ശ്രീനാരായണഗുരു മഹാനിഘണ്ടു

ശിവപ്രസാദപഞ്ചകം:
ഗുരുവിന്റെ രചന. കാലം 1887നും 1897നും ഇടയില്‍. വൃത്തം തോടകം. ലൗകിക കാര്യങ്ങളില്‍ മുഴുകി അലയുന്ന മനസ്സിനെ ശിവങ്കലുറപ്പിക്കുന്നതിനായി തനിക്കു കഴിവു ത രണെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ശിവപ്രസാദ് സ്വാമികള്‍:
ജനനം 1856 ആഗസ്റ്റ് 17 മരണം 1949 ആഗസ്റ്റ് 27. അച്ഛനമ്മമാര്‍: കണ്ണൂര്‍ സ്വദേശി ചത്തമ്പിള്ളി കണ്ണന്‍, മാഹി സ്വദേശി മിച്ചിലോട്ട് കല്യാണി. ഔപചാരിക വിദ്യാഭ്യാസം നേടിയെങ്കിലും ആധ്യാത്മിക കാര്യങ്ങളിലായിരുന്നു കൃഷ്ണനു താല്‍പര്യം. പെരിങ്ങോട്ടുകര ശ്രീനാരായണ ശ്രമത്തില്‍ വന്ന് ശിവലിംഗസ്വാമികളുടെ കൂടെ കൂടി പിന്നീട് ഉത്തരേന്ത്യന്‍ പര്യടനം നടത്തി. വേദ വേദാന്തങ്ങളില്‍ അറിവ് സമ്പാദിച്ചു. കുര്‍ക്കഞ്ചേരി ആശ്രമത്തില്‍ അന്തേവാസിയായി കഴിയവേ, ഗുരു അദ്ദേഹത്തെ വര്‍ക്കലയിലേക്ക് വിളിപ്പിച്ചു. അവിടെ ഗുരുവിനെ സന്ദര്‍ശിക്കുകയും അന്തേവാസിയായി തീരുകയും ഗുരുധര്‍മ്മങ്ങളില്‍ ഊന്നിയുള്ള നല്ലൊരു പ്രഭാഷകനായി തീരുകയും ചെയ്തു.
”ജാതിയെ ഹോമിക്കണം. അതിനു ശിവപ്രസാദിനെപ്പോലുള്ളവര്‍ നാടെങ്ങും നടന്ന് പ്രസംഗിക്കണം.” എന്ന് ഗുരു ഒരിക്കല്‍ പറയുകയുണ്ടായി. ധര്‍മ്മ പ്രചാരണത്തിനായി ഭാരതദീപം, ഉദയസൂര്യ എന്നീ രണ്ടു മാസികകള്‍ നടത്തി. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നതായിരുന്നു 1922 ആദ്യ ലക്കമിറങ്ങിയപ്പോള്‍ ഭാരതദീപം മുദ്രാവാക്യം ആക്കിയത്.

ശിവശതകം:
സ്വാമികളുടെ അവധൂതകാലത്തെ കൃതിയായി കണക്കാക്കുന്നു. ശിവനെ വാഴ്ത്തുന്ന നൂറു പദ്യങ്ങളടങ്ങിയ കൃതിയില്‍ ഗണപതി സ്തുതി, സരസ്വതീസ്‌തോത്രം, സുബ്രഹ്‌മണ്യസ്തുതി എന്നിവയും ചേര്‍ത്തിരിക്കുന്നു.

ശിവസ്തവം:
ഭക്തനു സന്തോഷം നല്‍കുന്നതിന് ശിവനെ സ്തുതിക്കുന്നു. ലോകസുഖങ്ങള്‍ തേടി ഇന്ദ്രിയങ്ങള്‍ മായയില്‍ കുടുങ്ങി അലഞ്ഞുനടക്കുന്നു. അവയെല്ലാം കപടനാടകങ്ങളാണെന്നു തിരിച്ചറിഞ്ഞ് മനസ്സിനെ നിയന്ത്രിച്ച് ഒതുങ്ങിയിക്കാന്‍ എന്നെ അനുഗ്രഹിക്കണേയെന്നു പ്രാര്‍ത്ഥിക്കുന്നു.

ശുദ്ധിപഞ്ചകം:
ശ്രീനാരായണധര്‍മ്മത്തിന്റെ മൂന്നാം സര്‍ഗ്ഗത്തില്‍ ശുദ്ധിപഞ്ചകം എന്തെന്ന് ഗുരു വിവരിക്കുന്നു. ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിവയാണ് ശുദ്ധിപഞ്ചകം. ഇതു പാലിക്കുന്നവര്‍ ലോകത്തില്‍ ആയുസ്സുള്ളവരും ആരോഗ്യവാന്മാരും കീര്‍ത്തിമാന്മാരുമായി ജീവിക്കും.

ശുഭാനന്ദസ്വാമികള്‍:
പറയസമുദായത്തില്‍ 1057 മേടം 17 ന് തിരുവല്ലയില്‍ ചാപ്പന്‍കുട്ടി ജനിച്ചു. വളര്‍ന്ന സാഹചര്യംകൊണ്ട് സവര്‍ണ്ണ സമുദായത്തില്‍നിന്നും പീഡനമേറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഗുരുസന്നിധിയിലെത്തി ശിഷ്യനായി. സന്യാസനാമം ശുഭാനന്ദ. മാവേലിക്കര കേന്ദ്രീകരിച്ച് ബോധോദയസംഘം സ്ഥാപിച്ചു. 1950 ജൂലൈ 29 നു സമാധിയായി.

