ വാർത്തകളിലേയ്ക്ക് കടത്തിവിട്ടു കൊണ്ടിരിക്കുകയാണ്. ഇതിവിടുത്തെ കവിതയുടെ ദയനീയ നാളുകളാണ്. വിദേശ കവിതയ്ക്ക് ഒരു ബൗദ്ധിക ധാരയുണ്ട്. അതിൽ നാടകീയത കുറവാണ്.കവിതയ്ക്ക് ജൈവീകത ഇല്ലെങ്കിൽ അത് ഭയങ്കരമായ ചിത്തഭ്രമത്തിൽ വീണുപോകുമെന്ന പേടിയുണ്ടവർക്ക്. ‘The Best American Poetry ‘എന്ന പേരിൽ എല്ലാവർഷവും എഡിറ്റ് ചെയ്ത് പുറത്തുവരുന്ന ഒരു കാവ്യ ഗ്രന്ഥമുണ്ട്. അതിലെ കവിതകൾ ഓരോന്നും ഉജ്ജ്വലമായ ബുദ്ധിശക്തിയിൽ നിന്നും വരുന്നതുകൊണ്ട്തന്നെ വെട്ടിത്തിളങ്ങുന്ന പകിട്ടുണ്ടവയ്ക്ക്.അതിൽ റെജിനാൾഡ് ഡ്വയ്നെ ബെറ്റ്സ് എഴുതിയ At the end of life,a secret’ എന്നൊരു കവിതയുണ്ട് അതിൽ ബെറ്റ്സ് ഇങ്ങനെ എഴുതുന്നു:
Even dead, we still say
you are an organ donor
as if something other than taxes outlasts death.
ഇത്തരം മിസ്റ്റിക് കവിതകളിൽ വാക്കുകളുടെ ശില്പിയെ നാം കാണുന്നു. പക്ഷേ മലയാളത്തിൽ വാക്കുകൾ എടുക്കുമ്പോൾ നമ്മുടെ കവികൾ ശില്പികളും കവിത എഴുതിക്കഴിയുമ്പോൾ കല്ലാശാരിമാരുമായി മാറുന്നത് കാണാം. അതുകൊണ്ട് ജോസഫ് ചാപ്മാൻ,അമിത് മജ്മുദാർ,ആഞ്ചെലോ നിക്കോളോ പൗലോസ് തുടങ്ങിയ ലോകകവികൾ പ്രതിഭാസങ്ങളെ ഒറ്റതിരിഞ്ഞ് വീക്ഷിക്കുന്നത് പോലെ ജ്ഞാനമീമാംസാപരമായ അടിത്തറയിൽമേൽ നോട്ടങ്ങൾ അയയ്ക്കാൻ നമ്മുടെ ആൺതെമ്മാടിക്കൂട്ടങ്ങൾക്കാവട്ടെ..
കവിയും ഫിക്ഷനും
ഒരു കവി നോവലിന്റെ കലയിൽ അകപ്പെട്ടാൽ അവിടെ കവിതയില്ലെങ്കിൽ അതയാൾക്ക് നരകമായിരിക്കും. കവിത രാപ്പകലാകമാനം വലയം ചെയ്ത് നിൽക്കുന്ന ചിലർ ആശയങ്ങളുടെ ഭാരത്തെ ഇറക്കി വയ്ക്കാൻ നോവൽ സങ്കേതത്തെ വിനിയോഗിച്ചതിന്റെ നിരവധി രേഖകൾ മലയാളത്തിലുണ്ട്.ഉച്ചരിക്കപ്പെടുന്ന വാക്കുകൾ അന്തരംഗത്തിലേക്കുള്ള കവാടങ്ങൾ ആണെന്ന് പക്ഷെ തിരിച്ചറിഞ്ഞിട്ടുള്ള കവികളായ ഫിക്ഷനിസ്റ്റുകൾ നന്നേ കുറവാണ്. മിറർ സ്റ്റേജിന്റെ കാലയളവിൽ തുടരുന്ന കുഞ്ഞുങ്ങളെ പോലെയാണ് കവിതയിലെ ആൺ തെമ്മാടിക്കൂട്ടം. അതിനിടയിൽ അവർ നോവലിനായി നടത്തുന്ന ശ്രമങ്ങളിൽ എല്ലാവരും വിജയിക്കാറില്ല.കവി, പ്രഭാഷകൻ, ഉപന്യാസകാരൻ തുടങ്ങിയ റോളുകളിൽ നിൽക്കുമ്പോഴും യഥാർത്ഥ റോൾ ചെയ്യുന്നത് എപ്പോൾ എന്ന ചോദ്യം ഉയർന്നാൽ പകച്ചു പോകാത്ത രണ്ട് കവികളായ ഫിക്ഷനിസ്റ്റുകളുണ്ട്. നാടകകൃത്തായ ബർണാഡ് ഷാ ജീവിതത്തിലെ രണ്ടുതരം ദുരന്തങ്ങളെ കുറിച്ച് പറയുന്നുണ്ട്.
