നീതി പീഠങ്ങളിലും സാമൂഹ്യ നീതി

സുപ്രീം കോടതിയിലെ ഉദ്യോഗസ്ഥനിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്തിയ നീക്കം വലിയ ഒരു ചുവടുവയ്പ്പാണ്. കോടതി ബഞ്ചുകളിലേക്കും അതു വ്യാപിപ്പിക്കേണ്ടതുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ന്യായാധിപരായി എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയില്‍ നിന്നും ഉയര്‍ന്നു വന്നവര്‍ ഉണ്ടാകുന്ന കാലം വരേണ്ടതുണ്ട്. ആനുപാതികമായ പ്രാതിനിധ്യം ന്യായാധിപനിയമനങ്ങളിലടക്കം ദളിത്-പിന്നാക്ക ജനതക്ക് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിന് ചീഫ് ജസ്റ്റിസിന്റെ ഈ ചരിത്ര തീരുമാനം പ്രചോദനമാകും. ജസ്റ്റിസ് ഗവായ് എന്ന നാമം ഇന്ത്യയിലെ സാമൂഹ്യ നീതിക്കായി നിലകൊള്ളുന്ന പൗരന്മാര്‍ എന്നെന്നും ഓര്‍ക്കുകതന്നെചെയ്യും.

ജസ്റ്റീസ് ബി.ആർ. ഗവായ്

ജസ്റ്റിസ് ഭൂഷന്‍ രാമകൃഷ്ണ ഗവായ് സുപ്രീം കോടതിയുടെ അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുമ്പോള്‍ ആരും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കേവലം ആറു മാസം മാത്രമാണ് അദ്ദേഹത്തിന് ആസ്ഥാനത്ത് തുടരാനാവുക എന്ന വസ്തുതകണക്കിലെടുക്കുമ്പോള്‍ തുച്ഛമായ ഈ കാലയളവില്‍ നിലവിലെ സംവിധാനത്തെ നയിക്കുക എന്നതില്‍ കവിഞ്ഞ് അദ്ദേഹത്തിനൊന്നും ചെയ്യാനില്ല എന്ന കണക്കുകൂട്ടലിലായിരുന്നു നിരീക്ഷകര്‍. ചുമതലയേറ്റ് ഏതാനും നാളുകള്‍ക്കകം അദ്ദേഹം സുപ്രീം കോടതിയുടെ ചരിത്രത്തിലെ മഹത്തായൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു. സുപ്രീം കോടതി ജീവനക്കാരുടെ നേരിട്ടുള്ള നിയമനത്തില്‍ പട്ടികജാതി ,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും അദ്ദേഹം സംവരണം പ്രഖ്യാപിച്ചു. നീതിപീഠങ്ങളിലേക്ക് സാമൂഹ്യ നീതി കടന്നുവരുന്നതിന്റെ ആദ്യ പടിയായി ജസ്റ്റിസ് ഗവായിയുടെ ഈ തീരുമാനത്തെ കണക്കാക്കാം.

സ്വതന്ത്ര ഇന്ത്യയിലെ
സംവരണവും കോടതികളും
സ്വാതന്ത്ര്യത്തിനു മുമ്പേത്തന്നെ ബ്രിട്ടീഷ് ഭരണത്തിലും വിവിധ നാട്ടുരാജ്യങ്ങളിലും സംവരണ വ്യവസ്ഥ നിലനിന്നിരുന്നു എന്നത് ചരിത്രമാണ്. എന്നിട്ടുപോലും സംവരണം എന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മാനസികാവസ്ഥ സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ ഇന്ത്യന്‍ കോടതികള്‍ക്കുണ്ടായിരുന്നില്ല എന്നു വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭയിലെ വാഗ്ദാനങ്ങളുടെയും ചര്‍ച്ചകളുടെയും താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വിശാലമായി കാണുന്നതിനു പകരം തികച്ചും സാങ്കേതികമായ സമീപനമാണ് ഇക്കാലത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും കൈക്കൊണ്ടത്. ചെമ്പകം ദുരൈരാജ് കേസിലെ വിധികള്‍ ഇതിന്റെ തെളിവാണ്.
1946 ഡിസംബര്‍ 9 ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ഒബ്ജക്ടീവ് റെസലൂഷനില്‍ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതിക്കു വേണ്ട വ്യവസ്ഥകളുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ പതിനാലിലെ പ്രസംഗത്തിലും അദ്ദേഹമതാവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്നതിനു ശേഷം ആദ്യം കാണുന്നത് സംവരണമെന്ന ആശയത്തെത്തന്നെ അട്ടിമറിക്കുന്ന രീതിയില്‍ നിയമം വ്യാഖ്യാനിക്കപ്പെടുന്ന കാഴ്ച്ചയായിരുന്നു. മദ്രാസ് സംസ്ഥാനത്തില്‍ (മദ്രാസില്‍ സ്വാതന്ത്യത്തിനു മുമ്പും സംവരണം ഉണ്ടായിരുന്നു)നിലനിന്നിരുന്ന ഉദ്യോഗസംവരണവും വിദ്യാഭ്യാസ സംവരണവും മദ്രാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും സംവരണം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ പതിനാലിനു വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിക്കുയും ചെയ്തു!.

