തദ്ദേശ തിരഞ്ഞെടുപ്പ്:

കോണ്‍ഗ്രസില്‍ തന്നെ ഈഴവര്‍ക്കും മറ്റ് പിന്നാക്ക സമുദായക്കാര്‍ക്കും എ.കെ. ആന്റണിയുടെ ഭരണകാലം വരെ സാമാന്യമായ ഒരു പരിഗണനയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അടൂര്‍ പ്രകാശ്, ഡി. സുഗതന്‍, കെ. ബാബു, കെ. അച്യുതന്‍, സുജനപാല്‍, കെ. സുധാകരന്‍ എന്നീ എണ്ണിപറയാവുന്ന നേതാക്കള്‍ ഈഴവ/തിയ്യ വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസ് നേതൃനിരയില്‍ ഉണ്ടായിരുന്നു.മറ്റ് ഹിന്ദു പിന്നാക്ക സമുദായങ്ങളില്‍ നിന്ന് മുമ്പ് രഘുചന്ദ്രബാൽ,സുന്ദരൻ നാടാർ, ടി.യു രാധാകൃഷ്ണന്‍, വി. ദിനകരന്‍, ടി. എൻ പ്രതാപൻ,സി.എൻ. ബാലകൃഷ്ണൻ എന്നിവരൊക്കെയുണ്ടായിരുന്നു.പില്‍ക്കാലത്ത് ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ അപ്രസക്തരായി. പിന്നാക്കക്കാരുടെ പ്രാതിനിധ്യം വല്ലാതെ ശോഷിച്ച് ശുഷ്‌കിച്ച് പോകുന്നുവെന്ന ഒരു വലിയ വെല്ലുവിളികൂടി ഈ വിജയത്തില്‍ അടങ്ങിയിരിക്കുന്നു.

അഞ്ചുകൊല്ലം ഭരിച്ച സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകുക കേരളത്തില്‍ സ്വാഭാവികമാണ്. രാജ്യത്ത് മിക്കവാറും സംസ്ഥാനങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്. പല സംസ്ഥാനങ്ങളിലും അഞ്ചുകൊല്ലം കോണ്‍ഗ്രസ് ഭരിച്ചാല്‍ അടുത്ത അഞ്ചുകൊല്ലം ബി.ജെ.പി, പിന്നെ കോണ്‍ഗ്രസ് . അങ്ങനെയൊരു പാറ്റേണ്‍ ഒരു കാലത്ത് വ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും കണ്ടിരുന്നു. പിന്നീട് ചില സംസ്ഥാനങ്ങളില്‍ അതിനൊരു മാറ്റം വന്നു. പശ്ചിമ ബംഗാളിലായിരുന്നു അത് ആദ്യം കണ്ടത്.
അവിടെ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി നിരന്തരമായി ജയിക്കുകയും കോണ്‍ഗ്രസ് നിരന്തരമായി തോല്‍ക്കുകയുമായിരുന്നു. പിന്നീട് മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് പ്രതിപക്ഷമായി വന്ന് കുറേശേ കുറേശേ ശക്തി പ്രാപിച്ച് അധികാരം പിടിച്ചെടുത്തതോടെ നേരത്തെ കോണ്‍ഗ്രസിനുണ്ടായിരുന്നതിനേക്കാള്‍ അപചയം ഇടതുപക്ഷമുന്നണിക്ക് ഉണ്ടായി. ഇടതുപക്ഷം ഫലത്തില്‍ ഇല്ലാതെയായി. ഇടതുപക്ഷത്തിന്റെ സ്ഥാനത്തേക്ക് ബിജെപി കയറി വന്നു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേര്‍വാഴ്ച. ശരിക്കും പറഞ്ഞാല്‍ ഭീകരവാഴ്ചയാണ് ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത്.
