ഉയിർപ്പ്
രാവിലെ വീട്ടിൽ നിന്ന് തന്റെ പത്രം ഓഫീസിലേയ്ക്കുള്ള യാത്ര പതിവുപോലെ തന്നെയായിരുന്നെങ്കിലും ഗോപകുമാർ ആകാംക്ഷകൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. എന്തിനാകാം ഓഫീസിലെത്തിയാലുടൻ ചീഫ് എഡിറ്ററെ ചെന്ന് കാണണമെന്ന് രാവിലെ തന്നെ ഫോൺ വിളിച്ചറിയിച്ചത്, തന്റെ ഭാഗത്ത് നിന്ന് പറയത്തക്ക വീഴ്ചകളൊന്നും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടില്ല എന്നു തന്നെയാണ് തന്റെ വിശ്വാസം, ഇനി റിപ്പോർട്ടിങ്ങിൽ വല്ല പാകപ്പിഴയോ മറ്റോ വന്നോ എന്തോ, എന്നിങ്ങനെ ഓരോന്ന് ചിന്തിച്ച് ഓഫീസ് എത്തിയതേ ഗോപു അറിഞ്ഞില്ല.

റിപ്പോർട്ടർമാരുടെ മുറി തുറന്ന് അകത്ത് കടന്ന് ആരൊക്കെ എത്തിയെന്നായിരുന്നു ആദ്യം നോക്കിയത്. ഭാഗ്യം കൊണ്ട് ആരും എത്തിയിട്ടില്ല. സ്വീപ്പർമാർ വന്ന് തുത്തുവാരി വൃത്തിയാക്കുന്നതേയുള്ളു. നേരെ ചീഫ് എഡിറ്ററുടെ വാതിലിൽ മുട്ടിയിട്ട് തുറന്ന് അകത്ത് കയറി. സർ എന്നത്തേയും പോലെ നേരത്തെ വന്ന് ജോലികൾ തുടങ്ങിയിരിയ്ക്കുന്നു.
“ആ… ഇരിയ്ക്കൂ ഗോപു. ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് വിളിപ്പിച്ചത്. ഈ വർഷത്തെ ലേഖന പരമ്പര തുടങ്ങേണ്ട സമയമായി. വിഷയം തീരുമാനിച്ചു കഴിഞ്ഞു. ഗോപുവിനൊപ്പം തന്നെ കഴിഞ്ഞ വർഷം ജൂനിയർ റിപ്പോർട്ടർ ആയി ജോയിൻ ചെയ്ത രണ്ടു പേർ കൂടിയുണ്ടല്ലോ. നിങ്ങൾ മൂവരിൽ ആര് ചെയ്താലാണ് നന്നാവുക എന്ന ചിന്ത വന്നപ്പോൾ ഞാനാണ് ഗോപുവിന്റെ പേര് സജസ്റ്റ് ചെയ്തത്. ഭംഗിയായി ചെയ്താൽ നിങ്ങളുടെ കരിയറിൽ ഇതൊരു അച്ചീവ്മെൻ്റ് ആയിരിയ്ക്കും, സംശയം വേണ്ട. ” സർ ഒന്ന് നിറുത്തിയിട്ട് കപ്പിൽ അടച്ചുവച്ചിരുന്ന ചായയുടെ അവസാന വലി കൂടി പൂർത്തിയാക്കി.
എന്തു പറയണമെന്നറിയാതെ ഒന്നു ശങ്കിച്ചു പോയെങ്കിലും തനിക്കുള്ള അംഗീകാരമായി ഈ ഒരു ചലഞ്ച് ഏറ്റെടുക്കുന്നതാണ് നല്ലത് എന്ന് ആരോ മനസ്സിൽ ഉപദേശിച്ച പോലെ തോന്നിയതിനാൽ താൻ സമ്മതം അറിയിച്ചു. സർ തുടർന്ന് മറ്റ് വിശദാംശങ്ങളിലേയ്ക്ക് കടന്നു. ഇവിടെ നഗരത്തിന്റെ അതിർത്തി കഴിഞ്ഞ് ഗ്രാമം തുടങ്ങുന്നിടത്ത് തീരെ ദരിദ്രമായ ഒരു തെരുവുണ്ടത്രെ. അമ്പതു വർഷങ്ങൾക്ക് മുൻപ് കൈത്തറി ഉപയോഗിച്ച് വസ്ത്രം നെയ്ത് ഉപജീവനം നടത്തിയിരുന്ന സമ്പന്നമായ ഒരു ഭൂതകാലം അവകാശപ്പെടാവുന്ന ഒരു തെരുവ് .
