ഒസ്യത്ത്

കല്ലും മൂട്ടിൽ കൃഷ്ണ പിളളയുടെ മരണം ഗ്രാമവാസികളെയാകെ ദുഃഖത്തിലാഴ്ത്തി .എല്ലാവർക്കും സഹായിയായിരുന്നു കൃഷ്ണപിള്ള അത്യാവശ്യഘട്ടങ്ങളിൽ ആ വാതിലിൽ മുട്ടി വിളിയ്ക്കുന്ന ആരേയും വെറും കൈയ്യോടെ മടക്കി അയച്ചിട്ടില്ല. കറകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം
പാടത്തു കൃഷിയിറക്കിക്കഴിഞ്ഞാൽ പിന്നെ എല്ലാ ദിവസവും വെളുപ്പിന് എഴുന്നേറ്റ് കൃഷ്ണപിള്ളപാടത്തു പോകും. സാഹചര്യത്തിനനുസരിച്ച് വെള്ളം കയറ്റാനും ഇറക്കാനും തൂമ്പ് അടയ്ക്കാനും തുറക്കാനുമൊക്കെയായി.
എഴുന്നേറ്റു പോകുന്നതു കൂടെ കിടക്കുന്ന ഭാര്യ ശാരദാമ്മ പോലും ചിലപ്പോൾ അറിഞ്ഞെന്നുവരികയില്ല ഉണരുമ്പോൾ അടുത്തു കാണാതെ വരുമ്പോൾ അവർക്കറിയാം പാടത്തു പോയിട്ടുണ്ടാകുമെന്ന്. എല്ലാം കഴിഞ്ഞ് നിലത്തു വെട്ടം വീഴുമ്പോൾ മടങ്ങിയെത്തും. അന്നേരംകട്ടൻ കാപ്പിയും തിളപ്പിച്ചു വെച്ചു കൊണ്ട് ശാരദാമ്മ കാത്തിരിയ്ക്കുകയാവും.
കൃഷിയെ വല്ലാതെ സ്നേഹിച്ചിരുന്നു കൃഷ്ണപിള്ള വിത കഴിഞ്ഞാൽ കൊയ്ത്തു കഴിയുന്നതു വരെ ശ്രദ്ധമുഴുവൻ പാടത്തായിരിക്കും. കാറ്റാടി പരുവമായിക്കഴിഞ്ഞാൽ പാട വരമ്പത്തുകൂടെ നാലുമണി നേരത്തു കുറെ സമയം നടക്കും. പടിഞ്ഞാറൻ കാറ്റിൽ നെല്ലിൻ തലപ്പുകളുടെ തിരയിളക്കം മനോഹരമായ കാഴ്ചയാണ്.
വൈകുന്നേരം പാടത്തു നിന്നും വരുന്ന വഴിക്ക് വടക്കേ നടയിലെ ആൽത്തറയിലെ നാട്ടു കൂട്ടത്തിൽ ഒരാളായി ചേർന്ന് കുറെ നേരമിരിക്കും. അവിടെ ചർച്ച ചെയ്യാത്ത വിഷയങ്ങളില്ല
പ്രായമായില്ലെ കൃഷ്ണേട്ടാ. ഇനിയെങ്കിലും ഈ അലച്ചിൽ നിറുത്തി വിശ്രമിച്ചു കൂടെ.? കൂട്ടത്തിൽ ആരെങ്കിലും അങ്ങനെയൊരു ചോദ്യമെറിഞ്ഞാൽ കൃഷ്ണേട്ടനു കൃത്യമായ മറുപടിയുണ്ട്.
