പോക്കുവെയിൽ

കോളിംഗ് ബെല്ലടി കേട്ടപ്പോൾ ത്തന്നെ ഉറപ്പായി. അമേയയാണ്. അവളെ പോലെ തന്നെ കോളിംഗ് ബെല്ലും.ധൃതിയാണ്.
കതകു തുറന്നു. ഇല്ലേൽ അവൾ ചവിട്ടിപ്പൊളിക്കും. വല്ലാത്ത ഉശിരാണ്. ക്ഷമയില്ലായ്മയും.
” ചിറ്റേ ” മുറുക്കിക്കെട്ടിപ്പിടിച്ച് അമർത്തി ഒരുമ്മ. ജിമ്മിലൊക്കെപ്പോയി ഉരുക്കു ശരീരമായി… അമുങ്ങിപ്പോയി.

“വല്ലാത്ത ധൃതരാഷ്ട്രാലിംഗനം
ആയല്ലോ ടീ “
തട്ടിമാറ്റിക്കൊണ്ട് ദേഷ്യത്തോടെപറഞ്ഞു. ശരീരം നൊന്താൽ വല്ലാത്ത കലിയാണ് എനിക്ക്. മറ്റാരെങ്കിലുമായിരുന്നേൽ അവിടൊരു അടിനടന്നേനെ. അമേയ അതൊന്നും ശ്രദ്ധിക്കാതെ അടുക്കളേലേക്കോടി.
“ഇവിടൊന്നും തിന്നാനില്ലേ ചിറ്റേ”
അടുക്കളേൽ ശബ്ദങ്ങൾ. പാത്രങ്ങൾ പൊക്കുന്നു.., നീക്കിയെറിയുന്നു.. ഫ്രിഡ്ജ് തുറക്കുന്നു..
ഒന്നും ഉണ്ടാക്കീല്ലാന്ന് അപ്പോഴാണ് ഓർത്തത്.
ഒരു കുപ്പി തണുത്ത വെള്ളവുമായി അമേയ മുന്നിൽ.
” ചിറ്റക്കിപ്പോ ആഹാരം ഒന്നും വേണ്ടേ. കഥാകാരിയുടെ സൗന്ദര്യമൊക്കെ പോയി.. അതിങ്ങനെ ശരീരം ക്ഷീണിപ്പിച്ച് ചിറ്റ ഇല്ലാതാക്കരുത് “
പെട്ടെന്ന് ചിരിവന്നു. എത്ര ദേഷ്യപ്പെട്ടിരുന്നാലും അവൾക്കറിയാം എങ്ങനെ ഒരാളെ മയപ്പെടുത്താമെന്ന്.
“നീയിരിക്ക്.. ഞാൻ പുട്ടുണ്ടാക്കാം. മുട്ടയും പുഴുങ്ങാം”
“രണ്ടു മുട്ട വേണം. ജിം ബോഡിക്ക്..”അവൾ മസ്സിൽ തൊട്ടു കാണിച്ചു.
മുട്ടയും, ഏത്തപ്പഴവും പുഴുങ്ങി, പുട്ടും റെഡിയാക്കി, ഒരു ഗ്ലാസ് പാലും അവളുടെ മുമ്പിലേക്ക് വച്ചു.
ആർത്തി പിടിച്ച് കഴിക്കുന്ന അമേയയുടെ നിഷ്കളങ്ക മുഖത്തേക്ക് നോക്കിയിരുന്നു.
“ചിറ്റ പറഞ്ഞാൽ മാത്രേ അവൾ കേൾക്കൂ. നീ സംസാരിക്കണം അവളോട്” നിഷ ചേച്ചി ഏല്പിച്ചതാണ്..
എനിക്ക് ഉറപ്പുണ്ടായിരുന്നില്ല.. സ്വയം വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരുവൾക്ക് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താനാകില്ല എന്ന് അറിയാം.
“നിന്റെ ബർത്ത്ഡേ അല്ലേ അമേയാ അടുത്ത മാസം”
അവൾ അറിയില്ല എന്ന മട്ടിൽ”ആ” എന്ന് തലയാട്ടി.
“അതേ. കുംഭമാസത്തിലെ പുണർതം.
തൃക്കടവൂർ ക്ഷേത്രത്തിലെ ഉൽസവപ്പിറ്റേന്നാ നീ “
” അതിന് ? “ശ്രദ്ധാപൂർവം മുട്ടയെടുത്ത് വായിലിട്ടു.