യന്ത്രത്തറികളുടെ വരവോടെ കൈ കൊണ്ട് പ്രവർത്തിപ്പിയ്ക്കുന്ന തറികൾ പിന്തള്ളപ്പെട്ടു. അത് സാമൂഹ്യമായ ഒരു മാറ്റത്തിന് വഴിവച്ചു. അതോടെ വൻകിട സ്ഥാപനങ്ങൾ ലാഭം കൊയ്തപ്പോൾ തെരുവ് ദാരിദ്യത്തിലേയ്ക്ക് മുതലക്കൂപ്പ് കുത്തി. ഇന്നാകട്ടെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി ഇറങ്ങിപ്പോയ ഒരു തെരുവായി മാറിക്കഴിഞ്ഞു. ഇവരുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ എല്ലാ സാഹചര്യങ്ങളെയും അവിടെ പോയി പഴയ തലമുറക്കാരിൽ നിന്ന് ശേഖരിച്ച് ഒരു പുനരുദ്ധാരണത്തിന് വേണ്ടുന്നതായ നിർദ്ദേശങ്ങളടങ്ങുന്ന ഒരു ലേഖന പരമ്പര തയ്യാറാക്കണമത്രെ.
തുടർച്ചയായി ഏഴു ദിവസം പ്രസിദ്ധീകരിയ്ക്കാൻ പറ്റുന്ന തരത്തിൽ ഇത് തയ്യാറാക്കുവാൻ വിവരശേഖരണത്തിനും ഇൻർവ്യൂകൾക്കും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ആവശ്യമായതെല്ലാം ശേഖരിയ്ക്കുന്നതിനും സാമൂഹ്യ പ്രമുഖരുടെ അഭിമുഖങ്ങൾക്കും എല്ലാമായിട്ട് പത്ത് ദിവസം അനുവദിച്ചു തരുകയും ചെയ്തു. പരമ്പരയുടെ തലവാചകമാണ് തന്നെ ഏറ്റവും ആകർഷിച്ചത്. അതിപ്രകാരമായിരുന്നു ‘തെരുവിന്റെ ലക്ഷ്മി വീണ്ടും വരില്ലേ?’ നാളെത്തന്നെ പണി തുടങ്ങുവാനുള്ള അനുവാദവും തന്ന് ക്യാബിനിൽ നിന്ന് യാത്രയാക്കുമ്പോൾ എന്ത് വിഷമം നേരിട്ടാലും വിളിയ്ക്കാൻ മടിയ്ക്കേണ്ടതില്ല എന്ന് തന്നെ പ്രത്യേകം ഓർമ്മിപ്പിയ്ക്കുവാനും സർ മറന്നില്ല എന്നത് ഏറെ ആത്മവിശ്വാസം പകർന്നു തന്നു.
വിവരങ്ങളറിഞ്ഞ് സഹപ്രവർത്തകരും മുതിർന്നവരും എല്ലാം തന്നെ അഭിനന്ദനങ്ങൾ ചൊരിഞ്ഞപ്പോഴാണ് താൻ ഏറ്റെടുത്തിട്ടുള്ള ദൗത്യത്തിന്റെ ഗൗരവം മെല്ലെ ബോദ്ധ്യപ്പെട്ടു തുടങ്ങിയത്. വൈകിട്ട് വീട്ടിലെത്തി ശ്രീമതിയോട് കാര്യം പറഞ്ഞതോടെ നാളെ രാവിലെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ പോയി വഴിപാട് കഴിച്ച് തൊഴുത് പ്രാർത്ഥിച്ചിട്ട് വേണം പുതിയ കാര്യത്തിന് ഇറങ്ങുവാൻ എന്ന തീട്ടൂരവും പുള്ളി ഇറക്കി. തൽക്കാലം അതെല്ലാം പുള്ളിയെ തന്നെ ഏൽപ്പിച്ച് പിറ്റേന്ന് രാവിലെ തന്നെ തെരുവ് ലാക്കാക്കി ഇറങ്ങി.