- നമ്മൾ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക
- അത് കിട്ടുക
കവികളായ ഫിക്‌ഷനിസ്റ്റുകൾക്ക് ഈ രണ്ടു കയ്പ്പുകളെയും ട്രീറ്റ് ചെയ്യേണ്ടിവരും. അപ്പോഴും നോവലിന്റെ കലയിൽ പ്രതീക്ഷയോടെ കൈവച്ച രണ്ട് കവികളാണ് കൽപ്പറ്റ നാരായണനും ബാലചന്ദ്രൻ ചുള്ളിക്കാടും.ഇവർക്ക് നോവൽ വെറും സർഗ്ഗാത്മക വസ്തുവല്ല മറിച്ച് അതവർക്ക് രചനാപരമായ ബോധമാണ്. ഭാഷയുടെ അനായാസമായ ചലനം കവിതയിൽ എന്നപോലെ നോവലിലും സൃഷ്ടിച്ചെടുക്കാൻ അവർക്ക് ആകുന്നു. അവർ കവികൾ ആയതുകൊണ്ട് തന്നെ യാന്ത്രികമായ ബൗദ്ധിക മേൽക്കോയ്മയിൽ നിന്നും മാറിപ്പോകാൻ വഴിയൊരുക്കുന്നു.
കൽപ്പറ്റ നാരായണൻ എഴുതിയ ‘ഇത്രമാത്രം ‘ എന്ന നോവൽ വാസ്തവത്തിൽ ഒരു ഫെ(മെ)മിനിസമാണ്. ഒരു ആണെഴുതിയ സ്ത്രീയാഖ്യാനമാണ്. വയനാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്ന സുമിത്ര എന്ന സ്ത്രീയുടെ ജീവിതവും മരണവുമാണ് എഴുതിയിരിക്കുന്നത്.
ഇതിൽ അസാധാരണമായി ഒന്നുമില്ലെന്ന് തോന്നിയേക്കാം. പക്ഷേ കൽപ്പറ്റ എഴുതിയ സാധാരണത്വത്തിൽ കുറെ അസാധാരണത്വങ്ങൾ ഉണ്ട്. അമ്മയും ഏട്ടനും ചെറിയച്ഛനും ചേർന്ന് അച്ഛനെ മണിപ്പാലിലേക്ക് കൊണ്ടുപോയപ്പോൾ ആരുമില്ലാത്തവൻ ആയിപ്പോയ ഏഴ് വയസുകാരൻ പുരുഷുവിനെ ഒരു പകൽ കൊണ്ട് എല്ലാവരും ഉള്ളവൻ ആക്കി മാറ്റിയെടുത്ത സുമിത്രയെ കുറിച്ചാണ് നോവൽ വാചാലമാകുന്നത്. ഒരു പക്ഷി ഇവിടെ ഉണ്ടായിരുന്നു എന്നറിയാൻ ആദ്യം ഒരു കൂവലും പിന്നീട് ഒരു തൂവലും മതിയല്ലോ. അതുപോലെ സുമിത്ര ഇവിടെ ഉണ്ടായിരുന്നു എന്ന് നാം അറിയുന്നത് സാധാരണക്കാരായ മനുഷ്യരുടെ ഓർമ്മകളിലൂടെ കൽപ്പറ്റ കഥാപാത്രങ്ങളെ സഞ്ചരിപ്പിക്കുമ്പോഴാണ്. ഈ ഫെ(മെ)മിനിസം ഒരു ആൺസ്വത്വത്തിന്റെതാണെന്ന് ഓർക്കുക. കവിയായ ബാലചന്ദ്രൻ ചുള്ളിക്കാട് ‘ഹിരണ്യം’ എന്ന മൈക്രോ നോവലിലൂടെ മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട കുറേ മനുഷ്യജന്മങ്ങളുടെ പകയെയും കാമത്തെയുമാണ് ആവിഷ്കരിക്കുന്നത്.വായനക്കാരന്റെ ചിന്തയെ ബൗദ്ധികമായ സഹശയനത്തിൽ എത്തിക്കാൻ കൽപ്പറ്റ നാരായണന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും പൊയറ്റിക് ഫിക്ഷണൽ ഡിക്ഷനു സാധിക്കുന്നു.ഇവരെ നാം എങ്ങനെ മലയാള കവിതയിലെ ആൺ തെമ്മാടിക്കൂട്ടത്തിൽ കൊണ്ടുപോയി കെട്ടും?