പിന്നീട് അതുപോലൊരു പ്രവണത കണ്ടത് ഗുജറാത്തിലാണ്. അവിടെ 1989 മുതല്‍ ഇന്നുവരെ കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ല. സമീപകാലത്തൊന്നും കോണ്‍ഗ്രസിന് ജയിക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. മദ്ധ്യപ്രദേശിലും എത്രയോ കാലങ്ങളായി ബിജെപിയുടെ ഭരണമാണ്. ഇടയ്ക്ക് കോണ്‍ഗ്രസ് മന്ത്രിസഭയുണ്ടാക്കിയെങ്കിലും ഒരു കൊല്ലം പോലും തികച്ച് ഭരിക്കാന്‍ പറ്റിയില്ല. ഒഡീഷയില്‍ വളരെക്കാലം നവീന്‍ പട്‌നായിക്കിന്റെ ഭരണം നീണ്ടുനിന്നു. ഏതാണ്ട് 1999 മുതല്‍ 2024 വരെ പട്‌നായിക്കിന്റെ ഭരണമായിരുന്നു.
പശ്ചിമബംഗാളില്‍ സിപിഎം, ഗുജറാത്തില്‍ ബിജെപി എന്നീ കക്ഷികൾ അല്ലെങ്കില്‍ ഒറീസയിലെ നവീന്‍ പട്‌നായിക്കിനെ പോലെയോ മദ്ധ്യപ്രദേശിലെ ശിവരാജ്‌സിംഗ് ചൗഹാനെപോലെയോ ജനസമ്മതരായ മുഖ്യമന്ത്രിമാർ. ഒരുപാടു കാലം തുടര്‍ച്ചയായി ഭരിക്കാന്‍ ഇവർക്കേ കഴിയൂ.കോണ്‍ഗ്രസ് നേതാവ് ഷീലാദീക്ഷിത് 15 കൊല്ലം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായിരുന്നു. ജയലളിത വളരെക്കാലം തമിഴ്‌നാട് അടക്കി ഭരിച്ചു.

കേരളത്തില്‍ അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഭരണമാറ്റം വരികയെന്നതാണ് സാധാരണ നടപടിക്രമം. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചാല്‍ അഞ്ചുകൊല്ലം എല്‍ഡിഎഫ്, പിന്നെ വീണ്ടും യുഡിഎഫ്, 1982 മുതല്‍ 2021 വരെ കേരളത്തില്‍ ഈ നടപടിക്രമം തുടര്‍ന്നു.’അഞ്ചുകൊല്ലം ഇവര്‍ കട്ടതല്ലേ, ഇനി അഞ്ചുകൊല്ലം അവര്‍ കക്കട്ടെ’ എന്ന് ആളുകള്‍ പറയുന്നത് ഈ ചെവി കൊണ്ട് കേട്ടിട്ടുണ്ട്. ഭരണത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് ഉള്ള ഒരു ധാരണ ഇതാണ്.
എല്‍ഡിഎഫിന്റെ ഭരണമാണെങ്കില്‍ അതില്‍ അസഹിഷ്ണുതയും അക്രമരാഷ്ട്രീയവുമാണ് മന്ത്രിസഭയുടെ പ്രതിച്ഛായ വികലമാക്കുന്നത്. നാദാപുരത്ത് മുസ്ലീംലീഗുമായി സംഘര്‍ഷം, തലശേരിയില്‍ ആര്‍.എസ്.എസുകാരുമായി സ്‌കോര്‍ബോര്‍ഡ് വെച്ച് കൊലപാതകം തുടങ്ങിയ പരിപാടികള്‍. സി.ഐ.ടി.യുക്കാരുടെ ഗുണ്ടായിസവും ചുമട്ടു തൊഴിലാളികളുടെ അക്രമവും വേറെ. ഇങ്ങനെയൊക്കെ ചെയ്ത് ആളുകളെ വെറുപ്പിക്കും. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 2000-2001 കാലത്ത് ഗുരുമന്ദിരങ്ങള്‍ക്കു നേരെ ആക്രമണം നടന്നത്. കൊല്ലം എസ്.എന്‍. കോളേജില്‍ അക്രമാസക്തമായ സമരമുണ്ടായി. അങ്ങനെയുള്ള സമരങ്ങള്‍ കൊണ്ട് അവര്‍ ജനങ്ങളെ വെറുപ്പിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്രപരാജയം ഉണ്ടായി. യു.ഡി.എഫിന് ചരിത്ര വിജയവും.

