നവബുദ്ധവാദ പ്രസ്ഥാനവും ഗുരുവും
ഗുരുവിന്റെ ജാതിമതഭേദങ്ങളെ ഭേദിക്കുന്ന വിശ്വസാഹോദര്യമാനവതത്വമറിഞ്ഞ് സമൂഹത്തില്‍ പ്രയോഗിച്ച് അടിസ്ഥാനജനതകളുമായി കലര്‍ന്ന് സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാക്കാനായി ആയുസ്സര്‍പ്പിച്ച സാമൂഹ്യസംസ്‌കാരരാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു മൂലരാശാനെന്ന് പമ്പയാറിനോരങ്ങളിലെ ബഹുജനങ്ങളിന്നും വിളിക്കുന്ന ചെങ്ങന്നൂര്‍ മംഗളം ഇടനാട്ടിലെ മൂലൂര്‍ ഭവനത്തിലെ മൂലൂര്‍ എസ്. പദ് മനാഭപ്പണിക്കര്‍

‘സോദരത്വേനവാഴുന്ന
മാതൃകാസ്ഥാന’മാക്കാനായി
ആയുസ്സര്‍പ്പിച്ച ഗുരുശിഷ്യൻ
ഇന്ത്യയിലെ തന്നെ ആധുനികകാലത്തെ രണ്ടാമത്തെ നവബുദ്ധവാദപ്രസ്ഥാനം നാരായണഗുരുവും ശിഷ്യരും കൂടിയാണ് മുന്നോട്ടുനയിച്ചത്. ആദ്യത്തെ ആധുനികബുദ്ധവാദം സിംഹളബുദ്ധഭിക്കുവായ അനഗാരിക ധർമ്മപാലയുടെ ബോധനത്തില്‍ തമിഴകത്തെ ദലിതനേതാവായ അയ്യോതിതാസപണ്ഡിതരവര്‍കളാണ് നടത്തിയത്. രണ്ടാമത്തെ പുതുപുത്തവാദം ഗുരുശിഷ്യരായ മൂലൂരും സി വി.യും സഹോദരനും മിതവാദിയും ഡോ. പല്‍പ്പുവും കൂടിയാണ് നയിച്ചത്. മൂന്നാമത്തെ സഫലമായ ആധുനികബുദ്ധമതപ്രസ്ഥാനം അംബേദ്കര്‍ നയിച്ച നവയാനം അഥവാ ഭീമയാനമാണ്(ശേഖര്‍ 2015). 1956ല്‍ അശോകവിജയദശമിയില്‍ നാഗപുരയിലും തുടര്‍ന്ന് ചന്ദ്രപുരയിലും ദാദറിലുമെല്ലാമായി പത്തുലക്ഷത്തിനടുത്ത് ദലിതബഹുജനങ്ങള്‍ രണ്ടുമാസംകൊണ്ട് അംബേദ്കറുടെ നവയാനത്തെ സ്വീകരിച്ചു.
1946ല്‍ ബാബാസാഹിബ് ഭരണഘടനാനിര്‍മാണസഭയിലേക്കു വന്നപ്പോള്‍ത്തന്നെ അദ്ദേഹത്തെ ആധുനികയിന്ത്യയുടെ നവബുദ്ധനായി പുതുപുത്തനായി അഭിവാദ്യംചെയ്തു ശരണംവിളിച്ചത് ജാതിഭാരതം എന്ന കവിതയിലൂടെ ഗുരുശിഷ്യനായ സഹോദരനായിരുന്നു. നാരായണഗുരുവിനു ജന്മം നല്‍കിയ ഒരു സമുദായത്തിനുമാത്രമേ ധാര്‍മികധീരനായ സഹോദരനപ്പോലുള്ള ഒരു സംസ്‌കാരകര്‍തൃത്വത്തെ സമൂഹത്തിനുകൊടുക്കാനാവൂ എന്നെഴുതിയത് 1920കളില്‍ തന്നെ മഹാകവി ആശാനായിരുന്നു. 1917ലെ പന്തിഭോജനത്തെത്തുടര്‍ന്ന് ആദര്‍ശക്കൊടുമുടിയില്‍ നിന്നു ചാടല്ലേയെന്നെഴുതിയ ആശാനാണ് ഏതാനും വര്‍ഷങ്ങൾക്കകം സ്വയംതിരുത്തിയെഴുതിയത്. അമ്പതുവയസ്സിനുശേഷം ആശാനെഴുതിയ ചണ്ഡാലഭിക്ഷുകിയും കരുണയും ശ്രീബുദ്ധചരിതത്തിന്റെ ഭാഗങ്ങളുമെല്ലാം തികച്ചും ബൗദ്ധമായിരുന്നു. സഹോദരന്റെ 1934 ലെ പദ്യകൃതികളിലാണ് കേരളഭാഷയിലാദ്യമായി