കവിയും കവിതയും
കവി തന്റെ മനസ്സിന്റെ സമനിലയെ തെറ്റിച്ചു കൊണ്ട് മൗലീകതയിൽ എത്താനുള്ള രചനാപരമായ ശിക്ഷണം ഇപ്പോൾ ആർജ്ജിക്കുന്നില്ല. നവീന കവിതയിൽ നാം കാണുന്നത് ആശയങ്ങൾ കമ്മിയുള്ള കവി രോഷാകുലനായി തീരുന്നതാണ്. ഒട്ടും പീഡിതമല്ലാത്ത ഒരു സുബോധം ഉപയോഗിച്ച് ജൈവികമല്ലാത്ത കവിത തീർക്കുന്ന ഒരു പ്രവണത ഇവിടെ നിലനിൽക്കുകയാണ്.അപ്പോൾ അവിടെ സച്ചിദാനന്ദൻ സ്കൂൾ ഓഫ് പൊയട്രി, കെ.ജി.എസ് സ്കൂൾ ഓഫ് പൊയട്രി,പ്രഭാവർമ്മ സ്കൂൾ ഓഫ് പൊയട്രി എന്നിങ്ങനെ വിവിധങ്ങളായ കമ്പാർട്ട്മെന്റുകൾ ഉടലെടുക്കും. പക്ഷെ ഇവരുടെ ശിഷ്യന്മാർക്ക് അതതു ജനുസുകളിൽ പെട്ട സരസ്വതിമാരെ സൃഷ്ടിക്കാൻ കഴിയുന്നില്ല. സച്ചിദാനന്ദേറിയൻ സരസ്വതി,ശങ്കരപ്പിള്ളേറിയൻ സരസ്വതി,പ്രഭാവർമ്മേറിയൻ സരസ്വതി എന്നിവയ്ക്കായുള്ള ദാഹത്തിലാണ് മലയാളിയുള്ള തെന്ന് ഇവർ തെറ്റിദ്ധരിക്കുന്നു. ജീവിതമെന്ന മാനവിക പ്രഹസനത്തെ ഈ കവികൾ ഇന്നും കാര്യമായി തന്നെ ആവിഷ്കരിക്കുന്നുണ്ട്.കാവ്യ ചരിത്രത്തിനുള്ളിലെ സ്തബ്‌ധാവസ്ഥയെ പൊളിക്കുന്ന കൃതികളാണ് സച്ചിദാനന്ദന്റെ ‘വിധി ചാല സുഖമാ’യും കെ.ജി.എസിന്റെ ‘കൂർമ ‘ വും. ഇതിലെ ചില കവിതകൾക്ക് പശ്ചാത്തലമായി തീർന്ന സംസ്കാരിക അവബോധം തത്വചിന്തയാണ്. ചിന്തിക്കുന്ന മനുഷ്യന്റെ താറുമാറായ തുറന്ന മസ്തിഷ്കം തന്നെയാണ് ഇവരുടെ കവിതകളെ താക്കീതുകളായി ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നത്.
