വിപ്ലവത്തിന്റെ അഗ്നിച്ചിറക്
വിമതത്വവും വിധേയത്വവുമാണ് വി.എസ്. എന്ന പ്രതിഭാസത്തിന്റെ നിര്‍മ്മാണക്കൂട്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലെനിനിസ്റ്റ് സംഘടനാ സംവിധാനങ്ങളെ ഇതുപോലെ വെല്ലുവിളിച്ച മറ്റൊരു നേതാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണ്ടായിട്ടില്ല. വെല്ലുവിളിച്ചവര്‍ ധാരാളം. പക്ഷെ അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. പാര്‍ട്ടിയുടെ അധികാര സ്വരൂപത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ തുടര്‍ന്ന അസാധാരണത്വം വി.എസിലുണ്ടായിരുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് പറഞ്ഞ റോസാ ലക്‌സംബര്‍ഗിനെ അധികാര സംവിധാനം അടിച്ചു കൊന്ന് കാണയില്‍ ഇട്ടു. എന്തുകൊണ്ട് വി.എസിന് അധികാരഖഡ് ഗങ്ങളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു.?

ഏണസ്റ്റോ ചെഗുവേര വിപ്ലവത്തിന്റെ ലോക മാതൃകയാണ്. വി.എസ്. അച്യുതാനന്ദന്‍ സമകാലിക കേരളത്തിന്റെ വിപ്ലവമുദ്രയാണ്. ആഗോളവത്കരണവും നിയോലിബറല്‍ മുതലാളിത്തവും കേരളത്തെ കാര്‍ന്നു തിന്നപ്പോള്‍ കര്‍ഷത്തൊഴിലാളികളുടെയും ദരിദ്രരായ പാര്‍ശ്വവത്കൃതരുടെയും ഉപ്പുരസം പൊതിഞ്ഞ കണ്ണീരിനെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച നാടന്‍ശീലിന്റെ ഒരു പ്രതിരോധം ആ മുദ്രയിലുണ്ട്. നമ്മുടെ കരുതലും കാവലും കരുത്തുമായി നമുക്കൊപ്പം സഞ്ചരിച്ചൊരാള്‍. അതിനെ നമ്മള്‍ വി.എസ്. എന്ന് രേഖപ്പെടുത്തി. പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍ നിസഹായയായി നിന്ന കെ.കെ. രമയ്ക്ക് ആശ്വാസത്തിന്റെ കരസ്പര്‍ശമായ പിതൃരൂപം. പേരിനെ ശരിയടയാളമാക്കി ഓര്‍ത്തെടുത്ത മഞ്ജുവാര്യര്‍. ഓര്‍മ്മയില്‍ ഒരു അഗ്നിച്ചിറകായി വി.എസ്. മിന്നി കത്തുന്നു. ഓരോരുത്തര്‍ക്കും ഓര്‍ക്കാന്‍ ഓരോ വി.എസ്. ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്നത് പുന്നപ്ര വയലാറിന്റെ സമരഗീതമായിരുന്നു.
പുന്നപ്രയിലും വയലാറിലും ഒഴുകിപ്പരന്ന രക്തത്തില്‍ നിന്ന് ഉയിരെടുത്ത പോരാളികള്‍ ഒരുപാടുണ്ടായിരുന്നു. അതില്‍ നമുക്കൊപ്പം നമ്മുടെ കാലത്ത് സഞ്ചരിച്ച ഒരു സമരപഥമായിരുന്നു വി.എസ്. നിണമൊഴുകിയ മണല്‍പ്പരപ്പില്‍ നിന്നുയര്‍ന്നു വന്ന പൂമരം. വി.എസിന്റെ അവസാന യാത്രയില്‍ ഒന്നു കാണാന്‍ ഞാനും ആയിരങ്ങള്‍ക്കൊപ്പം പുന്നപ്രയില്‍ എത്തി. വലിയ ചുടുകാടും പരിസരവും അനാഥമായി കിടക്കുകയാണ്. തൊട്ടടുത്ത് മാലിന്യം കൊണ്ടുവന്ന് തള്ളുന്ന ഇടം. ചുടുകാടിന്റെ മതിലിനോട് ചേര്‍ന്ന് തലേദിവസം ധാരാളം പൂഴിമണ്ണ് അടിച്ചിരുന്നു. പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായിരിക്കണം അത്. ആ പുതിയ പൂഴിയില്‍ ഏഷ്യാനെറ്റിന്റെയും മനോരമയുടെയും റിപ്പോര്‍ട്ടറിന്റെയും മാതൃഭൂമിയുടെയും 24ന്റെയും ക്യാമറക്കാലുകള്‍ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് മറ്റനേകം ചാനലുകള്‍. ആ മണ്ണ് എന്നെ മറ്റ് ചിലത് കൂടി ഓര്‍മ്മപ്പെടുത്തി. പുന്നപ്ര-വയലാര്‍ സമരസേനാനികളില്‍ പ്രമുഖനായിരുന്ന സഖാവ് പി.കെ. ചന്ദ്രാനന്ദന്റെ വാക്കുകള്‍ കത്തുപിടിച്ചെന്റെ മനസ്സിലൂടെ കടന്നു പോയി. അതിന്റെ തീ എന്നെ കത്തു പിടിപ്പിച്ചു.