മഹാമംഗളസൂത്രമടക്കമുള്ള പന്ത്രണ്ടോളം പ്രബുദ്ധകവിതകളുള്ള ബൗദ്ധകാണ്ഡം അച്ചടിക്കപ്പെടുന്നത് (അയ്യപ്പന്‍ 1934). മൂലൂരിനെ ധർമ്മപദ വിവര്‍ത്തനം പാലിയില്‍നിന്നും നേരിട്ടുനടത്താനായി സോദരത്വേന പ്രേരിപ്പിച്ചതും പുലയനയ്യപ്പനായ സഹോദരനാണ്. സഹോദരനും മാതൃകയായി ആദിമസോദരരുമായി കലര്‍ന്നകവിയായിരുന്നു മുതിര്‍ന്ന മൂലൂര്‍. പാക്കനാരേയും നന്തനാരേയും വള്ളുവരേയും കുറിച്ച് ആധുനികകാലത്താദ്യമായി കേരളഭാഷയില്‍ കവിതചമച്ചതും ഗുരുശിഷ്യനായ മൂലൂരാശാനാണ് (ശേഖര്‍ 2025).
1918ല്‍ ഇഴചേര്‍ന്ന ഈഴത്തിന്റെ അഥവാ സംഘത്തിന്റെ സ്വന്തം നാടായ ഈഴം അഥവാ ശ്രീലങ്ക സന്ദര്‍ശിച്ച് അമരകോശം ഉദ്ധരിച്ച് ബുദ്ധപര്യായമായ അദ്വയവാദി, വിനായക എന്നിവ വിശദീകരിച്ച് നമ്മുടേതും ബുദ്ധമതംതന്നെ എന്നു പ്രഖ്യാപിച്ച് ഇതിനെല്ലാം തുടക്കമിട്ടതും ഗുരുതന്നെ. 1926 ലും അംബേദ്കറെ പോലെ രണ്ടുതവണ ഗുരു ഈഴം അഥവാ സംഘത്തിന്റെ സ്വന്തംനാട്ടിലേക്കു പോയി. നാമിനി മലയാളത്തിലേക്കില്ല എന്നായിരുന്നു 1926ലെ പ്രഖ്യാപനം. ശിഷ്യര്‍ കൈയ്യുംകാലുംപിടിച്ചാണ് തിരികെയെത്തിച്ചത്. തുടര്‍ന്നു 1928ല്‍ ഗുരു മഹാപരിനിബാണമടഞ്ഞു (കുമാരന്‍ 1998).
ഗുരുവിന്റെ ജാതിമതഭേദങ്ങളെ ഭേദിക്കുന്ന വിശ്വസാഹോദര്യമാനവതത്വമറിഞ്ഞ് സമൂഹത്തില്‍ പ്രയോഗിച്ച് അടിസ്ഥാനജനതകളുമായി കലര്‍ന്ന് സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാക്കാനായി ആയുസ്സര്‍പ്പിച്ച സാമൂഹ്യസംസ്‌കാരരാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു മൂലരാശാനെന്ന് പമ്പയാറിനോരങ്ങളിലെ ബഹുജനങ്ങളിന്നും വിളിക്കുന്ന ചെങ്ങന്നൂര്‍ മംഗളം ഇടനാട്ടിലെ മൂലൂര്‍ ഭവനത്തിലെ മൂലൂര്‍ എസ്. പദ് മനാഭപ്പണിക്കര്‍ (1869-1931). പമ്പയാറിനോരത്തെ പനയന്നാര്‍കാവിനടുത്തുള്ള കാവില്‍ കുടുംബമായിരുന്നു മാതാവിന്റേത്. ഇടനാട്ടിലെ മൂലൂരിനടുത്ത് ഇടപ്പള്ളിയില്‍ ഇപ്പൊഴും തകര്‍ന്നുപോയ വലിയ വട്ടപ്പള്ളിയുടെ അവശേഷിപ്പുകളും ബുദ്ധ, മഹാമായ, നാഗയക്ഷീശില്പങ്ങളും കാണാം (ശേഖര്‍ 2018, 2021). ഇത്തരം പ്രാചീന ബൗദ്ധവിഹാരങ്ങളായ പള്ളികളെല്ലാം ഇന്ന് ക്ഷേത്രവല്‍ക്കരിക്കപ്പെടുന്നു. ചെങ്ങന്നൂരമ്പലത്തില്‍ തന്നെ വലിയവട്ടത്തിന് അഥവാ സ്തൂപത്തിന് അടിത്തറയുണ്ട്. വൈക്കവും ഇരിങ്ങാലക്കുടയും വടക്കുന്നാഥനുമെല്ലാംപോലെ പ്രാചീന അശോകകാല വിഹാരമായിരുന്നു ഇതും.