വായനക്കാരനെ മുന്നിലേക്ക് ശല്യക്കാരിയായ പ്രചോദനത്തെപ്പോലെ കടന്നെത്തുന്ന ചില കവിതകൾ രണ്ട് സമാഹാരങ്ങളിലും ഉണ്ട്. നിലവിലുള്ള ഒരു നുള്ള് വെളിച്ചത്തിൽ നടുങ്ങി കീഴിൽമേൽ മറിഞ്ഞുകൊണ്ട് വൈകാരികതയെ ബൗദ്ധികമായി അനുഭവിക്കാനുള്ള സ്ഥലമാക്കി കവിതയെ മാറ്റുന്നതിന്റെ ചില ഉദാഹരണങ്ങൾ ഉദ്ധരിക്കുക മാത്രം ചെയ്യാം.
ഉറങ്ങൂ,ഉറങ്ങൂ,ഞാൻ
പല ഭാഷകളിൽ പറയുന്നു
നീ പല ഭാഷകളിൽ ഉറങ്ങുന്നു
പല ഭാഷകളിൽ സ്വപ്നം കാണുന്നു
പല ഭാഷകളിലേക്കുണരുന്നു
കേട്ട ഭാഷകളിലെ ശബ്ദങ്ങൾ പെറുക്കിയെടുത്ത് കേൾക്കാത്ത ശബ്ദങ്ങളും ചേർത്ത്
ഒരു മനുഷ്യഭാഷ സൃഷ്ടിക്കുന്നു.
- ഒന്ന്,പലത് /സച്ചിദാനന്ദൻ
( നിധിചാല സുഖമാ,മാതൃഭൂമി ബുക്സ് )
പേടി വാറ്റിയ സത്യം നീതി
പേടി വരിയിട്ട സൗന്ദര്യം സമത്വം
പേടി തുറന്ന തുറസ്സ് സ്വാതന്ത്ര്യം
പേടിക്കെതിരെ പറന്ന പക്ഷി കവിത
- പേടി വികസനക്കമ്മീഷൻ /കെ.ജി.എസ്
(കൂർമ്മം,മാതൃഭൂമി ബുക്സ് )
ഈ കവിതകളിലൊക്കെ ദാർശനിക വൈകാരികതയാണുള്ളത്. എഴുത്തുകാരൻ അയാളുടെ ആന്തരികതയിൽ ഒരു ഫാസിസ്റ്റ് ആകണമെന്ന സൗന്ദര്യബോധം ഈ കവിതകളിൽ തട്ടിയുറച്ചു നിൽപ്പുണ്ട്.പുതിയ പിന്തിരിപ്പൻ ഗ്രഹപ്പിഴകൾക്ക് ഈ കവികളെ ഇനിയും വായിച്ചെടുക്കാനാവാത്തത് കൊണ്ട് അതതു സ്കൂളുകളിലെ കവികൾ ഇവരെ അനുകരിക്കുകയും സ്വയം തെമ്മാടിക്കൂട്ടങ്ങളായി മാറുകയും ചെയ്യുന്നതിനെ എങ്ങനെ നിഷേധിക്കാനാകും ?

ഈയാഴ്ചയിലെ പുസ്തകം
നിന്നെ ഞാൻ കാണിച്ചു തരാം /
മോൻസി ജോസഫ് ( മാതൃഭൂമി ബുക്സ് )
തലകുത്തനെയുള്ള കവിതകൾ എഴുതിയ അവസാനത്തെ കവി മേതിൽ രാധാകൃഷ്ണനാണ്. അതുവഴി കവിതയിൽ സ്വയമൊരു അധികാര കേന്ദ്രമായിത്തീരാനാണ് മേതിൽ ശ്രമിച്ചത്. അയാളുടെ കലാവ്യക്തിത്വം ഭരണകൂടത്തിന്റെ സാധർമ്മ്യമാണ്. അങ്ങനെ വരുമ്പോൾ ഭാഷയുടെ മറ്റൊരു ഭരണകൂടത്തെയും അധികാര കേന്ദ്രത്തെയും വകവെച്ചു കൊടുക്കാൻ അയാൾ വിസമ്മതിക്കും. ഈ വിധമായ വിസമ്മതങ്ങളുടെ പിന്തുടർച്ചക്കാരനാണ് അഥവാ കവിതയെ തലകുത്തി നിർത്തി വായിക്കാൻ ക്ഷണിക്കുന്ന കവിയാണ് മോൻസി ജോസഫ്. ‘കടൽ ആരുടെ വീടാണ് ‘ എന്ന കവിതാപുസ്തകത്തിൽ ഉപരിപ്ലവതയെ നിരന്തരം റദ്ദ് ചെയ്യുന്ന ഒരു കവിയെ നാം കണ്ടുമുട്ടുന്നുണ്ട്. കാവ്യ ദർശന ഖണ്ഡത്തിന്റെ കലയും ഈ തലകുത്തിമറിയലും ആദ്യം വായിക്കുന്നത് ‘കടൽ ആരുടെ വീടാണ് ‘ എന്ന കാവ്യ പുസ്തകത്തിൽ നിന്നാണ്. ഒരുപക്ഷേ അതിന്റെ രണ്ടാം ഭാഗം എന്നോണം വേണം ‘നിന്നെ ഞാൻ കാണിച്ചു തരാം ‘ എന്ന രണ്ടാമത്തെ കാവ്യ പുസ്തകത്തെ തൊടാൻ. ഈ കവി ഗൂഢാർത്ഥ വാക്യങ്ങൾ പറയുന്നില്ല. കീറാമുട്ടികൾ കൊണ്ടുവരുന്നില്ല, പിടി തരാതിരിക്കുന്നുമില്ല. പക്ഷേ തലകുത്തനെ നിന്നാണ് വായനക്കാരനെ അഭിസംബോധന ചെയ്യുന്നത്. ഗദ്യത്തിലും കവിതയുണ്ടാകാം എന്നതിന്റെ വലിയ തെളിവായിട്ടാണ് ഈ കവിതകൾ മുഖം തുറന്നു വരുന്നത്. ഇതിൽ ‘തിരിച്ചുവരൂ’ എന്ന ശീർഷകത്തിൽ ടി.പി.രാജീവനെ സ്മരിക്കുന്ന ഒരു കവിത മോൻസി എഴുതിയിട്ടുണ്ട്. അതിന്റെ വാക്യ ശകലങ്ങൾ ഉദ്ധരിക്കാം:
നിന്നെപ്പോലുള്ള മനുഷ്യനൊക്കെ വല്ലപ്പോഴും ഒന്നു മരിക്കണം എന്നാലെ പഠിക്കൂ. വല്ലപ്പോഴുമല്ല,ഇടയ്ക്കിടെ മനുഷ്യൻ മരിക്കണം എന്നിട്ട് സ്വപ്നത്തിൽ നിന്ന് പിന്നെയും ജനിക്കണം
– തിരിച്ചുവരൂ / മോൻസി ജോസഫ്
മോൻസിയുടെ ഈ പദപ്രയോഗങ്ങൾ അരാജകത്വത്തിന്റെ കുരിശു പേറുന്നു. ഈ പുസ്തകത്തിൽ കുറെ അരാജകത്വ ശീർഷകങ്ങൾ ഉണ്ട്. നിന്നെ ഞാൻ കാണിച്ചു തരാം, ഒന്ന് പോടോ, പാഴ് വാക്കൻ, മദാലസ, അരുത്, ആരെയും സ്നേഹിക്കരുത് ഇതൊക്കെയും തലകുത്തനെ നിൽക്കുന്ന ഒരാൾക്കേ തീർക്കാനാകൂ. വാക്കുകളുടെ കാട്ടിന്റെ ഇരുട്ടിൽ നിന്നും ഇല്ലാത്ത കറുത്ത പൂച്ചയെ പിടിച്ചു കൊണ്ടുവരാൻ ഈ കവിയുടെ ആന്തരിക അരാജകത്വത്തിന് ആവുന്നു. വല്ലപ്പോഴുമല്ല, ഇടയ്ക്കിടെ മനുഷ്യൻ മരിക്കണമെന്ന മോൻസിയുടെ ബൗദ്ധിക അരാജകത്വമാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത് പക്ഷേ നമ്മുടെ ആൺ കവിതാ തെമ്മാടിക്കൂട്ടത്തിൽ ഈ കവിയില്ല.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
ഭാഗികമായി പുരുഷചരിത്രലോകത്തിന്റെ പുരോഗമനബോധം കൊണ്ട് നിർണയിക്കപ്പെട്ട ഒരു കലാസംസ്കാരത്തിന്റെ അവസ്ഥയിൽ കലയുടെ മാനദണ്ഡങ്ങൾ കവിക്കും ചിത്രകാരനും വെവ്വേറെ അനുഭവപ്പെട്ടിരുന്നു. അതുപോലെതന്നെ പ്രധാനമാണ് ഈ മാനദണ്ഡങ്ങളിലെ ഭാഗികമായ തുടർച്ചകൾ. കവികളുടെ കാവ്യവ്യക്തിത്വം പോലെ തന്നെ ഒരുപാതി വളർന്ന അവരുടെ അവയവമാണ് കലാകാര വ്യക്തിത്വവും. അനാവശ്യമെന്നോ വിചിത്രമെന്നോ തോന്നാവുന്ന ഒരു കെട്ടിയെടുപ്പായിരുന്നു നമ്മുടെ ചില കവികളുടെ വരയുടെ ലോകം. ഒരു കാണിക്കും കവിയുടെ വരയെ മിഴിവോടെ അനുഭവിക്കാനാകില്ല കാരണം ഒന്നിലധികം മീഡിയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഇന്നുമിവിടെ ഇരട്ട നിയന്ത്രണമാണ്. പക്ഷേ അതിനെയൊക്കെ മറികടന്ന ചില പ്രമുഖ കവികൾ നമുക്കുണ്ടായിരുന്നു.