തെരുവ് കണ്ടുപിടിയ്ക്കുവാൻ ഒട്ടുമേ പ്രായാസമുണ്ടായില്ല. തെക്കുവടക്ക് പ്രധാന പാതയുടെ വശത്തായി പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന കരിങ്കല്ലുകൾ പാകിയ തെരുവിന് വലിയ വാഹനങ്ങളെയും ഉൾക്കൊള്ളുവാനുള്ള വീതിയുണ്ടായിരുന്നു. അഗ്രഹാരം കണക്ക് ഇരുവശവും ഇടതൂർന്ന് വീടുകൾ നോക്കെത്താ ദൂരം നീണ്ട് കിടക്കുന്നു. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം, ആരിൽ തുടങ്ങണം എന്നൊന്നും ഒരു മുൻപരിചയവും ഇല്ലാതെ അങ്ങിനെ തെരുവ് തുടങ്ങുന്നിടത്ത് എല്ലാം നോക്കി നിന്നു.
തലേന്ന് രാത്രി പെയ്ത മഴ കാരണമോ എന്തോ തെരുവിന്റെ ജീവിതം ഉണർന്ന് തുടങ്ങുന്നതേയുള്ളു. പാൽക്കാരനും പത്രക്കാരനും ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്നവരും എല്ലാം അവരവരുടെ റോളുകൾ കൃത്യമായി ചെയ്തു കൊണ്ടിരിയ്ക്കുന്നു. ദാരിദ്യത്തിന്റെ സൂചനയെന്നോണമാകണം മിക്കവാറും എല്ലാവരുടെയും വസ്ത്രങ്ങളിൽ പുതുമ തീരെ ഇല്ലെന്ന് തന്നെ പറയാം. കുട്ടികൾ വില കൂടിയ സ്കൂൾ ബാഗുകളില്ലാതെ പലരും കീറിത്തുടങ്ങിയ പഴയ ബാഗുകളിൽ തന്നെ പുസ്തകവുമായി സ്കൂളിലേയ്ക്ക് കൂട്ടമായി പോകുന്നു.
മഴക്കാലമായിട്ടും പലരുടെയും കയ്യിൽ കുടയില്ല. യൂണിഫോമില്ലാത്ത ഏതോ സർക്കാർ സ്കൂളാണെന്ന് തോന്നുന്നു ലക്ഷ്യം. തെരുവിന്റെ പടിഞ്ഞാറെ അറ്റത്തു നിന്ന് ഏതോ ക്ഷേത്രത്തിന്റെ ശാന്തിപ്പണി കഴിഞ്ഞ് പോറ്റി സൈക്കിളിൽ തിരിച്ചു പോകുന്നു. പ്രായമായ ചിലർ വീടുകളിൽ നിന്ന് റോഡിലേയ്ക്കിറങ്ങുന്ന പടികളിൽ ഇരുന്ന് കുശലം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.
“സർ കുറച്ച് നേരമായി ആരെയോ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു”
പഴകി നിറം മങ്ങിയ മുണ്ടും ഷർട്ടും ധരിച്ച് ഒരു ഇരുപത് വയസ്സ് പ്രായം തോന്നിയ്ക്കുന്ന യുവാവ് തന്റെ പുറകിൽ നിന്നാണ് ചോദിച്ചത്. “അതെയതെ. എങ്ങിനെ മനസ്സിലായി?”
എവിടെ തുടങ്ങണമെന്നറിയാതെ വിഷമിച്ചു നിന്ന എനിയ്ക്ക് ഒരു ഇര വീണു കിട്ടിയ സന്തോഷത്തിൽ പുള്ളിയെ ഒന്ന് പരിചയപ്പെടാൻ തീരുമാനിച്ചു.
