അമ്മക്കോഴി

മുട്ടയിടാത്ത കോഴി
പൊരുന്നിരിക്കുന്നത് കണ്ട,
വീട്ടുകാരിയുടെ മോഹം
ഇവളെയമ്മയാക്കാന്‍
പൂവന്‍കൊത്തിയ നാല് മുട്ടവേണം.

മുട്ടയിട്ടില്ലേലും മുട്ടവിരിയാന്‍
അടക്കോഴി മതി.
അയലത്തെ പൂവന്‍മാരുടെ
കരളായിരുന്നിട്ടും
ഇവള് മുട്ടയിട്ടില്ലല്ലോ;
വീട്ടുകാരിയുടെ പാരാദൂരം.
പരിശുദ്ധാത്മാവിന്റെ,
നോട്ടം കിട്ടാത്തോള്.

പത്താമുദയത്തിന് അടവെച്ചിട്ട്.
ഇടികുടുങ്ങാതെ നോക്കാന്‍
വീട്ടുകാരി, ഇന്ദ്രനെ ഏല്പിച്ചു!
കോഴിക്കും മുട്ടകള്‍ക്കുമിടയില്‍
വജ്രായുധം തണലായി.

നിഴലും നിലാവും കടന്നുവന്ന
ഇരുപത്തൊന്നാരാവ്!
ചീമുട്ടകളെ തെങ്ങുമൂട്ടിലെറിഞ്ഞ്
നാലെട്ട് മുപ്പത്തിരണ്ട് രൂപാ പോയ
സങ്കടക്കാരിയെകാണാന്‍ കൊതിച്ചു.

കരിമഷിക്കണ്ണും റോസാ ചുണ്ടും
ചുവന്ന തളിര് പാദങ്ങളും
പുള്ളിത്തൂവലുകളുള്ള നാല് കുഞ്ഞുങ്ങള്‍
വീട്ടുകാരിയുടെ മേത്ത് തത്തം-
പിത്തം നടക്കുന്ന സുഖാലസ്യത്തില്‍
അവളുടെയൊരു ഗമ!

Author

114 Views
Scroll to top
Close
Browse Categories