ഈഴവ/ തീയ്യ ചരിത്രത്തിലെ ചില ക്യാമറ കാഴ്ചകള്‍
മലബാറില്‍ നിരവധി ജാതിവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിയ ബാസല്‍ മിഷനറിമാര്‍ നിരവധി ജാതി വിഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായിരുന്നു മലബാറിലെ തീയ്യര്‍. ബാസല്‍ മിഷനില്‍ അംഗങ്ങളായി എത്തിച്ചേര്‍ന്നതില്‍ ബഹുഭൂരിപക്ഷവും തീയ്യ/ ഈഴവ വിഭാഗത്തില്‍ ഉള്ളവരായിരുന്നു. ബാസല്‍ മിഷനറിമാര്‍ പകര്‍ത്തിയ മലബാറിലെ തീയ്യരുടെ ചിത്രങ്ങള്‍ കാണാം

ലോകമെമ്പാടുമുള്ള അധിനിവേശകാലത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഫോട്ടോഗ്രാഫുകളെ കുറിച്ചുള്ള പഠനങ്ങള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോട് കൂടി ലോകമെമ്പാടും എത്തിച്ചേര്‍ന്ന ക്യാമറകള്‍ നിരവധി സംഭവങ്ങളെയും വ്യക്തികളെയും സംസ്‌കാരങ്ങളെയും പകര്‍ത്തിയെടുക്കുകയുണ്ടായി. ഈ ചിത്രങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവയെക്കുറിച്ചും ഫോട്ടോ എടുക്കാനുണ്ടായ രാഷ്ട്രീയ- സാമൂഹിക കാരണങ്ങളെ കുറിച്ചും വിശദമായ അന്വേഷണങ്ങള്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ നടത്തികൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ഫോട്ടോഗ്രാഫിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നിരവധി കൊളോണിയല്‍ ഏജന്‍സികള്‍ മലയാളികളുടെ സാമൂഹിക ജീവിതത്തെ പകര്‍ത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍, എത്തനോളജിസ്റ്റുകള്‍, നരവംശ ശാസ്ത്രജ്ഞര്‍, മിഷനറി പ്രവര്‍ത്തകര്‍ തുടങ്ങി മലയാളികളെ പകര്‍ത്തി എടുത്തവരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ നമുക്ക് കാണാന്‍ സാധിക്കും. ഇവരെല്ലാം വ്യത്യസ്തങ്ങളായ ഫോട്ടോകളാണ് പകര്‍ത്തിയിരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും വലിയ ഫോട്ടോ കളക്ഷന് ഉടമയുമായിരുന്നത് മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാസല്‍ മിഷന്‍ പ്രസ്ഥാനമായിരുന്നു.കൊളോണിയല്‍ സമൂഹങ്ങളെക്കുറിച്ചുള്ള ധാരണകള്‍ രേഖപ്പെടുത്തുന്നതിലും രൂപപ്പെടുത്തുന്നതിലും കൊളോണിയല്‍ മിഷനറി ഫോട്ടോഗ്രാഫി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.ഭാരതപ്പുഴയ്ക്ക് വടക്കോട്ട് മംഗലാപുരം വരെ പ്രവര്‍ത്തിച്ചിരുന്ന ഒരു മിഷനറി പ്രസ്ഥാനമായിരുന്നു ബാസല്‍ മിഷന്‍.

പ്രാദേശിക ജീവിതത്തിന്റെ സമ്പന്നമായ വിഷ്വല്‍ ആര്‍ക്കൈവ് എന്നതായിരുന്നു മിഷനറി ഫോട്ടോസിന്റെ ഒന്നാമത്തെ പ്രത്യേകത. ബാസല്‍ മിഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആളുകളുടെ ദൈനംദിന ജീവിതം, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, പരിസ്ഥിതികള്‍ എന്നിവയുടെ വിശദമായ ചിത്രങ്ങള്‍ സൃഷ്ടിച്ചു.ബാസല്‍ മിഷനറിമാര്‍ മലബാറിലെ ദളിത്, ആദിവാസി സമൂഹങ്ങളെയും , മതം മാറിയ ക്രിസ്ത്യാനികളെയും , പ്രാദേശിക കരകൗശല വിദഗ്ദരുടെയും വ്യത്യസ്ത ജാതി വിഭാഗങ്ങളുടെയും രോഗികളുടെയും തുടങ്ങി നിരവധി സാമൂഹിക അനുഭവങ്ങളെ അവര്‍ പകര്‍ത്തുകയുണ്ടായി. ഇവയെല്ലാംതന്നെ പില്‍ക്കാല ചരിത്രകാരന്മാര്‍ക്കും നരവംശശാസ്ത്രജ്ഞര്‍ക്കും നിര്‍ണായകമായ ദൃശ്യ രേഖകള്‍ നല്‍കി