“സാറിനെ ഇവിടെ ഇതുവരെ കണ്ടിട്ടില്ല. മനസ്സിൽ തോന്നിയത് ചോദിച്ചുവെന്നേയുള്ളു” അവൻ വിനയപൂർവ്വം അടുപ്പം കാണിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് പുള്ളിയെ പരിചയപ്പെട്ടു. മുഴുവൻ പേര് ലക്ഷ്മീ നാരായൺ. വീട്ടുകാരും തെരുവിൽ അടുപ്പമുള്ളവരും ലക്ഷ്മി എന്ന് വിളിയ്ക്കും. ഞാൻ കാര്യം പുള്ളിയോട് ചുരുക്കിപ്പറഞ്ഞു. പറ്റിയ ആളുകളെ പരിചയപ്പെടുത്തിത്തരാം എന്ന് ലക്ഷ്മി വാക്കുതന്നതോടെ ഞങ്ങൾ പതിയെ പടിഞ്ഞാറോട്ട് നീങ്ങി. ഉച്ചയ്ക്കു മുമ്പായിത്തന്നെ ഞങ്ങൾ പത്തോളം വീടുകളിലെത്തി തെരുവിന്റെ ചരിത്രമറിയുന്ന ആളുകളിൽ നിന്ന് കുറെയേറെ വിവരങ്ങൾ ശേഖരിച്ചു. കഷ്ടപ്പാടിനിടയിലും ചിലർ സ്നേഹ വായ്പോടെ തന്ന ചായയും ചെറുകടികളും പലപ്പോഴും തെരുവിന്റെ പഴയ നന്മകളെ എടുത്തു കാണിച്ചു.
തെരുവിനകത്തു തന്നെയുള്ള ഒരു വീട്ടിൽ ഒരു ബോർഡ് പോലും വയ്ക്കാതെ നടത്തുന്ന ഹോട്ടലിൽ നിന്ന് ലക്ഷമിയും താനും ഉച്ചയൂണ് കഴിച്ച് അവിടെത്തന്നെയിരുന്ന് അടുത്ത ദിവസം കാണേണ്ടതായവരുടെ ലിസ്റ്റ് തയ്യാറാക്കി. ഇപ്പോൾ കിട്ടിയ വിവരങ്ങൾ ഇന്നു തന്നെ കരട് രൂപത്തിലാക്കിയാലേ ശരിയാവുകയുള്ളു എന്നതിനാൽ ലക്ഷ്മിയോട് നാളെ ഇതേ സ്ഥലത്ത് ഇന്ന് കണ്ട സമയത്ത് തന്നെ കാണാമെന്ന് പറഞ്ഞ് മടങ്ങി. പകൽ കുറിച്ചതെല്ലാം ഒരു വിധമൊന്ന് അടുക്കും ചിട്ടയുമൊപ്പിച്ച് എഴുതി ഒരു പരമ്പരയുടെ രൂപത്തിലാക്കിയെടുത്തപ്പോൾ രാത്രി പതിനൊന്ന് മണിയായിരുന്നു.
അരക്കിലോമീറ്റർ നീളമുള്ള തെരുവിന്റെ മാറിലെ കരിങ്കൽ പാതയിലായിരുന്നു ഒരു കാലത്ത് മാട്ടുപ്പൊങ്കലും ദീപാവലിയും പോലുള്ള ഉത്സവങ്ങൾ ആഘോഷിച്ചിരുന്നത്. കുലത്തൊഴിലായി വസ്ത്രം നെയ്യുവാനുള്ള നൂൽ പശ ചേർത്തും ചായം മുക്കിയും ഉണക്കിയിരുന്നതും ഈ നെടുങ്കൻ പാതയിൽത്തന്നെയായിരുന്നു. ഒരു കൂട്ടർക്ക് നൂലിന്റെ, ചിലർക്ക് പശയുടെ, മറ്റു ചിലർക്ക് ചായത്തിന്റെ, വേറെ ചിലർക്ക് നെയ്ത്തിന്റെ, ചിലർക്ക് വിപണനത്തിന്റെ, ചിലർക്ക് തറിയുടെയും നൂൽ ചുറ്റുന്ന റാക്കിന്റെയും ഒക്കെ പണികളായി എല്ലാവർക്കും തൊഴിലുണ്ടായിരുന്ന കാലം അവിടത്തെ പഴമക്കാർ വാക്കുകളിലൂടെ വരച്ചു തന്നത് മനസ്സിൽ വർണ്ണചിത്രങ്ങളായി നിറഞ്ഞുനിൽക്കുന്നു.