മക്കളിൽ നിന്നും എന്തെങ്കിലും മോഹിയ്ക്കുന്നത് ചിലപ്പോൾ മണ്ടത്തരമായി ഭവിച്ചേക്കാം. പിന്നെ മറ്റൊന്ന്, കൃഷിഭൂമി തിരിശിടുന്നതു മഹാപാപമാ അറിയാമോ? ഭൂമി ഒരു അക്ഷയപാത്രമാണ്. വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഒരിക്കലും ഒഴിയാത്ത അക്ഷയപാത്രം. അതിന്റെനേട്ടം മറ്റുള്ളവർക്കു കൂടിയാ മനുഷ്യൻ അങ്ങനെ ചിന്തിച്ചുകർമ്മം ചെയ്തു ജീവിച്ചെങ്കിലെ ഈ ലോകം നിലനില്ക്കുകയുള്ളു. – അപ്പോൾ കൃഷ്ണപിള്ള വേദാന്തിയാകും.
പതിവുനേരമായിട്ടും ഭർത്താവിനെ കാണാതായപ്പോൾ ശാരദാമ്മ മുറ്റത്തിറങ്ങി നിന്നു പടിഞ്ഞാറെ ഇടവഴിയിലേക്കു നോക്കി. പ്രധാന റോഡിൽനിന്നും കല്ലും മുട്ടിൽ പുരയിടത്തിലേക്കുകയറാനുള്ള ഇടവഴിയാണത്. അതിലെ മറ്റാരും നടക്കാറില്ല
ഇന്നെന്തേ ഇത്ര വൈകാൻ? ദൂരെയെങ്ങാനും തലവട്ടം കാണുന്നുണ്ടോ?
ചിലരാത്രികളിൽ വർത്തമാനം പറഞ്ഞു പറഞ്ഞ് ഉറങ്ങാൻ ഒരുപാടു വൈകും. എന്നാൽ പോലും വെളുപ്പിന് അഞ്ചു മണിക്ക് ഉണർന്നെണീറ്റു പാടത്തു പോയിട്ട് കൃത്യസമയത്തു മടങ്ങിവരും.
ഈ അടുത്ത നാളിലായി രാത്രി സംസാരം മുഴുവൻ മക്കളെക്കുറിച്ചായിരുന്നു. നാലാണും, ഒരു പെണ്ണുമാണ്. എല്ലാവരും വിദേശത്താണ്. അവർക്കെല്ലാം മക്കളുമായി .ആരുടെയും കല്യാണം കൂടാൻ ഭാഗ്യമില്ലാതെ പോയ മാതാപിതാക്കന്മാരാണ് താനും കൃഷ്ണേട്ടനും. എല്ലാവരും അവരവർക്കു യോജിച്ച ഇണകളെ സ്വയം കണ്ടെത്തി അവിടെ വെച്ചു തന്നെ സ്വീകരിയ്ക്കുകയായിരുന്നു. വിവാഹത്തിന്റെആർഭാടങ്ങൾ പകർത്തി വാട്സാപ്പിലും മറ്റും അയച്ചു തന്നിരുന്നെങ്കിലും അതൊന്നും കാണാൻ കൃഷ്ണേട്ടൻ താല്പര്യം കാണിക്കുകയാേ സമയം നഷ്ടപ്പെടുത്തുകയോ ചെയ്തില്ല. സങ്കടപ്പെട്ട തന്നോട് അദ്ദേഹം ഒരു ഉപമ പറഞ്ഞു
പറക്കമുറ്റിയ കുഞ്ഞുങ്ങൾക്കുമേൽ തള്ള പക്ഷിയ്ക്ക് എന്ത് അധികാര അവകാശങ്ങൾ. അങ്ങനെ ചിന്തിച്ചാൽ മതി. മനസ്സിന് സമാധാനം കിട്ടും.
കൃഷ്ണേട്ടൻ മക്കളെ സ്നേഹിച്ചതു പോലെ ഈഭൂലോകത്തൊരു അഛനും മക്കളെ സ്നേഹിച്ചിട്ടുണ്ടാവില്ല
പ്രത്യേകിച്ച് ഇളയവളായ രശ്മിയെ-
തലയിൽ വെച്ചാൽ പേനരിയ്ക്കും, താഴത്തു വെച്ചാൽ ഉറുമ്പരിയ്ക്കുമെന്നുപറഞ്ഞതു പോലെയായിരുന്നു. ഒടുവിൽ അവളും സ്വന്തം വഴി സ്വയം തരഞ്ഞെടുത്തു.