“ഇരുപത്തഞ്ചു വയസു തികയും”
“ആ”
“നമ്മുടെ രാജേഷ് അവന്റെ അനിയന്റെ കാര്യം പറഞ്ഞിരുന്നു. അവന് നിന്നെ കുട്ടിക്കാലം മുതലേ അറിയാലോ.. ഇപ്പോ എക്‌സൈസിൽ ജോലിയുമായി. നല്ല പയ്യനാ”
അവൾ കുടിക്കാനെടുത്ത പാൽ അതുപോലെ നീക്കിവച്ചു. പതുക്കെ എണീറ്റു.
” നടക്കില്ല…”
“നിനക്കറിയില്ലേ..നല്ല പയ്യനാ”
“അത് എന്നല്ല.. ഒന്നും നടക്കില്ല. ചിറ്റക്ക് വേറെ വല്ലതും പറയാനുണ്ടോ?”
അവളുടെ മുഖത്ത് കാർമേഘം ഉരുണ്ടു കൂടിയിരുന്നു.
മുഖം കഴുകി.. കട്ടിലിൽ അലക്ഷ്യമായി എറിഞ്ഞ ബാഗെടുത്തു. പോകാനുള്ള പുറപ്പാടാണ്.
വല്ലാതെ ദേഷ്യം വന്നു. ഇങ്ങനേം ഉണ്ടോ ധിക്കാരം. പെട്ടെന്ന് ചെന്ന് ബാഗിൽ പിടിച്ചു.
“ഇപ്പോ നിന്നെ ഞാൻ വിടില്ല.. എത്ര പേരെയാ നീ വിഷമിപ്പിക്കുന്നതെന്നറിയ്യോ. നീ ഒരു ക്രിസ്ത്യാനി ചെക്കന്റെ കൂടെയാണ് എപ്പോഴും കറക്കം ന്ന് അറിഞ്ഞല്ലോ. ശരിയല്ല.ഇതൊന്നും”
” ചിറ്റപ്പനെവിടെ ചിറ്റേ” പെട്ടന്നവൾ ചോദിച്ചു.
പെട്ടെന്നൊരു ഉത്തരം കിട്ടിയില്ല. അറിയാത്ത കാര്യം എങ്ങനെ പറയാനാണ്!
മലപ്പുറത്ത് ഹയർ സെക്കന്ററിയിൽ ജനറൽ ട്രാൻസ്ഫർ കിട്ടിയപ്പോ ഹോസ്റ്റലിൽ ആയിരുന്നു. സെക്കന്റ് സാറ്റർഡേയോ, രണ്ടു ദിവസം അടുപ്പിച്ചുള്ള അവധി കിട്ടുമ്പോഴോ മാത്രേ വരാൻ പറ്റൂ.
പൂജ ഹോളിഡേ ഒരുമിച്ചു കിട്ടിയപ്പോൾ വന്നതാണ് ഇന്നലെ. രാത്രിയിൽ ബെഡ് റൂമിൽ നിന്നും തലയണയെടുത്ത് വിനയൻ അപ്പുറത്ത് റൂമിലേക്ക് പോയി.
ചോദിച്ചപ്പോ ഒറ്റ ഉത്തരം ” എനിക്ക് എ സി വേണ്ട. നിനക്ക് ബുദ്ധിമുട്ടാകും. ഞാനവിടെ കിടന്നോളാം”
“എനിക്കും എസി വേണ്ട” ന്നൊക്കെ പറഞ്ഞു നോക്കി.. മിണ്ടാട്ടമില്ല. എന്നാൽ ഞാനും ഈ മുറിയിൽ കിടക്കാംന്ന് പറഞ്ഞ് തലയണയുമെടുത്തു ചെന്നു. വല്ലാതെ ഷൗട്ട് ചെയ്തു വിനയൻ. ക്ഷീണം കൊണ്ട് അവിടെ തന്നെ കിടന്ന് ഉറങ്ങിപ്പോയി. രാവിലെ എണീറ്റപ്പോ വിനയനില്ല. അവളുടെ ചോദ്യത്തിന് പിന്നെ എങ്ങനെ മറുപടി പറയാനാണ്.