ഉറങ്ങാൻ കിടന്നപ്പോൾ തെരുവിന്റെ ദൈന്യതയും ചരിത്രവും ഒരു ചലച്ചിത്രത്തിലെന്ന പോലെ സ്മൃതിയിൽ ഊയലാടിക്കൊണ്ടിരുന്നു. മൂന്നൂറിലധികം വിടുകൾ, പാരമ്പര്യ തൊഴിൽ ചെയ്യാൻ പറ്റാത്തതിനാലുള്ള നിശ്ചലാവസ്ഥ,എല്ലാവരും ഒരുപോലെ ദൈന്യതയിൽ ആയതിനാൽ ആരോടും കടം പോലും ചോദിയ്ക്കാൻ പറ്റാതെ വിഷമിയ്ക്കുന്നത്, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റാത്തത്, തെരുവിന് പുറത്തുള്ളവരുമായി നല്ല വിവാഹ ബന്ധം സ്വപ്നമായി അവശേഷിയ്ക്കുന്നത്, അസുഖത്തിന് സർക്കാർ ആശുപത്രിയുടെ കാരുണ്യം മാത്രം, തുടങ്ങി ഒട്ടേറെ ദുരിതചിത്രങ്ങൾ മനസ്സിൽ പൊന്തി വന്നു കൊണ്ടിരുന്നതിനിടയ്ക്ക് എപ്പോഴോ ഉറങ്ങിപ്പോയി.
നാലഞ്ചു ദിവസങ്ങൾ കൊണ്ട് തെരുവിലെ ഈ വിഷയത്തിൽ അറിവുള്ളവരുടെയെല്ലാം അഭിപ്രായവും നിർദ്ദേശവും എല്ലാം ശേഖരിച്ച് ക്രോഡികരിച്ചു കഴിഞ്ഞു. പിന്നെ തെരുവിന് പുറത്തുള്ള ജോലിയായി ലക്ഷ്മിയുമൊത്ത് . വിവിധ സർക്കാർ വകുപ്പുകൾ, ലോൺ സൗകര്യം തരുന്ന സഹകരണ ബാങ്കുകൾ, ക്ഷേമപെൻഷനുകളുടെ തടസ്സം കണ്ടെത്തൽ, ചെറിയ സംരംഭങ്ങൾ തുടങ്ങാനുള്ള ആദ്യ പടികൾ എന്നിവയെല്ലാം തുടർന്നുള്ള നാലഞ്ചു ദിവസങ്ങളിലൂടെ ഒരു വിധം ചെയ്തു തീർത്തു. എന്തിനും എവിടെയും ലക്ഷ്മിയെ കൂടെ കൂട്ടിത്തന്നെയായിരുന്നു എല്ലാം നടത്തിയത്. ഒരു ഗൈഡ് എന്നതിലുപരി ലക്ഷ്മി തന്റെ മനസ്സിൽ ഒരു കൊച്ചനുജന്റെ നിലയിലേയ്ക്ക് ഇതിനകം സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.
ഒൻപതു ദിനങ്ങൾ കൊഴിഞ്ഞു വീണത് അറിഞ്ഞതേയില്ല. അന്ന് ഉച്ചയൂണിന് ശേഷം ലക്ഷമിയുമൊത്ത് തെരുവിൽ പരിചയപ്പെട്ട എല്ലാവരുടെയും വീടുകളിൽ ചെന്ന് അവർ പകർന്നു തന്ന അറിവുകൾക്കും സ്നേഹാദരങ്ങൾക്കും നന്ദി പറഞ്ഞു. ഈ ലേഖന പരമ്പര പ്രസിദ്ധീകരിയ്ക്കപ്പെട്ടാൽ തെരുവിന്റെ ദരിദ്രാവസ്ഥയ്ക്ക് മാറ്റം വരുവാനുള്ള നടപടികൾ ഉണ്ടായി വരും എന്ന പ്രതീക്ഷ എല്ലാവരിലും ഒളിമിന്നിയിരുന്നത് പ്രകടമായിരുന്നു. ഒരതിഥി കണക്കല്ല, അതിലുമുപരിയുള്ള സ്ഥാനം നൽകി തെരുവ് തന്നെ സ്വീകരിച്ചതിനെപ്പറ്റി താൻ ഒരിയ്ക്കൽ ലക്ഷ്മിയോട് നന്ദിപൂർവ്വം സൂചിപ്പിച്ചപ്പോൾ അവൻ അതിനു മറുപടിയായി പറഞ്ഞത് ഇപ്പോഴും തന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു.