ചെറുപ്പത്തില്‍ തന്നെ പിതാവ് മൂലൂര്‍ ശങ്കരവൈദ്യരില്‍നിന്നും കുടിപ്പള്ളിക്കൂടം ആശാന്മാരില്‍ നിന്നും സാഹിത്യസംസ്‌കാരനൈപുണ്യവും കാവ്യരചനയും വശമാക്കുകയും നാരായണഗുരു മൂലൂര്‍ ഭവനം സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ സമ്മതിനേടുകയുമുണ്ടായി. അമ്മാനപ്പാട്ടുകളും ആട്ടക്കഥകളും കിളിപ്പാട്ടുകളും കാവ്യനാടകാദികളുമെല്ലാമെഴുതി. കവിമഹാഭാരതയുദ്ധം, ചില്ലുവഴക്ക്, നമ്പൂരിവഴക്ക് എന്നിങ്ങനെ സാഹിത്യരംഗത്തെ ജാതിക്കെതിരായ നിരന്തരഅക്ഷരസമരങ്ങളിലൂടെ സാഹിത്യസംസ്‌കാരരംഗങ്ങളെ ജനായത്തവല്‍ക്കരിക്കയും അവര്‍ണരുടേയും സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടേയും നൈതികവും ന്യായവുമായ പ്രാതിനിധ്യവും പ്രതിനിധാനങ്ങളുമുള്ള രംഗങ്ങളാക്കി ജനായത്തവല്‍ക്കരിക്കുകയും ചെയ്തു. വെളുത്തേരിയേയും പെരുനെല്ലിയേയും ഗുരുവിനേയും തഴഞ്ഞവര്‍ പോലും മൂലൂരിനെ കവിയും സരസകവിയും പ്രജാസഭാംഗവും ജനനേതാവുമായി അംഗീകരിക്കേണ്ടി വന്നു (സത്യപ്രകാശം, ശേഖര്‍ 2017).
