ക്രിക്കറ്റ്താരങ്ങളുടെ സ്വപ്നതീരം

പണക്കൊഴുപ്പും പ്രശസ്തിയും ആഡംബരവും മുഖമുദ്രയായ ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തിന് അഭിമാനിക്കാവുന്ന ഒത്തിരി നേട്ടങ്ങള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം കടന്നുപോകുന്നത്.

ഏഷ്യന്‍ ചാമ്പ്യന്മാർ

ഇന്ത്യന്‍ ദൃശ്യ മാധ്യമ രംഗം ദൂരദര്‍ശന്‍ അടയ്ക്കി വാണിരുന്ന 90 കളിലെ ഇന്ത്യന്‍ ബാല്യങ്ങള്‍ക്ക് മഹാഭാരതവും രാമായണവും മൗഗ്ലിയും ചിത്രഹാറും ഒക്കെയായിരുന്നു ഒരാശ്വാസം. എന്നാല്‍ അവരുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കൂട്ടായിരുന്നത് സച്ചിനും ദ്രാവിഡും ഗാംഗുലിയും മറ്റുമടങ്ങുന്ന ഒരു കൂട്ടം ലജന്ററി ക്രിക്കറ്റ് താരങ്ങളുടെ പ്രകടനങ്ങള്‍ ആയിരുന്നു.
80കളിലെ മലയാളി കായിക പ്രേമികളുടെ ആരാധനാപാത്രങ്ങള്‍ ആയിരുന്ന ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ആയ സത്യന്‍ പാപ്പച്ചന്‍, ഷറഫലി, വിജയന്‍ എന്നിവരില്‍ നിന്നും മറ്റും ക്രിക്കറ്റ് താരങ്ങളിലേക്ക് കായിക ആരാധകര്‍ കൂട് മാറിയത് വളരെ പെട്ടെന്നായിരുന്നു. 1983ല്‍ കപിലും ചെകുത്താന്മാരും നേടിയ മഹത്തായ ലോകകപ്പ് ക്രിക്കറ്റ് വിജയമായിരുന്നു ആ മാറ്റത്തിന് അടിസ്ഥാനമായിരുന്നത്. സച്ചിന്‍ ടെൻഡുൽക്കർ എന്ന മാന്ത്രിക ക്രിക്കറ്റ് കളിക്കാരന്റെ പ്രതിഭയുടെ പിന്‍ബലത്തോടെ ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണും മറ്റും ചേര്‍ന്ന് ഇന്ത്യയെ ലോകത്തിലെ ഒരു പ്രധാനപ്പെട്ട ക്രിക്കറ്റ് രാജ്യമാക്കി നമ്മുടെ രാജ്യത്തെ മാറ്റിയിരുന്നു. എന്നാല്‍ 90കളില്‍ അവര്‍ക്ക് നേടാന്‍ കഴിയാതിരുന്ന ലോകകപ്പ് കിരീടം എന്ന സ്വപ്‌നം പിന്നീട് 2011ല്‍ മഹേന്ദ്രസിംഗ് ധോണിയിലൂടെ ഇന്ത്യ നേടിയെടുക്കുകയും ചെയ്തു. 1983ല്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതു വസന്തം, തലമുറ തലമുറ കൈമാറി നാളിതുവരെയും കെടാതെ നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ സൂക്ഷിച്ചുവരുന്നുണ്ട്.
ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ലോകത്തിലെ ഏറ്റവും സമ്പത്തും പ്രൗഢിയും ഉള്ള ഒരു കായിക അസോസിയേഷനായാണ് അറിയപ്പെടുന്നത്. ബിസിസിഐയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും വനിതാ ക്രിക്കറ്റ് ലീഗും ഇന്ന് ലോക ക്രിക്കറ്റ് താരങ്ങളുടെ സ്വപ്‌ന തീരമായി ഇന്ത്യയെ മാറ്റിയിട്ടുണ്ട്. ഒരുകാലത്ത് പാമ്പാട്ടിമാരുടെയും ദുര്‍മന്ത്രവാദികളുടെയും നാട് എന്ന് യൂറോപ്യന്മാര്‍ അടച്ചാക്ഷേപിച്ചിരുന്ന ഇന്ത്യ എന്ന രാജ്യത്ത്, ഇന്ന് ഐപിഎല്‍ കളിക്കുന്നതിനായി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് മുതലായ ലോകത്തിലെ ഒന്നാംകിട രാജ്യങ്ങളിലെ കളിക്കാര്‍ അവസരത്തിനായി ഇന്ത്യന്‍ ഐപിഎല്‍ ടീമുകള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കുന്നതായി കാണാം. ഇത് തികച്ചും അത്ഭുതാവഹമായ മാറ്റമാണ്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളോ മൈതാനങ്ങളോ ഇല്ലാതിരുന്ന ഇന്ത്യയില്‍ ഇന്ന് നിരവധി ലോകനിലവാരത്തിലുള്ള മൈതാനങ്ങളും സ്റ്റേഡിയങ്ങളും ഉണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ലോകത്തെ പ്രമുഖ കായിക മാമാങ്കങ്ങള്‍ക്ക് ഇന്ത്യ അതിഥേയത്വം വഹിക്കുന്നു.