“സർ, താങ്കൾ ഇവിടെ ഞങ്ങളുടെ അതിഥിയാണ്. പക്ഷെ, ഈ തെരുവിന്റെ വിശ്വാസമനുസരിച്ച് ‘അതിഥി ദേവോ ഭവ ‘ എന്നായതിനാൽ അങ്ങ് ദൈവ സമാനമാണ്.”
ഇത് കേട്ടപ്പോൾ താൻ അറിയാതെ മനസ്സുകൊണ്ട് തെരുവിനെ നമിച്ചു പോയി.
നാളെ തനിക്ക് അനുവദിച്ച് തന്ന ലീവിന്റെ അവസാനദിനം. നാളെ പൂർണ്ണമായും ഈ വിവരങ്ങളെയെല്ലാം ചിട്ടപ്പെടുത്തി പൂർണ്ണ രൂപത്തിലുള്ള ലേഖന പരമ്പരയാക്കി മാറ്റിയെടുക്കണം. അത് വീട്ടിലിരുന്ന് തന്നെ ചെയ്യേണ്ടതാണ്. അതിനാൽ ഇന്ന് ഈ ദൗത്യത്തിന്റെ ഇവിടെയുള്ള അവസാനമെന്ന് ഓർമ്മിച്ച് രാവിലെ വരുമ്പോൾ തന്നെ ലക്ഷമിയ്ക്കായി വാങ്ങി വച്ചിരുന്ന ഒരു സ്വർണ്ണ കസവ്മുണ്ട് കയ്യിൽ വച്ചു കൊടുത്ത് വീണ്ടും വരാമെന്ന് പറഞ്ഞാണ് അവനോട് വിട ചൊല്ലിയത്. തെരുവ് കഴിയാറായപ്പോൾ ബൈക്കിന്റ കണ്ണാടിയിൽ നോക്കിയപ്പോഴും അവൻ തന്നെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത് കാണാമായിരുന്നു.
തന്നെ ഏൽപ്പിച്ച മഹാ യജ്ഞം പൂർണ്ണമായും നിറവേറ്റിയോ എന്ന ആശങ്കയോടെയാണ് ലീവ് കഴിഞ്ഞ് ജോയിൻ ചെയ്തത്. എഴുതിയ പേപ്പറുകൾക്കൊപ്പം ചില രേഖകളുടെ പകർപ്പുകൾ, കുറെ ഫോട്ടോകൾ, പെൻഡ്രൈവിലാക്കിയ കുറച്ച് വീഡിയോകൾ എല്ലാം ഭദ്രമായി രാവിലെ തന്നെ ചീഫ് എഡിറ്ററെ ഏൽപ്പിച്ചു കഴിഞ്ഞപ്പോഴാണ് ഒരു വലിയ ഭാരം ഒഴിഞ്ഞ പോലെ ആശ്വാസം തോന്നിയത്. നിശ്ചിത സമയത്ത് തന്നെ പൂർത്തിയാക്കിയതിന് സർ പ്രത്യേകം അനുമോദിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. രണ്ട് ആഴ്ച കഴിഞ്ഞ് പ്രത്യേകം വിളിച്ചു കൂട്ടിയ സ്റ്റാഫ് മീറ്റിങ്ങിൽ വച്ച് നടത്തിയ അനുമോദനത്തിന് ഒപ്പം നാളെ മുതൽ പത്രത്തിൽ പരമ്പര തുടങ്ങുകയാണ് എന്ന പ്രഖ്യാപനവും വന്നു. ആദ്യത്തെ ഔദ്യോഗിക അംഗീകാരം എന്നത് കൊണ്ടാകാം അന്ന് താൻ വീട്ടിലെത്തിയിട്ടും കിടന്നപ്പോഴും ഒരു പ്രത്യേക ഉന്മാദാവസ്ഥയിലായിരുന്നു.