ബി.ആര്‍. അംബേദ്കര്‍

ചെമ്പകം ദുരൈ രാജ് കേസിലെ ഈ വിധി സുപ്രീം കോടതിയും ശരിവച്ചതോടെ ഭരണഘടനാ നിര്‍മ്മാതാക്കളുടെ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായി സ്വതന്ത്ര ഇന്ത്യയില്‍ സംവരണം എന്ന ആശയം തന്നെ അട്ടിമറിക്കപ്പെട്ട നിലവന്നു. ഈ കോടതി വിധി മറികടക്കാനാണ് ഇന്ത്യന്‍ പാര്‍ലമെന്റിന് 1951-ല്‍ ആദ്യ ഭരണഘടനാ ഭേദഗതിയിലേക്കു കടക്കേണ്ടി വന്നത് എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് അനുഛേദം 15 ( 4 ) ഭരണഘടയുടെ ഭാഗമാകുന്നത്. സമത്വം എന്ന സങ്കല്പത്തെ എത്രമാത്രം യാന്ത്രികമായാണ് അക്കാലങ്ങളില്‍ കോടതികള്‍ പോലും കണ്ടത് എന്ന വസ്തുതക്ക് ചെമ്പകം കേസ് അടിവരയിടുന്നുണ്ട്. പിൽക്കാലങ്ങളില്‍ സാമൂഹ്യ നീതിക്കും തുല്യ പ്രാതിനിധ്യത്തിനും വേണ്ടി ധാരാളം നിയമനിര്‍മ്മാണങ്ങള്‍ പാര്‍ലമെന്റിലും വിവിധ സംസ്ഥാന നിയമസഭകളിലും നടക്കുകയുണ്ടായി. മണ്ഡല്‍ കമ്മീഷനു ശേഷം മറ്റു പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും വലിയ തോതില്‍ അവബോധമുണ്ടാകുന്ന സാഹചര്യം ഇന്ത്യയിലാകമാനം വളര്‍ന്നു വരികയും കേന്ദ്ര സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗങ്ങളിലുമടക്കം പിന്നാക്ക സംവരണത്തിന് വഴി തുറക്കുകയും ചെയ്തു. ചെമ്പകം കേസില്‍ സ്വീകരിച്ച വീക്ഷണത്തിലെ വൈകല്യം ഇന്ത്യന്‍ നിയമ വ്യവസ്ഥയും നിയമനിര്‍മ്മാതാക്കളും പതിയെ പതിയെ തിരിച്ചറിഞ്ഞു തിരുത്തുന്ന കാലയളവായി ഈ ഏഴുപതിറ്റാണ്ടുകളെ മനസ്സിലാക്കാം. ദീര്‍ഘമായ ഈ കാലയളവിനുള്ളില്‍ സിവില്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമടക്കം സംവരണം കടന്നുചെന്നെങ്കിലും അതിന് അസ് പർശ്യമായ മേഖലകള്‍ ഇന്നും ഇന്ത്യാ മഹാരാജ്യത്തുണ്ട് എന്നത് അവിശ്വസനീയവും ആശ്ചര്യകരവുമാണ്. അത്തരത്തിലുള്ള പ്രധാന സംവരണ രഹിത മേഖലയാണ് ഇന്ത്യയിലെ വിവിധ ഹൈക്കോടതികളും സുപീം കോടതിയും. മറ്റൊരിടം ഇന്ത്യയിലെ സൈനികരംഗമാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ക്ക് ഈ മേഖലകളിലെ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ ഇന്നോളം മുതിരാതിരുന്നിടത്താണ് ജസ്റ്റിസ് ഗവായ് തന്റെ കടമ നിര്‍വഹിച്ചത്. അദ്ദേഹം നിര്‍വഹിച്ച ദൗത്യം ചെറുതല്ല എന്നു ചുരുക്കം.