19 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള വനിതാ ട്വന്റിട്വന്റി ലോകകപ്പ് കിരീടം നേടിയവര്‍
ഐസിസി ചാമ്പ്യന്‍സ്

ബുട്ട ബൊമ്മ ബുട്ട ബൊമ്മ ……
വിദേശത്തുനിന്ന് ഐപിഎല്‍ കളിക്കുന്നതിനും മറ്റും ഇന്ത്യയില്‍ വരുന്ന വിദേശ താരങ്ങള്‍ ഇന്ത്യന്‍ ഉത്സവങ്ങളിലും സാംസ്‌കാരിക പരിപാടികളിലും ഭാഗഭാക്കാവുന്നു. ബുട്ട ബൊമ്മ ബുട്ട ബൊമ്മ എന്ന് പ്രശസ്ത അല്ലുഅര്‍ജുന്‍ ഗാനത്തിനൊപ്പം കുടുംബാംഗങ്ങള്‍ക്കൊപ്പം നൃത്തം വെച്ച് റീലുകള്‍ റിലീസ് ചെയ്യുന്നു. പ്രസ്തുത റീലുകള്‍ സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകള്‍ കാണുകയും പങ്കുവെക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ ജനങ്ങളും ഇന്ത്യന്‍ സംസ്‌കാരവും ഇന്ത്യന്‍ കായിക രംഗവും ലോകമാകെ പരക്കുവാനും വിദേശികളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റുവാനും ഇത് ഇടയാക്കുന്നു. സ്വദേശങ്ങളിലും വിദേശങ്ങളിലും താമസിക്കുന്ന കോടിക്കണക്കിന് ഇന്ത്യന്‍ ജനതയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര തലത്തില്‍ നേടുന്ന വിജയങ്ങള്‍ ആത്മാഭിമാനവും ദേശബോധവും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദകമാകുന്നുണ്ട്. സംശയമില്ല ഇന്ത്യന്‍ കായിക രംഗം വളരുകയാണ് ക്രിക്കറ്റിലും ഹോക്കിയിലും നമ്മുടെ പഴയ പ്രതാപം നിലനിര്‍ത്തുന്നു. തീര്‍ച്ചയായും ഇന്ത്യന്‍ കായിക രംഗത്തിന് പോരായ്മകള്‍ ഉണ്ട്. എന്നാല്‍ അത് അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന് മുന്നേറി ലോകനിലവാരത്തിലേക്കുള്ള യാത്രയിലാണ് നിലവിലുള്ളത്.

അഭിമാനിക്കാവുന്ന നേട്ടങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിനും ദശലക്ഷക്കണക്കിന് ആരാധകര്‍ക്കും വില മതിക്കാനാകാത്ത നിമിഷങ്ങളും സമ്മാനങ്ങളും നല്‍കിക്കൊണ്ട് 2025-മാണ്ട് ഇതാ വിടവാങ്ങാന്‍ തയ്യാറെടുക്കുന്നു. നടപ്പു വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് പിന്നിട്ട നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ഈ വര്‍ഷത്തെ ഏകദിന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നേടിയിരുന്നു. ഏകദിന ചിരവൈരികള്‍ ആയ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഏഷ്യന്‍ ചാമ്പ്യന്മാരായത് മനോഹരമായ കാഴ്ച, ഏതൊരു ഇന്ത്യന്‍ പ്രേക്ഷകനും തന്റെ ആയുസ്സില്‍ മറക്കാനിടയില്ലാത്ത വിധം സുന്ദരമായിരുന്നു.. 19 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള വനിതാ ട്വന്റിട്വന്റി ലോകകപ്പ് കിരീടം ദക്ഷിണാഫ്രിക്കന്‍ കൗമാരപ്പടയെ പരാജയപ്പെടുത്തി ഷഫാലി വര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീനേജ് വനിതകള്‍ രാജ്യത്തിന് സമ്മാനിച്ചിരുന്നു.. പിന്നീട് ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സൗത്താഫ്രിക്കന്‍ വനിതകളെ ഫൈനലില്‍ പരാജയപ്പെടുത്തി വനിതകള്‍ക്കായുള്ള ഏകദിന കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയതും ഏതൊരു ഇന്ത്യക്കാരനെയും സന്തോഷത്തിലാഴ്‌ത്തിയിട്ടുള്ളതാണ്. ഏറ്റവും അവസാനമായി കാഴ്ച പരിമിതര്‍ക്ക് ആയുള്ള വനിതാ ക്രിക്കറ്റ് ലോക കിരീടവും ഇന്ത്യന്‍ ടീം സ്വന്തമാക്കുകയുണ്ടായി. പണക്കൊഴുപ്പും പ്രശസ്തിയും ആഡംബരവും മുഖമുദ്രയായ ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തിന് അഭിമാനിക്കാവുന്ന ഒത്തിരി നേട്ടങ്ങള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം കടന്നുപോകുന്നത്.

Author

52 Views
Scroll to top
Close
Browse Categories