”മനുഷ്യശരീരങ്ങള്‍ ആകാശത്തു ചിന്നിച്ചിതറി. തോടും കുളങ്ങളും രക്തം കൊണ്ട് നിറഞ്ഞു. പട്ടാളക്കാര്‍ സഖാക്കളെ കൊന്നു തള്ളി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ശവശരീരങ്ങൾ കൊണ്ട് കുന്നുകളുണ്ടായി. അറുന്നൂറില്‍പ്പരം സഖാക്കള്‍ വയലാര്‍, ഒളതല, മേനാശ്ശേരി ക്യാമ്പുകളില്‍ രക്തസാക്ഷികളായി”
പുന്നപ്രയിലെ മണ്ണിലങ്ങനെ നില്‍ക്കുമ്പോള്‍ എന്റെ മനസ്സിലൂടെ മറ്റൊരു ബിംബം കടന്നുപോയി. വയലാറിലെ വെടിച്ചീളുകള്‍ ബോധം കീഴ്‌മേല്‍ മറിച്ച ഒരമ്മയുടെ ചിത്രം. പുന്നപ്ര-വയലാര്‍ വെടിപ്പിനു ശേഷം ഒരു ദിവസം മാരാരിക്കുളം റോഡില്‍ ഒരു അമ്മ പ്രത്യക്ഷപ്പെട്ടു. അവര്‍ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. നടത്തത്തിനിടയില്‍ അവര്‍ ചില നിര്‍ദ്ദേശങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു.
”വെടി വരുന്നു. ഓടിക്കോ”
വീണ്ടും അവര്‍ കുറച്ചുനേരം നടക്കുന്നു. വീണ്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
”പട്ടാളമാണ്. വെടി… ഓട്”
ഒരു മനുഷ്യന്റെ ഏറ്റവും ഭ്രാന്തമായ ദുഃസ്വപ്‌നങ്ങളില്‍ പോലും വിചാരിക്കാന്‍ കഴിയാത്ത ദുരന്തത്തിന്റെ പ്രതീകമായിരുന്നു അവര്‍. ആ അമ്മയ്ക്ക് ഏഴ് മക്കളുണ്ടായിരുന്നു. വയലാറില്‍ സി.പിയുടെ പട്ടാളം വാരിക്കുന്തവുമായി സമരമുഖത്ത് അണിനിരന്ന മനുഷ്യരെ വെടിവെച്ചിടുകയായിരുന്നു. ആ തീയുണ്ടകള്‍ ഏഴ് മക്കളെയും തിന്നു. വെടിയുണ്ട തിന്ന മക്കളെ കരുതി അവര്‍ സഹനത്തിന്റെ മണല്‍ക്കാടുകളില്‍ അലയുകയായിരുന്നു. ഓര്‍ക്കാനാവില്ല നമുക്ക്. ആ അമ്മ സഞ്ചരിച്ചത് മാരാരിക്കുളം റോഡിലൂടെയായിരുന്നില്ല. അവര്‍ വിശ്വാസത്തിന്റെ ഒരു ഭ്രമരഭൂമിയിലായിരുന്നു. രക്തസാക്ഷിത്വം നിര്‍മ്മിച്ച അനന്യമായ വിശ്വാസലോകം. അതിലാണ് കേരളത്തില്‍ കമ്യൂണിസം വളര്‍ന്നത്. അവിടെ എരിയുന്ന കനലായി വി.എസ്. വിളക്കിച്ചേര്‍ക്കപ്പെട്ടു.