ബാസല്‍ മിഷനറിമാര്‍ നിരവധി ടൈല്‍ ഫാക്ടറികള്‍, നെയ്ത്ത് യൂണിറ്റുകള്‍, പ്രിന്റിംഗ് പ്രസ്സുകൾ തുടങ്ങിയവയെല്ലാം മലബാറില്‍ ആരംഭിക്കുകയുണ്ടായി അവയുടെ ചിത്രങ്ങളും ഇവരുടെ ശേഖരത്തില്‍ കാണാന്‍ സാധിക്കും. ദക്ഷിണേന്ത്യയിലെ ആദ്യകാല ആധുനിക സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള അപൂര്‍വ ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ട്, വ്യവസായ ശാലകളുടെയും തൊഴിലാളികളുടെയും സാങ്കേതികവിദ്യയുടെയും രൂപപ്പെടല്‍ നേരിട്ട് കാട്ടിത്തരുന്ന ചിത്രങ്ങളാണവയെല്ലാം. അതേപോലെ മിഷന്‍ സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥികളുടെയും വലിയ ഒരു ശേഖരം കാണാന്‍ സാധിക്കും. എന്നാല്‍ ഈ മിഷനറി ഫോട്ടോകള്‍ എടുക്കപ്പെട്ട സാഹചര്യത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ വിമർശനപരമായാണ് കാണുന്നത്. മറ്റ് യൂറോപ്യന്‍ മിഷനുകളെപ്പോലെ ബാസല്‍ മിഷനും പലപ്പോഴും ഇന്ത്യക്കാരുടെ ദാരിദ്ര്യം, പിന്നോക്കാവസ്ഥ അല്ലെങ്കില്‍ ധാര്‍മ്മിക ആവശ്യം എന്നിവ എടുത്തുകാണിക്കുകയും അതുവഴി മിഷനറി ഇടപെടലിനെ ന്യായീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ഒരുകൂട്ടം പണ്ഡിതര്‍ വാദിക്കുന്നത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യൂറോപ്യന്‍ ശ്രേഷ്ഠതയെ ഊന്നിപ്പറയുന്ന വിധത്തിലാണ് അവരുടെ ചിത്രങ്ങളെല്ലാംതന്നെ. തദ്ദേശീയ പ്രതിരോധം, പ്രതിരോധശേഷി, സങ്കര സ്വത്വങ്ങള്‍ എന്നിവയെ മാറ്റിനിര്‍ത്തി, ക്രിസ്തുമതത്തിലൂടെയും യൂറോപ്യന്‍ ആധുനികതയിലൂടെയും മാത്രമേ മാറ്റവും പുരോഗതിയും ഉണ്ടാകൂ എന്ന ആശയത്തെ ഫോട്ടോഗ്രാഫുകള്‍ പലപ്പോഴും ശക്തിപ്പെടുത്തി.
മലബാറില്‍ നിരവധി ജാതിവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിയ ബാസല്‍ മിഷനറിമാര്‍ നിരവധി ജാതി വിഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായിരുന്നു മലബാറിലെ തീയ്യര്‍. ബാസല്‍ മിഷനില്‍ അംഗങ്ങളായി എത്തിച്ചേര്‍ന്നതില്‍ ബഹുഭൂരിപക്ഷവും തീയ്യ/ ഈഴവ വിഭാഗത്തില്‍ ഉള്ളവരായിരുന്നു. ബാസല്‍ മിഷനറിമാര്‍ പകര്‍ത്തിയ മലബാറിലെ തീയ്യരുടെ ചിത്രങ്ങള്‍ കാണാം