അവർക്കൊക്കെ കുടുംബമായപ്പോൾ മാതാപിതാക്കന്മാരെ മറന്നു. മാസത്തിലൊരിക്കലെങ്കിലും ഒന്നു വിളിച്ച് ചത്തോ ജീവിയ്ക്കുന്നോയെന്നു പോലുംതിരക്കാൻ നേരമില്ലാത്ത മക്കൾ.
കൃഷ്ണേട്ടന്റെപേരിൽ ആദായമുള്ള കരഭൂമിയുണ്ട്. നെൽപ്പാടമുണ്ട്.. ഭാരിച്ചതുക ബാങ്ക് ബാലൻസുണ്ട്.
ഒന്നിനും മുട്ടില്ല.
എന്നാലും അദ്ദേഹം ആഗ്രഹിച്ചിരുന്നു.. മക്കളുടെ പക്ഷത്തു നിന്നും വല്ലപ്പോഴുമെങ്കിലുമൊരു സ്നേഹാന്വേഷണം ഒരു കൈനീട്ടം. ഒന്നും വേണ്ടിയിട്ടല്ല. എത്രയുണ്ടെങ്കിലും മക്കളിൽ നിന്നും കിട്ടുന്നത് ഒരു പൈസയാണെങ്കിലും അതിന്റെയൊരു മൂല്യം അളവറ്റതാണ്. മക്കളെ ലാളിച്ചു വളർത്തിയ മാതാപിതാക്കന്മാർക്കുമാത്രമേ അതു മനസ്സിലാവുകയുള്ളു. ഒന്നും വേണ്ട. വിഷവുംഓണവുമൊക്കെ വരുമ്പോൾ അഛനൊരുഷർട്ട്, അമ്മയ്ക്കൊരു കസവുനേര്യത് –
മതി. അതു മാത്രം മതി – പക്ഷേ …
ഓണവും വിഷുവുമൊക്കെ മക്കൾ മറന്നു പോയിട്ടുണ്ടാവും. പ്രായപൂർത്തിയാകുന്നതുവരെ ഓരോ ഓണവും, വിഷുവും എങ്ങനെയാണ് ആഘോഷിച്ചിരുന്നതെന്ന് ഇപ്പോൾ അവർക്ക് ഓർമ്മയുണ്ടാവില്ല. അതൊക്കെ മറന്നുകാണും.
മക്കൾ മാതാപിതാക്കന്മാരാകുമ്പോൾ അവരുടെ അഛനമ്മമാരെ മറന്നു പോകുമായിരിയ്ക്കാം. അതായിരിയ്ക്കാം പുതിയ കാലത്തിന്റെരീതിയും, ശാപവും. മക്കൾക്കു മാതാപിതാക്കന്മാർ ബാധ്യതയാകുന്നതിന്റെതെളിവാണല്ലോ വൃദ്ധസദനങ്ങൾ.
നമ്മുടെ മക്കളെന്താ ശാരദേ ഇങ്ങനെയായിപ്പോയത്.?
ചിലരാത്രികളിൽ ഒരു ദീർഘനിശ്വാസത്തിന്റെഅകമ്പടിയോടെ അങ്ങനെയൊരു ചോദ്യവുമായിട്ടാവും കൃഷ്ണപിള്ള സംഭാഷണത്തിലേക്കു കടക്കുന്നത്. മക്കളുടെ സ്നേഹമില്ലായ്മയിൽ കുന്നോളവും ദു:ഖവും മനസ്സിൽ പേറിനടക്കുന്ന ശാരദാമ്മ പക്ഷേ അതൊന്നും ഭർത്താവിന്റെമുന്നിൽ പ്രകടിപ്പിച്ചിരുന്നില്ല
നമുക്കിവിടെ എന്തിന്റെകുറവാ.? മക്കൾ സുഖമായി ജീവിയ്ക്കുകയല്ലേ? അവർക്ക് അല്ലലാ പത്തൊന്നും ഇല്ലാത്തതോർത്തു സന്തോഷിയ്ക്കേണ്ടതിനുപകരം….