യു.ഡി.എഫിന്റെ മേന്‍മ കൊണ്ടായിരുന്നില്ല ആ വിജയം. എല്‍.ഡി.എഫിന്റെ ഭരണവൈകല്യം കൊണ്ടായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന് അന്ത്യകൂദാശ നല്‍കാനുണ്ടായ പ്രധാന സംഭവം എസ്.എന്‍. കോളേജ് സമരമായിരുന്നു. പിന്നെ കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം. മാസത്തില്‍ 25 ദിവസം ട്രഷറി പൂട്ടിയിട്ട സാമ്പത്തിക തകര്‍ച്ച. ഭരണം മോശമായിട്ടല്ല. മന്ത്രിമാര്‍ യോഗ്യന്മാരായിരുന്നു. പക്ഷേ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നത് ഈ മൂന്ന് നാല് സംഭവങ്ങള്‍ കൊണ്ടാണ്.

തിരഞ്ഞെടുപ്പിന്റെ സാമുദായിക സൂത്രം
പിന്നാക്ക സമുദായക്കാര്‍ വേലിക്ക് പുറത്ത്

മുസ്ലീം വോട്ടുകള്‍ പരിപൂര്‍ണ്ണമായും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ യുഡിഎഫിന് അനുകൂലമായിരുന്നു. ഈ തിരഞ്ഞെടുപ്പിലും അത് തന്നെ ആവര്‍ത്തിച്ചു. ഇനി ഒരു തവണ കൂടി അധികാരം കിട്ടിയില്ലെങ്കില്‍ മുസ്ലീം ലീഗിന് രക്ഷയില്ല. മുസ്ലീം ലീഗിന് രക്ഷയില്ലെങ്കില്‍ മുസ്ലീങ്ങള്‍ക്കും രക്ഷയില്ല. യുഡിഎഫ്=ലീഗ്, ലീഗ് = മുസ്ലീം എന്ന ഒരു സമവാക്യമുണ്ട്. ഇത്തവണ ലീഗിനെ ജയിപ്പിക്കേണ്ടത്, സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ടത് ലീഗിലുള്ള മുസ്ലീങ്ങളുടെ മാത്രമല്ല, കോണ്‍ഗ്രസിലുള്ള മുസ്ലീങ്ങളുടെ മാത്രമല്ല കേരള സംസ്ഥാനത്തുള്ള എല്ലാ മുസ്ലീങ്ങളുടെയും ആവശ്യമായി മാറി. ഈ തിരഞ്ഞെടുപ്പിന്റെ സാമുദായിക സൂത്രമാണ് അത്. മറ്റൊരു സമുദായത്തിനും ഈ രീതിയില്‍ ഒരു ഏകീകരണം ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ പഞ്ചായത്തുകളുടെ ഡിവിഷനുകളിലും എല്ലാ ബ്ലോക്ക് പഞ്ചായത്തിലും എല്ലാ മുനിസിപ്പാലിറ്റികളിലും എല്ലാ ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ജയിച്ചു. മലപ്പുറത്ത് മാത്രമല്ല മലബാര്‍ മേഖലയില്‍ പൊതുവേയും ഈ ഒരു ഏകീകരണം കാണാം.
ഇതുപോലെ മറ്റ് വിഭാഗങ്ങളിലും ധ്രുവീകരണം നടക്കുന്നുണ്ട്. അതുകൊണ്ടാണ് പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി ഒറ്റക്കക്ഷിയായതും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ ഭരണത്തോടടുത്ത നിലയില്‍ എത്തിയതും. ഒരു പരിധിവരെ തിരുവനന്തപുരം കോര്‍പ്പറേഷനിലും മറ്റു പല പ്രദേശങ്ങളിലും ഈയൊരു പ്രവണത കാണാം. താനൂര്‍ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫാണ് ഭരണകക്ഷി. എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ജയിക്കാനായില്ല. എന്നാല്‍ ബിജെപിക്ക് എട്ടു കൗണ്‍സിലര്‍മാരുണ്ട്. സാമുദായിക ധ്രുവീകരണം കൂടുതല്‍ ശക്തമാവുകയാണ്. രാഷ്ട്രീയ വോട്ടുകള്‍ കുറയുന്നു. ആളുകള്‍ മതം നോക്കി, സമുദായം നോക്കി മാത്രം വോട്ടു ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് ശരിയാണെന്ന് മലപ്പുറത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. മലപ്പുറത്ത് ജയിച്ച പഞ്ചായത്ത് മെമ്പര്‍മാരുടെ എണ്ണം സാമുദായികമായി ഒന്ന് അളന്ന് നോക്കണം. വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടിയ സാമൂഹ്യസാഹചര്യം വ്യക്തമാകും.
ഇനി ഒരു തവണ കൂടി യുഡിഎഫ് ഭരണം വന്നാല്‍ മുസ്ലീംലീഗിനായിരിക്കും പ്രാമുഖ്യം. അഞ്ചാം മന്ത്രി കഴിഞ്ഞ് ആറാം മന്ത്രി ചോദിച്ചാലും കൊടുക്കേണ്ടി വരും. കനപ്പെട്ട വകുപ്പുകളായ വ്യവസായം, മരാമത്ത്, നഗരാസൂത്രണം, വിദ്യാഭ്യാസം എല്ലാം വീണ്ടും കൈക്കലാക്കി പണ്ടത്തെക്കാള്‍ നന്നായി കൊയ്ത്തും മെതിയും വിഭവസമാഹരണവും നടത്തുകയും അതിന്റെ എല്ലാം ഗുണം അവരുടെ പാര്‍ട്ടിക്കും അവരുടെ സമുദായത്തിനും മാത്രമായി ചുരുങ്ങുകയും ചെയ്യും.
കേരളാ കോണ്‍ഗ്രസ്സുകള്‍ മിക്കവാറും അപ്രസക്തമായി കഴിഞ്ഞു. കേരള കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട സമുദായിക പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു. ആ പാര്‍ട്ടിയുടെ പ്രസക്തി പരിപൂര്‍ണ്ണമായും ഇല്ലാതായെന്ന് പറയാം. മാണി ഗ്രൂപ്പിലായിരുന്നു കൂടുതല്‍ ആളുകളുണ്ടായിരുന്നത്. എല്‍ഡിഎഫില്‍ നിന്ന് അവര്‍ വലിയ പരാജയം ഏറ്റുവാങ്ങി. ജോസഫ് ഗ്രൂപ്പിനാകട്ടെ ആളുമില്ല ,അര്‍ത്ഥവുമില്ല,ജനപിന്തുണയുമില്ല.
സാമുദായിക സന്തുലനം മൊത്തത്തില്‍ തകിടം മറിഞ്ഞിരിക്കുകയാണ്. ഈഴവരാദി പിന്നാക്ക സമുദായങ്ങള്‍ക്ക് കോണ്‍ഗ്രസ് എത്ര സീറ്റ് കൊടുത്തിട്ടുണ്ടെന്നു നോക്കിയാല്‍ മതി. സീറ്റ് കൊടുത്തിട്ട് വേണ്ടേ ജയിക്കാന്‍. ജയിച്ചത് കോണ്‍ഗ്രസാണെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടത് ഹിന്ദു പിന്നാക്ക വിഭാഗങ്ങളാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ വരികയാണെങ്കില്‍ പിന്നാക്ക സമുദായക്കാര്‍ക്കു അസ്തിത്വ പ്രതിസന്ധി തന്നെയുണ്ടായേക്കും. അവര്‍ക്ക് വേണ്ടി വിലപേശാനോ, ചോദിച്ചു വാങ്ങാനോ ആളില്ലല്ലോ. ആകെ വന്നിട്ടും പോയിട്ടും ഒരു അടൂര്‍പ്രകാശ് മാത്രം.
കോണ്‍ഗ്രസ്സില്‍ ക്രിസ്ത്യന്‍, മുസ്ലീം, നായര്‍ മേല്‍ക്കോയ്മയാണ്. പിന്നാക്ക സമുദായക്കാര്‍ പരിപൂര്‍ണമായും വേലിക്ക് പുറത്താണ്. ഇതാണ് തിരഞ്ഞെടുപ്പിന്റെ ഫലശ്രുതി.
യുഡിഎഫില്‍ മുമ്പ് എസ്.ആര്‍.പി, ജെ.എസ്.എസ്.എന്നീ കക്ഷികള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ തന്നെ ഈഴവര്‍ക്കും മറ്റ് പിന്നാക്ക സമുദായക്കാര്‍ക്കും എ.കെ. ആന്റണിയുടെ ഭരണകാലം വരെ സാമാന്യമായ ഒരു പരിഗണനയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അടൂര്‍ പ്രകാശ്, ഡി. സുഗതന്‍, കെ. ബാബു, കെ. അച്യുതന്‍, സുജനപാല്‍, കെ. സുധാകരന്‍ എന്നീ എണ്ണിപറയാവുന്ന നേതാക്കള്‍ ഈഴവ/തിയ്യ വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസ് നേതൃനിരയില്‍ ഉണ്ടായിരുന്നു.