“ചിറ്റപ്പന്റെ സ്വഭാവം ഇപ്പോഴും പഴയ പോലെ തന്നെയാണോ.. അന്ന് ഓണത്തിന് കാണിച്ചു കൂട്ടിയതൊന്നും ഞാൻ മറന്നിട്ടില്ല”
ഞാനവളെ സൂക്ഷിച്ചു നോക്കി. മൂന്നുവർഷം മുമ്പിലെ ഓണത്തെക്കുറിച്ചാണ് അവൾ ചോദിച്ചത്. തിരുവോണ സദ്യയും കഴിഞ്ഞ് എല്ലാവരും ടിവികാണുന്നു. വിനയൻ ഏതോ വാർത്ത കാണുകയാണ്. ഏതോ ഒരു സിനിമ വക്കാൻ ഞാനൊന്നാവശ്യപ്പെട്ടു. അത് വിനയൻ വച്ചു. പരസ്യസമയത്ത് വീണ്ടും മാറ്റി. അങ്ങനെ മാറ്റുന്നത് എന്തോ പോലെ തോന്നി. ‘എന്താ വിനയാ ആ സിനിമ തന്നെ ഇരിക്കട്ടെ ” ന്നൊന്ന് പറഞ്ഞുപോയി.. റിമോട്ട് വലിച്ചെറിഞ്ഞ് ടീപ്പോയും തല്ലിപ്പൊട്ടിച്ച് വിനയൻ ചവിട്ടിത്തുള്ളി എണീറ്റു പോയി. അമേയ പേടിച്ചരണ്ടു പോയി. അതിനു ശേഷം അവൾ പിന്നീടുള്ള വരവ് കുറഞ്ഞു.
ഞാൻ കണ്ട അന്നുമുതലുളള വിനയൻ അന്നത്തേതിനു ശേഷം അതിനേക്കാളേറെ എത്രയോ വഷളായി എന്ന് ഞാനാരോടാണ് പറയേണ്ടത്!
മറ്റുള്ളവരെ ‘ഇര ‘യാക്കാനുള്ള വിനയന്റെ ശ്രമം. അതിന് കൂടുതൽ മുമ്പിൽ കിട്ടുന്നത് എന്നെത്തന്നെയാണ്. രാഹുലിന് ഇഷ്ടമുള്ള കോഴ്സ് എടുക്കാൻ സമ്മതിക്കാതെ എന്തെല്ലാം പ്രശ്നങ്ങളാണ് നടന്നത്. ഇഷ്ടമുള്ള ആഹാരം വീട്ടിൽ വക്കണമെങ്കിൽ അതിനും പ്രശ്നം. ഒക്കെയും വിനയൻ തീരുമാനിക്കും…
അവധിക്ക് ഓടിയെത്തുമ്പോ തന്റെ കൺമുമ്പിൽ വരാതെ കൂടുതൽ സമയവും കൃഷിയിലും, അല്ലെങ്കിൽ പുറത്തുമായിരിക്കും. അവഗണന… അവഗണന…
എന്തേലും ചോദിച്ചാൽ ഷൗട്ടിംഗ്..
രാഹുലിനും മിണ്ടാട്ടമില്ല.” അമ്മ എന്നാ പോകുന്നേ” എന്നോ മറ്റോ ചോദിക്കും. രണ്ടു ദിവസം ഉണ്ടെന്ന് പറഞ്ഞാൽ മുഖം ഒന്നു തെളിയും. മുമ്പ് അമേയ യുടെ കൂട്ട് തന്നാരുന്നു അവനും. വലിയ ബഹളക്കാരൻ.. ഇപ്പോ അവനും മിണ്ടാട്ടമില്ല..
“നിന്റെ കാര്യം പറയുമ്പോ നീ മറ്റുള്ളവരുടെ കാര്യം എടുത്തിടുന്നത് എന്തിനാ അമേയാ..”
ഒന്നും ആലോചിക്കാതെ കഥയുടെ ലോകത്ത് സ്വയം അടച്ചിടുന്ന ഒരുവളെ, അതിൽ മനസിന്റെ താളം അതിൽ ബന്ധിപ്പിക്കുന്നവളെ ഇവളെന്തിനാണ്…
“ഇനി ഞാൻ പറയാം. ചിറ്റ കേൾക്ക്”
അവൾ ബാഗ് സോഫയിലേക്ക് വീണ്ടും എറിഞ്ഞു. ജനാലക്കരികിൽ നിന്ന് അകലേക്ക് നോക്കി നിന്നു.