ഗുരുവിന്റെ മാര്‍ഗദര്‍ശനത്തോടെ കുറുമ്പന്‍ ദൈവത്താനുമായി ചേര്‍ന്ന് പ്രജാസഭയിലും പുറത്തുമായി എഴുതിയും പാടിയും പ്രസിദ്ധീകരിച്ചതാണ് പുലവൃത്തം എന്ന പുലയരുടെ പ്രാചീനഗാനശൈലിയിലുളള ആധുനികമായ ജനായത്തരചനകള്‍ (മൂലൂര്‍ 1996). മക്കപ്പുഴക്കാരന്‍ കേശവനെന്ന ദലിതബാലകനെയാണ് ഗുരു നേരിട്ടു മൂലൂരിനെ വിദ്യാഭ്യാസവികാസങ്ങള്‍ക്കായി ഏല്‍പ്പിക്കുകയും നിയമസഭാ സാമാജികനും ഉപാധ്യക്ഷനുമാക്കി അദ്ദേഹത്തെ മൂലൂര്‍ മാറ്റുകയും ഉണ്ടായി. അഴകിയാള്‍, കുഴലിയാള്‍ എന്നിങ്ങനെയുള്ള ദലിതവനിതകളുടെ വിദ്യാഭ്യാസ സാമൂഹ്യപുരോഗതിക്കും മൂലൂര്‍ ജീവിതസമരംചെയ്തു. മൂലൂരിന്റെ പാതിയാംഗലത്തിലെഴുതിയ ഡയറിയിന്നും കേരളവര്‍മ സൗധമെന്ന ഇല(ള)വംതിട്ടയിലെ ഓര്‍മപ്പുരയില്‍ കാണാം. അയ്യങ്കാളിയും ദലിതസോദരങ്ങളുമായുള്ള മഹാസമ്മേളനങ്ങളും യോഗങ്ങളുമാണതില്‍ നിറയേ. ആശാന്റെ ആംഗലഡയറിയിലാണ് അയ്യനെ വെങ്ങാനൂരിലെ പ്ലാവറത്തറ കുടിയില്‍ സന്ദര്‍ശിച്ചതും വര്‍ക്കലക്കുന്നിലെ ജാതിവിരുദ്ധസമ്മേളനത്തില്‍ അയ്യനൊപ്പം പങ്കെടുത്തതുമടക്കം നിരവധി ആധുനികയറിവൊളി ചരിത്രമുഹൂര്‍ത്തങ്ങളുടെ എഴുത്തടയാളങ്ങള്‍.
1924ലെ വൈക്കംപോരാട്ടത്തിനു സമാന്തരമായി വൈക്കംപോലെതന്നെ പ്രാചീനബൗ ദ്ധവിഹാരവും (ക്രാംറിച് 1946, 1953ദലിത്ബന്ധു 2016) വലിയവട്ടമെന്ന സ്തൂപാടിത്തറ ഇന്നും കാണാവുന്ന ചങ്ങനെന്ന ശാക്യസിംഹന്റെ ഊരായ ചങ്ങന്നൂരിലെ അന്‍പിനളമായിരുന്ന (മഹായാനവിഹാരം അഥവാ ബൗദ്ധപ്പള്ളിയായിരുന്ന) അമ്പലത്തിലേക്ക് അയ്യായിരത്തോളം ദലിതസോദരങ്ങളുമായി കടന്നുകയറിയ കുറുമ്പന്‍ ദൈവത്താനെന്ന വിമോചനപ്പോരാളിയുടെ സാഹോദര്യസ്‌നേഹപ്രേരണയുമായിരുന്നു മൂലൂര്‍. വൈക്കം പോരാട്ടത്തിന്റെ കാരണമായ ഗുരുവിന്റെ വഴിപോലുംതടഞ്ഞ ഇണ്ടംതുരുത്തിയുടെ കാവലാളുകളെക്കുറിച്ചും ബാരിക്കേഡിനേക്കുറിച്ചും മററുമുള്ള ”സാഹോദര്യം,”ചിദംബരംപിള്ളയുടെ കത്തുമതിനുള്ളമറുപടിയും” തുടങ്ങിയ കവിതകളും മൂലൂരാണെഴുതിയത്.സഹോദരന്റെ ”പരിവര്‍ത്തന”വും ”ഗാന്ധിസന്ദേശ”വും വൈക്കംപോരാട്ടഭൂമികയിലുള്ളതാണ്.മൂലൂരിനെക്കുറിച്ച് രണ്ടുപുസ്തകങ്ങളാണടുത്തകാലത്തുവന്നത്. ജി. പ്രിയദര്‍ശനന്റെ സരസകവി മൂലൂര്‍: സാഹിത്യസമരനായകന്‍(കേരളസാഹിത്യഅക്കാദമി), പൂയപ്പിള്ളി തങ്കപ്പന്റെ സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍: കവിതയിലെ പോരാട്ടവീര്യം (സാഹിത്യപ്രവര്‍ത്തകസഹകരണസംഘം) എന്നിങ്ങനെ രണ്ടുപുസ്തകങ്ങളാണ് 2023 അവസാനത്തോടെവന്നത്. ലേഖകന്റെ മൂലൂര്‍ക്കവിതകളുടെ ആംഗലവിവര്‍ത്തനവും ആംഗലജീവചരിത്രവും പൂര്‍ത്തീകരിക്കപ്പെടുന്നു.