എല്ലാ പാട്ടുകളിലും പൂവിനെ നട്ടു വെച്ചിരുന്ന ഒഎൻവി വരച്ചിട്ടുണ്ട്. കലയുടെ നാട്യദേഹമായിരുന്ന കാവാലം നാരായണ പണിക്കർ വരച്ചിരുന്നു. ഭാഷ കൊണ്ട് മാജിക്കും അത്ഭുതവും പരീക്ഷണവും തീർത്ത അയ്യപ്പപ്പണിക്കർ വരച്ചിരുന്നു എന്ന് പറഞ്ഞാൽ അതിനെ മറ്റൊരു തലകുത്തിമറിയിലായി നാം വായിച്ചെടുത്തേക്കും. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആവാതെ പോയ എ അയ്യപ്പൻ വീട് വരച്ചപ്പോൾ കൂടില്ലാത്ത സ്വതന്ത്ര പക്ഷികളെ വീടിനു മുകളിലൂടെ പറത്തിവിട്ട് വീടില്ലാത്തവന്റെ വൈകാരിക അരാജകത്വത്തെ ഒന്നുകൂടി ഉറപ്പിച്ചെടുക്കാൻ പരിശ്രമിക്കുന്നത് കാണാം. മനുഷ്യൻ എന്ന വ്യവസ്ഥിതിയുടെ അഥവാ ഉഗ്രരൂപത്തിന്റെ നെറ്റിത്തടം ഇത്രയും വലുതായി മാറിയതിന് പിന്നിലെ യാന്ത്രിക കവചപൂരണത്തെ ഡി വിനയചന്ദ്രൻ തന്റെ വരയിൽ ആവിഷ്കരിച്ചിട്ടുണ്ട്. സത്യത്തിൽ മനുഷ്യരൂപ നഗ്നതയുടെ വിചിത്രതയെയും ശരീരപരതയെയും കുറിച്ചാണ് മേൽ വിവരിച്ച കവികളൊക്കെയും വരയിൽ ആവിഷ്കരിച്ചത്. നമ്മുടെ സമൂഹവ്യവസ്ഥയിൽ ആളുകൾ പരസ്പരം അന്യരായ് പോകുന്നതിനെയാണ് സന്ദേഹത്തോടെ അവർ വരയിലും വരിയിലും കോർത്തെടുത്തത്. കാലത്തെ കടുത്ത രേഖാ ചമൽക്കാരത്തിലൂടെ തെളിച്ചെടുക്കാനും ഭാവാത്മകത ചോർന്നു പോകാതെ കാട്ടിത്തരാനുമാണ് അവർ ശ്രമിച്ചിരിക്കുന്നത്. മലയാള കവിതയിലെ ആൺതെമ്മാടിക്കൂട്ടത്തിന് പുറത്തുനിർത്തി വേണം ഇവരെ വായിച്ചെടുക്കാൻ.
ഈയാഴ്ചയിലെ
അഫോറിസം
ഒരിക്കലും അലിയാത്ത
ബൗദ്ധികതയുടെ
നിധിയറയാണ്
നമ്മുടെ പൊയറ്റിക്
ആൺ ജാതിസ്വരൂപങ്ങൾ