ചീഫ് ജസ്റ്റിസിന്റെ
ഉത്തരവ്

2025 ജൂലൈ 3 ന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ സുപ്രീം കോടതിയിലെ ഉദ്യോഗസംവരണം വിശദമാക്കിയിട്ടുണ്ട്.സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയതുവഴി പട്ടികജാതി (എസ്.സി)15%, പട്ടികവര്‍ഗ്ഗ (എസ്.ടി.) 7.5% വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും (ഒ.ബി.സി) 27% ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിമുക്തഭടന്‍മാര്‍, സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതര്‍ എന്നിവര്‍ക്കും സംവരണം ഏര്‍പ്പെടുത്തി.രജിസ്ട്രാര്‍ മുതല്‍ താഴേതട്ടിലുള്ള തസ്തികകളായ സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ഇനി മുതല്‍ സംവരണമുണ്ടാകും.ഈ സംവരണം 1961-ലെ സുപ്രീം കോടതി ഓഫീസര്‍മാരുടെയും സേവകരുടെയും (സേവന വ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും) ചട്ടങ്ങളില്‍ ഇതിനായി ഭേദഗതി ചെയ്തു. ഇവിടെ ശ്ര ദ്ധേയമായ കാര്യം ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 146 (2) പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിനുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നതാണ്. മുന്‍പ് കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായിരിക്കെ ഉന്നത ജ്യുഡീഷ്യല്‍ തസ്തികകളില്‍ ദളിത്-പിന്നാക്ക പ്രാതിനിധ്യം അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ അപമാനിക്കാനും വിമര്‍ശിക്കാനും മാധ്യമങ്ങളടക്കം മുന്നിട്ടിറങ്ങി. ഈ മുന്നനുഭവം നിലനില്‍ക്കെയാണ് ജസ്റ്റിസ് ഗവായ് തന്റെ നടപടിയുമായി രംഗത്തിറങ്ങിയത്. എന്തായാലും ചീഫ് ജസ്റ്റിസിന്റെ ഇക്കാര്യത്തിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഇക്കുറിയാരും മുതിര്‍ന്നിട്ടില്ല എന്നത് ശുഭകരമാണ്. ഭരണഘടനയില്‍ സുപ്രീം കോടതിയുടെ അധികാരങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. അതിനസരിച്ചുള്ള അധികാരമാണ് ചീഫ് ജസ്റ്റിസ് ഉപയോഗിച്ചത് എന്നു വ്യക്തം.

അതേ സമയംതന്നെ സംസ്ഥാനങ്ങളിലെ കാര്യം വ്യത്യസ്തമാണ്. ഭരണഘടന അനുഛേദം 320 (1)(Functions of Public Service Commissions.) പ്രകാരം സംസ്ഥാനത്തെ സബോര്‍ഡിനേറ്റ് / ഹയര്‍ ജുഡീഷ്യല്‍ സര്‍വീസിലെ നിയമനങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം പബ്ലിക് സര്‍വീസ് കമ്മീഷനാണ്.അനുഛേദം 234 പ്രകാരവും ഗവൺമെന്റിനും പബ്ളിക് സർവീസ് കമ്മീഷനും ഈ വിഷയത്തിൽ ഇടപെടാവുന്നതാണ്. കേരളത്തില്‍ എണ്‍പതുകളില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ അധികാരം പി. എസ്. സിയില്‍ നിന്നും എടുത്തുമാറ്റി കേരള ഹൈക്കോടതിക്ക് നല്‍കിയത്. ഇതിനെതിരെ പിന്നാക്ക സംഘടകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കെ എസ് & എസ് എസ് ആര്‍ വ്യവസ്ഥകളനുസരിച്ചുള്ള സാമുദായിക സംവരണം പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള ഏറ്റവും സുതാര്യവും പ്രായോഗികവുമായ മാര്‍ഗം നിലവില്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ്.
കോടതികളിലെ ജീവനക്കാരുടെ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷനു തിരിച്ചു നല്‍കുന്ന വിധത്തില്‍ നയം മാറ്റമുണ്ടാകുന്നതാണ് ഉചിതം എന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. സുപ്രീം കോടതിയിലെ ഉദ്യോഗസ്ഥനിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്തിയ നീക്കം വലിയ ഒരു ചുവടുവയ്പ്പാണ്. കോടതി ബഞ്ചുകളിലേക്കും അതു വ്യാപിപ്പിക്കേണ്ടതുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ന്യായാധിപരായി എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയില്‍ നിന്നും ഉയര്‍ന്നു വന്നവര്‍ ഉണ്ടാകുന്ന കാലം വരേണ്ടതുണ്ട്. ആനുപാതികമായ പ്രാതിനിധ്യം ന്യായാധിപനിയമനങ്ങളിലടക്കം ദളിത്-പിന്നാക്ക ജനതക്ക് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിന് ചീഫ് ജസ്റ്റിസിന്റെ ഈ ചരിത്ര തീരുമാനം പ്രചോദനമാകും. ജസ്റ്റിസ് ഗവായ് എന്ന നാമം ഇന്ത്യയിലെ സാമൂഹ്യ നീതിക്കായി നിലകൊള്ളുന്ന പൗരന്മാര്‍ എന്നെന്നും ഓര്‍ക്കുകതന്നെചെയ്യും.
9446722699

Author

98 Views
Scroll to top
Close
Browse Categories