മറ്റ് ഹിന്ദു പിന്നാക്ക സമുദായങ്ങളില്‍ നിന്ന് മുമ്പ് രഘുചന്ദ്രബാൽ,സുന്ദരൻ നാടാർ, ടി.യു രാധാകൃഷ്ണന്‍, വി. ദിനകരന്‍, ടി. എൻ പ്രതാപൻ,സി.എൻ. ബാലകൃഷ്ണൻ എന്നിവരൊക്കെയുണ്ടായിരുന്നു. . പില്‍ക്കാലത്ത് ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ അപ്രസക്തരായി. പിന്നാക്കക്കാരുടെ പ്രാതിനിധ്യം വല്ലാതെ ശോഷിച്ച് ശുഷ്‌കിച്ച് പോകുന്നുവെന്ന ഒരു വലിയ വെല്ലുവിളികൂടി ഈ വിജയത്തില്‍ അടങ്ങിയിരിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സുകാരില്‍ എത്രപേര്‍ ഈഴവരുണ്ട്,എത്ര മറ്റ് പിന്നാക്ക സമുദായക്കാരുണ്ട് എന്നതിനെ കുറിച്ച് ഒരു അന്വേഷണം നടത്തുന്നത് നന്നായിരിക്കും. എത്ര പിന്നാക്കക്കാര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് കൊടുത്തു, എത്ര പേര്‍ ജയിച്ചു എന്ന ഒരു കണക്കെടുത്താല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് ചൂണ്ടിക്കാണിക്കാനെങ്കിലും ഉപയോഗപ്പെടും.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനും ഇത് തുല്യനിലയില്‍ ബാധകമാണ്. 1995ലെ ത്രതില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിന് വലിയ മേല്‍ക്കോയ്മ കിട്ടി. 96ല്‍ എല്‍.ഡി.എഫ് നിയമസഭയില്‍ വിജയം നേടി. 2000-ാമാണ്ടില്‍ വളരെ പ്രതികൂല സാഹചര്യമായിരുന്നു. യു.ഡി.എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുസ്ലീംലീഗുമായി പോലും സഖ്യം ചെയ്തു ഓരോ വാര്‍ഡിലും ഓരോ ഡിവിഷനിലും യുഡിഎഫിന് റിബലുകളുടെ ശല്യമുണ്ടായിരുന്നു. എന്നിട്ട് പോലും കോണ്‍ഗ്രസ് വലിയ വിജയം നേടി. 2001ല്‍ യുഡിഎഫിന് നിയമസഭയില്‍ ചരിത്രവിജയം ഉണ്ടായി. 99 സീറ്റും എം.എ. വാഹിദിന്റെ കഴക്കൂട്ടവും ഉള്‍പ്പെടെ നൂറ് സീറ്റ് യുഡിഎഫ് നേടി. 1977 ന് ശേഷം നൂറ് സീറ്റ് തികച്ച ഏക തിരഞ്ഞെടുപ്പ് അതായിരുന്നു. 2005ല്‍ അതിഭയാനകമായ തിരിച്ചടി യുഡിഎഫിന് കിട്ടി.