ലെനിനിസ്റ്റ് സംഘടനയെ
വെല്ലുവിളിച്ച വിമതത്വം
വിമതത്വവും വിധേയത്വവുമാണ് വി.എസ്. എന്ന പ്രതിഭാസത്തിന്റെ നിര്‍മ്മാണക്കൂട്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലെനിനിസ്റ്റ് സംഘടനാ സംവിധാനങ്ങളെ ഇതുപോലെ വെല്ലുവിളിച്ച മറ്റൊരു നേതാവ് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണ്ടായിട്ടില്ല. വെല്ലുവിളിച്ചവര്‍ ധാരാളം. പക്ഷെ അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. പാര്‍ട്ടിയുടെ അധികാര സ്വരൂപത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ തുടര്‍ന്ന അസാധാരണത്വം വി.എസിലുണ്ടായിരുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് പറഞ്ഞ റോസാ ലക്‌സംബര്‍ഗിനെ അധികാര സംവിധാനം അടിച്ചു കൊന്ന് കാണയില്‍ ഇട്ടു. എന്തുകൊണ്ട് വി.എസിന് അധികാരഖഡ് ഗങ്ങളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു.?
അതിനുത്തരം ചരിത്രമാണ് നമുക്ക് നല്‍കിയത്. ഒരാള്‍ പ്രസ്ഥാനമായി മാറുന്ന അത്ഭുതമാണത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് രക്തസാക്ഷിത്വത്തിന്റെ നിക്ഷേപത്തിലാണ്. ആ നിക്ഷേപത്തിന്റെ സമ്പത്തു തന്നെയാണ് വി.എസ്. അത് നിര്‍മ്മിച്ച അത്ഭുതകരമായ ജനകീയത വി.എസില്‍ കത്തിപ്പടര്‍ന്നു. ചരിത്രത്തെ സൃഷ്ടിക്കുന്നത് വ്യക്തികളല്ല സമൂഹമാണ്. ഇന്നത്തെ കാലത്തിന് വി.എസ്. അച്യുതാനന്ദനെ നിര്‍മ്മിക്കാനാവില്ല. കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളും അമ്പലപ്പുഴയിലെ കയര്‍ തൊഴിലാളികളും സൃഷ്ടിച്ച വിശപ്പിന്റെയും കഷ്ടപ്പാടിന്റെയും ദുരിതക്കയത്തിലാണ് വി.എസ്. എന്ന പോരാളിയുടെ നിര്‍മ്മിതി നടന്നത്. ആ ജനകീയ അടിത്തറയുടെ ശക്തിയാണ് വി.എസിനെ അജയ്യനാക്കിയത്.

സൂര്യനെല്ലിയിലെ
അച്ഛനെ കാത്തത്
ഏതൊരു മനുഷ്യന്റെയും കണ്ണില്‍ നനവ് പടര്‍ത്തുന്ന അനുഭവമാണ് മാധ്യമപ്രവര്‍ത്തകനായ ബഷീറും സി.പി.എം. നേതാവ് സുജസൂസന്‍ ജോര്‍ജ്ജും പറഞ്ഞത്. ഹൈക്കോടതിയും സുപ്രീംകോടതിയും ജനാധിപത്യ സമൂഹത്തിലെ ആശ്വാസ കേന്ദ്രങ്ങളാണ്. ചില ഘട്ടങ്ങളില്‍ എല്ലാ സര്‍ക്കാരും എക്‌സിക്യൂട്ടീവും മനുഷ്യനെ കൈവിടുമ്പോള്‍ കരുതലായി കോടതി ഉണ്ടാവും. എന്നാല്‍ ചില സമയങ്ങളില്‍ കോടതി നീതിമാനെ തൂക്കിക്കൊല്ലാന്‍ വിധിച്ച് സമൂഹത്തെ ഞെട്ടിക്കും. അത്തരം ഒരു ഞെട്ടലും തൊഴിയും ആണ് സൂര്യനെല്ലിക്കേസിലെ ഇരയായ കുടുംബത്തിന് കോടതി നല്‍കിയത്. വിചാരണ കഴിഞ്ഞപ്പോള്‍ ഏതാണ്ട് എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടു. മാത്രമല്ല പീഡനത്തിന് ഇരയായ പെണ്‍കുട്ടി ബാലവേശ്യ ആണെന്ന തരത്തിലൊരു സൂചന നല്‍കുന്ന വിധി പ്രസ്താവിക്കുകയും ചെയ്തു. സ്ത്രീപക്ഷത്തു നിന്ന് ചിന്തിച്ച മുഴുവൻ മനുഷ്യരെയും അത് വേദനയില്‍ ആഴ്ത്തി. ആ പെണ്‍കുട്ടിയുടെ കുടുംബം കരഞ്ഞൊടുങ്ങി. ആ പെണ്‍കുട്ടിയുടെ പിതാവ് അവിടെ ഒരു പോസ്റ്റാഫീസിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനോട് സംസാരിക്കവേ പറഞ്ഞു. ”ഞാനും മകളും ഇനി ജീവിച്ചിരിക്കില്ല” അദ്ദേഹത്തിന്റെ സുഹൃത്ത് സി.