തിപിടകത്തിലെ സുത്തപിടകത്തിലുള്ള ഖുദ്ദകനികായത്തിലെ ചെറിയഭാഗമാണ് ബുദ്ധവചനസാരമായ ധർമ്മപദമെങ്കിലും അതുതന്നെ 423 പദ്യങ്ങള്‍ 26 വർഗ്ഗങ്ങളിലായി ക്രോഡീകരിച്ചതാണ്. ഇതെല്ലാം മൂലൂര്‍ പാലിമൂലവും സംസ്‌കൃതമൊഴിമാറ്റങ്ങളും ആംഗലവിവര്‍ത്തനങ്ങളുമെല്ലാം വായിച്ചൊത്തുനോക്കിയാണ് മലയാളത്തില്‍ കിളിപ്പാട്ടിലേക്കു കാവ്യാത്മകമായി മൊഴിമാറ്റിയത്. നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും വ്യക്തമായി വായിച്ചു മനസ്സിലാക്കാവുന്ന തരത്തില്‍ ലളിതവും കാവ്യാത്മകവുമായാണ് വിവര്‍ത്തനം. ഗുരുവിന്റെ തിരുക്കുറല്‍ മൊഴിമാറ്റത്തെ ഓര്‍മിപ്പിക്കുന്നു മൂലൂരിന്‍ സാഹിത്യവിവര്‍ത്തന പരിശ്രമം. കാലത്തെ അതിജീവിക്കുന്ന ബുദ്ധചിന്തയുടെ നൈതിക തലവും ധാര്‍മിക സൗരഭ്യവും സംവഹിക്കുന്ന കാവ്യപരിശ്രമമാണ് മൂലൂര്‍ നടത്തിയിട്ടുള്ളത്. അംബേദ്കര്‍ ബുദ്ധനും ധർമ്മവും രചിച്ചപ്പോള്‍ പാലി പഠിക്കുകയും ഒരു പാലിപദകോശംതന്നെ സ്വന്തമായുണ്ടാക്കുകയും ചൈനീസടക്കമുളള ധർമ്മപദങ്ങളുടെ ആംഗലത്തില്‍ ലഭ്യമായ പാഠങ്ങള്‍ വിശകലനം ചെയ്യുകയുമുണ്ടായിട്ടുണ്ട് (ശേഖര്‍ 2015). കാരണം അശോകമക്കളായ മഹിന്ദരുടേയും സംഘമിത്തയുടേയും കാലശേഷമാണ് സിലോണിലടക്കം തിപിടകങ്ങള്‍ ധർമ്മലിപിയിലൂടെ അഥവാ അശോകന്‍ ബ്രാഹ്മിലിപിയിലൂടെ രേഖപ്പെടുത്താന്‍ തുടങ്ങിയത്. മഹായാനത്തിലേക്കും സംസ്‌കൃതത്തിലേക്കും മാറ്റിയപ്പോഴും പല കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും നൂറ്റാണ്ടുകളിലൂടെ ഉണ്ടായിട്ടുണ്ട്. ഇത്തരം പാഠാന്തരമായ ഒരു വിമര്‍ശാവബോധം മൂലൂരിലും കാണാം. പാലിമൂലത്തില്‍ പോലും ഇന്നുകാണാത്ത പലതും ആംഗലപാഠങ്ങളില്‍ നിന്നും മൂലൂര്‍ കണ്ടെത്തിക്കൂട്ടിച്ചേര്‍ക്കുന്നു. ഇതരസമാന്തരപാഠങ്ങളെ കുറിച്ച് സൂചനകളും അടിക്കുറിപ്പുകളും ചേര്‍ക്കുന്നു. 1925ല്‍ പൂര്‍ത്തിയാക്കിയെങ്കിലും 1931ല്‍ ചരമംവരെ അതു പ്രസിദ്ധീകരിക്കാന്‍ മൂലൂരിനായില്ല. 1960ല്‍ മകനായ പി. കെ. ദിവാകരന്‍ കേരളസാഹിത്യ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെ ഇലവംതിട്ട മൂലൂര്‍ സ്മാരകസമിതിക്കുവേണ്ടി പ്രസിദ്ധീകരിക്കുകയാണുണ്ടായത്. അടുത്തകാലം വരെ സാഹിത്യ അക്കാദമി പുസ്തകശാലയില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ നൂറാം വാര്‍ഷികവേളയില്‍ അതും ലഭ്യമല്ല.