” സ്റ്റീഫനങ്കിളിനേ അറിയ്യോ ചിറ്റക്ക്? “
പെട്ടെന്ന് സോഫയിലേക്ക് ഞാനിരുന്നു. സ്റ്റീഫൻ.. ഹൃദയത്തിന്റെ ഏതൊ അറയിൽ നിന്നും പെട്ടെന്ന്…
” ചിറ്റയെ ഞാനിത്ര ഇഷ്ടപ്പെടുന്നത്, സ്റ്റീഫനങ്കിൾ പറഞ്ഞ കഥകളിൽ നിന്നാണ്. ചിറ്റയുടെ തീപ്പൊരി പ്രസംഗം, കലോത്സവ വേദികളിൽ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കാത്ത കഥാകാരി, കോളേജ് യൂണിയൻ ചെയർ പേഴ്സൺ…. ബ്യൂട്ടി ക്വീൻ.. ഇനിയും വേണോ വിശേഷണങ്ങൾ..”
ഹൃദയാഴങ്ങളിലേക്ക് അവളുടെ തുളച്ചുകയറുന്ന നോട്ടം. ഹോ!
ഞാൻ പെട്ടെന്ന് തിരിഞ്ഞു. അങ്ങനെ ആർക്കും വിട്ടു കൊടുക്കില്ല.
” സ്റ്റീഫനങ്കിളിന്റെ ഏക പ്രണയത്തിന്റെ രാജകുമാരി.. എയ്ഞ്ചലാന്റിയും, റോബിനും ഞാനും ഒക്കെ കൂടുമ്പോ ഞങ്ങളടെ കഥാനായിക എന്നും ചിറ്റയാണ്…” അവൾ ഒന്നു നിർത്തി
” അതൊക്കെ ചിറ്റക്ക് നഷ്ടമായത് എപ്പോഴാണ്.. വിവാഹത്തിനു ശേഷം. ശരിയല്ലേ.”ഒന്നു നടുങ്ങി.
” ചിറ്റ പറഞ്ഞ ഞാൻ കറങ്ങി നടക്കുന്നു ന്ന് പറഞ്ഞ ആ ക്രിസ്ത്യാനി ചെക്കൻ സ്റ്റീഫനങ്കിളിന്റെ മകനാണ് റോബിൻ..ആ വീട്ടിൽ എനിക്ക് കിട്ടുന്ന റിലീഫ് എത്രയെന്നറിയ്യോ.. “
” വിനയൻച്ചിറ്റപ്പന്റെ കൂട്ടായിരുന്നില്ല എന്റെ അച്ഛൻ. സ്നേഹാരുന്നു. പക്ഷേ പത്തുവയസിൽ അച്ഛൻ മരിച്ചതിനു ശേഷം സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല.. വല്ലാത്ത ടോക്സിക് ആയിരുന്നു അമ്മ.. എങ്ങോട്ടുതിരിഞ്ഞാലും, ഒരുങ്ങിയാലും, എന്തിനും ഏതിനും കുറ്റപ്പെടുത്തൽ, ദേഷ്യം.
ഞാനിത്തിരി സന്തോഷിച്ചത് ഇവിടെ വരുമ്പോഴായിരുന്നു. രാഹുലിന്റെ കൂടെ സംസാരിക്കുമ്പോഴായിരുന്നു.. ഭീകരനായ ഒരു നാർസിസ്റ്റ് ആണ് ചിറ്റപ്പൻ ന്ന് തിരിച്ചറിഞ്ഞപ്പോ.. ഇവിടേയും എനിക്ക് മടുത്തു “
അവളേങ്ങലടിച്ചു.
“എനിക്കുണ്ടായ ട്രോമ, ഡിപ്രഷൻ. ഒക്കെയിൽ നിന്നും എനിക്ക് മോചനം തന്നത് എയ്ഞ്ചലാന്റിയാണ്.. സൈക്യാട്രിസ്റ്റ്. സ്റ്റീഫനങ്കിളിന്റെ എയ്ഞ്ചൽ. എന്റെ ക്ലാസ് മേറ്റായിരുന്നു റോബിൻ. അവൻ തന്നെയാണ് എന്നെ കൊണ്ടുപോയതും.. പറഞ്ഞപ്പോ ചിറ്റയെ എന്നേക്കാൾ എയ്ഞ്ചലാന്റിക്കറിയാരുന്നു. സ്റ്റീഫനങ്കിളിന്റെ പ്രണയവും, പ്രണയം നഷ്ടമായപ്പോ സ്റ്റീഫനങ്കിൾ ഡിപ് അടിച്ചതും, അതിൽ നിന്നും മോചിപ്പിച്ച് ആന്റി അങ്കിളിനെ സ്വന്തമാക്കീതും…അവരുടെ സ്വർഗ തുല്യമായ ജീവിതവും..