പി.എം അനുഭാവിയായിരുന്നു. സുഹൃത്തിന്റെ മനസ് പിടച്ചു. ഒരു കുടുംബം ആത്മഹത്യ ചെയ്യാന്‍ പോകുന്നു. എന്ത് ചെയ്യും? ഒരെത്തും പിടിയും കിട്ടാതെ പതറിയ അയാളുടെ മനസ്സില്‍ അപ്പോള്‍ വി.എസിന്റെ മുഖം തെളിഞ്ഞു. ഉടനെ അദ്ദേഹം നമ്പര്‍ തപ്പിപ്പിടിച്ച് വി.എസിനെ വിവരം ധരിപ്പിച്ചു. വി.എസ്. അതുള്‍ക്കൊണ്ടു. വി.എസിന്റെ ഓഫീസില്‍ നിന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്യുന്ന പോസ്റ്റോഫീസിലേയ്ക്ക് വി.എസിന്റെ വിളി വന്നു. ”ഞാന്‍ അടുത്ത ദിവസം അടിമാലിയില്‍ വരുന്നുണ്ട്. നിങ്ങള്‍ അവിടേയ്ക്ക് വരണം. സംസാരിച്ചതിനു ശേഷം തീരുമാനം എടുക്കാം’. അരുതാത്തത് ഒന്നും ചെയ്യരുതെന്ന വി.എസ്. വിലക്കാണ് കുടുംബത്തെ ആത്മഹത്യയില്‍ നിന്ന് തടഞ്ഞത്.
വി.എസ്. പറഞ്ഞതു പോലെ അടിമാലിയിലെത്തി. പുറത്തു കാത്തുനിന്ന സൂര്യനെല്ലിയിലെ അച്ഛന്‍ വി.എസിനെ കാണാന്‍ ചെന്നു. വി.എസ്. മുറിയിലുണ്ടായിരുന്ന എല്ലാവരെയും പുറത്താക്കി. അടച്ച മുറിയില്‍ അച്ഛനും വി.എസും സംസാരിച്ചു. കുടുംബത്തിന്റെ ദയനീയ സ്ഥിതി കുടുംബനാഥന്‍ വിശദീകരിച്ചു. എല്ലാം കേട്ടതിനു ശേഷം വി.എസ്. പറഞ്ഞു. ‘തോല്‍ക്കരുത്, സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കണം. പോരാട്ടം തുടരണം. കൂടെ ഞാനുണ്ട്”. ആ വാക്കുകള്‍ക്ക് എന്ത് കരുത്തായിരുന്നു. മരണത്തില്‍ നിന്ന് ആ കുടുംബം ജീവിതത്തിലേക്ക് തിരിച്ചു കയറി. അതൊരു കരുതലായിരുന്നു. ഭൂമിയില്‍ മറ്റൊരു നേതാവിന് തോന്നാത്ത അല്‍പം സ്‌നേഹം. പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് കുടുംബത്തെ അമ്പരപ്പിച്ചു കൊണ്ട് വി.എസ്.സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കൂടെ സുജ സൂസന്‍ ജോര്‍ജ്ജും ഉണ്ടായിരുന്നു. വി.എസ്. കുടുംബത്തെ ആശ്വസിപ്പിച്ചു. ശേഷം കൈയ്യില്‍ കരുതിയ ഒരു ലക്ഷം രൂപ അച്ഛന് കൈമാറി. എന്നാല്‍ അത് വാങ്ങാന്‍ അച്ഛന്‍ മടിച്ചു. അപ്പോള്‍ വി.എസ്. പറഞ്ഞു. ”ഇത് വാങ്ങു. അവരുടെ മുത്തച്ഛന്‍ തരുന്നതാണെന്ന് കരുതിയാല്‍ മതി. ഞാന്‍ എന്റെ പെന്‍ഷന്‍ കാശില്‍ നിന്ന് സ്വരൂക്കൂട്ടിയതാണ്’. കരുതലിന്റെ കരുണ നിറഞ്ഞ വാക്കുകള്‍ അച്ഛന്റെ കണ്ണു നിറച്ചു. അവരത് വാങ്ങി. ഒരു കുടുംബം ഒരു ജനത കണ്ണീരു കൊണ്ട് വി.എസിനെ ശുദ്ധീകരിക്കുകയായിരുന്നു.