വൈകിട്ട് തന്നെ തന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം ചീഫ് എഡിറ്റർ പത്രത്തിന്റെ അമ്പത് പ്രത്യേക കോപ്പികൾ പ്രസ്സിൽ വിളിച്ച് പറഞ്ഞ് പ്രത്യേകം പായ്ക്കറ്റിൽ ഓഫിസിലേയ്ക്ക് അയയ്ക്കുവാൻ ഏർപ്പാടു ചെയ്തിരുന്നു. ഈ പരമ്പര തയ്യാറാക്കുന്നതിൽ സഹകരിച്ചവരും സഹായിച്ചവരുമായ എല്ലാവർക്കും ആദ്യ കോപ്പിയെങ്കിലും ഓരോന്ന് കൊടുക്കണമെന്ന് താൻ ആദ്യമേ ആഗ്രഹിച്ചിരുന്നതാണ്.
രാവിലെ നേരത്തെയുണർന്ന് ഓഫീസിലെത്തി കുറച്ച് കോപ്പികൾ എടുത്ത് നേരെ തെരുവിലെത്തി. തെരുവ് ഉണർന്നു തുടങ്ങുന്നതേയുള്ളു. വീടെവിടെയെന്ന് ലക്ഷ്മിയോട് ഒരിയ്ക്കൽ ചോദിച്ചപ്പോൾ പടിഞ്ഞാറെ അറ്റത്താണെന്ന് പറഞ്ഞിരുന്നു. കണ്ടുപിടിയ്ക്കാമെന്ന് കരുതി വഴിയുടെ അറ്റത്തേയ്ക്ക് നടന്നപ്പോൾ മുൻപ് പരിചയപ്പെട്ടവരിൽ ചിലർ ഒപ്പം കൂടിച്ചേർന്നു. വഴിയുടെ അറ്റത്തുള്ള ക്ഷേത്രത്തിൽ വഴി അവസാനിയ്ക്കുന്നു. കൂടെ വന്നവരോട് ലക്ഷമിയുടെ വിവരം അന്വേഷിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്.
കയ്യിൽ കരുതിയിരുന്ന പത്രത്തിന്റെ ഒരു കോപ്പി നടയ്ക്ക് വച്ചിട്ട് ബാക്കിയുള്ളവ പൂജാരിയെ ഏൽപ്പിച്ച് ഭക്തർക്ക് നൽകുവാനും ഗോപു ഏർപ്പാട് ചെയ്തു.
ശ്രീകോവിലിൽ നിന്ന് ആരതിയുടെ മണി മുഴങ്ങുവാൻ തുടങ്ങി.
പുഞ്ചിരിയോടെ സ്വർണ്ണക്കസവുമുണ്ട് ചുറ്റി അനുഗ്രഹിച്ചു കൊണ്ട് നിൽക്കുന്ന മൂർത്തിയെ തൊഴുത് വണങ്ങിയിട്ട് പൂജാരി തന്ന തീർത്ഥവും തുളസിയിലയും കൈക്കുമ്പിളിൽ വാങ്ങി എല്ലാവർക്കുമൊപ്പം സാവധാനം തിരിഞ്ഞു നടക്കവേ തന്റെയൊപ്പം നടന്ന ഭക്തനോട് ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയെപ്പറ്റി ഗോപു ചോദിച്ചു. തെരുവിന്റെ ഭക്തിയും വിശ്വാസവും ഉയിർപ്പിന്റെ മുഴുവൻ പ്രതീക്ഷക്ഷകളുമെല്ലാം ഒരു നിമിഷം ആ ഭക്തന്റെ വാക്കുകളിലൂടെ ഒഴുകിയിറങ്ങി.
“സാക്ഷാൽ ഭഗവാൻ ലക്ഷ്മീ നാരായണ സ്വാമികൾ താൻ സർ…..!”
9495901350