ഭാര്യയുടെ കുറ്റപ്പെടുത്തലിനു പിന്നിൽ ദുഖത്തിന്റെവലിയൊരു കടലിരമ്പം കൃഷ്ണപിള്ള കേൾക്കുന്നുണ്ടായിരുന്നു.
സ്നേഹമില്ലാത്ത മക്കളോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് അദ്ദേഹം തെരുവുനായ്ക്കൾക്ക് ആ ഹാരം കൊടുത്തു തുടങ്ങിയത്.
രാവിലെ പാടത്തു നിന്നും വന്നു കഴിഞ്ഞാൽ കുളിയും. കാപ്പികുടിയും കഴിഞ്ഞ് ചെറിയൊരുകാർഡ് ബോർഡു പെട്ടിയിൽ നിറയെ ബിസ്ക്കറ്റുമായി നാലും കൂടിയ കവലയിലേക്കു പോകും. അവിടെ നിവർത്തി പിടിച്ച പച്ചക്കുട പോലെ ശാഖകൾ വിരിച്ചു ന്നില്ക്കുന്ന ബദാം മരത്തിന്റെതണലിൽനായ്ക്കൾ കൃഷ്ണേട്ടനേയും കാഞ്ഞു കിടക്കുന്നുണ്ടാകും.
അങ്ങനെയൊരു ശീലം തുടങ്ങിയ ആദ്യനാളുകളിൽ കൃഷ്ണേട്ടനെപലരും വിലക്കി –
അവസാനം കൃഷ്ണേട്ടനു മാത്രമല്ല നാട്ടുകാർക്കും ഇവറ്റകൾ പാരയാകും.
ഒന്നുമില്ലെടാ ഉവ്വേ – ഒരു നേരത്ത ആഹാരം കൊടുത്താല് മരണകാലം വരെ കളങ്കമില്ലാതെ സ്നേഹിക്കുന്ന ഒരേയൊരു ജീവി വർഗ്ഗ മേ ഈ ഭൂലോകത്തുള്ളു.. അതുനായ്ക്കളാ – അതായിരുന്നു കൃഷ്ണേട്ടന്റെമറുപടി.
ഇടവഴി താണ്ടി മുറ്റത്തേയ്ക്കുവരുന്ന വരെ ശാരദാമ്മ സൂക്ഷിച്ചു നോക്കി –
അയല്ക്കാരും പരിചയക്കാരുമാണെല്ലാവരും.
എന്താ നാരായണൻ കുട്ടി എല്ലാവരും കൂടി രാവിലെ? തെല്ലൊരു ആധിയും, ആകാംക്ഷയും കലർന്ന ശാരദാമ്മയുടെ ചോദ്യത്തിന് ആരിൽ നിന്നും പെട്ടെന്നൊരു മറുപടിയുണ്ടായില്ല. –
മുറ്റത്തിന്റെവീതി. നീളം പിടിച്ച് കുഴികൾകുഴിയ്ക്കാൻ തുടങ്ങുന്നവരിലേക്ക് ശാരദാമ്മയുടെ സംശയ കണ്ണകൾ നീണ്ടു. ചില ഊഹങ്ങൾ രേഖാചിത്രങ്ങളായി മനസ്സിൽ തെളിയവേ നൊമ്പരം നീറ്റുന്ന വാക്കുകൾ പുറത്തേയ്ക്കു വന്നു.
എന്താ പറ്റിയേ.? എന്നോടു പറ..
അന്നേരം കൂട്ടത്തിൽ പ്രായമുള്ളൊരാൾ ആശ്വാസനിശ്വാസങ്ങളോടെ ശാരദാമ്മയുടെ തോളിൽ മെല്ല തൊട്ടു.
അത്. – കൃഷ്ണൻ ….