വള്ളത്തോളിനെ കൊണ്ട് അവതാരിക എഴുതിക്കാനായി മൂലൂര്‍ രചന അയച്ചെങ്കിലും പാലി മൂലവുമായി ഒത്തുനോക്കാന്‍ താനശക്തനാണെന്നായിരുന്നു മഹാകവിയുടെ മൊഴി. കാലവും ഏറെ കഴിഞ്ഞു. മൂലൂര്‍ 1931ല്‍ വസൂരിപിടിച്ചു മരിച്ചുപോയി. വര്‍ക്കല തീര്‍ഥാടനവും മൂലൂരിന്റെ ആശയമാണെങ്കിലും അതും അദ്ദേഹത്തിന്റെ മരണത്തിനുശേഷമാണ് ഇലവുംതിട്ടയില്‍ നിന്നും തുടങ്ങിയത്. പിന്നെ മകന്‍ ദിവാകരന്‍ പാഠം സഹോദരനയച്ചുകൊടുത്തു. അപ്പോഴേക്കും സഹോദരനും കിടപ്പിലായിരുന്നു. പിന്നെ തിരുവനന്തപുരം സംസ്‌കൃതകോളേജിലെ പ്രഫസറായിരുന്ന കെ. ബാലരാമപ്പണിക്കരുടെ അവതാരികയോടെയാണ് 1960ല്‍ പുറത്തിറക്കിയത്. പലപതിപ്പുകളും പിന്നെവന്നു മുപ്പതുവര്‍ഷം മുമ്പുവരെ. ഇന്നു പുസ്തകം സാഹിത്യഅക്കാദമി പുസ്തകക്കടയില്‍പ്പോലും ലഭ്യമല്ല. പുതിയ സമഗ്രമായ പഠനങ്ങളോടു കൂടിയ ഒരുപതിപ്പ് സാഹിത്യ അക്കാദമി തന്നെ പുറത്തുകൊണ്ടുവരേണ്ടതാണ്. സമ്പൂര്‍ണകൃതികളുടെ ഒരു സമാഹാരവും വരേണ്ടതുണ്ട്.രണ്ടായിരത്തിയറുനൂറു വര്‍ഷത്തിലധികം പഴക്കമുള്ള ബുദ്ധവചനത്തെ കേരളകവിതയിലേക്കു മൂലൂര്‍ കൊണ്ടുവന്നതിന്റെ ശതാബ്ദിപൂര്‍ത്തി ആംഗലഭാഷയുടെ ശതാബ്ദപൂര്‍ത്തി 1915ല്‍ കേരളത്തില്‍ മലയാളകവിതയായി അദ്ദേഹമെഴുതിയപോലെ സാഹിത്യസാംസ്‌കാരിക അക്കാദമികളും മാധ്യമങ്ങളും സംസ്‌കാരികവകുപ്പും ബഹുജനങ്ങളും യഥോചിതം ആഘോഷിക്കേണ്ടതുണ്ട്.
(തുടരും)
9895797798
പുസ്തകസൂചി
അതിയമാന്‍, പഴ. വൈക്കം പോരാട്ടം. വിവര്‍ത്തനം, ഷിജു കെ., ഡി. സി. ബുക്‌സ്, 2023 (2020).
അയ്യപ്പന്‍, കെ. സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍. പൂയപ്പള്ളി തങ്കപ്പന്‍ എഡിറ്റഡ്. കേരള സാഹിത്യ അക്കാദമി, 2001 (1934).
അശോകന്‍, എ. വി. എഡിറ്റര്‍, കെ. ആര്‍. നാരായണന്‍, ശ്രീനാരായണധര്‍മ്മത്തിന്‍ വാഗ്ജ്വാല. തലയോലപ്പറമ്പ് കെ. ആര്‍. എന്‍. സ്മാരക എസ്. എന്‍. ഡി. പി. യൂണിയന്‍, 2018.
ഇളംകുളം. ഇളംകുളംകുഞ്ഞന്‍പിളളയുടെ തിരഞ്ഞെടുത്തരചനകള്‍ 1, ചരിത്രലേഖനങ്ങള്‍. എഡി. എന്‍. സാം. കേരളസര്‍വകലാശാല, 2005.