ക്യാപ്പിറ്റല്‍
വെട്ടിനിരത്തില്‍ സി.പി.എംന്റെ ശത്രുസംഹാര ശസ്ത്രക്രിയായിരുന്നു. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശേഷക്രിയകളുടെ കാലങ്ങളാണ്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ വിഖ്യാതമായ മൂന്ന് പര്‍ജിംഗ് കാലഘട്ടമുണ്ട്.ഒന്നാം ഘട്ടം സി.ഐ.ടി.യുവും അച്യുതാനന്ദനും ഇ.എം.എസും ഒരുമിച്ച് നിന്ന കാലം. എം.വി.രാഘവനും കെ.ആര്‍. ഗൗരിയമ്മയും പാര്‍ട്ടിയില്‍ പര്‍ജ് ചെയ്യപ്പെട്ടു. രണ്ടാംഘട്ടം സി.ഐ.ടി.യു.വിനെതിരെ അച്യുതാനന്ദനും പിണറായി വിജയനും സംഘം ചേര്‍ന്ന കാലം. ഒ. ഭരതനും, സി. കണ്ണനും, എം.എം. ലോറന്‍സും, വി.ബി. ചെറിയാനും, കെ.എന്‍. രവീന്ദ്രനാഥും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും പര്‍ജ് ചെയ്യപ്പെട്ട കാലം. അവസാനഘട്ടത്തില്‍ പിണറായിയും വി.എസും തമ്മിലുള്ള യുദ്ധമായിരുന്നു. അതില്‍ ആരും പര്‍ജ് ചെയ്ത് പുറത്താക്കപ്പെട്ടില്ല. പക്ഷെ സെക്രട്ടേറിയറ്റില്‍ നിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ചിലര്‍ താഴേക്ക് എറിയപ്പെട്ടു. അച്യുതാനന്ദന്റെ കൂടെ നിന്നവരില്‍ ഉറച്ചു നിന്നവര്‍ താഴേയ്ക്ക് എറിയപ്പെട്ടു. മറുകണ്ടം ചാടി പിണറായി വിജയനെ സുഖിപ്പിച്ചവര്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒഞ്ചിയത്ത് പ്രതിഷേധിച്ച് പുറത്തുപോയ ടി.പി ചന്ദ്രശേഖരന്‍ വെട്ടി നുറുക്കപ്പെട്ടു.
പണിഷ്‌മെന്റ്
ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റായി ചര്‍ച്ചയില്‍ നിറയുന്നത്. പിണറായി വിജയന്‍ മിന്നല്‍പ്പിണരായ മലപ്പുറം സമ്മേളനത്തോടുകൂടി പാര്‍ട്ടി വി.എസിന്റെ കൈയ്യില്‍ നിന്നും പോയി. പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പിണറായി നേടി. 2012ലെ തിരുവനന്തപുരം സമ്മേളനത്തിലാണ് വി.എസിന് രാഷ്ട്രീയ വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം മുന്‍ സിപിഎം എം.എല്‍.എ.യും സി.പി.എം. നേതാവുമായിരുന്ന പിരപ്പന്‍കോട് മുരളി മലയാള മനോരമയില്‍ എഴുതി ‘വിഭാഗീയത വളര്‍ത്തുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്യുന്ന വി.എസിനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്ന് പറഞ്ഞത് എം.സ്വരാജാണെന്ന്. സ്വരാജ് അപ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറാണ്. ആ സമ്മേളനത്തില്‍ അതിന് മറുപടി പറയാന്‍ അവസരം വേണമെന്ന് അന്ന് വി.എസ്. ആവശ്യപ്പെട്ടിരുന്നു. പക്ഷെ അനുവദിക്കപ്പെട്ടില്ല. അതുകൊണ്ട് 2012 ഫെബ്രുവരി 10നു നടന്ന പൊതുയോഗത്തില്‍ അതിന് മറുപടി നല്‍കി. വി.എസ്. പറഞ്ഞു. ”വി.എസ്. അച്യുതാനന്ദനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നടത്തണം എന്നുള്ള തരത്തില്‍ ക്രൂശിക്കാനുള്ള മുദ്രാവാക്യങ്ങള്‍ ഇന്ന് ചിലര്‍ വിളിക്കുന്നുണ്ട്. 1943ല്‍ കയ്യൂരിലെ കൃഷിക്കാര്‍ കൃഷിഭുമിയില്‍ സ്ഥിരാവകാശത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയപ്പോള്‍ 4 പേര്‍ക്കു തൂക്കുമരം ലഭിച്ചു. പുന്നപ്രയിലെ പൊലീസ് പാര്‍ട്ടി പ്രവര്‍ത്തകരെ വെടിവെച്ചു. ഇത്തരം മര്‍ദ്ദനവും തൂക്കുമരവും കണ്ട കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല.”