അർദ്ധോക്തി പൂരിപ്പിയ്ക്കാൻ ശാരദാമ്മയുടെ മനസ്സിനു കഴിഞ്ഞതും. നിന്ന നില്പിൽ ബോധമറ്റവർ വീണു പോയി.
പാടത്തിന്റെവരമ്പിൽ മരിച്ചു കിടക്കുകയായിരുന്നു കൃഷ്ണപിള്ള ‘
വിഷം തീണ്ടിയതാണെന്നു ഗ്രാമവാസികൾ പറഞ്ഞു. ചിറയിൽ മൂർഖൻ പാമ്പുകളുണ്ടത്രേ. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കിഴക്കു നിന്നും ഒഴുക്കിൽ പെട്ടു വരുന്നതാണ്. സന്ധ്യയ്ക്കും വെളുപ്പാൻ കാലത്തുമാണ് വിഷപാമ്പുകൾ ഇര പിടിയ്ക്കാനിറങ്ങുന്നത്.
മാടൻ തല്ലിയതാണെന്നു പഴമക്കാർ പറഞ്ഞു. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രേ. അറ്റാക്കാണെന്നു പുതിയ തലമുറ.ഏതായാലും ചുണ്ടിന്റെകോണിൽ ഒരു തുള്ളി രക്തം ഇറ്റിച്ചു നിന്നിരുന്നു.
കൃഷ്ണേട്ടന്റെമരണം ആദ്യമറിഞ്ഞതു നായ്ക്കളായിരുന്നു. പുലർച്ചെ മുതൽ വഴിയോരത്തു നിരന്നിരുന്ന് ആകാശത്തേയ്ക്കും നോക്കി അവ ഓരിയിടാൻ തുടങ്ങി നായ്ക്കളുടെ ഓരിയിടൽ മരണത്തിന്റെമുന്നറിയിപ്പാണത്രേ. നായ്ക്കൾക്കു കാലനെ കാണാൻ കഴിയും പോലും. ദുരന്തങ്ങളെപ്പറ്റി ആദ്യമറിയുന്നതുപക്ഷിമൃഗാദികളാണ്. അവയ്ക്കു പ്രകൃതിയിൽ നിന്നും കമ്പിയില്ലാ കമ്പിവഴി സന്ദേശം ലഭിയ്ക്കും.
നിയമനടപടികൾക്കു ശേഷം ബോഡിയുമായി കടന്നുവന്ന ആംബുലൻസിന്റെസൈറൺ കേട്ടുകൊണ്ടു ശാരദാമ്മ എണീറ്റു.. വാർഡു കൗൺസിലറുടെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങളെല്ലാം ക്രമീകരിച്ചത്. ഒന്നും, രണ്ടും ദിവസങ്ങളുടെ വ്യത്യാസത്തിൽ വന്നു ചേരുമെന്ന് മക്കളുടെ അറിയിപ്പുണ്ടായി.
ശവസംസ്കാരത്തിന്റെദിവസവും, സമയവും മക്കളെത്തിയിട്ട് തീരുമാനിയ്ക്കാമെന്ന് വേണ്ടപ്പെട്ടവർ അഭിപ്രായപ്പെട്ടു.
സംസ്കാരം ഇന്നുതന്നെ നടത്തണം.ശാരദാമ്മ പറഞ്ഞു.
അപ്പോൾമക്കൾ ?-
ആർക്കു വേണ്ടിയും കാക്കേണ്ടതില്ല. മരിച്ചു കഴിഞ്ഞാൽ തന്നെ ഐസ് മുറിയിൽ വെച്ചു മരവിപ്പിയ്ക്കരുതെന്ന് ജീവിച്ചിരുന്നപ്പോൾ പലവട്ടം അദ്ദേഹം തന്നെക്കൊണ്ടു സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരിക്കെ ഞാനാണു മരിയ്ക്കുന്നതെങ്കിലും അങ്ങനെയേ ചെയ്യുമായിരുന്നുള്ളു.