2006ല്‍ എല്‍ഡിഎഫ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അധികാരം പിടിച്ചു. 2010ലെപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പരാജയം എല്‍ഡിഎഫ് ഏറ്റുവാങ്ങി. 2011ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായപോലെ ഒരു വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. അതിന്റെ കാരണം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുണ്ടായ മൂന്നു സംഭവങ്ങളാണ്. ഒന്ന് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുണ്ടായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്, രണ്ടാമത് ആര്‍. ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചു. ഇതു രണ്ടും യുഡിഎഫിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചു. മൂന്നാമത്തേത് വി.എസ്. അച്യുതാനന്ദന് ആദ്യം സീറ്റ് നിഷേധിക്കുകയും വലിയൊരു വൈകാരിക അന്തരീക്ഷത്തിനു ശേഷം വി.എസിനു വീണ്ടും സീറ്റ് നല്‍കുകയും ചെയ്തത് എല്‍ഡിഎഫിന് ഗുണമായി ഭവിച്ചു. അതുകൊണ്ടാണ് 68-72 എന്ന ഒരു വിധിയെഴുത്തിലെത്തിയത്. നേരെ മറിച്ച് ഈ പറഞ്ഞ മൂന്നു സംഭവങ്ങളും ഉണ്ടായിരുന്നില്ലെങ്കില്‍ എല്‍ഡിഎഫ് 40-45 സീറ്റില്‍ ഒതുങ്ങി ദയനീയ പരാജയം ഏറ്റുവാങ്ങിയേനേ. മാത്രമല്ല കഴിവും പ്രാപ്തിയുമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു യുഡിഎഫിനെ നയിച്ചത്. ഒരുപക്ഷേ 40ല്‍ താഴെ എല്‍ഡിഎഫ് എത്തിയാലും അത്ഭുതപ്പെടാനുണ്ടായിരുന്നില്ല.
സോളാര്‍ അപവാദവും ബാര്‍കോഴ വിവാദവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത സമയത്താണ് പിന്നെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ആ സമയത്ത് പോലും ഏഴ് ജില്ലാ പഞ്ചായത്തുകള്‍ ജയിക്കാന്‍ മാത്രമേ എല്‍ഡിഎഫിന് കഴിഞ്ഞുള്ളു. വലിയ ജില്ലകളില്‍ കൂടുതലും എല്‍ഡിഎഫ് ജയിച്ചു എന്നൊരു പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നുകൂടി മെച്ചപ്പെട്ട രീതിയില്‍ ജയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.

അന്ന് കെ.പി.സി.സി. പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ വലിയ സംഭാവന എല്‍ഡിഎഫ് വിജയത്തിന് പിന്നിലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച വിയോജിപ്പുകള്‍ എല്‍ഡിഎഫിന് ഗുണം ചെയ്തു. കോന്നിയില്‍ അടൂര്‍ പ്രകാശിനും തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനും തൃക്കാക്കരയില്‍ ബെന്നിബെഹനാനും സീറ്റ് കൊടുക്കരുതെന്ന് സുധീരന്‍ വാശിപിടിച്ചു. അതിന്റെ അര്‍ത്ഥം ഇവരൊക്കെ ഒരു കാരണവശാലും കൊള്ളാത്തവരാണെന്നല്ലേ? വലിയ തിരിച്ചടിക്ക് സുധീരന്റെ വാശി കാരണമായി.
ഇതിനിടയ്ക്ക് വെള്ളാപ്പള്ളി നടേശന്റെ പ്രധാനകാര്‍മ്മികത്വത്തില്‍ ബിഡിജെഎസ് രൂപീകരിച്ചു. അതൊരു വലിയ ഘടകമായിരുന്നു. ബിഡിജെഎസാണ് സത്യത്തില്‍ യുഡിഎഫിന് ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ചത്. അങ്ങനെയാണ് അന്യഥാ കോണ്‍ഗ്രസിന് കിട്ടുമായിരുന്ന ഈഴവ സമുദായത്തിലെ ഒരു വിഭാഗം വോട്ട്, കമ്യൂണിസ്റ്റ് വിരുദ്ധരായ ഈഴവരുടെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത്. ഏറ്റുമാനൂര്‍ വൈക്കം. തൃപ്പൂണിത്തുറ, വൈപ്പിന്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കയ്പമംഗലം, നാട്ടിക ,മണലൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ യുഡിഎഫിന് വലിയ പരാജയമുണ്ടായി. ഇവിടെയൊക്കെ യുഡിഎഫ് തോറ്റത് ബിഡിജെഎസിന്റെ സ്വാധീനം മൂലമാണ്.

ഇനി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നോക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ വിജയമുണ്ടായി. 20ല്‍ 19ഉം സീറ്റും പിടിച്ചു. ഒരു സീറ്റ് തന്നെ, ആലപ്പുഴ ,വളരെ കഷ്ടിച്ച് കൈയ്യില്‍ നിന്ന് തെറ്റിപ്പോകുകയായിരുന്നു. ശബരിമല സ്ത്രീപ്രവേശനം ഉണ്ടാക്കിയ വലിയ വൈകാരിക അന്തരീക്ഷവും നരേന്ദ്രമോദി വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും യുഡിഎഫിന് ഗുണം ചെയ്തു.