2015-ല്‍ ആലപ്പുഴ സമ്മേളനത്തിലും ഇത് ക്വാട്ട് ചെയ്യപ്പെട്ടു. അത് ക്വാട്ട് ചെയ്തത് ഒരു ‘കൊച്ചു പെണ്‍കുട്ടി’ ആയിരുന്നെന്ന് മുന്‍ എം.പി. സുരേഷ്‌കുറുപ്പ് ഓര്‍ത്തത് മാതൃഭൂമി പത്രത്തിലാണ്. അത് പറഞ്ഞത് ഞാനല്ല എന്ന് പറഞ്ഞ് ചിന്ത ജെറോം അതേറ്റെടുക്കുകയും ചെയ്തു.
ആലപ്പുഴ സമ്മേളനത്തിന്റെ പാര്‍ട്ടി റിപ്പോര്‍ട്ട് തന്നെ ‘വി.എസ്. വധം’ ആയിരുന്നു.താന്‍ ജീവന്‍ നല്‍കിയ പാര്‍ട്ടി, സ്വന്തം ജീവരക്തം കൊണ്ട് നനച്ചുവളര്‍ത്തിയ പാര്‍ട്ടി, ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് വി.എസിനെ ഡിസക്റ്റിംഗ് ടേബിളില്‍ കിടത്തി തലങ്ങും വിലങ്ങും കീറി. മുറിപ്പാടുകളിലേയ്ക്ക് ഓരോ സംസ്ഥാന പ്രതിനിധികളും ഉപ്പും മുളകും പുരട്ടിയ പരിഹാസ കല്ലുകള്‍ ഉന്നംതെറ്റാതെ എറിഞ്ഞു. അപ്പോള്‍ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരത്തിന്റെ ഹൃദയം കീറി. പൊടിഞ്ഞ ചോര തുള്ളികള്‍ വെള്ളജൂബയില്‍ പടര്‍ന്നിറങ്ങി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ജില്ലകളിലെ പ്രതിനിധികളുടെ വി.എസ്. വധം ആട്ടക്കഥയുടെ അരങ്ങവതരണം കഴിഞ്ഞപ്പോള്‍ വി.എസ്. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. തനിയാവര്‍ത്തനം. ജില്ലകള്‍ ഇനി ഒമ്പതു കൂടി കഴിയാനുണ്ട്. അവസാനം സംസാരിച്ച ചിന്ത ജെറോം വിഭാഗീയതയുടെ കുലപതിക്ക് ക്യാപിറ്റല്‍ പണിഷ്‌മെന്റ് തന്നെ കൊടുക്കണം എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയി. ആ പറച്ചിലിന് പിന്നീട് ചിന്തയ്ക്ക് ഇരിപ്പിടം കിട്ടി. യുവജനക്ഷേമ വകുപ്പിന്റെ ചെയര്‍പേഴ്‌സണായി. സമ്മേളനഹാളില്‍ പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ വി.എസിലേക്കായി. വി.എസ്. ഇറങ്ങി നടക്കുകയാണ്. കൂടെ ആരും ഇല്ല. ആര്‍ക്കും അതിനുള്ള ധൈര്യം ഉണ്ടായില്ല. സി.എസ്.സുജാത വാതില്‍ തുറന്നു കൊടുത്തു.
അമ്മ പശുവാണെങ്കില്‍ അച്ഛനോ?
കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍മ്മിച്ച ചട്ടക്കൂടാണ് അച്യുതാനന്ദന്റേത്. അതിന്റെ രൂപം ജൂബയുടേതാണ്. അത് സമ്പൂര്‍ണ്ണമായി മതനിരപേക്ഷമായിരുന്നു. അതില്‍ ഹിന്ദുവിനോ മുസല്‍മാനോ ക്രൈസ്തവനോ പ്രത്യേകത ഇല്ല. മനുഷ്യനു മാത്രമാണ് പ്രാധാന്യം. പശുമാതാവിനെ പൂജിക്കുന്ന ഹിന്ദു അസംബന്ധമാണ് പറയുന്നതെന്ന് വി.എസ്. ചൂണ്ടിക്കാട്ടി. നാം ആരെങ്കിലും നമ്മുടെ അമ്മയെ മൂക്കുകയറിട്ട് കെട്ടിവലിക്കുമോ? എന്നാണ് വി.എസ്. ചോദിച്ചത്. മാത്രമല്ല സംഘപരിവാര്‍ രാഷ്ട്രീയത്തെ പച്ചമനുഷ്യന്റെ ഭാഷയില്‍ വെട്ടിക്കൂട്ടുകയായിരുന്നു വി.എസ്. ”പശു അമ്മയാണെങ്കില്‍ അതിന്റെ ഭര്‍ത്താവല്ലേ കാള. കാളയെ നിങ്ങള്‍ അച്ഛനെന്നു വിളിക്കുമോ?” ഹിന്ദുത്വ രാഷ്ട്രീയത്തിനും ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിനും ഒരേ പോലെ എതിരായിരുന്നു വി.എസ്. ഹിന്ദുത്വ രാഷ്ട്രീയത്തെയും ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെയും വി.എസ്. വെറുത്തു. അതിനെ എതിര്‍ത്തു തോല്പിക്കാന്‍ അദ്ദേഹം വാശി കാണിച്ചു.