ഒടുവിൽ ശാരദാമ്മയുടെ നിർബ്ബന്ധത്തിനു മറ്റുള്ളവർ വഴങ്ങി
മൃതദേഹം മുറ്റത്തെ പന്തലിലേക്കു വെച്ചപ്പോൾ പ്രധാന ഗേറ്റുകടന്നു നിര നിരയായി വന്ന നായ്ക്കളെ ആട്ടിയകറ്റാൻ ശ്രമിച്ചവരെ ശാരദാമ്മ വിലക്കി –
അരുത്. അവർ വന്നോട്ടെ.
വാലും തലയും താഴ്ത്തി മൃതദേഹത്തിനരികിൽ വന്ന് ആദരമർപ്പിച്ച് പുറത്തേയ്ക്കു പോകുന്ന നായ്ക്കളെ നോക്കി ശാരദാമ്മ മൂകം മന്ത്രിച്ചു.
കൃഷ്ണേട്ടന്റെമക്കൾ.
മതി. ഇതു മതി. ഇതിനേക്കാൾ വലിയ ശ്രദ്ധാഞ്ജലി മറ്റെന്താണ്.
ചിതയടങ്ങി ആളുകളെല്ലാം പിരിഞ്ഞു പോയിട്ടും കനൽ ചൂടിൽ നിന്നും അകന്ന് നായ്ക്കൾ മാത്രം അവിടെയുണ്ടായിരുന്നു. അന്തിമയങ്ങിയപ്പോൾ അവ കൂട്ടത്തോടെ നടന്നു പോകുന്നതു ശാരദാമ്മ കണ്ടു. നാൽക്കവലയിലെ ബദാം മരത്തിന്റെചുവട്ടിലേക്ക്. മക്കളോരോരുത്തരും ഓരോ സമയത്തു വന്നു ചേർന്ന് ഒത്തുകൂടി അച്ഛനെ ക്കുറിച്ചു സംസാരിയ്ക്കുമ്പോൾ ശാരദാമ്മ ഒരു കേൾവിക്കാരിയായി നിശബ്ദമിരുന്നു.. തങ്ങൾക്ക് അവസാനമായി ഒന്നു കാണാൻ വേണ്ടി അച്ഛന്റെ ഭൗതികദേഹം കാത്തു വെയ്ക്കാത്തതിൽ മക്കൾ പരിഭവിച്ചപ്പോൾമാത്രം ശാരദാമ്മ പ്രതികരിച്ചു.
ജീവിച്ചിരിയ്ക്കുമ്പോൾ വന്നു കാണാൻ നേരമില്ലാത്ത മക്കൾക്കു വേണ്ടി കാത്തു കെട്ടിവെയ്ക്കരുതെന്ന് അദ്ദേഹം എന്നോടു പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തെയല്ലാതെ മറ്റാരെയും അനുസരിയ്ക്കാനുള്ള ബാധ്യത ഈ ജന്മത്തിൽ എനിയ്ക്കില്ലെന്ന് ശാരദാമ്മ വ്യക്തമാക്കി.
മരണാനന്തര ചടങ്ങുകളൊന്നും തന്നെ നടത്താൻ ശാരദാമ്മ അനുവദിച്ചില്ല. രണ്ടു ചാക്ക് അരിയും മറ്റ് അനുസാരികളും അനാഥ മന്ദിരത്തിലെത്തിച്ചിട്ടുണ്ട്. അവിടെയാണ് അടിയന്തിരം. താല്പര്യമുള്ളവർക്ക് അവിടെ ചെന്നു പങ്കു ചേരാം.
അമ്മയുടെ നടപടികളിൽ കടുത്ത അതൃപ്തിയോടെ പിൻവാങ്ങിയമക്കളുടെ അടുത്ത നീക്കം സ്വത്തു ഭാഗം വെയ്ക്കുന്ന കാര്യത്തിലേക്കായിരുന്നു. തറവാട്ടിൽ ജീവിച്ചിരിയ്ക്കുന്ന മുതിർന്ന ആളുടെയും, വാർഡ് കൗൺസിലറുടെയും,സാന്നിധ്യത്തിലാണുകാര്യങ്ങൾക്കു തുടക്കമിട്ടത്.