കിങ്ങ്, മേരി. ഗാന്ധിയന്‍ നോണ്‍വയലന്റ് സ്ട്രഗിള്‍സ് ആന്‍ഡ് അണ്‍റ്റച്ചബിലിറ്റി ഇന്‍ സൌത്തിന്ത്യ: വൈക്കം സത്യഗ്രഹ ആന്‍ഡ് ദ മെക്കനിസംസ് ഓഫ് ചെയിഞ്ച്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്, 2015.
കുമാരന്‍, മൂര്‍ക്കോത്ത്. സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍. ഇലവംതിട്ട മൂലൂര്‍ സ്മാരക കമ്മിറ്റി, 1998.
കൊച്ച്, കെ. കെ. ദലിതന്‍. ഡി. സി. ബി. 2018.
ക്രാംറിച്ച്, സ്റ്റെല്ല. ദ ഹിന്ദു റ്റെമ്പിള്‍. കൊല്‍ക്കത്ത, സൌത്തേഷ്യ ബുക്‌സ്, 1980 (1946).
—. ദ്രാവിഡ ആന്‍ഡ് കേരള, ഇന്‍ ദ ആര്‍ക്കിടെക്ചര്‍ ഓഫ് ട്രാവന്‍കോര്‍. ആര്‍ട്ടിബസ് ഏസ്യ, 1953.
ഗുരുവംശി, രാജന്‍പി. ദ ലെഫ്‌റ്റോവര്‍, എ റിലൂക് ഓണ്‍ ദ ലെഫ്‌റ്റോവര്‍ ബുദ്ധിസ്റ്റ് ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ത്രൂ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. നോഷന്‍ പ്രസ് ചെന്നൈ, 2018.
ഗോപാലകൃഷ്ണന്‍. പി. കെ. കേരളത്തിന്റെ സാംസ്‌കാരികചരിത്രം. കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, 2008.
ജഫ്രി, റോബിന്‍. ഡിക്ലൈന്‍ ഓഫ് നായര്‍ ഡോമിനന്‍സ്. മനോഹര്‍, 2023.
ദലിത്ബന്ധു. ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും. വൈക്കം, ഹോബി പബ്ലീഷേസ്, 2006.
—. ദളവാക്കുളം (രണ്ടാം പതിപ്പ്). വൈക്കം, ഹോബി പബ്ലീഷേസ്, 2016.
—. മുലച്ചിപ്പറമ്പ്. വൈക്കം അംബികാച്ചന്ത, ഹോബി പബ്ലീഷേസ്, 2018.
—. ശൂദ്രലഹള. വൈക്കം, ഹോബി പബ്ലീഷേസ്, 2019.
നമ്പൂതിരി, ഉണ്ണികൃഷ്ണന്‍. ”ഗാന്ധിജിവന്നത് ഈ ഇല്ലത്താണ്.”യോഗക്ഷേമസഭ സ്വസ്തി ത്രൈമാസിക. 2023 ജൂലൈ 1. പുസ്തക 2, ലക്കം 3. യോഗക്ഷേമസഭ കോഴിക്കോട് ജില്ലാക്കമ്മറ്റി പ്രസിദ്ധീകരണം. 14-21.
നാരായണന്‍, കെ. ആര്‍. ”വൈക്കത്തുനടന്നിട്ടുള്ള അയിത്തോച്ചാടന ശ്രമങ്ങള്‍ ഒരു തിരിഞ്ഞുനോട്ടം.” എ. വി. അശോകന്‍. കെ. ആര്‍. നാരായണന്‍. കെ. ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്. എന്‍. ഡി. പി. യൂണിയന്‍, 2018. 127-134.
ബാലകൃഷ്ണന്‍, പി. കെ. എഡിറ്റര്‍, നാരായണഗുരു. ഡി. സി. ബി. 2020.
ദാമോദരന്‍, എന്‍. കെ. മൂലൂര്‍ പ്രദീപം. എഡി. വി. ആര്‍. പ്രബോധചന്ദ്രന്‍നായര്‍. ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1995.
ഭാസ്‌കരന്‍, ടി. എഡിറ്റര്‍, ശ്രീനാരായണഗുരുവൈഖരി. കുന്നത്തുനാട് ശ്രീനാധപ യൂണിയന്‍, 2010 (1994).