ശൂദ്രന്‍:
മനുഷ്യരെ നാലു വര്‍ണ്ണങ്ങളാക്കി വിഭജിച്ചു, തൊഴില്‍ നിശ്ചയിച്ചു നല്‍കുന്ന സമ്പ്രദായമാണ് ചാതുര്‍വര്‍ണ്ണ്യം. പാരമ്പര്യ പ്രകാരം ആ തൊഴിലില്‍ തുടരേണ്ടി വരുന്നു. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ മേലെ വര്‍ണ്ണങ്ങളെ സേവിക്കുകയാണു ശൂദ്രന്മാരുടെ ധര്‍മ്മമെന്ന് സ്മൃതികളില്‍ എഴുതി വെച്ചിരിക്കുന്നു. ബ്രാഹ്‌മണരെ സേവിക്കുന്നതിലൂടെ സ്വര്‍ഗപ്രാപതിയുണ്ടാകുമെന്നു സ്മൃതികള്‍. കേരളത്തിലെ ശൂദ്രന്മാര്‍ നായര്‍, മറ്റു അന്തരാളജാതികള്‍ എന്നിവരാണ് .ചങ്ങാതം, പട, നായാട്ട്, മുന്നാഴിപ്പാടു കാവല്‍ എന്നിവ കേരളശൂദ്രന്മാരുടെ ജോലിയെന്നു നിശ്ചയിച്ചിരിക്കുന്നു.

ശൂല(വേല്‍)പ്രതിഷ്ഠ:
ഗുരു ശിവഗിരിയില്‍ താമസം തുടങ്ങിയ കാലം. ഇതോടെ ധാരാളം ഭക്തജനങ്ങള്‍, സന്യാസികള്‍, പ്രമുഖര്‍ ഗുരുവിനെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു. അവര്‍ക്ക് ആരാധിക്കുന്നതിനായി കുന്നിന്റെ ചരിഞ്ഞ പാര്‍ശ്വത്തില്‍ ഗുരു ഒരു ത്രിശൂലം പ്രതിഷ്ഠിച്ചു. ഇവിടെയാണ് ഇപ്പോള്‍ ശാരദാമഠം സ്ഥിതി ചെയ്യുന്നത്.

ശേഷക്രിയ:
മരണാനന്തരം നടത്തുന്ന കര്‍മ്മമാണ് ശേഷക്രിയ. മരിച്ചയാളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനു വേണ്ട ബലികര്‍മ്മമാണ് ശേഷക്രിയ. മരുമക്കത്തായ കുടുംബവ്യവസ്ഥയില്‍ മരുമക്കളും മക്കത്തായത്തില്‍ മക്കളുമാണ് ശേഷക്രിയ ചെയ്യുക.

ശ്രദ്ധാനന്ദജി:
ആര്യസമാജം ആചാര്യനായിരുന്നു സ്വാമി ശ്രദ്ധാനന്ദ് (1856-1926) ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചിരുന്നു. ദയാനന്ദ സരസ്വതിയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ശ്രദ്ധാനന്ദ് പൂര്‍ണ്ണസമയ സന്യാസത്തിലേക്ക് തിരിഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് പ്രാധാന്യംകൊടുത്ത സ്വാമി 1902ല്‍ ഹരിദ്വാറിനടുത്ത് ഗുരുകുല്‍ സ്ഥാപിച്ചു. ഇപ്പോഴത് ഗുരുകുല്‍ കാംഗ്രി സര്‍വ്വകലാശാലയായി അറിയപ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവ താത്പര്യം പ്രകടിപ്പിച്ചു. ആര്യസമാജം പ്രവര്‍ത്തകന്‍ എന്ന രീതിയിലാണ് അദ്ദേഹം ഗുരുവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയത്.

ശ്രീകണ്‌ഠേശ്വരക്ഷേത്രം, കോഴിക്കോട്:
ഇന്നത്തെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീകണ്‌ഠേശ്വരം. ക്ഷേത്രത്തില്‍ 1910 മേയ് 13 ന് ഗുരു ശിവപ്രതിഷ്ഠ നടത്തി. സമുദായനേതാവായിരുന്ന രാരിച്ചന്‍ മൂപ്പരുടെ ഉത്സാഹത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ ചൈതന്യസ്വാമികള്‍ മേല്‍നോട്ടം വഹിച്ചു. 1907 ഡിസംബര്‍ 24 ന് കോഴിക്കോട്ടെത്തിയ ഗുരു കുറ്റിനാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. മൂന്നുവര്‍ഷം കൊണ്ട് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പഴനി മുരുകക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സവര്‍ണ്ണാവര്‍ണ്ണ വ്യത്യാസമില്ലാതെ മുപ്പതിനായിരത്തില്‍പ്പരം ഭക്തന്മാര്‍ ഒത്തുകൂടിയതായാണ് കണക്ക്. ഗുരുവിന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്ത ക്ഷേത്രവും ക്ഷേത്രസ്വത്തും പരിപാലിക്കുന്നതിനു 1925 ല്‍ ഗുരു മുന്‍കയ്യെടുത്തു ഒരു ക്ഷേത്രയോഗസമിതി നിശ്ചയിച്ചിരുന്നു. ആയതിന്റെ പിന്‍തുടര്‍ച്ചക്കാര്‍ക്കാണ് ഇപ്പോള്‍ നടത്തിപ്പുചുമതല.

Author

75 Views
Scroll to top
Close
Browse Categories