കുട്ടി കൾക്കെല്ലാവർക്കും മടങ്ങിപ്പോകണം. അതിനു മുമ്പ് ഇന്നാർക്ക് ഇന്നതെന്നൊന്നു വരച്ചു കാട്ടിയാൽ നിന്റെയൊരു വലിയ ഉത്തരവാദിത്തം തീർന്നു. – കാരണവർ ശാരദാമ്മയോടു പറഞ്ഞു.
എല്ലാം അദ്ദേഹം വളരെ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. – കേട്ടുകഴിഞ്ഞപ്പോൾ ശാരദാമ്മ പറഞ്ഞു.
ഉവ്വോ.- എങ്കിൽ പിന്നെ അതൊന്നുവായിച്ചാൽ മതിയല്ലാ. കാര്യങ്ങൾ എത്ര എളുപ്പമായി.
മക്കളുടെ മുഖങ്ങൾ ആകാംക്ഷകൊണ്ടു വിടർന്നു. എനിയ്ക്കേത് ? എനിയ്ക്കേത്? എന്നുള്ള ചോദ്യം ഓരോരുത്തരുടെയും കണ്ണുകളിൽ അലയടിച്ചു നിന്നു ശാരദാമ്മ കൊണ്ടുവന്നു കൊടുത്ത മുദ്രപത്രം വാർഡ് കൗൺസിലറുടെ കൈയ്യിൽ കൊടുത്തിട്ട് കാരണവർ പറഞ്ഞു.
എല്ലാവർക്കും കേൾക്കത്തക്കവണ്ണം ഇതൊന്നുവായിയ്ക്ക് :
വളരെ ചുരുങ്ങിയ വാചകമേ ഉണ്ടായിരുന്നുള്ളു. ‘ആകെ മൊത്തം സ്ഥാവര , ജംഗമവസ്തുക്കളിൽ നേർപകുതി തെരുവുനായ്ക്കളുടെ അന്നദാനത്തിന്. ബാക്കി പകുതി ശാരദാമ്മയ്ക്കും: “
ആ വിൽ പത്രം അംഗീകരിയ്ക്കാനാവാതെ മക്കൾ ഏകസ്വരത്തിൽ ചോദിച്ചു.
“അച്ഛനെന്താ ഭ്രാന്തായിരുന്നോ? ആ ഭ്രാന്തിനു കൂട്ടുനിന്ന അമ്മയ്ക്കും ഭ്രാന്താണ് ‘
അതെ മക്കളെ ഞങ്ങൾക്കു രണ്ടു പേർക്കും ഭ്രാന്തായിരുന്നു. ശാരദാമ്മ ഉറക്കെയുറക്കെ ചിരിച്ചു..ആ ചിരി ഉള്ളിലുണ്ടാക്കിയ നടുക്കത്തോടെ കൂടിയവരൊക്കെ പിരിഞ്ഞു പോയപ്പോൾ മക്കൾ പരസ്പരം പറഞ്ഞു
അമ്മയ്ക്കു ഭ്രാന്താ…
പിന്നീടുള്ള ദിവസങ്ങളിൽ നാട്ടുകാർ ചർച്ച ചെയ്ത വിഷയം കൃഷ്ണേട്ടന്റെനായ്ക്കളെ ഒന്നിനേയും കാണാനില്ലെന്നുള്ളതായിരുന്നു. ദിവസങ്ങളോളം ചൂടുപിടിച്ചു നിന്ന ആ ചർച്ചയെ നിഷ്പ്രഭമാക്കി
ക്കൊണ്ട് മറ്റൊരു വാർത്ത നാട്ടിലാകെ പരന്നു.
ശാരദാമ്മയേയും കാണാനില്ല..
9605419148.