മാധവന്‍, ഇ. സ്വതന്ത്രസമുദായം. മൈത്രി, 2021 (1934).
മൂലൂര്‍. മൂലൂര്‍ സാഹിത്യവല്ലരി 1.എന്‍. കെ. ദാമോദരന്‍ എഡിറ്റര്‍, ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1994.
—. മൂലൂര്‍ സാഹിത്യവല്ലരി 2. എന്‍. കെ. ദാമോദരന്‍ എഡിറ്റര്‍, ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1996.
—. പുലവൃത്തം. സമ്പാദനം, പി. കെ. ദിവാകരന്‍. എഡിറ്റര്‍, എന്‍. കെ. ദാമോദരന്‍. ഇലവംതിട്ട മൂലൂര്‍ സ്മാരക കമ്മിറ്റി, 1999.
—. ധര്‍മ്മപദം. ഇലവംതിട്ട സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, 1998 (1960).
—. മൂലൂരിന്റെ പദ്യകൃതികള്‍. എഡിറ്റര്‍, പുത്തന്‍കാവ് മാത്തന്‍ തരകന്‍. ഏഷ്യന്‍ബുക്‌സ് പത്തനംതിട്ട, 1980.
—. കവിരാമായണം. ഇലവംതിട്ട മൂലൂര്‍ സ്മാരക കമ്മിറ്റി, 2004.
രഘു, ജെ. ”നാരായണഗുരുവും കേരള അറിവൊളിപ്രസ്ഥാനവും.”മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്. 20024, ജൂണ്‍ 30.
രവീന്ദ്രന്‍. റ്റി. കെ. എയിറ്റ് ഫര്‍ലോങ്ങ്‌സ് ഓഫ് ഫ്രീഡം.ലൈറ്റ് ആന്‍ഡ് ലൈഫ്, 1980.
വാസവപ്പണിക്കര്‍, കുമ്പളംചിറ. സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍. ഗ്രന്ഥകര്‍ത്താ, 1976 (1944).
ശേഖര്‍, അജയ്. സഹോദരനയ്യപ്പന്‍ റ്റുവേഡ്‌സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍, അതര്‍ ബുക്‌സ്, 2012.
—. ഡോ. ബി. ആര്‍. അംബേദ്കര്‍. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2015.
—. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതരബഹുസ്വരദര്‍ശനവും. മൈത്രി, 2016.
—. കേരളനവോത്ഥാനം, പുതുവായനകള്‍. എഡിറ്റര്‍. എസ്. ആര്‍. ചന്ദ്രമോഹനന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2021 (2018).
—. പുത്തന്‍ കേരളം കേരളസംസ്‌കാരത്തിന്റെ ബൌദ്ധ അടിത്തറ. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2018.
—. റെപ്രസന്റിങ്ങ് ദ മാര്‍ജിന്‍: കാസ്റ്റ് ആന്‍ഡ് ജെന്‍ഡര്‍ ഇന്‍ ഇന്ത്യന്‍ ഫിക്ഷന്‍. കാല്‍പാസ് ഗ്യാന്‍, 2008.
—. എഡിറ്റര്‍. ബുദ്ധിസം ആന്‍ഡ് കേരള. ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രസ്, 2021.
—. ”ആശാനും അശോകരും: ആശാന്‍ കവിതയിലെ അശോക ബുദ്ധബിംബങ്ങള്‍.” സാഹിത്യലോകം. നവമ്പര്‍-ഡിസമ്പര്‍ 2022. 7-22.
—. ”അവസാനിക്കാത്ത വൈക്കം പോരാട്ടം: സാഹിത്യത്തിലും സംസ്‌കാരത്തിലും.”സാഹിത്യലോകം 53, 1. 2024. 7-18.
—. ”മൂലൂരിന്റെ കാവ്യകലാപങ്ങള്‍.”ഭാഷാപോഷിണി. മെയ് 2020. 14-21.
—. ”ധർമ്മപദത്തിനു മലയാള പരിഭാഷ.”ഭാഷാപോഷിണി.ഏപ്രില്‍ 2025. 74-78.
സത്യപ്രകാശം, എം. മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍. കേരളസര്‍ക്കാര്‍ സാംസ്‌കാരികവകുപ്പ്, 1998.