പ്രൊഫസര്‍ ജോസഫിന്റെ കൈപ്പത്തി നബിയെ നിന്ദിച്ചു എന്നു പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിയെടുത്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഒരു പത്രസമ്മേളനം വി.എസ്. നടത്തി. അതില്‍ പോപ്പുലര്‍ ഫ്രണ്ടിനെ അതിനിശിതമായി വി.എസ്. വിമര്‍ശിച്ചു. സ്വാതന്ത്ര്യസമര ദിനത്തില്‍ അവര്‍ നടത്താന്‍ പോകുന്ന ഫ്രീഡം പരേഡിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സംസാരം. മറ്റ് മതസ്ഥരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ചും മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും 2040 ആകുമ്പോള്‍ കേരളത്തെ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുമെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസ്താവനയെയാണ് പിന്നീട് കേരളം താമസിയാതെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറുമെന്ന് വി.എസ്. പറഞ്ഞെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. പ്രസംഗം മുറിച്ചെടുത്ത് മുസ്ലീം തീവ്രവാദികള്‍ അവര്‍ക്ക് വേണ്ടിയും ഹിന്ദുതീവ്രവാദികള്‍ അവര്‍ക്ക് വേണ്ടിയും ഉപയോഗിച്ചു. സച്ചാര്‍ കമ്മിറ്റിയെ പിന്തുടര്‍ന്ന് കേരളത്തില്‍ പാലൊളി മുഹമ്മദ് കുട്ടി കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം എഴുപതിനായിരത്തിലധികം മദ്രസ അദ്ധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയത് വി.എസ്. അച്യുതാനന്ദനായിരുന്നു. മുസ്ലീംലീഗിന്റെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിന്റെ കാലത്ത് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ പ്രസംഗിച്ച വി.എസ്. പറഞ്ഞു മലപ്പുറത്തെ ഉയര്‍ന്ന വിജയം കോപ്പിയടിച്ച വിജയമാണെന്ന്. ആ പ്രസ്താവന സി.പി.എം അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തു.

വി.എസിന്റെ പരിസ്ഥിതി രാഷ്ട്രീയം
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടത് പരിസ്ഥിതി രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞ കേരളത്തിലെ ആദ്യത്തെ നേതാവ് വി.എസ്. ആയിരുന്നു. പരിസ്ഥിതിക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍ ജീവിതത്തെ തുടച്ചുമാറ്റുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 2018-ലെ പ്രളയം, ചൂരല്‍മല, ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍ ഇതെല്ലാം വി.എസ്. ആയിരുന്നു ശരി എന്ന് മലയാളികളെ ബോധ്യപ്പെടുത്തി. പ്രതിപക്ഷ നേതാവായിരുന്ന കാലമാണ് അതിന്റെ രാഷ്ട്രീയ പ്രയോഗം വി.എസ്. നടത്തിയത്. പ്ലാച്ചിമടയില്‍ കൊക്കോകോളക്കെതിരെ, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി, പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി, ഏലമലക്കാട്ടിലും മതികെട്ടാന്‍ മലയിലും, പൂയംകുട്ടിയിലും, ജീരകപ്പാറയിലും വി.എസ്. ഓടിക്കയറിയത് പ്രകൃതിയെ സംരക്ഷിക്കാനായിരുന്നു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ തളിച്ചത് മനുഷ്യനും പ്രകൃതിക്കും ഒരേ പോലെ ദുരന്തം വിതച്ചു. മൂന്നാറില്‍ ഭൂമാഫിയ കയ്യേറിപ്പണിത റിസോര്‍ട്ടുകള്‍ ജെസിബി വച്ച് തകര്‍ത്തപ്പോള്‍ ആവേശഭരിതരായി ജനം കൈയ്യടിച്ചു. ഈ സമരങ്ങളുടെ ആത്യന്തിക ഫലം ഇക്കോളജിയെ കേരള രാഷ്ട്രീയത്തിന്റെ സെന്റര്‍ പോയിന്റിലേക്ക് കൊണ്ടുവന്നതാണ്. അച്യുതാനന്ദന്‍ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ തത്വശാസ്ത്രം നമ്മെ പഠിപ്പിച്ചില്ല. പക്ഷെ അതിന്റെ പ്രായോഗിക രാഷ്ട്രീയം നമ്മെ പഠിപ്പിച്ചു.