ഈ ജയത്തോടെ ഇനി വെറുതെ ഇരുന്നാല്‍ മതി നാട്ടുകാര്‍ വീട്ടില്‍ വന്നു ജയിപ്പിച്ചു തരുമെന്ന ധാരണയിലായി യുഡിഎഫ്. അപ്പോഴേക്കും കോവിഡിന്റെ വലിയ ഭീഷണി വന്നു. ശക്തമായ ഒരു സര്‍ക്കാരുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. ഉമ്മന്‍ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ ഭരണം വിട്ടുകൊടുത്താല്‍ മരണസംഖ്യ വല്ലാതെ വര്‍ദ്ധിക്കുമെന്ന് ഭയപ്പാടുണ്ടായി. പ്രാണഭയം കൊണ്ടാണ് ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലമല്ല, പത്തുകൊല്ലം തികയ്ക്കാന്‍ പോകുകയാണ്. അഞ്ചു കൊല്ലം തികയ്ക്കുന്ന സര്‍ക്കാരിനോട് ആളുകള്‍ക്ക് വിപ്രതിപത്തിയുണ്ടാകും. ഇപ്പോള്‍ പത്തുകൊല്ലം തികച്ചു. പത്തുകൊല്ലം തികച്ച സര്‍ക്കാരിനോട് അതിന്റെ ഇരട്ടി അല്ലെങ്കില്‍ ഒന്നര മടങ്ങെങ്കിലും ആളുകള്‍ക്ക് എതിര്‍പ്പുണ്ടാകും. ആ എതിര്‍പ്പിന്റെ ഒരു ഭാഗം നമ്മള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങളല്ല, അതിനേക്കാളേറെ പ്രാദേശിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. വലിയ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നു. അടിമാലിയില്‍ മറിയക്കുട്ടി എന്ന സ്ത്രീ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷയാചിക്കുന്ന കാഴ്ച. അതൊക്കെ ആളുകളെ വൈകാരികമായി ബാധിക്കും.അതേ സമയം മുഖ്യമന്ത്രി 20 മന്ത്രിമാരേയും കൂട്ടി വലിയ വോള്‍വോ ബസ്സെടുത്ത് ‘നവകേരളയാത്ര’ എന്ന പേരില്‍ വലിയ ധൂര്‍ത്തും ആര്‍ഭാടവും നടത്തുന്നുവെന്ന തോന്നല്‍ വലിയ തിരിച്ചടിയുണ്ടാക്കി. എന്നാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിധി അതേ പോലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്നതിന് അത്രയും ന്യായീകരണമില്ല. പ്രാദേശികമായ തിരഞ്ഞെടുപ്പാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഭരിക്കുന്ന ആളുകളെ കുറിച്ച് നെഗറ്റീവായോ പോസിറ്റീവായോ ഉള്ള ചിന്ത തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. വാര്‍ഡ്‌മെമ്പറെ കുറിച്ചും ഡിവിഷന്‍ കൗണ്‍സിലറെ കുറിച്ചും ആളുകള്‍ക്ക് യോജിപ്പോ വിയോജിപ്പോ ഉണ്ടാകും. ആ ഘടകങ്ങളാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വരുന്നത്.പക്ഷേ അതിലുപരിയായി അഖില കേരളാടിസ്ഥാനത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴിച്ചു കേരളത്തിലെമ്പാടും കോഴിക്കോട് ജില്ല ഉള്‍പ്പെടെ ഒരു വലിയ ഭരണവിരുദ്ധ വികാരം കാണപ്പെട്ടു.

തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അത്രയും ബാധിച്ചിട്ടില്ല. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളില്‍ അതിഭയാനകമായ ഭരണവിരുദ്ധ വികാരം പ്രകടമായി. അത് ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള മടുപ്പ്, വിപ്രതിപത്തിയാണ് ഒരു കാരണം. പിന്നെ ഭരണപരമായ വൈകല്യങ്ങള്‍, മന്ത്രിമാര്‍ പൊതുവെ പ്രാപ്തികുറഞ്ഞവര്‍. തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ് എന്നിവരെ പോലെയുള്ളവര്‍ക്ക് ഇത്തവണ അവസരം കിട്ടിയില്ല. ഷൈലജടീച്ചര്‍, എ.സി.മൊയ്തീന്‍ എന്നിവർ തിരഞ്ഞെടുപ്പിന് ശേഷവും തഴയപ്പെട്ടു. അതിന് പകരം വന്ന ആളുകള്‍ തുല്യനിലയിലോ അതിനേക്കാള്‍ മികച്ച നിലയിലോ പ്രാപ്തിയോ കഴിവോ ഉള്ളവര്‍ ആയിരുന്നില്ല. അത് സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ നിരാശയുണ്ടാക്കി. മുഖ്യമന്ത്രിയുടെ വാര്‍ദ്ധക്യവും അനാരോഗ്യവും മറ്റൊരു ഘടകം. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പൊതുഭരണവകുപ്പും പൊലീസ് വകുപ്പും വലിയ പരാജയങ്ങളായി.
എന്നാല്‍ കോണ്‍ഗ്രസിന്റെ മെറിറ്റ് കൊണ്ടല്ല ഈ ജയം. യുഡിഎഫ് ജയിച്ചുവെന്നത് സത്യമാണ്. എന്നാല്‍ യുഡിഎഫ് ജയിക്കുകയല്ല, എല്‍ ഡി എഫ് തോല്‍ക്കുകയായിരുന്നു. എല്‍ ഡി എഫ് തോറ്റാല്‍ ആരെങ്കിലും ജയിക്കണമല്ലോ. അതിന് വേണ്ടി ആളുകള്‍ പ്രധാന എതിര്‍കക്ഷി യു ഡി എഫായതു കൊണ്ട് അവര്‍ക്ക് വോട്ട് ചെയ്തു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയാണ് രണ്ടാമത്തെ കക്ഷി. അതുകൊണ്ട് ആളുകള്‍ ബിജെപിക്ക് വോട്ടു ചെയ്തു. കൊല്ലം കോര്‍പ്പറേഷന്‍ നോക്കിയാല്‍ അവിടെ കോണ്‍ഗ്രസാണ് പ്രധാനകക്ഷി. ബിജെപി രണ്ടാമത്തെ കക്ഷിയാണ്. രണ്ട് കൂട്ടര്‍ക്കും ഒരേ സമയത്ത് വോട്ട് കൂടി. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ വോട്ട് കുറയുകയാണ് ചെയ്തത്. അതില്‍ കുറേ വോട്ടുകള്‍ ബിജെപിക്ക് കിട്ടി. കുറച്ചു കോണ്‍ഗ്രസിനും കിട്ടി. ഇതു തന്നെ കൊല്ലത്തും മറ്റൊരു രീതിയില്‍ ആവര്‍ത്തിച്ചു. പ്രധാനപ്പെട്ട പാര്‍ട്ടി സി.പി.എമ്മാണ്. രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ്. മൂന്നാമത്തെ പാര്‍ട്ടി ബിജെപി. ആളുകളുടെ വോട്ട് കുറെ കോണ്‍ഗ്രസ്സിലേക്ക് വന്നു. കുറച്ച് ബിജെപിയിലേക്കും വന്നു. ഇത് എല്ലായിടത്തും ഏറിയും കുറഞ്ഞും കാണപ്പെടുന്നു.
കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഈ രീതിയിലുള്ള റിസൽട്ടാണ് വന്നത്. ഭരണവിരുദ്ധ വികാരം തന്നെയാണ് ഇത് തെളിയിക്കുന്നത്.
ബി.ജെ.പിയുടെ ശക്തി വര്‍ദ്ധിക്കുന്നതും കാണേണ്ടതാണ്. സവര്‍ണ മേഖലകളില്‍ മാത്രമല്ല, ഒബിസി, പട്ടികജാതി വിഭാഗക്കാരുടെ ഇടയിലും ക്രിസ്ത്യാനികളുടെ ഇടയിലും കുറഞ്ഞ അളവില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുണ്ട്.തൃശൂര്‍ കോര്‍പ്പറേഷനില്‍ മുസ്ലീം വനിത ബിജെപിയുടെ താമര അടയാളത്തില്‍ മത്സരിച്ച് ജയിച്ചു. ഇനി പ്രതിപക്ഷം എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയുമാണ്.

Author

84 Views
Scroll to top
Close
Browse Categories