ചിറ്റേ റോബിനെ എനിക്കുവേണം… റോബിനെ മാത്രമല്ല, എയ്ഞ്ചലാന്റിയേയും, സ്റ്റീഫനങ്കളിനേയും…
പിന്നെ എന്റെയീ കഥാകാരി ചിറ്റയേയും…”
ഞാനെഴുതിയ, പ്രസിദ്ധപ്പെടുത്താത്ത കഥകളിലൊന്നും കാണാത്ത മനോഹരമായ ക്ലൈമാക്സ്..
” ചിറ്റേ സത്യം പറയ്. സ്റ്റീഫനങ്കിളിനെ നഷ്ടപ്പെടുത്തണ്ടായിരുന്നു ന്ന്തോന്നുന്നോ”
ഞാൻ ‘ഇല്ലാ’ ന്ന് തലയാട്ടി.
സ്റ്റീഫനെ അർഹിക്കുന്നത് എയ്ഞ്ചല തന്നെയാണ്..
“ഇനി വല്ലതും ചിറ്റക്കു പറയാനുണ്ടോ”
പിന്നെയും തലയാട്ടി..’ ഇല്ലാ’ ന്ന് തന്നെ..
” ഒരു കാര്യം കൂടി.. രാഹുലിന് കൗൺസലിംഗ് കൊടുക്കുന്നുണ്ട് എയ്ഞ്ചലാന്റി. അച്ഛന്റെ നാർസിസ്റ്റ് ബിഹേവിയറിനും, അമ്മേടെ സഹനത്തിനും ഇടയിൽ പെട്ട് നിസഹായനായ ഒരു പാവം ആൺകൂട്ടി.അവന്റെ ഡിപ്രഷൻ. ആത്മഹത്യാ പ്രവണത. ഇതൊന്നും ചിറ്റ അറിഞ്ഞില്ലല്ലോ.. അവൻ എന്നോട് പറഞ്ഞതു കൊണ്ട് മാത്രം എനിക്കവനെ രക്ഷപ്പെടുത്താനായി.. ഇപ്പോ ആ വീട്ടിലെ ഒരംഗം കൂടിയാണ് അവൻ..
റോബിനും,അവനും കൂടി സിനിമ കാണാൻ പോയേക്കുവാണ്.. എന്നേം വിളിച്ചിരുന്നു.. അപ്പോഴല്ലേ ചിറ്റക്ക് എന്നെ കണ്ടോളാൻ വയ്യാഞ്ഞത്… “
പിന്നേയും പിന്നേയും ഞാൻ തോറ്റു കൊണ്ടേയിരുന്നു.
ഉറക്കെ ഞാനൊന്ന് പൊട്ടിക്കരഞ്ഞു.. ആരും കേട്ടില്ല.. ആരും കേൾക്കാൻ പാടില്ല.
ബോൾഡായ, ബ്യൂട്ടിഫുളായ,കഥാകാരിയായ… നിസഹായയായ..
“ചിറ്റേ ഇപ്പോഴത്തെ പെൺപിള്ളാരൊക്കെ വിവാഹം വേണ്ടാന്ന് പറയുന്നത് ഇതൊക്കെക്കൊണ്ടാ.. വല്ലവന്റെയൊക്കെ ‘ഇര’യാകുന്നത് എന്തിനാ.. റോബിനെ കണ്ടില്ലാരുന്നുവെങ്കിൽ ഞാനും അതേ തീരുമാനം തന്നെ എടുത്തേനെ.”
അവൾ പിന്നേം…
ഞാൻ റൂമിനകത്തേക്കു ചെന്നു.എഴുതിക്കൊണ്ടിരുന്ന കഥ കുനു കുനാ വലിച്ചു കീറി…
പുതിയൊരു കഥ എനിക്കിന്നെഴുതണം.

Author

63 Views
Scroll to top
Close
Browse Categories