കേരളത്തിലെ പ്രമാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പഴയ നക്‌സലൈറ്റ് നേതാവ് അജിതയുമായി കൈകോര്‍ത്തു കൊണ്ടുള്ള പോരാട്ടം. കുഞ്ഞാലിക്കുട്ടിയും രജീനയുമായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയെ പിന്നാലെ നടന്ന് ജയിലിലാക്കി. അഴിമതിക്കെതിരെയും സ്ത്രീപീഡനത്തിനെതിരെയും ശക്തമായ നിലപാടുകള്‍. സ്ത്രീപീഡകരായ നരാധമന്മാരെ കയ്യാമം വെച്ച് റോഡിലൂടെ നടത്തും എന്നത് കേരളത്തിലെ സ്ത്രീകള്‍ കയ്യടിച്ച് സ്വീകരിച്ചിരുന്നു. സ്ത്രീകളുടെ സ്വീകാര്യത എത്രമാത്രമായിരുന്നു വി.എസിന് എന്ന് മനസ്സിലാക്കാന്‍ ‘ പെമ്പിളൈ ഒരുമൈ’ സമരം പരിശോധിച്ചാല്‍ മതി. ചൂഷണത്തില്‍ മനം മടുത്ത സ്ത്രീകള്‍ പുരുഷന്മാരെ ഒഴിച്ചുനിറുത്തി നടത്തിയ സമരമായിരുന്നു അത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ആ സമരം ഹൈജാക് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ സ്ത്രീകള്‍ സമരപ്പന്തലിലേയ്ക്ക് ആരെയും പ്രവേശിപ്പിച്ചില്ല. അത്യുജ്വലമായ ‘ പെമ്പിളൈ ഒരുമൈ’ സമരത്തിലേയ്ക്ക് പ്രവേശനം കിട്ടിയ ഏകനേതാവ് വി.എസ്. ആയിരുന്നു. സ്ത്രീകളുടെ രക്ഷകര്‍ത്താവായി അദ്ദേഹം മാറിയിരുന്നു.
പല കാലത്തും വി.എസ്. പാര്‍ട്ടിയോട് കലഹിച്ചിട്ടുണ്ട്. പക്ഷെ അതൊരിക്കലും പാര്‍ട്ടിയോട് വേര്‍പിരിയാനുള്ള വഴിയായി വി.എസ്. കണ്ടില്ല. പാര്‍ട്ടിയോട് കലഹിക്കുമ്പോള്‍ പാര്‍ട്ടി കര്‍ശന സ്വഭാവം കാണിക്കും അപ്പോള്‍ വി.എസ്. പ്രസ്ഥാനത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കും. വിമതനും വിധേയനും അത്ഭുതകരമായ രീതിയില്‍ വിളങ്ങിച്ചേര്‍ന്ന വിസ്മയ പ്രതിഭാസമായിരുന്നു വി.എസ്.

ഭരണകൂടത്തെ ജാഗ്രതയുടെ മുള്‍മുനയില്‍ നിറുത്തുന്ന സംവിധാനമാണ് പ്രതിപക്ഷം എന്ന് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്യുകയായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ പൊതുസമൂഹത്തിലെ ഇടപെടലുകളെല്ലാം അടിസ്ഥാനവര്‍ഗത്തിനു വേണ്ടിയായിരുന്നു. പുന്നപ്ര-വയലാറാണ് വി.എസിന്റെ തലച്ചോറിനെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരുന്നത്. കറുപ്പും വെളുപ്പും ചേര്‍ന്നതാണ് ജീവചരിത്രങ്ങള്‍. വി.എസില്‍ മിന്നിയ അഗ്നി അടുത്ത തലമുറയിലേക്ക് ആളിപ്പടരുന്നതാണ്. സിദ്ധാന്തങ്ങള്‍ അല്ല നാം വി.എസില്‍ നിന്ന് വായിക്കുന്നത്. പ്രയോഗങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് പുതിയ തലമുറ അനുഭവിക്കുന്നത്. അനുഭവങ്ങളും പാളിച്ചകളും പുതിയ കാലത്തിന്റെ ഈട് വെപ്പായി മാറും. ഇനി അവതാര സാദ്ധ്യതയില്ലാത്ത അത്യപൂര്‍വ പ്രതിഭാസമായി നമ്മുടെ ഹൃദയത്തെയും തലച്ചോറിനെയും വി.എസ്. ത്രസിപ്പിച്ചുകൊണ്ടിരിക്കും.






