നെയ്യാർ ഗായത്രി

നെയ്യാറൊഴുകുന്നു
ശിവവ്രതശുദ്ധിയിൽ
അഗസ്ത്യമുനിസാനുവിൽ
മുനികന്യയായവൾ.

എന്തൊരൊഴുക്കാ –
ണാഴമാ – ണാകാശം
മറ്റൊരാകാശം
രചിച്ച പോലെ.

ഋതുഭേദമുണ്ടാം
ബാഹ്യദൃശ്യങ്ങളിൽ
പുഴയടിത്തട്ടിൽ
മൂകശിലകളാം.

ശിലകളിൽ മൗനം
കഠിനതപസിലോ
തീപ്പൊരിക്കതിരുകൾ
പള്ളിയുറക്കമോ?

നീലജലധാര
ഗർഭത്തിലൊരു ശില
ആരുടെ കരസ്പർശം
കാത്തു നൂറ്റാണ്ടുകൾ.

രാമപാദസ്പർശ –
മേറ്റ ശിലാഖണ്ഡം
സ്വയംപ്രഭാ മോക്ഷ –
മഹല്യാസ്തുതികളിൽ

നാരായണ കര –
സ്പർശത്തിൽ – നെയ്യാ –
റിഹലോക ഗംഗ
ശിവപ്പെരുമാളുമായ്.

അരുവികൾ, ദേഹികൾ
പാലരുവി, തേനരുവി
അദ്വൈതമറിയാ –
നഴിമുഖം ഗുരുകുലം.

നെയ്യാറിലിപ്പോഴും
അഗസ്ത്യമന്ത്രങ്ങളോ

  • ‘ആത്മസഹോദര”
    സൂര്യഗായത്രിയോ?

Author

72 Views
Scroll to top
Close
Browse Categories